വി. ‍ഡൊമിനിക് സാവിയോ

വി. ‍ഡൊമിനിക് സാവിയോ

സെയിന്‍റ്സ് കോര്‍ണര്‍

1842 ഏപ്രില്‍ 2-ാം തീയതി ഇറ്റലിയില്‍ റീവാ എന്ന പ്രദേശത്തു ചാള്‍സു ബ്രിജീത്താ എന്ന ദരിദ്ര മാതാപിതാക്കന്മാരില്‍നിന്നു ഡൊമിനിക് ജനിച്ചു. അനുസരണയിലും സ്നേഹത്തിലും അവന്‍ വളര്‍ന്നു. കുട്ടിയായിരുന്ന ഡൊമിനിക് മാതാപിതാക്കന്മാരോടു പ്രദര്‍ശിപ്പിച്ചിരുന്ന സ്നേഹത്തിന് ഒരു ഉദാഹരണം പറയാം. തൊഴില്‍ കഴിഞ്ഞു വരുന്ന പിതാവിന്‍റെ കയ്യിലോ കഴുത്തിലോ പിടിച്ചിട്ട് അവന്‍ പറയും: "പ്രിയ അപ്പാ, അപ്പന്‍ വളരെ ക്ഷീണിച്ചുവല്ലേ? അപ്പന്‍ എനിക്കുവേണ്ടി കഠിനവേല ചെയ്യുന്നു. ഞാന്‍ അപ്പന് ഒരസഹ്യ ഹേതുവാണ്. അപ്പനും അമ്മയ്ക്കും ആരോഗ്യം തരാനും ഞാന്‍ ഒരു നല്ല കുട്ടിയാകുവാനും ദൈവത്തോടു പ്രാര്‍ത്ഥിക്കും." വീടിനുള്ളില്‍ കയറിക്കഴിയുമ്പോള്‍ ചെറിയ കാര്യങ്ങളില്‍ അവന്‍ അപ്പനെ പരിചരിക്കും. നാലു വയസ്സായതില്‍പ്പിന്നെ ഒരിക്കലും പ്രഭാതജപം, രാത്രിജപം, ഭക്ഷണത്തിനുള്ള പ്രാര്‍ത്ഥനകള്‍, ത്രികാലജപം എന്നിവ അവനെ അനുസ്മരിപ്പിക്കേണ്ടിയിരുന്നില്ല; മാതാപിതാക്കന്മാര്‍ മറന്നാല്‍ അവന്‍ അവരെ ഓര്‍മിപ്പിച്ചിരുന്നു.

രണ്ടു നാഴിക നടന്നാണു പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. ഏഴാമത്തെ വയസ്സില്‍ അവന്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. തലേദിവസം അവന്‍ അമ്മയോടു പറഞ്ഞു: "ഞാന്‍ ആദ്യകുര്‍ബാന സ്വീകരിക്കാന്‍ പോകുകയാണ്. എന്‍റെ കുറ്റങ്ങളെല്ലാം എന്നോടു ക്ഷമിക്കണമേ. ഭാവിയില്‍ ഞാന്‍ നന്നായി പെരുമാറിക്കൊള്ളാം. ഞാന്‍ ക്ലാസ്സില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കും. കൂടുതല്‍ ആദരവും അനുസരണയുമുള്ളവനായിരിക്കും. അമ്മ പറയുന്നതെല്ലാം ഞാന്‍ ചെയ്യും." അമ്മ ആനന്ദാശ്രുക്കള്‍ പൊഴിച്ചു.

പ്രഥമ ദിവ്യകാരുണ്യ സ്വീകരണധ്യാനത്തില്‍ അവന്‍ എടുത്ത പ്രതിജ്ഞകള്‍ എല്ലാ കുട്ടികള്‍ക്കും മാതൃകയായിരിക്കും.

1. ഞാന്‍ അടുക്കലടുക്കല്‍ കുമ്പസാരിക്കും; കുമ്പസാരക്കാരന്‍ അനുവദിക്കുന്നതിനുസരിച്ചു വി. കുര്‍ബാന സ്വീകരിക്കും.

2. കടമുള്ള ദിവസങ്ങള്‍ ഞാന്‍ വിശുദ്ധമായി ആചരിക്കും.

3. ഈശോയും മറിയവും എന്‍റെ സ്നേഹിതന്മാരായിരിക്കും.

4. പാപത്തേക്കാള്‍ മരണം ഭേദം.

പത്താമത്തെ വയസ്സില്‍ വീട്ടില്‍ നിന്നു ദിനംപ്രതി 14 കിലോമീറ്റര്‍ നടന്നു കാസ്റ്റെല്‍നോവോയില്‍ പഠനമാരംഭിച്ചു. 1854-ല്‍ സാവിയോ കുടുംബം മോണ്ടോനോയോയിലേക്കു താമസം മാറ്റി. 1854-ല്‍ ഡൊമിനിക് പൗരോഹിത്യത്തെ ഉദ്ദേശിച്ചു ടൂറിനിലുളള ഡോണ്‍ബോസ്കോയുടെ ഓററ്ററിയില്‍ ചേര്‍ന്നു. അവിടെ അവന്‍ ഡോണ്‍ബോസ്കോയുടെ കണ്ണിലുണ്ണിയായി. അക്കൊല്ലമാണ് ദൈവമാതാവിന്‍റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. അന്നത്തെ ആഘോഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡൊമിനിക് ഉരുവിട്ടു: "ഓ മറിയമേ, എന്‍റെ ഹൃദയം അങ്ങേയ്ക്കു തരുന്നു. അത് എന്നും നിന്‍റേതായി സൂക്ഷിക്കണമേ. ഈശോ മറിയമേ, എന്‍റെ സ്നേഹിതരായിരിക്കണമേ." അധികാരികളുടെ അനുവാദത്തോടുകൂടി അമലോത്ഭവ ഭക്തി പ്രോത്സാഹിപ്പിക്കാനായി 1856-ല്‍ ഡൊമിനിക് ഒരു സൊഡാലിറ്റി സ്ഥാപിച്ചു.

ഓററ്ററിയില്‍ കൂട്ടുകാര്‍ തമ്മിലുണ്ടാകുന്ന ഭയങ്കര വഴക്കുകളും ദ്വന്ദയുദ്ധവും മറ്റും ഡൊമിനിക് സമാധാനത്തില്‍ അവസാനിപ്പിച്ചിരുന്നു. പഠനത്തില്‍ സാമര്‍ത്ഥ്യമില്ലാത്തവരെ ഡൊമിനിക് സഹായിച്ചിരുന്നു. അന്യര്‍ ചെയ്യുന്ന കുറ്റം അവന്‍റെ തലയില്‍ ആരോപിച്ചു ശാസിക്കപ്പെട്ടാലും അവന്‍ സ്വയം നീതീകരിച്ചിരുന്നില്ല.

പരിശുദ്ധനായ ഈ ബാലന്‍ ലോകത്തില്‍ അധികം ജീവിക്കാന്‍ ദൈവം തിരുമനസ്സായില്ല. ഓററ്ററിയില്‍ വന്നപ്പോള്‍ ക്ഷീണിതഗാത്രനായിരുന്ന ഡൊമിനിക് ഓററ്ററിയിലെ മൂന്നു കൊല്ലത്തെ ജീ വിതംകൊണ്ട് ഒന്നുകൂടി ക്ഷീണിതനായി. ഡോണ്‍ബോസ്കോയുടെ ഒരു സ്നേഹിതന്‍ ഡോക്ടര്‍ വല്ലൗരി കുട്ടിയെ പരിശോധിച്ചിട്ടു പറഞ്ഞു. ഡൊമിനിക്കിന്‍റെ ജീവിതരീതി മാറുന്നതു നന്നായിരിക്കുമെന്ന്. വളരെ മനസ്താപത്തോടെ അവന്‍ സ്വഭവനത്തിലേക്കു പോയി. അവിടെ മരണത്തിനുള്ള ഒരുക്കമായിരുന്നു കുട്ടിയുടെ പ്രത്യേക ഭക്തി. 1857 മാര്‍ച്ച 9-ാം തീയതി ഡൊമിനിക് സാവിയോ മരിച്ചു. 1954 ജൂണ്‍ 12-ാം തീയതി രണ്ടാം പിയൂസ് മാര്‍പാപ്പ് ഈ പതിനഞ്ചുകാരനെ വിശുദ്ധനെന്നു പ്രഖ്യാപനം ചെയ്തു.

വിചിന്തിനം: 'യുവാക്കള്‍ക്കു മാതൃകയും ഉത്തേജനവുമായിട്ടാണ് ഈ യുവാവിനെ തിരുസ്സഭ നാമകരണം ചെയ്തിട്ടുള്ളത്. വിനീതവും അനുസ്യൂതവുമായ കൃത്യനിര്‍വഹണമാണു വിശുദ്ധിയെന്നു ഫ്രാന്‍സിസ് സെയില്‍സ് പറഞ്ഞിട്ടുണ്ട്. ഡൊമിനിക് ഇതു കരുതിക്കൊണ്ടായിരിക്കണം എനിക്കു വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവില്ല; എന്നാല്‍ ദൈവത്തിന്‍റെ കൂടുതല്‍ മഹത്ത്വത്തിനായി എത്രയും ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നു പറഞ്ഞിട്ടുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org