ഈജിപ്തിലെ വി.ജോൺ

ഈജിപ്തിലെ വി.ജോൺ

സെയിന്‍റ്സ് കോര്‍ണര്‍

ജോണ്‍ ഈജിപ്തില്‍ ഒരു തച്ചന്‍റെ മകനായി ജനിച്ചു. 25-ാമത്തെ വയസ്സില്‍ അയാള്‍ ലൗകിക ആര്‍ഭാടങ്ങള്‍ ഉപേക്ഷിച്ച് ഒരു സന്യാസിയുടെ കീഴില്‍ അസാധാരണമായ വിനയത്തോടും അനുസരണയോടുംകൂടെ ജീവിച്ചു. പല മൂഢമായ പ്രവൃത്തികളും തന്‍റെ ഗുരുവിന്‍റെ നിര്‍ദ്ദേശപ്രകാരം അവന്‍ ചെയ്തുകൊണ്ടിരുന്നു. ഒരു വര്‍ഷം ഒരു ഉണങ്ങിയ കമ്പ് പച്ചച്ചെടിയെന്നപോലെ നനച്ചു വന്നു. ഈ അനുസരണപ്രവൃത്തികള്‍ക്കെല്ലാം അനന്തരകാലത്തു ജോണിനു വിശിഷ്ടാനുഗ്രഹങ്ങള്‍ ലഭിക്കുകയുണ്ടായി.

40 വയസ്സുള്ളപ്പോള്‍ ലിക്കോപ്പോളിസില്‍ ഒരു ഉയര്‍ന്ന പാറയുടെ മുകളില്‍ കയറി ഒരു കൊച്ച് അറ അദ്ദേഹത്തിന്‍റെ താമസത്തിനായി തിരിച്ചെടുത്തു. ആഴ്ചയില്‍ 5 ദിവസം അദ്ദേഹം ദൈവത്തോടുള്ള സംഭാഷണത്തില്‍ കഴിച്ചുകൂട്ടിയിരുന്നു. ശനിയും ഞായറും പുരുഷന്മാര്‍ക്ക് ആദ്ധ്യാത്മികോപദേശങ്ങള്‍ നല്കിവന്നു. സൂര്യാസ്തമയംവരെ ഒന്നും ഭക്ഷിച്ചിരുന്നില്ല. അതിനുശേഷമാണെങ്കിലും വളരെ കുറച്ചു മാത്രം. ഇങ്ങനെ 42-ാമത്തെ വയസ്സു മുതല്‍ 90-ാമത്തെ വയസ്സുവരെ ജീവിച്ചു. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വന്നിരുന്നവര്‍ക്കു താമസിക്കാന്‍ ഒരാശുപത്രി അദ്ദേഹം പണിയിച്ചു. അനേകരെ അത്ഭുതകരമാംവണ്ണം അദ്ദേഹം സുഖപ്പെടുത്തി. പലരുടെയും ഹൃദയരഹസ്യങ്ങള്‍ അദ്ദേഹത്തിനു വെളിപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. സ്വേച്ഛാധിപതിയായ മാക്സിമസ്സിനെ രക്തം ചിന്താതെ തെയോഡോഷ്യസ് ചക്രവര്‍ത്തി പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പ്രവചിച്ചു.

ജീവചരിത്രകാരന്മാര്‍ വി. ജോണ്‍ ചെയ്തിട്ടുള്ള നിരവധി അത്ഭുതങ്ങള്‍ വിവരിക്കുന്നുണ്ട്. ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അത്ഭുതപ്രവര്‍ത്തനവരം സിദ്ധിക്കുക അസാധാരണമല്ല.

വിചിന്തനം: ആശാനിഗ്രഹവും പ്രായശ്ചിത്തവും ദിവ്യസ്തുതി കീര്‍ത്തനങ്ങളും വഴി ഏകാന്തതയില്‍ തങ്ങളെത്തന്നെ പവിത്രീകരിക്കുന്നവര്‍ക്കു ഭാഗ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org