വി. ബ്രിജിത്താ (450-523) കന്യക

വി. ബ്രിജിത്താ (450-523) കന്യക

സെയിന്‍റ്സ് കോര്‍ണര്‍

അയര്‍ലന്‍റിന്‍റെ മദ്ധ്യസ്ഥയായ വി. ബ്രിജിത്താ അള്‍സ്റ്റൈറില്‍ 450-ല്‍ ഭൂജാതയായി. ചെറുപ്രായത്തില്‍ത്തന്നെ അവള്‍ തന്‍റെ ജീവിതം ദൈവത്തിനു സമര്‍പ്പിക്കുകയും അവള്‍ക്കു സ്വന്തമായുണ്ടായിരുന്ന സമസ്തവും ദരിദ്രര്‍ക്കായി മാറ്റിവയ്ക്കുകയുമുണ്ടായി. എത്രയും സൗന്ദര്യവതിയായ ബ്രിജീത്തിനെ കാമുകര്‍ പൊതിയാന്‍ തുടങ്ങിയപ്പോള്‍ തന്‍റെ വ്രതത്തിനു ഭംഗം വരാതിരിക്കാന്‍വേണ്ടി തന്നെ വിരൂപയാക്കണമേയെന്ന് അവള്‍ പ്രാര്‍ത്ഥിച്ചു. അവളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഒരു കണ്ണീല്‍ നീരു വന്നു. മുഖം വിരൂപമായി. കാമുകന്മാരെല്ലാം തന്നെ ഒഴിഞ്ഞുപോയി.

20-ാമത്തെ വയസ്സില്‍ ബ്രിജീത്ത തന്‍റെ സമര്‍പ്പണത്തെപ്പറ്റി വി. പാട്രിക്കിന്‍റെ സഹോദരപുത്രനായ വി. മെല്ലിനോടു സംസാരിച്ചു. നിശ്ചിത ദിവസം സ്ഥലത്തെ ബിഷപ് വി. പാട്രിക് സജ്ജമാക്കിയിരുന്ന ക്രമമനുസരിച്ചു വളരെയേറെ പ്രാര്‍ത്ഥനകള്‍ ചൊല്ലി ബ്രിജീത്തായ്ക്ക് ഒരു വെള്ളയുടുപ്പും ശിരോവസ്ത്രവും നല്കി. തത്സമയം അവളുടെ കണ്ണു സുഖപ്പെട്ടു. അവളുടെ സൗന്ദര്യം മുഴുവനും തിരികെ വന്നു. ഇതുകണ്ടു പല സ്ത്രീകളും മാതാപിതാക്കന്മാരുടെ അനുവാദത്തോടുകൂടെ ബ്രിജീത്തായുടെ ശിക്ഷണത്തില്‍ ജീവിക്കാന്‍ തുടങ്ങി. അയര്‍ലന്‍റിലെ ഒന്നാമത്തെ മഠം അവള്‍ സ്ഥാപിച്ചു. താമസിയാതെ കില്‍ദാറില്‍ വേറൊരു മഠം തുടങ്ങി.

ദരിദ്രരോടുള്ള അവളുടെ അനുകമ്പയെപ്പറ്റി ഐതിഹ്യങ്ങള്‍ പലതുണ്ട്. ചിലപ്പോള്‍ തിരുവസ്ത്രങ്ങള്‍ വിറ്റാണു ദരിദ്രരെ സഹായിച്ചിട്ടുള്ളത്. കില്‍ദാരയിലേക്കു ജനങ്ങള്‍ തിങ്ങിക്കൂടി. ക്രമേണ അത് ഒരു നഗരമായി. ബ്രിജീത്തയുടെ അഭ്യര്‍ത്ഥന പ്രകാരം കില്‍ദാരെ ഒരു രൂപതാകേന്ദ്രമാക്കുകയും കോണ്‍ലാത്ത് എന്ന ഒരു വൈദികനെ അവിടത്തെ മെത്രാനായി നിയമിക്കുകയും ചെയ്തു.

ബ്രിജീത്തയുടെ അമ്പതു കൊല്ലത്തെ സമര്‍പ്പിതജീവിതംകൊണ്ട് അയര്‍ലന്‍റ് മുഴുവനും അവളുടെ സ്ഥാപനങ്ങളുടെ സമാധാനം ആസ്വദിച്ചു തുടങ്ങി. ദീര്‍ഘമായ അദ്ധ്വാനത്താല്‍ ക്ഷീണിതയായ ബ്രിജീത്താ 523 ഫെബ്രുവരി 1-ാം തീയതി ദിവംഗതയായി.

വിചിന്തനം: ബ്രിജീത്തിന്‍റെ മുഖം ദൈവമാതാവിന്‍റേതുപോലെ ആയിരുന്നുവെന്ന് ഐറിഷുകാര്‍ പറയുന്നുണ്ട്. ബാഹ്യാകാരത്തിനു മാറ്റം വരുത്തുക നമുക്കു സാദ്ധ്യമല്ല. അവളുടെ ആന്തരികനൈര്‍മല്യം നമുക്ക് അനുകരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org