സുവിശേഷ പ്രഘോഷണം: നവമാധ്യമ കാലഘട്ടത്തിൽ

സുവിശേഷ പ്രഘോഷണം: നവമാധ്യമ കാലഘട്ടത്തിൽ

മീരാ ടോം

തലശ്ശേരിക്കടുത്ത്, ഇല്ലിക്കുന്നില്‍ നിന്നാണു മലയാളത്തിലെ ആദ്യപ്രസിദ്ധീകരണം അച്ചടി ആരംഭിച്ചത്. പത്രപ്രവര്‍ത്തനത്തിലൂടെ മിഷനറി പ്രവര്‍ത്തനത്തെ ജനകീയമാക്കുക എന്നതായിരുന്നു 'രാജ്യസമാചാരം' എന്ന പ്രസിദ്ധീകരണത്തിന്‍റെ ലക്ഷ്യം. വിദ്യാഭ്യാസരംഗത്തും പത്രപ്രവര്‍ത്തനത്തിലും വിപ്ലവം സൃഷ്ടിച്ചുകൊണ്ടു സുവിശേഷപ്രഘോഷണത്തിനു പുതിയ മാനങ്ങള്‍ നല്കിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഒരര്‍ത്ഥത്തില്‍ മലയാള പത്രപ്രവര്‍ത്തനത്തിന്‍റെ തലതൊട്ടപ്പനാണ്.

"നൂറു ബയണറ്റുകളേക്കാള്‍ ശക്തിയുണ്ട് ഉറച്ച ശബ്ദമുള്ള നാലു പത്രങ്ങള്‍ക്ക്" എന്നു പറഞ്ഞതു മഹാനായ നെപ്പോളിയനാണ്. മാധ്യമപ്രവര്‍ത്തനം കാലഘട്ടത്തിന്‍റെ ശബ്ദമാണ്. സുവിശേഷപ്രഘോഷണത്തിനുവേണ്ടി ക്രിസ്തു തന്‍റെ ശിഷ്യന്മാരോടു ലോകമെങ്ങും ചുറ്റിസഞ്ചരിച്ചു തന്‍റെ വചനം പഠിപ്പിക്കാന്‍ ഉദ്ബോധിപ്പിച്ചു. ഇല്ലിക്കുന്നിലെ കല്ലച്ചില്‍നിന്നു ദൈവാനുഭവത്തിന്‍റെ അനുഭവസാക്ഷ്യങ്ങള്‍ വിവരിക്കുന്ന വ്യക്തിഗത ബ്ലോഗുകള്‍ വരെ ആധുനികകാലഘട്ടത്തില്‍ സുവിശേഷപ്രഘോഷണം എത്തിനില്ക്കുന്നു.

മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തില്‍ നിന്നു വരുന്ന വാക്കുകള്‍കൊണ്ടുമാണു ജീവിക്കുന്നതെന്നു ക്രിസ്തു ഉദ്ബോധിപ്പിച്ചിട്ടുണ്ട്. സുവിശേഷം എന്ന വാക്കിന്‍റെ വിശാലമായ അര്‍ത്ഥം നല്ല വാര്‍ത്തയെന്നതാകുന്നു. സുവിശേഷവത്കരണം നല്ല ഉദ്ബോധനത്തിന്‍റെ, സത്യസന്ധമായ വാര്‍ത്തയുടെ അടിച്ചമര്‍ത്തപ്പെട്ടവന്‍റെ ശബ്ദമാകുന്ന വിപ്ലവമാണ്.

അക്ഷരം, ശബ്ദമായും ചിത്രമായും സ്പര്‍ശനമായും ചലിക്കുന്ന ചിത്രമായും രൂപാന്തരീകരണം സംഭവിക്കുന്നു. ബൈബിളിനെ അധികരിച്ച് എഴുതപ്പെട്ട അനേകം പുസ്തകങ്ങള്‍ ഇത്തരത്തില്‍ സുവിശേഷവത്കരണത്തിന്‍റെ പ്രഘോഷണമാണ് 2004-ല്‍ പുറത്തിറങ്ങിയ മെല്‍ ഗിബ്സണ്‍ സംവിധാനം ചെയ്ത "ദി പാഷന്‍ ഓഫ് ദ് ക്രൈസ്റ്റ്" എന്ന ചലച്ചിത്രം ഇത്തരുണത്തില്‍ സുവിശേഷപ്രഘോഷണത്തിന്‍റെ പരിച്ഛേദമാണ്. കാഴ്ചക്കാരന്‍റെ മനസ്സില്‍ ക്രിസ്തുവിന്‍റെ സഹനം മുള്ളാണിപോലെ തറയ്ക്കുമ്പോള്‍, അതു ക്രിസ്തീയ അനുഭവത്തിന്‍റെ മൂര്‍ത്തരൂപത്തിലെത്തുന്നു.

ആഗോളവത്കരണം, ലോകത്തെ വിരല്‍ത്തുമ്പിലൊതുക്കുന്ന ഇന്‍റര്‍നെറ്റ് യുഗത്തിലാണു നാം ജീവിക്കുന്നത്. ഈ നൂറ്റാണ്ടിലെ ട്രോജന്‍ കുതിരകളാണു നവമാധ്യമങ്ങള്‍. നല്ലതും ചീത്തയും നെല്ലും പതിരുംപോലെ വേര്‍തിരിച്ചെടുത്തില്ലായെങ്കില്‍ നവമാധ്യമങ്ങളുടെ അമിതമായ ഉപയോഗം നമ്മുടെ വളര്‍ച്ചയെ മുരടിപ്പിക്കുകയും നമ്മെ നിര്‍വീര്യരാക്കുകയും ചെയ്യും. എന്നാല്‍ നവമാധ്യമങ്ങളിലൂടെ സുവിശേഷപ്രചരണം നടത്തുക വഴി ക്രിസ്തുവിന്‍റെ അനുയായികള്‍ക്ക് അവിടുത്തോടൊപ്പം നടക്കാനാകും. ക്രിസ്തീയ യുവജനസംഘടനകളുടെ പേരില്‍ അംഗങ്ങള്‍ ആരംഭിക്കുന്ന വാട്സ്ആപ്പ്, ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്. രക്തദാനം, പ്രകൃതിദുരന്തങ്ങളുടെ കാലത്തു നല്കുന്ന സേവനങ്ങള്‍, അനാഥാലയങ്ങള്‍ക്കും വൃദ്ധമന്ദിരങ്ങള്‍ക്കും വേണ്ടിയുള്ള അന്നദാനം, അപകടങ്ങളില്‍പ്പെട്ട ചികിത്സയിലുള്ളവരുടെ ആശുപത്രിച്ചെലവുകള്‍ തുടങ്ങി പൊതുനന്മ ലക്ഷ്യമാക്കിയു ള്ള അനേകം നന്മപ്രവൃത്തികളിലൂടെ സുവിശേഷവത്കരണത്തിന്‍റെ ഭാഗമാകാന്‍ യുവജനങ്ങള്‍ക്കു സാധിക്കുന്നു. "ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്" എന്നു പറഞ്ഞ കര്‍ത്താവിന്‍റെ തിരുഹിതം നിറവേറ്റുന്നവരാകാന്‍ നമുക്കു ശ്രമിക്കാം.

പൊതുജനാഭിപ്രായം രൂപീകരക്കുന്നതില്‍ മാധ്യമങ്ങള്‍ക്കു പങ്കുണ്ടെന്നിരിക്കില്‍ പത്രധര്‍മമെന്നതിന്‍റെ അര്‍ത്ഥമറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ചങ്കൂറ്റമുള്ളവരാകുക. സഭാനേതൃത്വം നല്കുന്ന മാധ്യമസംരംഭങ്ങളെ സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നവര്‍ക്ക്, ആദര്‍ശശുദ്ധിയുള്ള, സത്യസന്ധമായ മതവികാരങ്ങളെ വ്രണപ്പെടുത്താത്ത നിലവാരമുള്ള മാധ്യമപ്രവര്‍ത്തനത്തിലൂടെ അന്തസ്സുളള മറുപടി നല്കുക. ആള്‍ക്കൂട്ടത്തെ തെറ്റിദ്ധരിപ്പിക്കാനും വാര്‍ത്തകളെ വളച്ചൊടിക്കാനും സാധിക്കുന്ന കാലത്ത്, നേരിന്‍റെ ശബ്ദമാകണമെങ്കില്‍ ക്രിസ്തുവിന്‍റെ പ്രബോധനം നമ്മുടെ ജീവിതചര്യയാകണം. അവിടുന്നു പറഞ്ഞതുപോലെ "സത്യം നിങ്ങളെ സ്വതന്ത്രരാക്കും."

സംപ്രേക്ഷണം ചെയ്യുന്ന വാര്‍ത്തകളിലോ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളിലോ അറിഞ്ഞോ അറിയാതെയോ തെറ്റായ പ്രസ്താവനകള്‍ കടന്നുകൂടിയാല്‍ അതിനെ പ്രതി ഖേദം പ്രകടിപ്പിക്കുവാന്‍ മനസ്സുണ്ടാകുകയെന്നതു മാധ്യമപ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാന യോഗ്യതകളിലൊന്നാണ്. സുവിശേഷവത്കരണമെന്നതു സുവിശേഷപ്രഘോഷണം മാത്രമല്ല, സുവിശേഷമൂല്യങ്ങളുടെ പ്രഖ്യാപനം കൂടിയാണ്. ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ നവമാധ്യമങ്ങള്‍ പലപ്പോഴും അധാര്‍മികമായ വസ്തുതകളും സഭ്യമല്ലാത്ത കാഴ്ചകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നു. ഇതു സുവിശേഷമൂല്യങ്ങള്‍ക്കെതിരാണെന്നു മാത്രമല്ല, സമൂഹത്തിന്‍റെ ഗുണപരമായ വളര്‍ച്ചയെ മുരടിപ്പിക്കുന്ന പുഴുക്കുത്തുകളാണ്.

ക്രിസ്തീയ പ്രാര്‍ത്ഥനകളും ധ്യാനപ്രസംഗങ്ങളും ആരാധനകളും സംപ്രേക്ഷണം ചെയ്യുന്ന അനേകം ചാനലുകളും വ്യക്തിഗത ബ്ലോഗുകളും ഇന്നു ധാരാളമാണ്. ദേവാലയത്തില്‍ പോയി ദിവ്യബലിയില്‍ സംബന്ധിക്കാന്‍ സാധിക്കാത്തവര്‍ക്കും വൃദ്ധജനങ്ങള്‍ക്കും പ്രവാസികള്‍ക്കും ഇത്തരം ചാനലകുളെ ആത്മീയ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി ഉപയോഗിക്കാം. നവമാധ്യമ കാലഘട്ടത്തില്‍ സഭയ്ക്കു സംഭവിക്കുന്ന അപചയങ്ങള്‍ മാത്രം വാര്‍ത്തകളാക്കി പുരോഹിതസമൂഹത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന സ്ഥാപിത താത്പര്യക്കാര്‍ തിരുസഭയില്‍ ഭിന്നത സൃഷ്ടിക്കുന്നു. ഇത്തരക്കാരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും അതിലുപരി അന്യനു കണ്ണും കരളും ദാനം ചെയ്യുന്ന വിപ്ലവകാരികളായ അനേകം സ്നേഹദൂതന്മാരായ ക്രിസ്തുശിഷ്യരുടെ മാതൃകകള്‍ ഉയര്‍ത്തിപ്പിടിക്കാനും നവമാധ്യമങ്ങളിലൂടെ സാധിക്കട്ടെ. സുവിശേഷചൈതന്യം നിറഞ്ഞുനില്ക്കുന്ന കാരുണ്യപ്രവൃത്തികളിലൂടെ സജീവദൈവത്തിന്‍റെ സാക്ഷികളാകാന്‍ നവമാധ്യമങ്ങളെ നമുക്ക് ഉപയോഗിക്കാം. "പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ത്തന്നെ നിര്‍ജ്ജീവമാണെന്ന" തിരുവചനം നമുക്ക് ഉത്തേജനമാകട്ടെ. ലോകം മുഴുവനുമുള്ള അശരണര്‍ക്കു കൈത്താങ്ങാകുവാന്‍ കത്തോലിക്കാസഭയുടെ സുവിശേഷവത്കരണത്തെ പൂര്‍ണമാക്കുവാന്‍ നവമാധ്യമസംരംഭങ്ങളെ നമുക്കു വിനിയോഗിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org