സുകൃതിയുടെ സംസ്കൃതി

സുകൃതിയുടെ സംസ്കൃതി

ടോം ജോസ്, തഴുവംകുന്ന്

എന്താണു ജീവിതമെന്നു പഠിക്കുന്നവര്‍ക്കു മാത്രമുള്ളതാണ് എങ്ങനെ ജീവിക്കണമെന്ന അറിവും! ആധുനിക മനുഷ്യര്‍ക്ക് അറിവിനു കുറവില്ല. പക്ഷേ, പഴമക്കാരുടെ ഭാഷ്യത്തിലുള്ള നെറിവില്ലെന്നു മാത്രം! വിവേകമില്ലാത്തവരുടെ വിജ്ഞാനത്തിനു വിഡ്ഢിയുടെ കയ്യിലെ പളുങ്കു പാത്രത്തിന്‍റെ വിലയേയുള്ളുവെന്നു കാലം തെളിയിക്കുന്നു. സകലവിധ സംസ്കാരത്തിന്‍റെയും നന്മയുടെ സത്ത മണ്‍പാത്രത്തിലെ നിധിപോലെ കാത്തുപോന്ന മലയാളക്കരയ്ക്ക് എവിടെവച്ചാണു സുകൃതിയുടെ സംസ്കൃതി കൈമോശം വന്നതെന്നു കുത്തിയിരുന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കുടുംബം, വിദ്യാഭ്യാസം, ജീവിതസാഹചര്യങ്ങള്‍ തുടങ്ങി മനുഷ്യന്‍റെ അടിസ്ഥാന വളര്‍ച്ചയില്‍ പരിപാലിക്കേണ്ടതും പരിപോഷിപ്പിക്കേണ്ടതുമായ സന്മാര്‍ഗ നിഷ്ഠയും ധാര്‍മികബോധവും സത്യസന്ധതയും പരസ്പരബഹുമാനവും സാഹോദര്യവുമൊക്കെ ഇന്നു സമ്പാദ്യമെന്ന 'പെരുംപത്തായത്തി'നു വഴിമാറിയതുപോലെ തോന്നുന്നു. ആരെ വിഴുങ്ങേണ്ടുവെന്നു കരുതി പാഞ്ഞു നടക്കുന്ന സാത്താന്‍ തന്നെയാണ് ഇതിന്‍റെ സൂത്രധാരന്‍ എന്നു വിസ്മരിക്കരുത്. ഗൃഹനാഥന്‍ പടിയിറങ്ങി വഴിപോക്കന്‍ സ്ഥാനം കയ്യേറിയിരിക്കുന്നു. പ്രാര്‍ത്ഥനയും ജനക്കൂട്ടവുമൊക്കെ പെരുകിവരുമ്പോഴും നാമന്വേഷിക്കുന്ന ദൈവം നമ്മുടെയുള്ളില്‍ തന്നെയാണെന്നു തിരിച്ചറിയാതെ പോകുന്നു.

പീഡനവികൃതികള്‍ നമ്മെയെല്ലാം ഭയവിഹ്വലരാക്കുമ്പോഴും നമ്മുടെ പ്രതികരണങ്ങള്‍ തണുത്തുറഞ്ഞുപോകുന്നു. കുറ്റവാളികള്‍ക്കുവേണ്ടി പ്രമുഖ വക്കീലന്മാര്‍ ഓടിയെത്തുമ്പോഴും നീതിക്കുവേണ്ടി ഹാജരാകാതെ മൗനം ദീക്ഷിക്കുന്നു.

കുടുംബവും വൈവാഹികബന്ധങ്ങളും സംരക്ഷിക്കപ്പെടുകവഴി സന്മാര്‍ഗത്തിന്‍റെ ഈശ്വരപാതയില്‍ സമൂഹം കെട്ടിപ്പടുക്കപ്പെടും. നമ്മുടെ കുടുംബത്തില്‍ അച്ചടക്കത്തിന്‍റെ ശിക്ഷണമുണ്ടോ? ശിക്ഷണമെന്നതിനു മനസ്സിനു നൊമ്പരമുണ്ടാക്കുന്ന പീഡനമെന്നു നിയമം വ്യാഖ്യാനിച്ചപ്പോള്‍ യഥാര്‍ത്ഥ പീഡനം സാരമില്ലെന്നു തന്നോടുതന്നെ പറയുന്ന മരവിപ്പിലേക്കു കൊണ്ടെത്തിച്ചു.

സ്ത്രീയും പുരുഷനും അടുത്തിരിക്കാം, അടുത്തിടപഴകാം, തുല്യതയില്‍ വളരാമെന്നൊക്കെ പാഠമുണ്ടാക്കി പഠിപ്പിച്ച നാം ഒരു കാര്യം എഴുതിച്ചേര്‍ക്കാന്‍ മറന്നു. സ്ത്രീയും പുരുഷനും തമ്മില്‍ വിശുദ്ധമായ ഒരകലം എല്ലാക്കാലത്തും പാലിക്കപ്പെടണമെന്നുകൂടി…!

ആധുനികതയില്‍ പഠനം യാന്ത്രികതയുടെ 'ഫീഡിംഗ്' മാത്രമായി മാറിയിരിക്കുന്നു. ശിലയില്‍ തെളിയുന്ന ദൈവികപദ്ധതിയുടെ ശില്പം ഏതെന്നറിയാതെ സര്‍വത്ര ശിലയിലും പ്രാഗത്ഭ്യത്തോടെ ശില്പത്തെ കൊത്തിയെടുക്കാന്‍ പാടുപെടുന്ന ഇന്നത്തെ വിദ്യാഭ്യാസത്തിനു മുഖ്യധാരയും മക്കളുടെ താലന്തും മനസ്സിലാകാതെ പോകുന്നു. വൈവിദ്ധ്യങ്ങളുടെ ഐക്യു ഒന്നിച്ച് ഒരേ പഠനമുറിയില്‍ ഐക്യത്തിന്‍റെ പഠനം ലോകത്തു പങ്കുവച്ച കാലത്തുനിന്നും മാറി ഇന്ന് ഐക്യു സെലക്ട് ചെയ്യപ്പെട്ടു പഠനമുറികളില്‍ തളയ്ക്കപ്പെട്ടു. നമ്മെ ഞെട്ടിക്കുന്ന കുറ്റവാളികളില്‍ 'നിരക്ഷരര്‍' എന്ന ഗണമിന്നുണ്ടോ? ജാതി-മത-വര്‍ഗ-വര്‍ണ വൈജാത്യങ്ങളും സാമൂഹ്യ-സാമ്പത്തി ക വ്യത്യാസങ്ങളുമൊന്നും കുറ്റവാളികള്‍ക്കിടയില്‍ ഇല്ലെന്നായിരിക്കുന്നു. പഠനം പുരോഗമിക്കുമ്പോഴും ഞാന്‍ മാത്രമുള്ള ലോകം വളരുന്നതല്ലാതെ മനസ്സിന്‍റെ വികാസമോ മറ്റുള്ളവരോടുള്ള ആദരവോ വര്‍ദ്ധിക്കുന്നുണ്ടോ? "മനസ്സിന്‍റെ ചാപല്യങ്ങളെയും ബുദ്ധിയുടെ വിവേകക്കുറവിനെയും ശരീരത്തിന്‍റെ ദൗര്‍ബല്യത്തെയും നീക്കിനിര്‍ത്തിയും നിയന്ത്രിച്ചും വളരുവാന്‍ മനുഷ്യരെ സഹായിക്കുന്നതാണു വിദ്യാഭ്യാസമെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് എക്കാലത്തും പ്രസക്തമാണ്. അതായതു ജീവിതത്തിനുള്ള പരിശീലനമാണു വിദ്യാഭ്യാസമെന്നു സാരം! നന്മയുടെ ആകെത്തുകയായ സത്സ്വഭാവം കൈവരിക്കുന്നതില്‍ നാമിന്ന് ഉത്സുകരാണോ?

കുടുംബമെന്ന ചെറുഘടകത്തില്‍ രൂപവത്കരിക്കപ്പെടേണ്ട സത്സ്വഭാവം കൈവിട്ടുപോകരുത്. കുട്ടികളെ നല്ലതു പറഞ്ഞു പഠിപ്പിക്കുന്നതില്‍ പിശുക്കു കാണിക്കരുത്. സ്വന്തം ആഗ്രഹപൂര്‍ത്തീകരണത്തിനുള്ളവരാണു ചുറ്റുമുള്ളവരെന്നു ധരിച്ചുവശാകുന്ന വൈകാരിക വൈകൃതം നമുക്കിടയില്‍ വച്ചുപൊറുപ്പിക്കരുത്. നമ്മുടെ കുടുംബപാഠങ്ങള്‍ ശക്തവും സുദൃഢവുമാകണം. നന്മ ചെയ്തു വലിയവരാകുന്നതിലേക്കു മക്കളെ ഉദ്ബോധിപ്പിക്കണം. സ്ത്രീകള്‍ക്കു സുരക്ഷിതത്വമൊരുക്കേണ്ട പുരുഷന്‍ സമൂഹത്തിനാകമാനം ഭീഷണിയും പേടിയുമാകുന്നതിലേക്കു വളരുന്നതു തടയണം. പുരുഷന്‍റെ പൗരുഷം വിശുദ്ധിയുടെ സുരക്ഷിതത്വം ഒരുക്കുന്നതിലേക്കു വളരണം. കാടത്തം പൗരുഷമല്ല; മൃഗീയതയാണ്.

നവമാധ്യമങ്ങള്‍ക്കു മൂക്കുകയറിടേണ്ടതും ഇന്നിന്‍റെ ആവശ്യമാണ്. കാഴ്ചയിലൂടെയും കേള്‍വിയിലൂടെയും ലഹരി നിറച്ചു മനുഷ്യന്‍റെ അധമവികാരങ്ങളെ ഉണര്‍ത്തിവിട്ടു മനുഷ്യത്വത്തിനു ഭീഷണി സൃഷ്ടിക്കുന്ന സെന്‍സേഷണല്‍ ന്യൂസ് സമൂഹത്തിലേക്കെത്തിക്കുന്നതു നിര്‍ത്തണം. "നന്മ യാത്ര തുടങ്ങുംമുമ്പു തിന്മ നാലു കാതം സഞ്ചരിച്ചിരിക്കും" എന്നു മറക്കരുത്. കയ്യിലൊതുങ്ങുന്ന 'ഉപകരണം' മനുഷ്യരെ മുഴുവന്‍ വിഴുങ്ങുന്ന തരത്തിലേക്കു വളര്‍ത്തിയെടുക്കുന്ന കച്ചവടകുതന്ത്രം നിര്‍ത്തണം.

യുവതലമുറയ്ക്കു ഭീഷണിയാകുന്ന 'മൊബൈല്‍ പ്രളയം' ഭാവിതലമുറയെ ശ്വാസം മുട്ടിക്കുമെന്നു തിരിച്ചറിയണം. ത്രീജിയും ഫോര്‍ജിയും… ജനറേഷനുകളെ അന്തമില്ലാത്ത അന്ധാളിപ്പിലേക്കു മാടി വിളിക്കുമ്പോള്‍ "എഫ് ജി" (ഫ്യൂച്ചര്‍ ജനറേഷന്‍)യുടെ നില എന്താകുമെന്നു കണ്ടറിയണം.
പിടിച്ചടക്കാനും പിടിച്ചെടുക്കാനും അടിച്ചമര്‍ത്താനും പിച്ചിച്ചീന്താനുമുള്ളതല്ല പുരുഷന്‍. മറിച്ച് ഏതു നേരവും അഭയവും ആശ്രയവും ചുറ്റുമുള്ളവര്‍ക്കു സുരക്ഷിതത്വത്തിന്‍റെ കോട്ടയുമാകാനാകണം ആണ്‍മക്കളെ പഠിപ്പിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതും.

സ്ത്രീയുടെ വശ്യതയെ ചൂഷണം ചെയ്യുന്ന 'ദൃശ്യസംസ്കാരം' മാറ്റണം. ഏറെ ആദരവിനാല്‍ ഉന്നതിയിലേക്കു പടികയറേണ്ടവരാണു സ്ത്രീകള്‍ എന്നു സമൂഹത്തിനു ബോദ്ധ്യമാകണം.

ഒന്നുമെഴുതാത്ത വെള്ളക്കടലാസുപോലെ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ ജീവിതത്തോടു ജീവിതം എഴുതിച്ചേര്‍ക്കുന്നതു മുതിര്‍ന്നവരാണ്. പാഠവും പാഠഭേദവും ഒരുക്കുന്നതും അവര്‍ തന്നെ. പഠിച്ചു വളരുന്നതോടൊപ്പം പരിശുദ്ധി എന്നൊരു പദം ജീവിതക്രമത്തോടു ചേര്‍ക്കുവാന്‍ തലമുറയെ പഠിപ്പിക്കണം. ഭയരഹിതമായി ജീവിച്ചു പരസ്പരം ഏകോദരസഹോദരങ്ങളെപ്പോലെ ജീവിക്കാന്‍ ശക്തി നേടണം. ജീവിതത്തിന്‍റെ സമസ്ത മേഖലയിലും അനുസരണത്തിന്‍റെയും അച്ചടക്കത്തിന്‍റെയും വേലിക്കെട്ടുകള്‍ ഉണ്ടാകണം; ഒപ്പം വിളവു തിന്നുന്ന വേലികള്‍ ഉണ്ടാവുകയുമരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org