വി.ലെയാന്റർ (+596) മെത്രാൻ

വി.ലെയാന്റർ (+596) മെത്രാൻ

സെയിന്‍റ്സ് കോര്‍ണര്‍

സ്പെയിനില്‍ കാര്‍ത്തജേനയില്‍ ഒരു പ്രശസ്ത കുലീന കുടുംബത്തിലാണു ലെയാന്‍റര്‍ ഭൂജാതനായത്. അദ്ദേഹത്തിന്‍റെ സഹോദരന്മാരാണു വി. ഇസിദോറും വി. ഫുള്‍ജെന്‍സിയൂസും വി. ഫ്ളൊരെന്തീനായും. ഈ രണ്ടു സഹോദരന്മാരുടെയും സഹോദരിയുടെയും വിശുദ്ധിക്ക് ഉത്തേജകമായതു ലെയാന്‍ററിന്‍റെ മാതൃകയായിരുന്നു.

ചെറുപ്പത്തില്‍ത്തന്നെ ലെയാന്‍റര്‍ ഒരാശ്രമത്തില്‍ പ്രവേശിച്ചു പുണ്യത്തിലും ജ്ഞാനത്തിലും അഭിവൃദ്ധി പ്രാപിച്ചു. അതിനാല്‍ താമസിയാതെ സെവീലിലെ മെത്രാനായി നിയമിതനായി. സ്ഥാനത്യാഗം അദ്ദേഹത്തിന്‍റെ ജീവിതരീതിക്ക് അന്തരം വരുത്തിയില്ല; ഉത്കണ്ഠകള്‍ വര്‍ദ്ധിച്ചുവെന്നു മാത്രം. വിസിഗോത്ത്സ് എന്നറിയപ്പെടുന്ന ജനങ്ങള്‍ 470 മുതല്‍ ഇറ്റലിയില്‍ നിന്നു സ്പെയിനിലേക്കു കടന്ന് ആര്യന്‍ പാഷണ്ഡത സ്പെയിനിലും പ്രചരിപ്പിച്ചു. നൂറു വര്‍ഷത്തെ പ്രചരണംകൊണ്ടു കുറേപ്പേര്‍ ആര്യന്‍പാഷണ്ഡത സ്വീകരിച്ചുകഴിഞ്ഞിരുന്നു. തീക്ഷ്ണമായ പ്രാര്‍ത്ഥനയും തീവ്രമായ പ്രയത്നവും വഴി ലെയാന്‍റര്‍ അവരുടെ മാനസാന്തരം സാധിച്ചു. അന്നത്തെ രാജാവായ ലെയോവിജില്‍ഡിനു ലെയാന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെട്ടില്ല. സ്വന്തം പുത്രന്‍ ഹെര്‍മനെ ജില്‍ഡ് ആര്യന്‍ മെത്രാനില്‍നിന്നു ദിവ്യകാരുണ്യം സ്വീകരിക്കാത്തതിനു രാജകുമാരനെ വധിപ്പിച്ചു; ലെയാന്‍ററിനെ നാടുകടത്തി.

ദൈവാനുഗ്രഹത്താല്‍ രാജാവു തന്‍റെ ക്രൂരതയെ ഓര്‍ത്ത് അനുതപിച്ചു. അദ്ദേഹം മാനസാന്തരപ്പെട്ടില്ലായിരുന്നെങ്കിലും ബിഷപ് ലെയാന്‍ററിനെ തിരികെ വിളിച്ചു. സ്വപുത്രന്‍ റെക്കാര്‍ഡിനെ അദ്ദേഹത്തെ ഏല്പിച്ചു. അനന്തരം രാജാവും ലെയാന്‍ററും അപ്പസ്തോലിക തീക്ഷ്ണതയോടെ സത്യവിശ്വാസം പഠിപ്പിക്കുകയും അചിരേണ വിസിഗോത്തുകളെല്ലാം സത്യവിശ്വാസത്തിലേക്കു മടങ്ങിവരികയും രാജ്യം ആനന്ദിക്കുകയും ചെയ്തു. വി. ഗ്രിഗറിയുടെ പാപ്പാ ബിഷപ് ലെയാന്‍ററിനെ അനുമോദിച്ചു.

പാഷണ്ഡികളുടെ മാനസാന്തരംകൊണ്ടു മാത്രം തൃപ്തിപ്പെടാതെ ലെയാന്‍റര്‍ അവരുടെ ജീവിതനവീകരണത്തിനുവേണ്ടി പല പ്രവര്‍ത്തനങ്ങളും ചെയ്തതിന്‍റെ ഫലമായി സ്പെയിന്‍ ധാരാളം വിശുദ്ധരെയും രക്തസാക്ഷികളെയും പുറപ്പെടുവിച്ചു. 589-ല്‍ ടൊളെഡോയില്‍ നടത്തിയ മൂന്നാമത്തെ സൂനഹദോസില്‍ ലെയാന്‍റര്‍ പങ്കെടുത്തു. പ്രാര്‍ത്ഥന കൂടുതല്‍ പ്രോത്സാഹിപ്പിച്ചു. സ്വന്തം സഹോദരിക്കു ലെയാന്‍റര്‍ അയച്ച കത്തു സന്ന്യാസജീവിത തത്ത്വങ്ങള്‍തന്നെയായിരുന്നു.

ലെയാന്‍റര്‍ ഒരു വാതരോഗിയായിരുന്നു. രോഗം ഒരനുഗ്രഹമാണെന്നാണു ലെയാന്‍ററിനെപ്പോലെതന്നെ വാതരോഗിയായിരുന്ന വി. ഗ്രിഗറി മാര്‍പാപ്പ അദ്ദേഹത്തിനെഴുതിയത്. 596 ഫെബ്രുവരി 27-ാം തീയതി ലെയാന്‍റര്‍ തനിക്കുള്ള സ്വര്‍ഗീയ സമ്മാനം പ്രാപിച്ചു. അനുജന്‍ ഇസിദോരാണു ലെയാന്‍ററിന്‍റെ പിന്‍ഗാമിയായി സെവീല്‍ മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്തത്.

വിചിന്തനം: വിശുദ്ധര്‍ തങ്ങളുടെ രോഗങ്ങളെയും ക്ലേശങ്ങളെയും ദൈവകൃപയായി പരിഗണിച്ചു പോന്നു. നമുക്കും അവയെ അങ്ങനെ വീക്ഷിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org