Latest News
|^| Home -> Suppliments -> CATplus -> വി. ജോണ്‍ നെപ്പോമുസെന്‍ (13301383) രക്തസാക്ഷി

വി. ജോണ്‍ നെപ്പോമുസെന്‍ (13301383) രക്തസാക്ഷി

Sathyadeepam

സെയിന്‍റ്സ് കോര്‍ണര്‍

കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍ വേണ്ടി ജീവന്‍ ത്യജിച്ച നെപ്പോമുസെന്‍ ബൊഹീമിയയില്‍ നെപ്പോമുസില്‍ ഭൂജാതനായി. ജനിച്ചയുടനെ ഉണ്ടായ മാരകമായ രോഗത്തില്‍ നിന്നു ദൈവമാതാവിന്‍റെ സഹായത്താല്‍ സുഖം പ്രാപിച്ചതിനു കൃതജ്ഞതയായി ജോണിനെ ദൈവശുശ്രൂഷയ്ക്കു പ്രതിഷ്ഠിച്ച് നല്ല വിദ്യാഭ്യാസം നല്‍കി. യുവാവായ ജോണില്‍ പ്രകാശിച്ച ശാന്തത, ശാലീനത, ദൈവഭക്തി, പഠനസാമര്‍ത്ഥ്യം മുതലായ ഗുണങ്ങള്‍ ശ്രദ്ധേയമായിരുന്നു. രാവിലെ അടുത്തുള്ള ആശ്രമത്തിലെ കുര്‍ബാനകളെല്ലാം കാണും; ശേഷം സമയം പഠിക്കും. താമസിയാതെ ദൈവശാസ്ത്രത്തിലും സഭാനിയമത്തിലും ബിരുദം നേടി വൈദികപട്ടം സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ സുമധുരമായിരുന്നതിനാല്‍ യുവജനങ്ങള്‍ അവ കേള്‍ക്കാന്‍ തടിച്ചു കൂടിയിരുന്നു.

1376-ല്‍ പതിനാറാമത്തെ വയസ്സില്‍ വെഞ്ചസ്ലാവു ബൊഹീമിയാ രാജാവായി. യൗവനത്തില്‍ ലഭിച്ച അധികാരവും പ്രൗഢിയും രാജാവിനെ മദ്യപാനിയും അലസനുമാക്കി. എങ്കിലും, ഫാദര്‍ ജോണിനെ അദ്ദേഹം കൊട്ടാരത്തിലേക്കു നോമ്പുകാല പ്രസംഗത്തിനു ക്ഷണിച്ചു. പ്രസംഗത്തില്‍ സംതൃപ്തനായ രാജാവ് അദ്ദേഹത്തിനു മെത്രാന്‍ സ്ഥാനവും ചാന്‍സലര്‍ സ്ഥാനവും വച്ചു നീട്ടി; അദ്ദേഹം അവയെല്ലാം പരിത്യജിച്ചു ദരിദ്രസേവനത്തില്‍ കഴിഞ്ഞു.

വെഞ്ചസ്ലാസു രാജാവു വിവാഹം കഴിച്ചതു ബവേരിയാ രാജാവ് ആള്‍ബെര്‍ട്ടിന്‍റെ മകള്‍ ജെയിനെയാണ്. രാജാവ് രാജ്ഞിയെ സ്നേഹിച്ചിരുന്നെങ്കിലും രാജ്ഞിയുടെ വിശുദ്ധജീവിതം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. തന്നോട് പ്രദര്‍ശിപ്പിച്ചിരുന്ന ആര്‍ദ്രത പോലും രാജാവ് സംശയിച്ചു. രാജ്ഞിയുടെ കുമ്പസാരക്കാരനായിരുന്ന ഫാദര്‍ ജോണില്‍ നിന്ന് അവരുടെ കുമ്പസാരത്തിന്‍റെ സംക്ഷേപം പിടിച്ചെടുക്കാന്‍ രാജാവ് ശ്രമിച്ചുതുടങ്ങി. നേരിട്ടു കുമ്പസാരത്തെപ്പറ്റി അദ്ദേഹത്തോടു ചോദിച്ചു; മര്‍ദ്ദനമാരംഭിച്ചു; ചങ്ങലകള്‍ കൊണ്ടു ബന്ധിച്ചു; ജയിലിലടച്ചു; മര്‍ദ്ദന യന്ത്രത്തില്‍ കിടത്തി. എന്നിട്ടും രാജാവിനാവശ്യമായ കുമ്പസാര രഹസ്യം അദ്ദേഹം വെളിപ്പെടുത്തിയില്ല. കോപിഷ്ഠനായ രാജാവ് ആജ്ഞാപിച്ചു: “ഈ മനുഷ്യനെ ഇരുട്ടാകുമ്പോള്‍ പുഴയിലെറിയുക; ജനങ്ങള്‍ അറിയരുത്.” കൈകാലുകള്‍ ബന്ധിച്ച് പ്രേഗില്‍ക്കൂടി ഒഴുകുന്ന മുള്‍ഡാ നദിയില്‍ 1383 മേയ് 16-ാം തീയതി ആരാച്ചാരന്മാര്‍ അദ്ദേഹത്തെ വലിച്ചെറിഞ്ഞു. നദീതീരത്തു കണ്ട വിളക്കുകളെപ്പറ്റി ചക്രവര്‍ത്തിനി അന്വേഷണം നടത്തി. ആരാച്ചാരന്മാര്‍ വിവരം രഹസ്യമായി വച്ചില്ല. സംഗതി ഗ്രഹിച്ച കാനണ്മാരും ജനങ്ങളും ചേര്‍ന്ന് ഫാദര്‍ ജോണിനെ ഭക്തിപൂര്‍വ്വം സംസ്കരിച്ചു. ഒരു കോഴിയെ വറുത്തതു ശരിയാകാഞ്ഞിട്ടു പാചകക്കാരനെ തീയില്‍ ദഹിപ്പിച്ചവനാണു വെഞ്ചസ്ലാവു രാജാവ്.

ഫാദര്‍ ജോണിന്‍റെ ശവകുടീരത്തിലെ ശിലാലിഖിതം ശ്രദ്ധേയമാണ്: “ഡോക്ടറും ഈ പള്ളിയിലെ കാനണും ചക്രവര്‍ത്തിനിയുടെ കുമ്പസാരക്കാരനും അത്ഭുതപ്രവര്‍ത്തകനുമായ ജോണ്‍ നെപ്പോമുസെന്‍ കുമ്പസാര രഹസ്യം അഭംഗമായി പാലിച്ചതു നിമിത്തം ചാള്‍സു നാലാമന്‍റെ മകന്‍ ബൊഹീമിയന്‍ രാജാവും ചക്രവര്‍ത്തിയുമായ വെഞ്ചസ്ലാസു ചതുര്‍ത്ഥന്‍റെ ആജ്ഞപ്രകാരം മര്‍ദ്ദിക്കപ്പെടുകയും പ്രേഗുപാലത്തില്‍ നിന്നു മുള്‍ഡാ നദിയിലേക്ക് എറിയപ്പെടുകയും ചെയ്തു.”

വിചിന്തനം: തിരുസ്സഭയുടെ നിയമസംഹിതയില്‍ ശ്രേഷ്ഠമാണു കുമ്പസാരരഹസ്യം; അതു പാലി ക്കുന്നതിലുള്ള വിശ്വസ്തത ശ്രേഷ്ഠ മായിത്തന്നെ നിലകൊള്ളുന്നു. ആകയാല്‍ ആരും കുമ്പസാരിക്കാന്‍ ഭയപ്പെടേണ്ടതില്ല.

Leave a Comment

*
*