വി. ജോൺ ബ്രിട്ടോ രക്തസാക്ഷി (1647-1693)

വി. ജോൺ ബ്രിട്ടോ രക്തസാക്ഷി (1647-1693)

സെയിന്‍റ്സ് കോര്‍ണര്‍

പോര്‍ത്തുഗലില്‍ സമ്പന്നമായ ഒരു കുടുംബത്തില്‍ ജോണ്‍ ദെ ബ്രിട്ടോ ജനിച്ചു. ഡോണ്‍ പേഡ്രോ ദ്വിതീയന്‍റെ കൊട്ടാരത്തിലാണ് ബാല്യത്തില്‍ കുറെക്കാലം ജോണ്‍ ചിലവഴിച്ചത്. ജോണിന്‍റെ ഭക്തജീവിതം കൂട്ടുകാര്‍ക്ക് രസിക്കാത്തതിനാല്‍ ബാല്യത്തില്‍ കുറെ സഹിക്കേണ്ടി വന്നു. അക്കാലത്ത് ജോണിന് ഗുരുതരമായ അസുഖം വരികയും വി. ഫ്രാന്‍സിസ് സേവ്യറിന്‍റെ മാദ്ധ്യസ്ഥ്യത്താല്‍ സുഖംപ്രാപിക്കുകയും ചെയ്തു. അന്നു മുതല്‍ ജോണിന്‍റെ ആഗ്രഹം വി. ഫ്രാന്‍സിസ് സേവ്യറെ അനുകരിക്കുകയായിരുന്നു.

1662 ഡിസംബര്‍ 17-ാം തീയതി ലിസ്ബണിലെ ഈശോസഭ നവസന്യാസമന്ദിരത്തില്‍ ജോണ്‍ പ്രവേശിച്ചു. 11 കൊല്ലങ്ങള്‍ക്കു ശേഷം മാതാപിതാക്കന്മാരുടേയും കൊട്ടാരത്തിന്‍റെയും എതിര്‍പ്പുകള്‍ അവഗണിച്ച് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലേക്കു പുറപ്പെടാന്‍ തന്നെ അദ്ദേഹം നിശ്ചയിച്ചു. ജോണ്‍ പോര്‍ത്തുഗല്‍ വിടാതിരിക്കാന്‍ വേണ്ടതു ചെയ്യണമെന്ന് പേപ്പല്‍ നുണ്‍ഷ്യോയോട് ജോണിന്‍റെ അമ്മ അഭ്യര്‍ത്ഥിച്ചു. "ലോകത്തില്‍ നിന്നു സന്ന്യാസത്തിലേക്ക് എന്നെ വിളിച്ച ദൈവം ഇന്ത്യയിലേക്ക് എന്നെ വിളിക്കുന്നു" എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. "ദൈവവിളിക്കു യഥാവിധം ഞാന്‍ ഉത്തരം നല്കാതിരുന്നാല്‍ ദൈവനീതിയെ എതിര്‍ക്കുകയായിരിക്കും ഞാന്‍ ചെയ്യുക. ജീവിച്ചിരിക്കും കാലം ഇന്ത്യയിലേക്കു പോകാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കും." ജോണ്‍ കൂട്ടിച്ചേര്‍ത്തു.

14 കൊല്ലം അദ്ദേഹം തഞ്ചാവൂര്, മധുര, രാമേശ്വരം മുതലായ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിച്ചു. ബ്രാഹ്മണനെപ്പോലെയാണ് അദ്ദേഹം ജീവിച്ചിരുന്നത്. പാവയ്ക്കായും മറ്റുമാണ് പലപ്പോഴും ഭക്ഷിച്ചിരുന്നത്. മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ രോഷാകുലനായ രാജാവ് അദ്ദേഹത്തെ നാടുകടത്തി. പോര്‍ത്തുഗലിലേക്കു മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതനായ ഫാദര്‍ ജോണ്‍ താമസിയാതെതന്നെ തന്‍റെ പ്രിയപ്പെട്ട പ്രവര്‍ത്തനരംഗത്തേക്കു മടങ്ങി. സ്നാപകയോഹന്നാനെപ്പോലെ ഒരു സ്ത്രീയുടെ കോപത്തിന് അദ്ദേഹം പാത്രമായി. മാനസാന്തരപ്പെട്ട ഒരു ഹിന്ദു രാജാവ് അവളെ ബഹിഷ്കരിച്ചതായിരുന്നു. വേദനാസമ്പൂര്‍ണ്ണമായ ജയില്‍വാസത്തിനിടയ്ക്ക് അദ്ദേഹത്തിന്‍റെ തല വെട്ടപ്പെട്ടു. 1947 ജൂണ്‍ 22-ാം തീയതി അദ്ദേഹത്തെ വിശുദ്ധനെന്ന് നാമകരണം ചെയ്തു.

വിചിന്തനം: "ദൈവത്തെപ്രതി സമസ്തവും ത്യജിക്കുന്നതും അവിടുത്തെ സേവിക്കുന്നതും വലിയ ബഹുമാനമാണ്; മഹത്വവുമാണ്. ദൈവേഷ്ടത്തിന് സ്വതന്ത്രമായി കീഴ്പ്പെടുന്നവര്‍ക്ക് മഹത്തായ അനുഗ്രഹം ദൈവം നല്കുന്നു." (ക്രിസ്താനുകരണം).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org