സുവിശേഷത്തിലെ തോമസ്

സുവിശേഷത്തിലെ തോമസ്

ദുക്റാന പെരുന്നാള്‍ ആഘോഷിക്കുകയാണല്ലോ? വിശ്വാസത്തില്‍ നമ്മുടെ പിതാവും യേശുവിന്‍റെ 12 അപ്പസ്തോലന്മാരില്‍ ഒരുവനുമായ തോമാശ്ലീഹായെ സ്നേഹത്തോടും നന്ദിയോടും കൂടി അനുസ്മരിക്കുന്ന ഈ വേളയില്‍, വി. ഗ്രന്ഥത്തില്‍ തോമാശ്ലീഹായെപ്പറ്റി പ്രതിപാദിക്കുന്നത് നമുക്ക് ശ്രദ്ധിക്കാം:

നാലു സുവിശേഷകരില്‍ യോഹന്നാന്‍ മാത്രമാണ് അപ്പസ്തോലന്‍ തോമസിനെക്കുറിച്ച് എഴുതിയിട്ടുള്ളത്. അതു മൂന്നു ജീവനുള്ള ചിത്രങ്ങളാണ്. അതില്‍ ആദ്യത്തേത്, മരിച്ച ലാസറിനെ കാണാന്‍ യേശു ബഥാനിയായിലേക്കു പുറപ്പെടുന്ന രംഗമാണ്. ശിഷ്യന്മാര്‍ പലരും യേശുവിനെ ആ ഉദ്യമത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. കാരണം, അവര്‍ യേശുവിന്‍റെ യാത്രയില്‍ അപകടം മണത്തറിഞ്ഞു. പക്ഷേ, തോമസ് ധൈര്യപൂര്‍വം പറഞ്ഞു: "വരുവിന്‍, അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം" (യോഹ. 11:16).

പിന്നെ തോമസിനെ കാണുന്നത് അന്ത്യഅത്താഴവേളയിലാണ്. സ്വര്‍ഗീയരഹസ്യങ്ങള്‍ നാഥന്‍റെ നാവിന്‍തുമ്പില്‍നിന്ന് അനര്‍ഗളം ഒഴകിക്കൊണ്ടിരുന്ന സമയം. നിത്യജീവിതത്തിലേക്കുള്ള വഴിയെക്കുറിച്ചു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ തോമസിന്‍റെ സംശയം: "കര്‍ത്താവേ, നീ എങ്ങോട്ടാണു പോകുന്നതെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും" (യോഹ. 14:5).

അവസാനമായി തോമസിനെ കാണുന്നത് യേശുവിന്‍റെ ഉത്ഥാനശേഷമാണ്. യേശു തന്‍റെ ശിഷ്യന്മാര്‍ക്കു വെളിപ്പെടുത്തിയതു സ്വന്തം കണ്ണുകൊണ്ടു കണ്ടാല്‍ മാത്രമേ വിശ്വസിക്കൂ എന്നു ശാഠ്യം പിടിച്ചുനില്ക്കുന്ന രംഗം. വെല്ലുവിളി സ്വീകരിച്ചു തോമസിന്‍റെ മുന്നില്‍ യേശു നില്ക്കുമ്പോള്‍ ഉയര്‍ന്നതു വിശ്വാസത്തിന്‍റെയും തികഞ്ഞ ആത്മാര്‍ത്ഥതയുടെയും സമര്‍പ്പണത്തിന്‍റെയും സ്വരമായിരുന്നു: "എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ" (യോഹ. 20:28).

എല്ലാം യുക്തിയുടെയും ശാസ്ത്രത്തിന്‍റെയും കണ്ണാടിയിലൂടെ മാത്രം കാണാന്‍ ശ്രമിക്കുന്നത് ഈ കാലഘട്ടത്തിന്‍റെ പ്രത്യേകതയാണ്. സത്യത്തിന്‍റെ പൊരുള്‍ തിരിച്ചറിയലാണ് എല്ലാ അന്വേഷണങ്ങളുടെയും ലക്ഷ്യം. തോമസിനെ വെറുമൊരു 'സംശയാലു' ആയിക്കണ്ട് തൃപ്തിയടയുന്നവരുണ്ട്. പക്ഷേ, ആഴമാര്‍ന്നൊരു പഠനം ചെന്നെത്തുന്നത് 'അന്വേഷിച്ചു കണ്ടെത്തുന്ന' തോമസിലാണ്. അദ്ദേഹത്തിന്‍റെ വിശ്വാസത്തിന്‍റെ വഴി ഇപ്രകാരം വരച്ചുവയ്ക്കാം. സ്നേഹം – സംശയം – അന്വേഷണം – കണ്ടെത്തല്‍ – വിശ്വാസപ്രഖ്യാപനം.

സ്വന്തമായ അനുഭവങ്ങളാണു മിക്കവാറും ഒരുവനെ വിശ്വാസത്തിലേക്കു നയിക്കുന്നത്. ഉത്ഥിതനായ യേശുവില്‍ വിശ്വസിക്കുന്നതിനു തനിക്കു സ്വന്തമായ അനുഭവം ഉണ്ടാകണമെന്നു തോമസ് വാശിപിടിച്ചു. "അവന്‍റെ കയ്യിലെ ആണിപ്പഴുതുകള്‍ കാണുകയും അതില്‍ എന്‍റെ വിരല്‍ കടത്തുകയും ചെയ്യാതെ ഞാന്‍ വിശ്വസിക്കുകയില്ല" (യോഹ. 20:25). ഇവിടെ തോമസ് മറ്റു ശിഷ്യന്മാരുടെ വിശ്വാസത്തെ അവിശ്വസിച്ചില്ല എന്നു മാത്രമല്ല, തന്നോടുതന്നെ നൂറു ശതമാനം സത്യസന്ധത പുലര്‍ത്തുകയും ചെയ്തു. സത്യസന്ധത വിശ്വാസത്തിന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ്.

ഉത്ഥിതമായ യേശു അനുഭവമാണ് അപ്പസ്തോലപദവിയുടെ അടിസ്ഥാനം. ഈ അനുഭവത്തിന്‍റെ അകത്തളത്തിലേക്കു കടന്നുവരാന്‍ എല്ലാ അപ്പസ്തോലന്മാര്‍ക്കും ഭാഗ്യം ഉണ്ടായി. പക്ഷേ തോമസ് അതു കൂടുതല്‍ വ്യത്യസ്തവും വ്യക്തിപരവുമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org