തീരുമാനം നല്ലതായാല്‍..

തീരുമാനം നല്ലതായാല്‍..

കഥ

ഷാജി മാലിപ്പാറ

"നീ എന്തു ചെയ്യാന്‍ പോകുന്നു?" ഒരു ചോദ്യചിഹ്നം പോലെ സീജടീച്ചര്‍ നിന്നു. ഐവിന്‍ ഒന്നും പറയാതെ തല കുമ്പിട്ടുനിന്നതേയുള്ളൂ. ആറാം ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും കാതുകൂര്‍പ്പിച്ച്, കണ്ണിമയ്ക്കാതെ നോക്കിയിരുന്നു.

"ഐവിന്‍ ഈ ക്ലാസ്സിലെ ലീഡറല്ലേ?"

"അതെ." അവന്‍ പതുക്കെ പറഞ്ഞു.

"നിന്നെ ഇവരെല്ലാം കൂടി ലീഡറാക്കിയതല്ലേ? ഞങ്ങടെ ചങ്കാണ് ഐവിനെന്നല്ലേ അന്ന് ഇവര്‍ പറഞ്ഞത്? നീയിപ്പോഴും ഇവരുടെ ചങ്കാണെന്ന് എനിക്കറിയാം. പക്ഷേ…" ടീച്ചര്‍ ഒന്നു നിര്‍ത്തി.

പഠനത്തില്‍ മിടുക്കനാണ് ഐവിന്‍. കൂട്ടുകൂടാനും കളിച്ചുതിമിര്‍ക്കാനും മിടുമിടുക്കനാണ്. കുട്ടികളുടെ കണ്ണിലുണ്ണിയാണവന്‍. ഒപ്പം വികൃതിയിലും മുമ്പനാണ്. സ്വന്തം കാര്യങ്ങളൊക്കെ കൃത്യമായി ചെയ്യും. ഹോംവര്‍ക്ക് ശരിയായി ചെയ്യും. നോട്ടെല്ലാം ഉടന്‍ എഴുതിയെടുക്കും. പഠിക്കാനുള്ളത് പഠിച്ചുതീര്‍ക്കും. എന്നാല്‍ മറ്റുള്ളവര്‍ അതൊന്നും ചെയ്യാതെ അവനൊപ്പം ചേര്‍ന്ന് വികൃതികളൊപ്പിക്കും. അവരുടെ ഹോം വര്‍ക്കും നോട്ടുമൊന്നും പൂര്‍ത്തിയാക്കില്ല. അതിന് ശകാരവും ശിക്ഷയും കിട്ടും.

വികൃതിത്തരങ്ങളില്‍ മുഴുകിയാല്‍പ്പിന്നെ ഐവിന്‍ എല്ലാം മറക്കും. കൂട്ടുകാര്‍ എത്ര ബഹളമുണ്ടാക്കിയാലും ക്ലാസ്സില്‍ ഓടിക്കളിച്ചാലും ബഞ്ചുമറിച്ചിട്ടാലും ലീഡര്‍ക്കു പരാതിയില്ല. അവര്‍ക്കൊപ്പം അവനും കൂടും. അധ്യാപകര്‍ വന്നു ചോദിച്ചാല്‍ ഒന്നുമറിയില്ലെന്നു പറഞ്ഞ് അവന്‍ ഒഴിഞ്ഞുമാറും. ഒരു ആറാംക്ലാസ്സുകാരന് ഇതൊക്കെ അധികപ്പറ്റല്ലേ എന്നാണ് ഹെഡ്മാസ്റ്ററുടെ ചോദ്യം.

ഐവിന്‍ ഒന്നുകില്‍ മര്യാദയോടെ പെരുമാറണം. അല്ലെങ്കില്‍ ലീഡര്‍ സ്ഥാനത്തുനിന്ന് മാറണം – ഇതാണ് ഹെഡ്മാസ്റ്ററുടെ നിര്‍ദ്ദേശം. സീജടീച്ചറിന് പക്ഷെ അവനെ ലീഡര്‍സ്ഥാനത്തുനിന്ന് നീക്കംചെയ്യാന്‍ താല്പര്യമില്ല. അങ്ങനെ ചെയ്യുന്നതുകൊണ്ട് അവന്‍ നന്നാകുമോ എന്നാണ് ടീച്ചറുടെ ചോദ്യം. ഒടുവില്‍ ഹെഡ്മാസ്റ്റര്‍ പറഞ്ഞു: "ടീച്ചര്‍ യുക്തം പോലെ ചെയ്യ്."

ക്ലാസ്സില്‍ പൊതുവായി ടീച്ചര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. തീരുമാനമെടുക്കാനുള്ള അവസരം ഐവിനുതന്നെ നല്‍കി.

"നീ ലീഡറായി തുടരുന്നോ അതോ മര്യാദയില്ലാതെ പെരുമാറുന്നോ? ഏതുവേണമെന്ന് വേഗം തീരുമാനിക്കണം."

പെട്ടെന്ന് ഒരു മറുപടി പറയാന്‍ ഐവിന്‍ തയ്യാറായില്ല. ടീച്ചര്‍ സാവകാശം നല്‍കി.

"നിങ്ങളെന്തു പറയുന്നു?" ടീച്ചര്‍ കുട്ടികളുടെ അഭിപ്രായം തിരക്കി.

"ഐവിന്‍ ലീഡറായി തുടരണം." അവര്‍ വിളിച്ചുപറഞ്ഞു.

"നീയെന്തു പറയുന്നു?"

"ലീഡറായി തുടരാം."

"വെരിഗുഡ്. ഐവിന്‍റെ തീരുമാനം നല്ലത്. പക്ഷെ ഒരു കാര്യം മറക്കരുത്. ലീഡറുടെ ചുമതലകള്‍ കൃത്യമായി ചെയ്യണം. ക്ലാസ്സില്‍ അച്ചടക്കം പാലിക്കാന്‍ സഹായിക്കണം." ടീച്ചര്‍ എല്ലാവരോടുമായി തുടര്‍ന്നു: ഇക്കാര്യത്തില്‍ നിങ്ങള്‍ക്കും ചില കടമകളുണ്ട്. ലീഡറെ തെരഞ്ഞെടുത്താല്‍ മാത്രം പോരാ. ശരിയായി പ്രവര്‍ത്തിക്കാന്‍ ലീഡറെ നിങ്ങള്‍ സഹായിക്കണം. ലീഡറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. മര്യാദയോടെ പെരുമാറണം."

സീജടീച്ചര്‍ ഐവിന് കൈകൊടുത്ത് സീറ്റിലിരുത്തി. അപ്പോഴാണ് മൈക്കിലൂടെ ഒരു അറിയിപ്പ് മുഴങ്ങിയത്: "ഇക്കൊല്ലത്തെ ശിശുദിന ആഘോഷത്തെക്കുറിച്ച് ആലോചിക്കുന്നതിനായി ക്ലാസ്സ്ലീഡേഴ്സിന്‍റെ അടിയന്തിരയോഗം ഓഫീസ്റൂമില്‍ ചേരുന്നു. ഇപ്പോള്‍ത്തന്നെ ലീഡേഴ്സ് എത്തിച്ചേരേണ്ടതാണ്."

ടീച്ചറുടെ അനുവാദത്തോടെ ഐവിന്‍ ഓഫീസ്റൂമിലേക്കു പോ യി. ഏതാനും മിനിട്ടുകള്‍ കഴിഞ്ഞ് വീണ്ടും മറ്റൊരു അറിയിപ്പ് മുഴങ്ങി: "ഈ വര്‍ഷം നമ്മുടെ സ്കൂളില്‍ നടക്കുന്ന ശിശുദിനറാലിയില്‍ കുട്ടികളുടെ ചാച്ചാജിയായി ആറ് എ ക്ലാസ്സിലെ ലീഡറായ ഐവിന്‍ രാജിനെ തെരഞ്ഞെടുത്ത വിവരം സന്തോഷത്തോടെ അറിയിക്കുന്നു. എല്ലാ ലീഡര്‍മാരും ഒരേ സ്വരത്തിലാണ് ഐവിന്‍റെ പേരു നിര്‍ദ്ദേശിച്ചത്."

എല്ലാവരും കൈയടിച്ചപ്പോള്‍ ടീച്ചറുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. ടീച്ചര്‍ പറഞ്ഞു: "നല്ല തീരുമാനങ്ങള്‍ നമ്മെ നന്മയിലേക്കു നയിക്കും. ഐവിനും നിങ്ങളും എടുത്ത തീരുമാനം നല്ലതുതന്നെ. അതു നന്നായി നടപ്പിലാക്കാനും നിങ്ങള്‍ ശ്രമിക്കണം."

"ഞങ്ങള്‍ ശ്രമിക്കും." അവര്‍ ഒന്നിച്ചുപറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org