ടെൻഷനടിക്കാറുണ്ടോ?

ടെൻഷനടിക്കാറുണ്ടോ?

കൂട്ടുകാര്‍ക്ക് ടെന്‍ഷന്‍ ഉണ്ടാകാറുണ്ടോ? മിക്കവാറും പരീക്ഷകള്‍ വരുമ്പോള്‍ കാണാം. എന്താ പൊടിപൂരം. പരീക്ഷാഹാളില്‍ കയറാനുള്ള വാതിലിന്‍റെ പറ്റെവരെ പുസ്തകവും പിടിച്ച് ആധി പിടിച്ച് നില്‍ക്കുന്നതു കാണാം.

ടെന്‍ഷന്‍ തികച്ചും വ്യക്തിനിഷ്ഠമാണ്. ഒരേ സാഹചര്യത്തില്‍ ഒരാള്‍ ഹൈ ടെന്‍ഷനിലാണെങ്കില്‍ മറ്റൊരാള്‍ കൂളായിരിക്കും. എന്നുവെച്ച് അയാളുടെ ടെന്‍ഷന്‍ അപ്രസക്തമാണെന്ന് പറയാനാവില്ല. കാരണം ആ വ്യക്തിയെ സംബന്ധിച്ച് അതു പകരുന്ന സമ്മര്‍ദ്ദം യാഥാര്‍ഥ്യമാണ്. അതിന്‍റെ അസ്വസ്ഥതകള്‍ അയാളിലുണ്ടാകുകയും ചെയ്യും.

കുടുംബം, സമൂഹം, തൊഴില്‍സ്ഥലം തുടങ്ങിയവയൊക്കെ സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ഇടങ്ങളാകാം. തലവേദന കൂടാതെ കടുത്ത അസ്വസ്ഥത, ഉത്കണ്ഠ, ദേഷ്യം, ഭയം, വിഷാദം, ആക്രമണോത്സുകത തുടങ്ങിയവയൊക്കെ ടെന്‍ഷന്‍ മൂലമുണ്ടാകാം.

കടുത്ത ക്ഷീണത്തില്‍നിന്നാണ് ടെന്‍ഷനുകള്‍ രൂപപ്പെടുന്നതെന്ന് വൈദ്യശാസ്ത്രം പറയുന്നു. ശാരീരികവും മാനസികവുമായ വിശ്രമക്കുറവ് ഇതിനൊരു കാരണമാണ്. ശരീരത്തിന്‍റെ ഉറക്കം ക്ഷീണം മാറ്റില്ല, എല്ലാം മറന്നുള്ള ഗാഢനിദ്ര വേണം. അവിടെ മനസ്സും ശരീരവും സുഖസുഷുപ്തിയിലായിരിക്കും.

പുതിയ ജീവിതക്രമങ്ങളില്‍ ഉറക്കത്തിന് ചിട്ടയും സമയവുമൊന്നുമില്ല. ഇതിന്‍റെയൊക്കെ ഫലമായി വ്യക്തികള്‍ അതിസമ്മര്‍ദ്ദത്തിന് ഇരയാകുന്നു.

ചിലര്‍ക്ക് അകാരണമായ അസ്വസ്ഥതകളാകും ടെന്‍ഷന്‍റെ തുടക്കം. ഷൂസിനുള്ളിലെ ചെറിയകല്ലു പോലെ എന്തോ ഒന്ന് മനസ്സിനുള്ളില്‍ അസ്വസ്ഥസാന്നിദ്ധ്യമായി കിടക്കും. ഷൂസൂരി കല്ല് പുറത്തുകളഞ്ഞാല്‍ കാര്യം തീരും. പക്ഷേ മനസ്സ് അത്ര എളുപ്പം പിടിതരില്ല. മനസ്സിനെ വ്യക്തമായി പരിശോധിച്ചാല്‍ എന്താണ് അസ്വസ്ഥതയ്ക്കു കാരണമെന്നു കണ്ടെത്താം.

ചിലരുടെ പെരുമാറ്റം കണ്ടാല്‍ ടെന്‍ഷനോട് പ്രത്യേക പ്രണയമുള്ളവരാണെന്നു തോന്നിപ്പോകും. നിസ്സാരകാര്യം മതിയാകും ടെന്‍ഷനടിക്കാന്‍… പെട്ടെന്ന് പരിഹരിക്കാവുന്ന കാര്യങ്ങളെ ചൊല്ലിപ്പോലും ഇക്കൂട്ടര്‍ ആധി പിടിക്കും. മനസ്സ് അസ്വസ്ഥമാകുന്നതോടെ ചിന്തകള്‍ നെഗറ്റീവായി മാറും. എന്തിനെയും തനിക്കെതിരായി കാണാനും വിലയിരുത്താനും തുടങ്ങും.

സ്വസ്ഥമായ മനസ്സാണ് പ്രധാനം. ഇതിന് കൃത്യമായ വിശ്രമവും വിനോദവും അനിവാര്യമാണ്. പ്രശ്നങ്ങളെ അതിന്‍റെ ഗൗരവത്തില്‍ കാണാന്‍ മനസ്സിനെ പാകപ്പെടുത്തണം.

ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുക. അതിന് ഒരു മുന്‍ഗണനാക്രമം ഉണ്ടാക്കുക എന്നത് പ്ലാനിങ്ങിന്‍റെ ഭാഗമാണ്. ചെയ്യാനാവാത്ത കാര്യങ്ങള്‍ ഏറ്റുപിടിച്ചാല്‍ ഒന്നും കൃത്യമായി ചെയ്യാനാവില്ല. ടെന്‍ഷന്‍ മാത്രം മിച്ചമുണ്ടാകും…

എല്ലാറ്റിലുമുപരി വ്യക്തിക്ക് തന്നെക്കുറിച്ച് ഒരു ബോധ്യമുണ്ടാകുന്നത് നല്ലതാണ്. മനസ്സ് അസ്വസ്ഥപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ സ്വയം തിരിച്ചറിയാനായാല്‍ ടെന്‍ഷനുകളെ മുളയിലേ നുള്ളാനാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org