സ്വന്തം കണ്ണിലെ കരട്

സ്വന്തം കണ്ണിലെ കരട്

നാല് സന്യാസിമാര്‍ ഒരിക്കല്‍ ഒരിടത്ത് ഒരുമിച്ചു താമസിച്ചിരുന്നു. അവര്‍ ഒരാഴ്ചത്തേക്ക് ധ്യാനിക്കാന്‍ നിശ്ചയിച്ചു. ഒരാഴ്ചക്കാലം മനസ്സില്‍ മറ്റൊന്നും കയറരുത്. ഈശ്വരനെത്തന്നെ ധ്യാനിച്ചിരിക്കണം. എന്തു സംഭവിച്ചാലും വായ തുറക്കരുത്. മിണ്ടരുത്. അങ്ങനെയങ്ങനെ മറ്റെല്ലാം മറന്നിരുന്നു ധ്യാനിക്കണം. അങ്ങനെ അവര്‍ പരസ്പരം പറഞ്ഞു സമ്മതിച്ചു. ധ്യാനവും തുടങ്ങി.

ഒരു പകല്‍ കഴിഞ്ഞു. രാ ത്രിയായി. ഇരുട്ടുപരന്നു. അപ്പോള്‍ ഏതോ ശിഷ്യന്‍ മുറിയില്‍ ഒരു മെഴുകുതിരി കത്തിച്ചുവെച്ചു. സന്യാസിമാര്‍ അതൊന്നും ശ്രദ്ധിക്കാതെ ധ്യാനിച്ചിരുന്നു. ഉറങ്ങാതിരുന്നു.

രാത്രി ഏറെയായി. മെഴുകുതിരി കത്തിത്തീരാറായി. മെഴുകുതിരി കെടാറായി. തിരിനാളം ഇളകി. കുറുകി. കെടാന്‍ തുടങ്ങി. പെട്ടെന്ന് ഒരു സന്യാസി പറഞ്ഞു.
"അയ്യോ, ആ മെഴുകുതിരി ഇപ്പോള്‍ കെടും!" അതു കേട്ട് രണ്ടാമന്‍ പറഞ്ഞു.

"അയ്യോ, നിങ്ങള്‍ സംസാരിച്ചു! കരാര്‍ മറന്നു!"

അതുകേട്ട് മൂന്നാമന്‍ പറഞ്ഞു.

"അയ്യോ, നിങ്ങള്‍ രണ്ടു പേരും മിണ്ടി. കരാര്‍ കലക്കി. ധ്യാനം മുടക്കി."

അപ്പോള്‍ നാലാമന്‍ ഗമയില്‍ പറഞ്ഞു:
"അയ്യോ, നിങ്ങള്‍ മൂന്നു പേരും സംസാരിച്ചു. തെറ്റു ചെയ്തു. ഞാന്‍ മാത്രമാണ് സംസാരിക്കാതിരുന്നത്!"

താനും അവസാനം സം സാരിച്ച കാര്യം അദ്ദേഹം മനസ്സിലാക്കിയതേയില്ല!

ഇതാണ് കൂട്ടരേ ലോകത്തിന്‍റെ ഗതി. ഓരോരുത്തരും മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്നു. സ്വന്തം കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്നതേയില്ല. അന്യന്‍റെ കണ്ണിലെ കരട് കാണുന്നു. സ്വന്തം കണ്ണിലെ കോല്‍ കാണുന്നില്ല. സ്വന്തം കുറവുകളാണ് കണ്ടെത്തേണ്ടത്. പരിഹരിക്കേണ്ടത്. അങ്ങനെയേ ആര്‍ക്കും നന്നാകാനാകൂ. വളരാനാകൂ. സന്യാസിക്കും സാധാരണക്കാരനുമെല്ലാം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org