വി. റാഫേൽ കലിനോസ്കി (1835-1907)

വി. റാഫേൽ കലിനോസ്കി (1835-1907)

സെയിന്‍റ്സ് കോര്‍ണര്‍

1835 സെപ്തംബര്‍ 1-ാം തീയതി ജോസഫ് കലിനോസ്കി (സന്യാസസഭയില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹത്തിന്‍റെ പേര്) പോളീഷ് പ്രഭുകുടുംബങ്ങളില്‍പ്പെട്ട അനാരെന്‍ കലിനൊസ്കിയുടെയും ജോസഫിന്‍ പോളാംസ്കിയുടെയും രണ്ടാമത്തെ മകനായി ലിത്വാനിയായുടെ തലസ്ഥാനമായ വില്‍നയില്‍ ജനിച്ചു. അനാരെന്‍ സ്ഥലത്തെ സ്കൂളിന്‍റെ ഡയറക്ടറും പ്രൊഫസറും ആയിരുന്നെങ്കിലും ജോസഫിന്‍റെ പ്രാഥമിക വിദ്യാഭ്യാസം വീട്ടില്‍വച്ചു തന്നെയായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. 1852-ല്‍ പതിനേഴാമത്തെ വയസ്സില്‍ എഞ്ചിനീയറിംഗ് പഠിക്കുന്നതിനായി ജോസഫ് പീറ്റേഴ്സ്ബര്‍ഗിലുള്ള മിലിറ്ററി അക്കാദമിയില്‍ ചേര്‍ന്നു.

അക്കാദമിയിലെ ജീവിതകാലം പാവപ്പെട്ടവരെ സഹായിക്കുന്നതിനും മറ്റുള്ളവരാല്‍ പരിത്യക്തരായ ചെറുപ്പക്കാരെ സ്വന്തം ചെലവില്‍ പഠിപ്പിക്കുന്നതിനും മറ്റും ശ്രദ്ധ ചെലുത്തി ചെലവഴിച്ചു. 1862-ല്‍ കലിനോസ്കി പട്ടാളത്തിലെ ക്യാപ്റ്റനായി ഉയര്‍ത്തപ്പെട്ടു. 1863-ല്‍ അലക്സാണ്ടര്‍ രണ്ടാമന്‍ ചക്രവര്‍ത്തിക്കെതിരായുള്ള പോളിഷ് ദേശീയ പ്രസ്ഥാനക്കാരുടെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ റഷ്യന്‍ ഭരണകൂടം ആ വിപ്ലവത്തെ നിഷ്കരുണം അടിച്ചമര്‍ത്തി. ഈ അവസരത്തില്‍ കലിനോസ്കിക്കു പട്ടാളത്തില്‍ തുടരുന്നത് പ്രയാസമായിരുന്നു. അദ്ദേഹം വിരമിച്ച് പോളണ്ടിലേക്ക് മടങ്ങിപ്പോയി.

1864-ല്‍ പോളണ്ടിലെ വിപ്ലവ ഭരണകൂടം ജോസഫ് കലിനോസ്കിയെ രാജ്യരക്ഷാമന്ത്രിയായി നിയമിച്ചു. ആ വര്‍ഷം തന്നെ റഷ്യന്‍ പട്ടാളം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും വിപ്ലവത്തെ അനുകൂലിച്ചതിന് വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്‍റെ കുടുംബക്കാരുടെ അപേക്ഷയും, അദ്ദേഹത്തിന്‍റെ ജീവിതനിലവാരവും കണക്കിലെടുത്ത് വധശിക്ഷയില്‍ ഇളവ് വരുത്തി. 10 വര്‍ഷത്തെ നിര്‍ബന്ധിത ജോലിക്കായി സൈബീരിയായിലേക്കയച്ചു. പലപ്പോഴും അതിശൈത്യം അനുഭവിച്ചിരുന്ന സൈബീരിയായിലെ ജീവിതകാലത്ത് പ്രാര്‍ത്ഥനയും ദൈവാശ്രയവുമായിരുന്നു അദ്ദേഹത്തിന് കരുത്തു നല്കിയിരുന്നത്.

1877 ജൂലൈ 15-ന് ഓസ്ത്രിയായിലെ ഗ്രാസ്സില്‍ ഉള്ള നിഷ്പാദുക കര്‍മ്മലസഭയുടെ നവസന്യാസഭവനത്തില്‍ ചേര്‍ന്നു. സഭയില്‍ വി. യൗസേപ്പിന്‍റെ റാഫേല്‍ എന്ന പേര് സ്വീകരിച്ചു. 1881-ല്‍ ആഘോഷമായ വ്രതവാഗ്ദാനം നടത്തിയ അദ്ദേഹം പോളണ്ടിലെ സേര്‍ണ എന്ന സ്ഥലത്ത് വച്ച് 1882 ജനുവരി 15-ാം തീയതി വൈദികപട്ടം സ്വീകരിച്ചു. അടുത്തവര്‍ഷം തന്നെ അദ്ദേഹത്തെ സേര്‍ണയിലെ സുപ്പീരിയറായി നിയമിച്ചു.

സന്യാസജീവിതവും വൈദികജീവിതവും താറുമാറായി കിടന്ന സാഹചര്യത്തില്‍ ഫാദര്‍ റാഫേല്‍ കലിനോസ്കി പോളണ്ടിലെ കര്‍മ്മലീത്ത മഠങ്ങള്‍ സന്ദര്‍ശിച്ച് വി. അമ്മ ത്രേസ്യയുടെ ജീവിതചൈതന്യം പുനര്‍ജീവിപ്പിക്കുവാന്‍ പരിശ്രമിച്ചു. പരിപൂര്‍ണ്ണരാകുന്നതിനുള്ള സഹായമായി അദ്ദേഹം നിര്‍ദ്ദേശി ച്ചിരുന്നത് മുടങ്ങാതെയുള്ള വി. ഗ്രന്ഥ പാരായണവും സഭാ നിയമങ്ങളെപ്പറ്റിയുള്ള പഠനവും ധ്യാനവുമായിരുന്നു. 1907 നവംബര്‍ 15-ാം തീയതി റാഫേല്‍ കലിനോസ്കി വാഡോവിച്ചില്‍ വച്ച് നിര്യാതനായി. 1983 ജൂണ്‍ 22-ാം തീയതി പരിശുദ്ധ പിതാവ് യോഹന്നാന്‍ പൗലോസ് രണ്ടാമന്‍ മാര്‍പാപ്പാ റാഫേല്‍ കലിനോസ്കിയെ വാഴ്ത്തപ്പെട്ടവനെന്നും വിപ്രവാസികളുടെയും കുടിയേറ്റക്കാരുടേയും മദ്ധ്യസ്ഥനുമായി പ്രഖ്യാപിച്ചു. 1991 നവംബര്‍ 17-ാം തീയതി പരിശുദ്ധ പിതാവ് യോഹന്നാന്‍ പൗലോസ് മാര്‍പാപ്പതന്നെ വാഴ്ത്തപ്പെട്ട റാഫേല്‍ കലിനോസ്കിയെ വിശുദ്ധനായി നാമകരണം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org