പരി. കുർബാനയുടെ പഴയ നിയമ പ്രതീകങ്ങൾ

പരി. കുർബാനയുടെ പഴയ നിയമ പ്രതീകങ്ങൾ

വി. കുര്‍ബാനയുടെ പ്രതീകങ്ങളായി പഴയനിയമത്തിലും പുതിയനിയമത്തിലും പല സംഭവങ്ങള്‍ ദൃശ്യമാണ്. സഭാപിതാക്കന്മാരും സഭയുടെ ലിറ്റര്‍ജിയും ദൈവശാസ്ത്രവും ഇവയെ നമ്മുടെ മുമ്പിലവതരിപ്പിക്കുന്നുണ്ട്.

1. മെല്‍ക്കിസെദെക്കിന്‍റെ അപ്പവും വീഞ്ഞും (ഉത്പ. 14:18-20)
തന്‍റെ സഹോദരന്‍ ലോത്തിനെയും കുടുംബത്തെയും പിടിച്ചുകൊണ്ടുപോയവരെ പരാജയപ്പെടുത്തി സ്വത്തുക്കളുമായി മടങ്ങിവന്ന അബ്രാഹത്തെ സ്വീകരിക്കുവാന്‍ എത്തിയവരില്‍ ഒരാളായിരുന്നു മെല്‍ക്കിസെദെക്ക്. വചനം അദ്ദേഹത്തെ 'സാലെമിലെ രാജാവും അത്യുന്നതന്‍റെ പുരോഹിതനും' (ഉത്പ. 14:17) എന്നാണു വിശേഷിപ്പിക്കുന്നത്. അപ്പവും വീഞ്ഞും നല്കിക്കൊണ്ടാണ് അബ്രാഹത്തെ സ്വീകരിക്കുക. അബ്രാഹമാകട്ടെ എല്ലാറ്റിന്‍റെയും ദശാംശം അദ്ദേഹത്തിനു നല്കി. മെല്‍ക്കിസെദെക്കിന്‍റെ വംശാവലിയോ മരണമോ വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നില്ല. ആരംഭവും അവസാനവുമില്ലാത്ത ഒരുവന്‍റെ പ്രതീകമായി ഇതിനെ വ്യാഖ്യാനിക്കുന്നു. അത്യുന്നതന്‍റെ പുരോഹിതന്‍ എന്ന വിശേഷണം അത്യുന്നതന്‍റെ പുത്രനും (ലൂക്കാ 1:35) നിത്യപുരോഹിതനുമായ (ഹെബ്രാ. 9) ഈശോയുടെ പ്രതീകമെന്നു ദ്യോതിപ്പിക്കുന്നു. കാഴ്ചവസ്തുക്കളായ അപ്പവും വീഞ്ഞും ഈശോ അര്‍പ്പിച്ച വി. കുര്‍ബാനയുടെ പ്രതീകമായി കാണപ്പെടുന്നു. ദിവ്യരഹസ്യങ്ങളെക്കുറിച്ചുള്ള തന്‍റെ പ്രബോധനത്തില്‍ വി. അംബ്രോസ് ഇതു വ്യക്തമാക്കുന്നുണ്ട്. മെല്‍ക്കിസെദെക്കിന്‍റെ പൗരോഹിത്യബന്ധം ഹെബ്രായര്‍ക്കുള്ള ലേഖനം ഏഴാം അദ്ധ്യായം വിശദീകരിക്കുന്നുണ്ട്. സങ്കീ. 110:4 ഇപ്രകാരം പറയുന്നു: "കര്‍ത്തവ് ശപഥം ചെയ്തു. മെല്‍ക്കിസെദെക്കിന്‍റെ ക്രമമനുസരിച്ചു നീ എന്നേക്കും പുരോഹിതനാകുന്നു. അതിനു മാറ്റമുണ്ടാകുകയില്ല." അലക്സാണ്ര്ഡിയായിലെ ക്ലെമന്‍റ് (+ഇ. 215) മെല്‍ക്കിസെദെക്കിന്‍റെ കാഴ്ചയെ കുര്‍ബാനയുടെ പ്രതീകമായി ചിത്രീകരിക്കുന്നു.

2. മന്ന (പുറ. 16:4-15)

വി. കുര്‍ബാനയെക്കുറിച്ചുള്ള ഈശോയുടെ പ്രബോധനത്തില്‍ അവിടുന്നു പരാമര്‍ശിച്ച പഴയ നിയമപ്രതീകമാണു മന്ന എന്നു യോഹന്നാന്‍റെ സുവിശേഷം സാക്ഷിക്കുന്നു. വാഗ്ദത്തഭൂമി ലക്ഷ്യമാക്കിയുള്ള ഇസ്രായേല്‍ ജനതയുടെ മരുഭൂമിയിലൂടെയുള്ള തീര്‍ത്ഥാടനത്തില്‍ മന്നയും കാടപ്പക്ഷിയും ഭക്ഷണമായി നല്കപ്പെട്ടു. അത്ഭുതകരമായി ഉന്നതങ്ങളില്‍ നിന്നും നല്കപ്പെട്ട ഇതു ദൈവം വര്‍ഷിച്ച അപ്പമാണെന്നും മാലാഖമാരുടെ ഭക്ഷണമാണെന്നും (സങ്കീ. 78:23-25) ദൈവജനം വിശ്വസിച്ചിരുന്നു. സ്വര്‍ഗത്തെ ലക്ഷ്യമാക്കി തീര്‍ത്ഥാടനം ചെയ്യുന്ന ദൈവജനത്തിനു ജീവന്‍ പ്രദാനം ചെയ്യുവാന്‍ സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന ജീവന്‍റെ അപ്പമായ ഈശോയുടെ പ്രതീകമാണു മന്ന (യോഹ. 6:31-36).

3. പാറയില്‍ നിന്നും ഒഴുകിയ ജലം (പുറ. 17:1-6; 20:1-11).

മരുഭൂമിയിലൂടെയുള്ള യാത്രയില്‍ ഇസ്രായേല്‍ ജനതയ്ക്കു ദാഹിച്ചപ്പോള്‍ അവര്‍ക്കായി മോശ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു. മോശയോടു ദൈവം അരുള്‍ചെയ്തു: "ഇതാ നിനക്കു മുമ്പില്‍ ഹോറെബിലെ പാറമേല്‍ ഞാന്‍ നില്ക്കും. നീ ആ പാറമേല്‍ അടിക്കണം. അപ്പോള്‍ അതില്‍ നിന്നും ജനത്തിനു കുടിക്കാന്‍ വെള്ളം പുറപ്പെടും. ഇസ്രായേല്‍ ശ്രേഷ്ഠന്മാരുടെ സാന്നിദ്ധ്യത്തില്‍ മോശ അങ്ങനെ ചെയ്തു." പാറമേല്‍ കര്‍ത്താവ് നിന്നു. മോശ അതിമേല്‍ അടിച്ചു. അതായത് അടിയേറ്റെടുത്തതും ജലം ഒഴുക്കിയതും കര്‍ത്താവുതന്നെ. കുരിശില്‍ ഉയര്‍ത്തപ്പെട്ട സഭയുടെ അടിസ്ഥാനശിലയാണ് മിശിഹാ. റോമാ 9:33-ഉം 1 പത്രോസ് 2:8-ഉം ഈശോയാണു പാറയെന്നു സൂചിപ്പിക്കുന്നു. 1. കോറി. 10:4 പഴയനിയമ സംഭവത്തെ സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു. "അവരെല്ലാവരും മേഘത്തിലും കടലിലും സ്നാനമേറ്റു മോശയോടു ചേര്‍ന്നു. എല്ലാവരും ഒരേ ആത്മീയഭക്ഷണം കഴിച്ചു. എല്ലാവരും ഒരേ ആത്മീയപാനീയം കുടിച്ചു. തങ്ങളെ അനുഗമിച്ച ആത്മീയശിലയില്‍ നിന്നാണ് അവര്‍ പാനം ചെയ്തത്. ആ ശില മിശിഹായാണ്." ഈശോമിശിഹായെ മൂലക്കല്ലായി എഫേ. 2:20 അവതരിപ്പിക്കുന്നു. യോഹന്നാന്‍റെ സുവിശേഷത്തില്‍ ഈശോ പറയുന്നു. "ആര്‍ക്കെങ്കിലും ദാഹിക്കുന്നുവെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ" (യോഹ. 7:37).

മിശിഹായാകുന്ന ശില പിളര്‍ക്കപ്പെട്ട് അവിടെനിന്ന് ഒഴുകിയിറങ്ങുന്ന ആത്മീയപാനീയമാണ് അള്‍ത്താരയിലര്‍പ്പിക്കപ്പെടുന്ന പരി. കുര്‍ബാന (യോഹ. 19:35-37).

4. ഏലിയായ്ക്കു നല്കിയ അപ്പവും വെള്ളവും (1. രാജ. 19).

ജസെബെല്‍ രാജ്ഞിയില്‍ നിന്നും ജീവന്‍ രക്ഷിക്കാന്‍ മരുഭൂമിയിലേക്ക് ഓടിയൊളിച്ച ഏലിയാ പ്രവാചകന്‍ ഒരു വാടാമുള്‍ച്ചെടിയുടെ ചുവട്ടില്‍ ജീവിതം ദൈവത്തിനു മുമ്പില്‍വച്ച് ഉറങ്ങുമ്പോള്‍ ചുടുകല്ലില്‍ ചുട്ടെടുത്ത അപ്പവും ഒരു പാത്രം ജലവുമായി മാലാഖ അദ്ദേഹത്തെ ശക്തിപ്പെടുത്തി യാത്രയാക്കുന്നു. യാത്രാവസാനം ദൈവത്തിന്‍റെ മലയായ ഹോറെബില്‍ എത്തി ദൈവത്തെ പ്രതിയുള്ള തീക്ഷ്ണതയാല്‍ ജ്വലിക്കുന്നവനായി രൂപാന്തരപ്പെട്ടു. ജീവിതദുരിതങ്ങളില്‍പ്പെട്ടുഴലുന്നവര്‍ക്ക് ആശ്വാസവും ശക്തിയും പകര്‍ന്ന് അവരെ ദൈവാനുഭവത്തില്‍ രൂപാന്തരപ്പെടുത്തുന്ന, സ്വര്‍ഗീയസമൂഹത്തില്‍ പങ്കുചേര്‍ക്കുന്ന അനുഭവമാണ് വി. കുര്‍ബാന. ഈശോമിശിഹായുടെ പീഡാസഹനത്തിന്‍റെ ചുടുകല്ലില്‍ രൂപപ്പെടുത്തിയ നിത്യജീവന്‍റെ അപ്പമാണിത്

5. മലാക്കിയുടെ പ്രവചനം (1:1-11)
ഈ പ്രവചനഭാഗത്തെ സഭാപിതാക്കന്മാര്‍ വി. കുര്‍ബാനയുടെ പ്രതീകമായി വ്യാഖ്യാനിച്ചു. വി. ജസ്റ്റിന്‍ ട്രീഫോയുമായുള്ള സംവാദത്തില്‍ ഇപ്രകാരം എഴുതുന്നു: "ജനതകളായ ഞങ്ങള്‍ എല്ലായിടത്തും ദൈവത്തിനര്‍പ്പിക്കുന്ന ബലികളെപ്പറ്റി അവിടുന്ന് ഈ വാചകത്തില്‍ മുന്‍കൂട്ടി സംസാരിച്ചിരിക്കുന്നു. അതായത് കുര്‍ബാനയിലെ അപ്പവും കുര്‍ബാനയിലെ കാസയും… തന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടിയും അവിടുന്ന് ആര്‍ക്കുവേണ്ടി സഹിച്ചുവോ അവര്‍ക്കുവേണ്ടിയും,തന്‍റെ മനുഷ്യാവതാരത്തിന്‍റെ അനുസ്മരണയായി അര്‍പ്പിക്കുവാന്‍, നമ്മുടെ മിശിഹാ നമ്മോടു കല്പിച്ച അപ്പത്തെപ്പറ്റിയും തന്‍റെ രക്തത്തിന്‍റെ അനുസ്മരണയായി നന്ദിയോടുകൂടെ അര്‍പ്പിക്കുവാന്‍ അവിടുന്നു കല്പിച്ച കാസയെപ്പറ്റിയും ദൈവം ഈ പ്രവചനത്തിലും വ്യക്തമായി പറഞ്ഞു" (41:3, 70:4).

പ്രവചനപ്രകാരം ബലി എല്ലായിടത്തും എല്ലായ്പ്പോഴും ശുദ്ധവും നിര്‍മലവുമായി അര്‍പ്പിക്കപ്പെടണം. ഇതു വിശുദ്ധ കുര്‍ബാനയിലര്‍പ്പിക്കുന്ന ഈശോയുടെ ബലിയല്ലാതെ മറ്റൊന്നുമല്ല. പഴയ നിയമ ബലിയല്ലിവിടെ പരാമര്‍ശിക്കപ്പെടുന്നത്. അവയുടെ കുറവുകള്‍ കാട്ടിക്കൊണ്ടു പുതിയൊരു ബലിയെ സൂചിപ്പിക്കുന്നു. പഴയ നിയമബലി ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രം അര്‍പ്പിക്കപ്പെടുന്നു. ജെറുസലേം ദേവാലയത്തില്‍ മാത്രമേ അര്‍പ്പിക്കപ്പെടുന്നുള്ളൂ. വി. കുര്‍ബാനയാകട്ടെ ലോകത്തിന്‍റെ എല്ലാ ഭാഗത്തും എല്ലാസമയവും അര്‍പ്പിക്കപ്പെടുന്നു. ഡിഡാക്കെയും വി. ഇരണേവൂസ് തുടങ്ങിയ പിതാക്കന്മാരും ഈ പ്രവചനത്തെ വി. കുര്‍ബാനയുമായി ബന്ധിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org