സുറിയാനി വിവാഹത്തിന് ലത്തീന്‍ വൈദികന്‍

ഡോ. ജോസ് ചിറമേല്‍
(പ്രസിഡന്‍റ്, സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി
എപ്പിസ്കോപ്പല്‍ ട്രിബ്യൂണല്‍)

ചോദ്യം
സീറോ-മലബാര്‍ സഭയിലെ രണ്ടു പേരുടെ വിവാഹം ലത്തീന്‍ സഭയിലെ വൈദികന് ആശീര്‍വദിക്കാമോ? എങ്കില്‍ അതിനുള്ള നിയമ നടപടികള്‍ എന്തെല്ലാം?

ഉത്തരം
സഭ നിഷ്ക്കര്‍ഷിക്കുന്ന യോഗ്യതകളുള്ള സ്ത്രീയും പുരുഷനും വിവാഹജീവിതത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഗ്രഹിച്ച് ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കാമെന്ന് പരസ്പരം സമ്മതിക്കുമ്പോഴാണല്ലോ സാധുവായ വിവാഹബന്ധം നിലവില്‍ വരുന്നത്. സാധുവായ വിവാഹബന്ധത്തിന് അവശ്യം ഉണ്ടായിരിക്കേണ്ട കാര്യങ്ങളില്‍ ചിലതിനെയെങ്കിലും ദുര്‍ബലപ്പെടുത്തുന്ന ഘടകങ്ങള്‍ വിവാഹബന്ധം ദുര്‍ബലമാക്കും. വിവാഹത്തെ അസാധുവാക്കുന്ന ഘടകങ്ങള്‍ താഴെപ്പയുന്നവയാണ്:

1. കാനോനികക്രമത്തിന്‍റെ അഭാവം (Lack of canonical form); 2. കാനോനിക തടസ്സങ്ങള്‍ (Impediments); 3. വിവാഹസമ്മതത്തില്‍ ഉണ്ടാകുന്ന ന്യൂനതകള്‍ (defects
in consent).

ഉന്നയിക്കപ്പെട്ടിരിക്കുന്ന ചോദ്യം വിവാഹത്തിന്‍റെ കാനോനിക ക്രമവുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് പ്രസ്തുത ഘടകത്തെപ്പറ്റി മാത്രമാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്.

വിവാഹത്തിന്‍റെ കാനോനികക്രമം
വിവാഹത്തിന്‍റെ അനുപേക്ഷണീയമായ ഉഭയസമ്മതം (Consent) എപ്രകാരം കൈമാറി സാധുവായി വിവാഹം നടത്തണമെന്നത് സംബന്ധിച്ച് സഭാനിയമം നിഷ്കര്‍ഷിക്കുന്ന രീതിയാണ് കാനോനിക ക്രമം. 1949-ല്‍ പൗരസ്ത്യ കത്തോലിക്കാ സഭകള്‍ക്കുവേണ്ടി പ്രസിദ്ധീകരിച്ച വിവാഹത്തെ സംബന്ധിച്ച നിയമത്തിലാണ് (Motu Proprio, Crebrae allatae) പൗരസ്ത്യ കത്തോലിക്കാ സഭകളിലാകമാനം വിവാഹത്തിന്‍റെ സാധുതയ്ക്ക് വൈദികന്‍റെ ആശീര്‍വ്വാദം ആവശ്യമാണെന്ന പൊതുനിയമം ഉണ്ടായത് (CA, cc.85-92). 1983-ലെ പരിഷ്കരിച്ച ലത്തീന്‍ നിയമസംഹിതയിലും 1990-ലെ പൗരസ്ത്യ നിയമസംഹിതയിലും ഈ നിയമത്തിന് മാറ്റം വരുത്തിയിട്ടില്ല.

ലത്തീന്‍ നിയമസംഹിതയിലും (Code of Canon Law) പൗരസ്ത്യ നിയമസംഹിതയിലും (Code of Canons of the Eastern Churches) കാനോനികക്രമം വ്യത്യസ്തമാണ്. ലത്തീന്‍ നിയമസംഹിതയിലെ 1108-ാം കാനോനയനുസരിച്ച്, സ്ഥലത്തെ മെത്രാന്‍റെയോ വികാരിയുടെയോ, അവരിലാരെങ്കിലും നല്‍കുന്ന അര്‍പ്പിതാധികാരം (Delegated Power) ഉപയോഗിച്ച് ഡീക്കന്‍റെയോ സാന്നിദ്ധ്യത്തിലും രണ്ടു സാക്ഷികളുടെ മുന്‍പാകെയും നടത്തപ്പെടുന്ന വിവാഹങ്ങള്‍ സാധുവാണ് (CIC. c.1108/1). ഈ നിയമവ്യവസ്ഥയനുസരിച്ച്, സ്ഥലത്തെ മെത്രാന്‍റെയോ വികാരിയുടെയോ ചുമതലപ്പെടുത്തല്‍ ഉണ്ടെങ്കില്‍ ഡീക്കനും വിവാഹം നടത്തികൊടുക്കാം.

ലത്തീന്‍ സഭയുടെ നിയമമനുസരിച്ച്, വിവാഹം ആശീര്‍വദിക്കുന്ന വൈദികന് ഔദ്യോഗിക സാക്ഷിയുടെ സ്ഥാനമാണുള്ളത്. ഇവിടെ വൈദികന്‍ സഭയുടെ നാമത്തില്‍ ദമ്പതിമാരുടെ ഉഭയസമ്മതം ചോദിക്കുന്നു. ആശീര്‍വാദകര്‍മ്മം വിവാഹത്തിന്‍റ സാധുതയ്ക്ക് അവശ്യഘടകമല്ല.

എന്നാല്‍, പൗരസ്ത്യനിയമസംഹിതയിലെ 828-ാം കാനോനയനുസരിച്ച്, സ്ഥലത്തെ മെത്രാന്‍റെയോ വികാരിയുടെയോ, അവരിലാരെങ്കിലും ഒരാള്‍ ചുമതലപ്പെടുത്തുന്ന (Delegation) വൈദികന്‍റെയും രണ്ടു സാക്ഷികളുടെ മുന്‍പാകെയും 'തിരുക്കര്‍മ്മ'ത്തോടുകൂടി നടത്തുന്ന വിവാഹങ്ങള്‍ മാത്രമെ സാധുവായിരിക്കയുള്ളൂ (CCEO. c.828/1). വിവാഹം പരികര്‍മ്മം ചെയ്തുകൊണ്ടും ആശീര്‍വദിച്ചുകൊണ്ടുമുള്ള വൈദികന്‍റെ സാന്നിദ്ധ്യമാണ് തിരുക്കര്‍മ്മം (Sacred Rite) എന്നതുകൊണ്ട് വിവക്ഷിക്കുന്നത് (CCEO. c. 828/2). വിവാഹം പരികര്‍മ്മം ചെയ്തുകൊണ്ടുള്ള വൈദികന്‍റെ സാന്നിദ്ധ്യവും ആശീര്‍വാദവും വിവാഹത്തിന്‍റെ സാധുതയ്ക്ക് ആവശ്യമായതുകൊണ്ട് വിവാഹം ആശീര്‍വദിക്കാന്‍ പൗരസ്ത്യ നിയമം ഡീക്കനെ അനുവദിക്കുന്നില്ല. കൂദാശാ പരികര്‍മ്മത്തില്‍ വൈദികന്‍റെ സാന്നിദ്ധ്യം ഒഴിവാക്കാനാവാത്തതാണെന്നുള്ള പൗരസ്ത്യസഭകളുടെ പൊതുവായ പാരമ്പര്യത്തെ മാനിച്ചുകൊണ്ടാണ് പൗരസ്ത്യ നിയമസംഹിത മേല്പറഞ്ഞ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

തന്മൂലം, പൗരസ്ത്യ കത്തോലിക്കാസഭയില്‍പ്പെട്ട രണ്ടുപേരുടെ വിവാഹങ്ങള്‍ മാത്രമല്ല, പൗരസ്ത്യ കത്തോലിക്കരും ലത്തീന്‍ കത്തോലിക്കരും തമ്മിലുള്ള വിവാഹങ്ങളും ആശീര്‍വദിക്കാന്‍ ഡീക്കന് അധികാരമില്ല. ഇതനുസരിച്ച്, ദമ്പതികള്‍ രണ്ടു പേരും സീറോ- മലബാര്‍ സഭയില്‍പ്പെട്ടതോ ദമ്പതിമാരില്‍ ആരെങ്കിലും ഒരാള്‍ സീറോ-മലബാര്‍ സഭയില്‍പ്പെട്ടതോ ആണെങ്കില്‍, അര്‍പ്പിതാധികാരം ഉപയോഗിച്ച് പ്രസ്തുത വിവാഹം ആശീര്‍വദിക്കാന്‍ ഡീക്കന് അധികാരമില്ല. തന്‍റെ ചുമതലയിന്‍ കീ ഴില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന പൗരസ്ത്യസഭാംഗങ്ങളുടെ വിവാഹമായാല്‍പ്പോലും അവ ആശീര്‍വദിക്കുന്നതിന് ഡീക്കനെ ചുമതലപ്പെടുത്തിയാല്‍ പ്രസ്തുത വിവാഹം അസാധുവായിരിക്കും. ഡീക്കന്‍ ആശീര്‍വദിച്ചാല്‍ കാനോനികക്രമത്തിന്‍റെ അഭാവത്തിലായിരിക്കും വിവാഹം അസാധുവാകുന്നത്.

ഉദ്യോഗസഹജമായ അധികാരം (Ordinary Power)
വിവാഹം സാധുവായി ആശീര്‍വദിക്കുന്നതിന് സ്വന്തം രൂപതാതിര്‍ത്തിക്കുള്ളില്‍ മെത്രാനും ഇടവകാതിര്‍ത്തിക്കുള്ളില്‍ വികാരിക്കും ഉദ്യോഗസഹജമായ അധികാരമാണുള്ളത് (Ordinary Power). ഉദ്യോഗസഹജമായ അധികാരം രൂപതയുടെയോ ഇടവകയുടെയോ അജപാലനജോലി ഏറ്റെടുക്കുന്ന നാള്‍ മുതല്‍ പ്രസ്തുത സ്ഥാനങ്ങളില്‍ നിന്ന് മാറുന്നതുവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ (CCEO. c.829; CIC. c. 1109). ഉദ്യോഗസഹജമായ അധികാരമുള്ളവര്‍ക്ക് തങ്ങളുടെ അധികാരാതിര്‍ത്തിക്കുള്ളില്‍ വച്ച് സ്വന്തം ഇടവകജനങ്ങളുടെ മാത്രമല്ല, അതേ റീത്തില്‍പ്പെട്ട മറ്റു രൂപതകളില്‍ നിന്നോ ഇടവകകളില്‍ നിന്നോ വരുന്ന ഏത് വധൂവരന്മാരുടെയും വിവാഹം നിയമാനുസൃതം ആശീര്‍വദിക്കാം. ഇതനുസരിച്ച്, തൃശൂര്‍ അതിരൂപതയില്‍ നിന്നോ അങ്കമാലി ഇടവകയില്‍ നിന്നോ വരുന്ന സീറോ-മലബാര്‍ സഭാംഗങ്ങളുടെ വിവാഹം എറണാകുളം ബസിലിക്കാ വികാരിക്ക് തന്‍റെ ഇടവകാതിര്‍ത്തിക്കുള്ളില്‍ വച്ച് നിയമാനുസൃതം നടത്തികൊടുക്കാം. ദമ്പതിമാരില്‍ ആരെങ്കിലും ഒരാള്‍ സ്വന്തം റീത്തില്‍പ്പെട്ട ആളാണെങ്കിലും ഇപ്രകാരം വിവാഹം നടത്തികൊടുക്കാം. ഇപ്രകാരം വിവാഹം നടത്തികൊടുക്കുന്നതിന് ദമ്പതിമാരുടെ ഇടവക വികാരിമാരില്‍ നിന്ന് 'കെട്ടുകുറി' ലഭിച്ചിരിക്കണം. കെട്ടുകുറി പൂരിപ്പിച്ച് വികാരി ഒപ്പിട്ട് പള്ളിയുടെ സീലും വച്ച് അയയ്ക്കുമ്പോഴാണല്ലോ പ്രസ്തുത വിവാഹത്തിന് കാനോനിക തടസ്സങ്ങളൊന്നും ഇല്ലെന്ന് ബോദ്ധ്യപ്പെടുന്നത്.

അര്‍പ്പിതാധികാരം (Delegated Power)
രൂപതാ മെത്രാനോ ഇടവക വികാരിക്കോ നിശ്ചയിക്കപ്പെട്ടിട്ടുള്ള തങ്ങളുടെ അധികാരപരിധിക്കു പുറത്തുവെച്ച് സ്വന്തം രൂപതയില്‍പ്പെട്ടതോ ഇടവകയില്‍പ്പെട്ടതോ ആയ ദമ്പതിമാരുടെ വിവാഹം ആശീര്‍വദിക്കാന്‍ അധികാരമില്ല. അപ്രകാരം ചെയ്യണമെങ്കില്‍ വിവാഹം എവിടെ വച്ച് നടക്കുന്നുവോ അവിടുത്തെ വികാരിയില്‍ നിന്ന് അര്‍പ്പിതാധികാരം (Delegated Power) ലഭിച്ചിരിക്കണം. നിയമസാധുതയുള്ള ഒരു കാര്യം നിര്‍വ്വഹിക്കുന്നതിനുവേണ്ടി ഉദ്യോഗസഹജമായ അധികാരം ഉള്ള വ്യക്തി വേറൊരാളെ ചുമതപ്പെടുത്തുന്ന അധികാരത്തെയാണ് അര്‍പ്പിതാധികാരം (Delegated Power) എന്നു പറയുന്നത്. ഉദ്യോഗസഹജമായ അധികാരം ഉദ്യോഗത്തിലേക്കുള്ള നിയമനം വഴിയും അര്‍പ്പിതാധികാരം ചുമതലപ്പെടുത്തല്‍ വഴിയും ലഭിക്കുന്നു (CCEO. cc. 981, 983/1; CIC. c.
131/1). നിയമത്തിലെ നിശ്ചയം വഴിയോ (Delegation by law) ഉദ്യോഗസഹജമായ അധികാരമുള്ള വ്യക്തിയുടെ ചുമതലപ്പെടുത്തല്‍ വഴിയോ അര്‍പ്പിതാധികാരം ലഭിക്കാവുന്നതാണ്.

അര്‍പ്പിതാധികാരം പൊതുവായിട്ടുള്ളതും (General delegation) പ്രത്യേകമായിട്ടുള്ളതും (Particular delegation) ഉണ്ട്. ഇടവകയിലെ എല്ലാ വിവാഹങ്ങളും ആശീര്‍വദിക്കാന്‍ അര്‍പ്പിതാധികാരം നല്കുമ്പോള്‍ അതു പൊതുവായിട്ടുള്ള അര്‍പ്പിതാധികാരമാണ്. ഇടവകയില്‍ അസിസ്തേന്തിമാര്‍ക്ക് നല്കുന്നത് ഇപ്രകാരമുള്ള അര്‍പ്പിതാധികാരമായിരിക്കും. എന്നാല്‍ നിശ്ചിതവിവാഹം ആശീര്‍വദിക്കാന്‍ മാത്രം അര്‍പ്പിതാധികാരം നല്കുമ്പോള്‍ അത് പ്രത്യേകമായിട്ടുള്ള അര്‍പ്പിതാധികാരമാണ്. പൊതുവായ അര്‍പ്പിതാധികാരം നല്കുവാന്‍ സ്ഥലത്തെ മേലദ്ധ്യക്ഷനുമാത്രമേ സാധിക്കുകയുള്ളൂ (CCEO.C. 830/2; CIC. C. 1111/1). ലഭിച്ചി രിക്കുന്ന അര്‍പ്പിതാധികാരം പൊതുവായിട്ടുള്ളതാണെങ്കില്‍ ഒരു നിശ്ചിത വിവാഹം ആശീര്‍വദിക്കുന്നതിന് അദ്ദേഹത്തിന് മറ്റൊരാളെ ചുമതലപ്പെടുത്താം. എന്നാല്‍ ലഭിച്ചിരിക്കുന്ന അര്‍പ്പിതാധികാരം പ്രത്യേകമായിട്ടുള്ളതാണെങ്കില്‍ നിയോഗിച്ച ആളുടെ വ്യക്തമായ അനുവാദമില്ലാതെ അത് വീണ്ടും നിയോഗിച്ചു നല്കുവാന്‍ (Sub-Delegation) പാടില്ല (CCEO. C. 988/3,4; CIC. c.137).

അര്‍പ്പിതാധികാരം (Delegated Power) ഉപയോഗിച്ച് വിവാഹം സാധുവായി ആശീര്‍വദിക്കുന്നതു സംബന്ധിച്ച നിയമവ്യവസ്ഥകള്‍ താഴെപ്പറയുന്നവയാണ്: സ്ഥലത്തെ മെത്രാനോ വികാരിക്കോ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന നിശ്ചിതവിവാഹങ്ങള്‍ ആശീര്‍വദിക്കുന്നതിന് തങ്ങളുടെ റീത്തില്‍പ്പെടാത്ത വൈദികനേയും ചുമതലപ്പെടുത്താവുന്നതാണ്. ഇതനുസരിച്ച്, സീറോ-മലബാര്‍ സഭയിലെ രണ്ടു പേരുടെ വിവാഹം ആശീര്‍വദിക്കുന്നതിന് ലത്തീന്‍ സഭയിലെ വൈദികന് അര്‍പ്പിതാധികാരം നല്കുവാന്‍ ദമ്പതിമാരുടെ മെത്രാനോ വികാരിക്കോ സാധിക്കും. അതുപോലെ ലത്തീന്‍ സഭയിലെ രണ്ടുപേരുടെ വിവാഹം ആശീര്‍വദിക്കാന്‍ സീറോ-മലബാര്‍ സഭയിലെ വൈദികന് അര്‍പ്പിതാധികാരം നല്കുവാന്‍ ദമ്പതിമാരുടെ മെത്രാനോ വികാരിക്കോ സാധിക്കും.

നേരത്തെ പൗരസ്ത്യ കത്തോലിക്കാ മെത്രാനോ വൈദികനോ തന്‍റെ സഭാംഗങ്ങളല്ലാത്ത രണ്ടുപേരുടെ വിവാഹം സാധുവായി ആശീര്‍വദിക്കാന്‍ അനുവാദമില്ലായിരുന്നു; അതുപോലെ ലത്തീന്‍ സഭയിലെ മെത്രാനും വൈദികനും പൗരസ്ത്യ കത്തോലിക്കാസഭയിലെ രണ്ടുപേരുടെ വിവാഹം ആശീര്‍വദിക്കാനും. എന്നാല്‍, നിലവിലുള്ള പൗരസ്ത്യ നിയമസംഹിതയും ലത്തീന്‍നിയമസംഹിതയും ഇതിനുള്ള അനുവാദം നല്കുന്നുണ്ട് (CCEO. c. 830; CIC. c.1111).

എന്നാല്‍, സ്ഥലത്തെ മെത്രാനോ വികാരിക്കോ സ്വന്തം അജഗണങ്ങളുടേതാണെങ്കില്‍പോലും, (ഒരിടവകയിലെ സ്ഥിരവാസമോ താത്കാലിക വാസമോ വഴിയാണ് അയാള്‍ വികാരിയുടെ അജഗണത്തില്‍പ്പെടുന്നത് (CCEO. C. 912; CIC. C.102). തങ്ങളുടെ നിശ്ചയിക്കപ്പെട്ട അതിര്‍ത്തിക്കു പുറത്തുവെച്ചു നടത്തുന്ന വിവാഹങ്ങള്‍ ആശീര്‍വദിക്കുവാനോ ആശീര്‍വദിക്കുന്നതിന് മറ്റൊരു വൈദികനെ ചുമതലപ്പെടുത്തുവാനോ അധികാരമില്ല. പ്രസ്തുത വിവാഹം എ വിടെവച്ചുനടത്തുവാന്‍ ഉദ്ദേശിക്കുന്നുവോ അവിടുത്തെ വികാരിയില്‍ നിന്ന് അര്‍പ്പിതാധികാരം ലഭിച്ചിരിക്കണം. വികാരിക്ക് സ്വന്തം ഇടവകയില്‍പ്പെട്ടവരുടേയും മറ്റ് ഇടവകകളില്‍ നിന്നുവരുന്ന സ്വന്തം റീത്തില്‍പ്പെട്ടവരുടേയും വിവാഹം ആശീര്‍വദിക്കുന്നതിനും ഏത് റീത്തില്‍പ്പെട്ട വൈദികന്‍ ആശീര്‍വദിക്കുന്നതിനും അര്‍പ്പിതാധികാരം നല്കുവാന്‍ കഴിയുമെന്നും നാം കാണുകയുണ്ടായി. എന്നാല്‍ ദമ്പതിമാര്‍ രണ്ടുപേരും അന്യറീത്തില്‍പ്പെട്ടവരാണെങ്കില്‍ അവരുടെ വി വാഹം ആശീര്‍വദിക്കുന്നതിനോ മറ്റു വൈദികരെ അതിനായി ചുമതലപ്പെടുത്തുന്നതിനോ സാധിക്കില്ല. പ്രസ്തുത വിവാഹം ആശീര്‍വദിക്കുന്നതിനുള്ള അര്‍പ്പിതാധികാരം നല്കേണ്ടത് അതേ അതിര്‍ത്തിയില്‍ത്തന്നെ അധികാരമുള്ള, ദമ്പതിമാരുടെ റീത്തില്‍പ്പെട്ട വികാരിയോ മെത്രാനോ ആണ്. ഇതനുസരിച്ച്, കൊല്ലം രൂപതയിലെ (ലത്തീന്‍ റീത്ത്) ദമ്പതിമാരുടെ വിവാഹം എറണാകുളം അതിരൂപതയിലെ കത്തീഡ്രല്‍ ദേവാലയത്തില്‍വെച്ച് ആശീര്‍വദിക്കുന്നതിന് കത്തീഡ്രല്‍ വികാരിക്കോ മറ്റേതെങ്കിലും വൈദികനോ അര്‍പ്പിതാധികാരം നല്കേണ്ടത് കൊല്ലം രൂപതയുടെ മെത്രാനോ ദമ്പതിമാരുടെ വികാരിയോ അല്ല. മറിച്ച്, വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയോ വരാപ്പുഴ കത്തീഡ്രല്‍ വികാരിയോ ആണ്. മേല്‍പ്പറഞ്ഞ വിധത്തില്‍ അര്‍പ്പിതാധികാരം ഉപയോഗിച്ച് അന്യറീത്തില്‍പ്പെട്ടവരുടെ വിവാഹം ആശീര്‍വദിക്കുമ്പോള്‍, വൈദികന്‍ സ്വന്തം റീത്ത് അനുസരിച്ചുള്ള ക്രമമാണ് ഉപയോഗിക്കേണ്ടത് (CCEO. C. 40/2).

വിവാഹ രജിസ്റ്ററിന്‍റെ പ്രാധാന്യം
ദമ്പതികള്‍ക്ക് സഭയിലും രാഷ്ട്രത്തിലുമുള്ള പദവിയെ (status) ബാധിക്കുന്ന സംഭവമാണ് വിവാഹം. തന്മൂലം, വിവാഹം നടന്നുവെന്ന് തെളിയിക്കാന്‍ സഹായകമായ പരസ്യമായ രേഖ ആവശ്യമാണ്. ഓരോ ഇടവകയ്ക്കും ഓരോ വിവാഹരജിസ്റ്റര്‍ ഉണ്ടായിരിക്കണം. ഇടവകാതിര്‍ത്തിയില്‍ നടക്കുന്ന വിവാഹങ്ങള്‍ ഇടവക രജിസ്റ്ററില്‍ ചേര്‍ത്തുവെന്ന് ഉറപ്പു വരുത്തേണ്ടത് ഇടവക വികാരിയാണ്.

ഇടവക വികാരിയോ അസിസ്തേന്തിയോ ആശീര്‍വദിച്ചതല്ലെങ്കില്‍ക്കൂടിയും ഇടവകയില്‍ നടന്ന വിവാഹകര്‍മ്മത്തിന്‍റെ വിവരങ്ങള്‍ രജസ്റ്ററില്‍ ചേര്‍ക്കുകയെന്നത് വളരെ ഗൗരവമുള്ള ഉത്തരവാദിത്വവും കടമയുമാണ്. പൗരസ്ത്യ നിയമസംഹിതയിലെ 841-ാം കാനോനയും ലത്തീന്‍നിയമസംഹിതയിലെ 1121-ാം കാനോനയും ഈ വസ്തുതയാണ് വ്യക്തമാക്കുന്നത്. ദമ്പതിമാരുടെ പേര്, വിവാഹം ആശീര്‍വദിച്ചയാള്‍, സാക്ഷികള്‍, വിവാഹം നടന്ന സ്ഥലം, തീയതി, വര്‍ഷം എന്നിവയെല്ലാം രജിസ്റ്ററില്‍ ചേര്‍ക്കേണ്ടതാണ്. മേല്പറഞ്ഞ കാര്യങ്ങള്‍ വിവാഹ രജിസ്റ്ററില്‍ ചേര്‍ക്കേണ്ട ഉത്തരവാദിത്വം വിവാഹം എവിടെവച്ചു നടത്തുന്നുവോ അവിടുത്തെ വികാരിയുടേതാണ്. അതനുസരിച്ച്, സീറോ-മലബാര്‍ സഭയില്‍പ്പെട്ട ദമ്പതിമാരുടെ വിവാഹം ലത്തീന്‍ പള്ളിയില്‍ വച്ചാണ് നടന്നതെങ്കില്‍ അവിടുത്തെ വിവാഹ രജിസ്റ്ററിലാണ് വിവാഹകര്‍മ്മത്തിന്‍റെ മേല്‍പ്പറഞ്ഞ വിവരങ്ങള്‍ ചേര്‍ക്കേണ്ടത്. അദ്ദേഹം ദമ്പതിമാരുടെ വികാരിക്ക് ഇതു സംബന്ധിച്ച രേഖ കൊടുത്തുവിടുകയും വേണം.

വിവാഹത്തിന് ശേഷം തങ്ങളുടെ വിവാഹത്തിന്‍റെ ആധികാരിക രേഖ ലഭിക്കുന്നതിനും ദമ്പതികള്‍ക്ക് അവകാശമുണ്ട്. ദമ്പതികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ഒഴിവാക്കല്‍ (dispensation) ലഭിച്ചശേഷമാണ് വിവാഹം നടക്കുന്നതെങ്കില്‍ അക്കാര്യവും രജിസ്റ്ററില്‍ ചേര്‍ത്തിരിക്കണം. ഒഴിവാക്കല്‍ ലഭിച്ചതിന്‍റെ രേഖയും ഫയലില്‍ സൂക്ഷിക്കേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org