വി. ഹെലെനാ (AD 328)

വി. ഹെലെനാ (AD 328)

മിലാന്‍ വിളംബരം വഴി ക്രിസ്തുമതത്തിന് ആരാധനാ സ്വാതന്ത്ര്യം നല്കിയ കോണ്‍സ്റ്റന്‍റയിന്‍ ചക്രവര്‍ത്തിയുടെ അമ്മയാണ് ഹെലെനാ രാജ്ഞി. രാജ്ഞി ഇംഗ്ലീഷുകാരിയാണെന്നു പറയുന്നു. മാക്സെന്‍സിയൂസുമായുള്ള യുദ്ധത്തില്‍ കോണ്‍സ്റ്റന്‍റയിന്‍ ചക്രവര്‍ത്തിക്കു കുരിശിന്‍റെ അടയാളത്തില്‍ ജയിക്കാമെന്നുള്ള കാഴ്ച  ഉണ്ടായശേഷം അദ്ദേഹം ക്രിസ്ത്യാനികളോട് അത്യന്തം ആര്‍ദ്രത പ്രദര്‍ശിപ്പിച്ചുപോന്നു. ലാറ്ററന്‍ കൊട്ടാരം മെല്‍ക്കിയാഡെസു പാപ്പായ്ക്കു ചക്രവര്‍ത്തി 313-ല്‍ വിട്ടുകൊടുത്തു.

മാനസാന്തരശേഷം ഹെലെനാ രാജ്ഞി ഭക്താഭ്യാസങ്ങളിലും ദാനധര്‍മ്മങ്ങളിലും അത്യുത്സുകയായിത്തീര്‍ന്നു. 326-ല്‍ ജറുസലേമിലെ ബിഷപ്പ് മക്കാരിയൂസിനു ഗാഗുല്‍ത്തായില്‍ ഒരു ദേവാലയം പണിയുന്നതിനു കല്പന കൊടുത്തു. അന്നു രാജ്ഞിക്ക് 75 വയസ്സായിരുന്നെങ്കിലും പള്ളിപണി നേരില്‍ കാണാന്‍ രാജ്ഞി ജറുസലേമിലേക്കു പോയി. യഥാര്‍ത്ഥ കുരിശു കണ്ടുപിടിക്കണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു. ഗാഗുല്‍ത്തായില്‍ കുന്നുകൂടിക്കിടന്നിരുന്ന ചപ്പും ചവറും മാറ്റുകയും വീനസ്സിന്‍റെ പ്രതിമ നീക്കുകയും ചെയ്തപ്പോള്‍ മൂന്നു കുരിശുകളും കണ്ടെത്തി. ഏതാണ് ഈശോയെ തറച്ച കുരിശെന്ന് മനസ്സിലാക്കാന്‍ ഈ കുരിശുകളില്‍ ബിഷപ്പ് മക്കാരിയൂസ് രോഗിണിയായ ഒരു സ്ത്രീയെകൊണ്ട് സ്പര്‍ശിച്ചുനോക്കി. യഥാര്‍ത്ഥ കുരിശില്‍ തൊട്ടപ്പോള്‍ സ്ത്രീയുടെ സുഖക്കേട് ഉടനെ മാറി.

കുരിശു കണ്ടെത്തിയതില്‍ ഹെലെനാ രാജ്ഞി അഭിമാനം കൊണ്ട് അവിടെ ഒരു പള്ളി പണിയുകയും ചെയ്തു. രാജ്ഞി മെത്രാന്മാരോടും പുരോഹിതരോടും വളരെ ബഹുമാനം പ്രദര്‍ശിപ്പിച്ചിരുന്നു. പ്രജകളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ പുരോഹിതന്മാരോടുള്ള ബഹുമാനം പ്രയോജകീഭവിക്കുമെന്നു ബോദ്ധ്യമുണ്ടായിരുന്നു. ക്രിസ്തുവിന്‍റെ ജീവിതത്തോടു ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം ഓരോ പള്ളി പണിയിച്ച് രാജ്ഞി റോമയിലേക്കു മടങ്ങി. താമസിയാതെ 328-ല്‍ രാജ്ഞി നിര്യാതയായി.

വിചിന്തനം: മതപീഡന വീരന്മാരായ ചക്രവര്‍ത്തിമാരുടെ കുടുംബത്തോടു ബന്ധപ്പെട്ട ഹെലെനാ രാജ്ഞിക്കു കുരിശിനോടുണ്ടായ ഭക്തി അന്യാദൃശം തന്നെ. "കുരിശേ, എന്‍റെ ഏക അഭയമേ, സ്വസ്തി" (വി. തോമസ് അക്വിനാസ്).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org