വി. ജോണ്‍ കാന്‍ഷിയൂസ്

വി. ജോണ്‍ കാന്‍ഷിയൂസ്

സെയിന്‍റ്സ് കോര്‍ണര്‍

സൈലേഷ്യയില്‍ കെന്‍റി എന്ന പ്രദേശത്തു വി. ജോണ്‍ ജനിച്ചു. ക്രാക്കോ നഗരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ സര്‍വകലാശാലാ വിദ്യഭ്യാസം. അനന്തരം അദ്ദേഹം ഒരു വൈദികനും വിശുദ്ധ ഗ്രന്ഥാദ്ധ്യാപകനുമായി. വിശുദ്ധര്‍ക്കുണ്ടാകാറുള്ള അനിവാര്യമായ ഒരു പ്രതിബന്ധമെന്നു പറയട്ടെ, അദ്ദേഹത്തെ വിരോധികള്‍ കോളേജില്‍ നിന്ന് പുറത്താക്കി. ഫാദര്‍ ജോണ്‍ ഓള്‍ക്കൂസിലെ വികാരിയായി. വിനീതനായ വികാരിയച്ചന്‍ തന്‍റെ ജനങ്ങളെ പ്രീതിപ്പെടുത്താന്‍ ചെയ്ത പരിശ്രമമൊന്നും കുറേക്കാലത്തേക്കു ഫലിച്ചില്ല. അവസാനം ഇടവകക്കാരുടെ ഹൃദയം അദ്ദേഹം കവര്‍ന്നെടുത്തു. അങ്ങനെ കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞു വീണ്ടും ക്രാക്കോയിലേക്കു മടങ്ങി. മരണം വരെ അവിടെ വിശുദ്ധ ഗ്രന്ഥം പഠിപ്പിച്ചു – ഫാദര്‍ ജോണ്‍ വിനീതനും കൃപാലുവുമായിരുന്നതിനാല്‍ ക്രാക്കോയിലെ ദരിദ്രജനങ്ങള്‍ക്കെല്ലാം അദ്ദേഹത്തെ പരിചയമായിരുന്നു. അദ്ദേഹത്തിന്‍റെ വസ്തുക്കളും പണവുമെല്ലാം സാധുക്കള്‍ക്കുള്ളതായിരുന്നു. പലപ്പോഴും അവര്‍ ആ സ്വാതന്ത്യം ദുരുപയോഗിച്ചിരുന്നുവെന്നു മാത്രം. അത്യാവശ്യത്തിനുള്ള പണം മാത്രമേ അദ്ദേഹം സൂക്ഷിച്ചിരുന്നുള്ളൂ. മാംസം ഭക്ഷിച്ചിരുന്നില്ല. തറയില്‍ കിടന്നാണുറങ്ങിയിരുന്നത്. തുര്‍ക്കികളുടെ കരങ്ങളാല്‍ രക്തസാക്ഷിത്വം വരിക്കാമെന്നു കരുതി അദ്ദേഹം ജെറുസലേമിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. ഭാണ്ഡം പുറത്തു വഹിച്ചു കൊണ്ട് നാലു പ്രാവശ്യം റോമയിലേക്ക് തീര്‍ത്ഥാടനം ചെയ്തു. പ്രായശ്ചിത്തം ചെയ്യുമ്പോള്‍ ആരോഗ്യവുംകൂടി പരിഗണിക്കേണ്ടതില്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ മരുഭൂമിയില്‍ തപസ്സുചെയ്ത പിതാക്കന്മാരുടെ ദീര്‍ഘായുസ്സിനെപ്പറ്റി അദ്ദേഹം ഉപന്യസിക്കും.

പഴയ ലത്തീന്‍ കാനോന നമസ്കാരത്തില്‍ ഒരു കഥ വിവരിച്ചിട്ടുണ്ട്. ഒരിക്കല്‍ കവര്‍ച്ചക്കാര്‍ അദ്ദേഹത്തിന്‍റെ പണം കൊള്ള ചെയ്തു. അവസാനം അവര്‍ ചോദിച്ചു: "ഇനി പണം വല്ലയിടത്തും സൂക്ഷിച്ചുവച്ചിട്ടുണ്ടോ?" എന്ന്. ഇല്ലെന്ന് അദ്ദേഹം മറുപടി നല്കി. കവര്‍ച്ചക്കാര്‍ പോയിക്കഴിഞ്ഞപ്പോള്‍ കുറേ നാണയങ്ങള്‍ മേലങ്കിയില്‍ തയ്ച്ചുവച്ചിരിക്കുന്നത് അദ്ദേഹം ഓര്‍ത്തു. ഉടനെ കവര്‍ച്ചക്കാരെ വിളിച്ച് ആ പണവുംകൂടി എടുത്തുകൊടുത്തു. ആശ്ചര്യഭരിതരായ കവര്‍ച്ചക്കാര്‍ എടുത്ത പണം അദ്ദേഹത്തിനുതന്നെ തിരികെ നല്കി.

വിചിന്തിനം: "സത്യവിരുദ്ധമായ എല്ലാ അഭിപ്രായങ്ങളോടും പടവെട്ടുക. ക്ഷമയും ശാന്തതയും പരസ്നേഹവുമായിരിക്കട്ടെ നിങ്ങളുടെ ആയുധങ്ങള്‍. അക്രമം നിങ്ങളുടെ ആത്മാവിനു ദോഷം ചെയ്യുന്നു; ഏറ്റവും വലിയ ലക്ഷ്യങ്ങള്‍ക്കുകൂടി തുരങ്കംവയ്ക്കുന്നു"
(വി. ജോണ്‍ കാന്‍ഷിയൂസ്).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org