വി. കൊളുമ്പന്‍ (545-615)

വി. കൊളുമ്പന്‍ (545-615)

സെയിന്‍റ്സ് കോര്‍ണര്‍

കൊളുമ്പന്‍ അയര്‍ലന്‍റില്‍ ലീസ്റ്റെറില്‍ ജനിച്ചു. യുവാവായിരിക്കുമ്പോള്‍ ജഡികപരീക്ഷകള്‍ അവനെ അലട്ടിയിരുന്നു. അതിന് ഒരു സന്യാസിയോടു പ്രതിവിധി ചോദിച്ചപ്പോള്‍ ലോകവ്യാമോഹങ്ങളില്‍നിന്ന് അകലുക എന്ന മറുപടി കിട്ടി. അദ്ദേഹം ആദ്യം ഒരു സന്യാസിയുടെ അടുക്കലേക്കുപോയി, പിന്നീടു ബാങോറിലുള്ള വിദ്യാഭ്യാസസ്ഥാപനത്തില്‍ താമസിച്ചു കുറേ കൊല്ലം പ്രാര്‍ത്ഥനയിലും ഏകാന്തതയിലും ചെലവഴിച്ചശേഷം 12 കൂട്ടുകാരോടു കൂടി ഗോളില്‍ മിഷന്‍ പ്രവര്‍ത്തനത്തിനായിറങ്ങി. അവരുടെ ജീവിതരീതിയും അര്‍പ്പണബോധവും മതനിഷ്ഠയും ജനങ്ങളെ അത്യധികം ആകര്‍ഷിച്ചു. അദ്ദേഹം യൂറോപ്പില്‍ ധാരാളം ആശ്രമങ്ങള്‍ തുടങ്ങി.

എല്ലാ വിശുദ്ധന്മാര്‍ക്കുമെന്നപോലെ കൊളുമ്പനും എതിര്‍പ്പുണ്ടായി. ഫ്രാങ്കിഷു മെത്രാന്മാരുടെ ആവലാതികള്‍ക്കെതിരായി മാര്‍പാപ്പയ്ക്കു കൊളുമ്പന്‍ അപ്പീല്‍ ബോധിപ്പിച്ചു. രാജാവിന്‍റെ കുത്തഴിഞ്ഞ ജീവിതരീതികളെ കൊളുമ്പന്‍ ഭര്‍ത്സിച്ചു. അദ്ദേഹത്തോടു വിവാഹം കഴിക്കാന്‍ ഉപദേശിച്ചത് അമ്മറാണിക്ക് ഇഷ്ടപ്പെട്ടില്ല. കൊളുമ്പന്‍ അയര്‍ലന്‍റിലേക്കു മടങ്ങിക്കൊള്ളണമെന്നു കല്പനയായി. എന്നാല്‍ കപ്പല്‍ കാറ്റടിച്ചു ചെന്നുചേര്‍ന്നത് ഇറ്റലിയിലേക്കാണ്. അവിടെ ലൊമ്പാര്‍ഡുകളുടെ രാജാവ് അദ്ദേഹത്തെ സ്വീകരിച്ചു. അവിടെ അദ്ദേഹം ബോബിയോ ആശ്രമം സ്ഥാപിക്കുകയും പ്രസ്തുത ആശ്രമത്തില്‍വച്ച് അദ്ദേഹം നിര്യാതനാകുകയും ചെയ്തു. പ്രായശ്ചിത്തത്തിന്‍റെ ആവശ്യകതയേയും ആര്യനിസത്തിന്‍റെ വിപത്തിനേയും ആശ്രമജീവിതത്തിന്‍റെ സ്വഭാവത്തേയും സംബന്ധിച്ച് അദ്ദേഹം ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. റോമാസിംഹാസനത്തോടും വി. ഗ്രന്ഥത്തോടും കൊളുമ്പനുണ്ടായിരുന്ന ബഹുമാനമാണ് ഫ്രാങ്കിഷു മെത്രാന്മാരുടെ ശത്രുതയ്ക്കു കാരണമായത്. അതുതന്നെയാണ് അദ്ദേഹത്തിന്‍റെ വിജയത്തിനും വിശുദ്ധിക്കും നിദാനം.

വിചിന്തനം: "ഭൂതകാലപാപങ്ങളുടെ സ്മരണ നിങ്ങളെ നിരുത്സാഹപ്പെടുത്താതെ നിങ്ങളുടെ ശരണം ദിവ്യരക്ഷകന്‍റെ അനന്തയോഗ്യതകളിലായിരിക്കാന്‍ ദൈവത്തിന്‍റെ അനന്തകാരുണ്യത്തിന്‍റെ വെളിച്ചത്തിലല്ലാതെ അവയെ കാണരുത്." (സീയെന്നായിലെ വി. കത്രീന).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org