സെന്റ് പീറ്റേഴ്സ് ബസിലിക്ക

സെന്റ് പീറ്റേഴ്സ് ബസിലിക്ക

ക്രൈസ്തവലോകത്തെ ഏറ്റവും വലുതും പ്രധാനവും ഏറ്റവുമധികം സന്ദര്‍ശിക്കപ്പെടുന്നതുമായ ദേവാലയമാണ് സെ. പീറ്റേഴ്സ്. റോമിലെ നാല് പാട്രിയാര്‍ക്കല്‍ ബസിലിക്കകളില്‍ ഒന്നാണിത്. ഇന്നു നാം കാണുന്ന ബസിലിക്ക 1506-ല്‍ പണി തുടങ്ങി. 1626-ല്‍ പൂര്‍ത്തിയായതാണ്. കൃത്യം 120 വര്‍ഷം വേണ്ടിവന്നു പണി പൂര്‍ത്തിയാകാന്‍. എ.ഡി. 319-322 വര്‍ഷങ്ങളില്‍ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി പണിതതും പന്ത്രണ്ടു നൂറ്റാണ്ടുകള്‍ നിലനിന്നതുമായ പ്രഥമ ബസിലിക്കയുടെ സ്ഥാനത്താണിത് നില്‍ക്കുക. 1940-49 വര്‍ഷങ്ങളില്‍ സെന്‍റ് പീറ്റേഴ്സില്‍ നടത്തിയ ഉദ്ഖനനങ്ങളുടെ ഫലമായി, പേപ്പല്‍ അള്‍ത്താരയ്ക്കു താഴെ അപ്പസ്തോല പ്രമുഖനായ വി. പത്രോസിന്‍റെ ഖബറിടം എന്ന് ആദ്യ റോമന്‍ ക്രൈസ്തവര്‍ കരുതി, വണങ്ങിയ സ്ഥലം കണ്ടെത്തുകയുണ്ടായി. വത്തിക്കാനിലെ "കൊര്‍ണേലിയാ പാത"യില്‍ അവര്‍ പൂജ്യമായി വണങ്ങിയ സ്ഥലത്താണ് കോണ്‍സ്റ്റന്‍റൈന്‍ പള്ളി പണിതത്. പള്ളി പണിയാന്‍ വേണ്ടി വത്തിക്കാന്‍ കുന്ന് വളരെ നിരപ്പാക്കേണ്ടി വന്നു. 119 മീറ്റര്‍ നീളവും 64 മീറ്റര്‍ വീതിയുമുള്ള വലിയൊരു പള്ളിയാണ് പണിയപ്പെട്ടത്.

പതിനാലാം നൂറ്റാണ്ടില്‍ മാര്‍പാപ്പമാരുടെ അവിഞ്ഞോണ്‍ വിപ്രവാസം, പഴയ സെന്‍റ് പീറ്റേഴ്സിന്‍റെ ക്രമാനുഗതമായ അധഃപതനത്തിനു വഴിതെളിച്ചു. കേടുകള്‍ നീക്കി നവീകരിക്കുന്നതിനു പകരം, അപ്പോഴേക്കും പള്ളികള്‍ക്ക് അത്യാവശ്യമെന്ന് അംഗീകരിക്കപ്പെട്ട താഴികക്കൂടത്തോടുകൂടിയ പുതിയ ഒരു ബസിലിക്ക പണിയുന്ന കാര്യം ചിന്താവിഷയമായി. ജൂലിയസ് രണ്ടാമന്‍ പാപ്പ (1503-13) ഈ പ്ലാന്‍ അംഗീകരിക്കുകയും 1506-ല്‍ മൂലക്കല്ല് സ്ഥാപിക്കുകയും ചെയ്തു. ദൊണാത്തേ ബ്രമാന്തേ (1444-1514) ആയിരുന്നു ശില്പി.

ബ്രമാന്തെയുടെ മരണശേഷം റഫായേല്‍ (1483-1520) നിര്‍മ്മാണം ഏറ്റെടുത്തു; അദ്ദേഹത്തെ തുടര്‍ന്ന് സഞ്ഞാല്ലോ യും (1483-1546). 1507-ല്‍ 2500 പേര്‍ ദിവസേന പള്ളി പണിയില്‍ വ്യാപൃതരായിരുന്നു.

1546-ലാണ് മൈക്കലാഞ്ചലോ ബോനറോത്തി (1475-1564) നിര്‍മ്മാണ നേതൃത്വം ഏറ്റെടുക്കുന്നത്. മൂന്നാം പോള്‍ മാര്‍പാപ്പയുടെ നിര്‍ബന്ധം ഇതിനു പിന്നിലുണ്ടായിരുന്നു.

മൈക്കലാഞ്ചലോയുടെ ഏറ്റവും വലിയ ആഗ്രഹം സെന്‍റ് പീറ്റേഴ്സിന് അതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ചേറ്റവും ആകര്‍ഷകമായ ഒരു താഴികക്കുടം (Cupola) പണിയുക എന്നതായിരുന്നു. അദ്ദേഹം വിഭാവനം ചെയ്ത താഴികക്കുടം പൂര്‍ത്തിയാക്കിയത് വിഞ്ഞോള (1507-73), ദൊമെനിക്കോ ഫൊന്താന (1543-1607) എന്നിവരാണ്. അവരുടെ പ്രതിഭയും താഴികക്കുടത്തിന്‍റെ നിര്‍മ്മിതിയില്‍ ഒരു പങ്കുവഹിച്ചിട്ടുണ്ട്. 1590-ല്‍ ജക്കോമോ ദെല്ല പോര്‍ത്ത (1540-1602) ഡോമിന്‍റെ പണി പൂര്‍ത്തിയാക്കി. അതിനും ശേഷമാണ് പഴയ ബസിലിക്കയുടെ പ്രധാനശാല (ഹൈക്കലാ) പുതുക്കിപ്പണിയാന്‍ തീരുമാനിക്കുന്നത്. 1605-ല്‍ അഞ്ചാം പോള്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ആ ഭാഗം സമ്പൂര്‍ണ്ണമായി മാറ്റി പണിയുകയാണുണ്ടായത്. പുതിയ ഹൈക്കലാ, മുഖവാരം എന്നിവ കാര്‍ലോ മദേര്‍ണ (1556-1629) ആണു പ്ലാന്‍ ചെയ്തത്. മുഖവാരം 1626-ല്‍ പൂര്‍ത്തിയായി. മുഖവാരവും താഴികക്കുടവും മനോഹരമായി ഉള്‍ച്ചേരുന്ന ചത്വരത്തിന്‍റെ പണി ബെര്‍ണിനി പൂര്‍ത്തിയാക്കിയതോടെ വിശ്വ കലാകാരന്മാര്‍ പലരും പങ്കുപറ്റിയ ഒരു മഹാസംരംഭം അതിന്‍റെ അന്ത്യം കണ്ടു. കുലീനത, പൂര്‍ണ്ണത, ഗാംഭീര്യം എന്നിവയെല്ലാം സമഞ്ജസമായി സമ്മേളിക്കുന്ന സെന്‍റ് പീറ്റേഴ്സ് കാണുമ്പോള്‍ ആരുടെ ഹൃദയമാണ് തരളിതമാകാത്തത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org