Latest News
|^| Home -> Suppliments -> Baladeepam -> സ്വപ്നങ്ങൾ ഉണ്ടാവണം

സ്വപ്നങ്ങൾ ഉണ്ടാവണം

Sathyadeepam

ജീവിതത്തില്‍ സ്വപ്നങ്ങളുണ്ടാവണം. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളാവാന്‍ ഉറങ്ങാതിരിക്കണം. സഫലമാകാന്‍ തക്കവണ്ണമൊരു സ്വപ്നം മനസ്സിലുണ്ടാകുമ്പോഴേ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകൂ. കുട്ടിക്കാലത്ത് വലിയ വലിയ സ്വപ്നങ്ങള്‍ കണ്ടവരാണ് ഇന്ന് നാം മഹാന്മാരെന്ന് വിളിക്കുന്നവരെല്ലാം. അവരുടെ സ്വപ്നങ്ങള്‍ പൂവണിയുവാന്‍ അവര്‍ ഉറക്കമിളച്ചു കഠിനാദ്ധ്വനം ചെയ്തു. തെരുവുവിളക്കിന്‍റെ വെട്ടത്തിലിരുന്നു പഠിച്ച അബ്രഹാം ലിങ്കന്‍ അമേരിക്കന്‍ പ്രസിഡന്‍റായി. സമൂഹത്തിന്‍റെ താഴേതട്ടിലുള്ള കുടുംബത്തില്‍ പിറന്ന അബ്ദുള്‍ കലാം വലിയ ശാസ്ത്രജ്ഞനായി; ഇന്ത്യയുടെ പ്രസിഡന്‍റായി. പയ്യോളി കടലോരത്തെ മണല്‍തിട്ടകളിലൂടെ ഓടി പരിശീലിച്ച പി.ടി. ഉഷ ഭാരതത്തിന്‍റെ അഭിമാനസ്തംഭമായി.

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വ്യക്തിത്വങ്ങളുണ്ട്, പ്രതിഭകളുണ്ട് നമുക്കു ചുറ്റിലും – സ്വപ്നം കണ്ടവര്‍; അവ യാഥാര്‍ത്ഥ്യമാക്കിയവര്‍.

“നാം എന്ത് ധ്യാനിക്കുന്നുവോ (ചിന്തിക്കുന്നുവോ) അതായിത്തീരുന്നു. ദൈവത്തെ ധ്യാനിക്കുമ്പോള്‍ നാം ദൈവികമായിത്തീരുന്നു.” – വി. അഗസ്റ്റിന്‍.

കാലവും കടലോരങ്ങളും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല. അവസരങ്ങളെ അനുഭവങ്ങളാക്കുക. സാദ്ധ്യതകളെ യാഥാര്‍ത്ഥ്യങ്ങളാക്കുക. പാളിച്ചകളില്‍ നിന്നും പാഠങ്ങള്‍ പഠിക്കുക.

“പാദരക്ഷകളില്ലല്ലോ എന്ന് ഞാന്‍ ദുഃഖിച്ചിരുന്നു. പാദങ്ങളില്ലാത്ത ഒരുവനെ കാണുന്നതുവരെ.”

ചുറ്റിലും നോക്കുക. നമ്മളേക്കാള്‍ കൂടുതല്‍ ജീവിതത്തില്‍ വേദനിക്കുന്നവര്‍, കഷ്ടപ്പെടുന്നവര്‍ ധാരാളം. അനാഥാലയങ്ങളിലും ആശുപത്രികളിലും കഴിയുന്നവര്‍, കഷ്ടപ്പാടിലൂടെ വളര്‍ന്ന് ഔന്നിത്യത്തില്‍ എത്തുന്ന വലിയ മനുഷ്യര്‍, നമ്മുടെ മാതാപിതാക്കള്‍, അവരുടെ മാതാപിതാക്കള്‍, ഇവരുടെ ജീവിതങ്ങളോട് തുലനം ചെയ്യുമ്പോള്‍ നമ്മുടേത് എത്ര ഭാഗ്യമുള്ളതും സുഖകരവുമാണ്.

തന്‍റെ പ്രേക്ഷകരെ മുഴുവന്‍ കുടുകുടെ ചിരിപ്പിച്ച ചാര്‍ലിചാപ്ളിന്‍ ജീവിതത്തില്‍ കടുത്ത ദുഃഖവും വേദനയും അനുഭവിച്ചിരുന്ന ആളായിരുന്നു. പ്രസംഗകലയുടെ ആചാര്യനായിത്തീര്‍ന്ന ഡെമോസ്തനീസ് വിക്കനായിരുന്നു. ആറു പ്രാവശ്യം ആഗോള പര്യടനം നടത്തിയ വിശ്വവിഖ്യാതയായ ഹെലന്‍ കെല്ലര്‍ അന്ധയും ബധിരയുമായിരുന്നു. കാഴ്ചശക്തി നഷ്ടപ്പെട്ടവരെ പഠിപ്പിക്കുന്നതിനുപയോഗിക്കുന്ന അക്ഷരമാല കണ്ടുപിടിച്ച വില്യം ബ്രെയിലിയും ഒരു അന്ധനായിരുന്നു.

ഒരുവന്‍ ഉറക്കമുണരുമ്പോഴാണ് അവന്‍റെ പ്രഭാതം ആരംഭിക്കുക എന്നൊരു ചൊല്ലുണ്ട് ഭാരതത്തില്‍. നാം നമ്മെക്കുറിച്ച് അവബോധമുള്ളവരായിത്തുടങ്ങുന്ന അവസരത്തിലാണ് നമ്മുടെ വ്യക്തിത്വം സമഗ്രതയിലേക്ക് വളരുക. നീ നിന്നെത്തന്നെ അറിയുക, എന്ന് സോക്രട്ടീസ് ശിഷ്യരോട് പറയന്നുണ്ട്. നാം സ്വയം അറിയണം. നമ്മുടെ ശക്തിയും ബലഹീനതയും പരിമിതികളും മനസ്സിലാക്കണം. വീടുപണിയുവാന്‍ പോകുന്നവന്‍ ആദ്യം തന്‍റെ ആസ്തിയും വളരുന്നവര്‍ അവരുടെ ശക്തിയും മനസ്സിലാക്കിയിരിക്കണം.

ഒരു വ്യക്തിയുടെ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ കഴിഞ്ഞാല്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നവര്‍ സുഹൃത്തുക്കളാണ്. നല്ല സുഹൃത്തുക്കള്‍ സന്തോഷത്തിലും സന്താപത്തിലും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ താങ്ങും തണലുമാണ്. നമ്മുടെ വ്യക്തിത്വത്തിന്‍റെ അകവും പുറവും പ്രതിഫലിപ്പിച്ചു കാണിക്കുന്ന നിലക്കണ്ണാടികളാണവര്‍.

നമ്മോട് ഇഷ്ടമില്ലാത്തവര്‍, അഭിപ്രായ വ്യത്യാസമുള്ളവര്‍ നമ്മെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കണം. അവര്‍ വെട്ടിത്തുറന്നു പറയുന്നതിലും പെരുപ്പിച്ചു പറയുന്ന സംഗതികളിലും യാഥാര്‍ത്ഥ്യത്തിന്‍റെ അംശം കാണാതിരിക്കില്ല. മിത്രങ്ങള്‍ പറയാന്‍ മടിക്കുന്ന അനിഷ്ടകാര്യങ്ങള്‍ കൂടി ഇക്കൂട്ടര്‍ തുറന്നടിച്ചു പറയും. നമ്മുടെ കുറവുകളും തെറ്റുകളും തിരുത്തുവാന്‍ ഇത്തരം വിമര്‍ശനങ്ങള്‍ വളരെ സഹായകരമാണ്.

Leave a Comment

*
*