മധ്യവയസ്കകളുടെ മനോസംഘർഷങ്ങൾ

മധ്യവയസ്കകളുടെ മനോസംഘർഷങ്ങൾ

ജോസ് വഴുതനപ്പിള്ളി

ഒരു വിവാഹ വിരുന്നില്‍ വച്ചാണ് ആ സ്ത്രീയെ ശ്രദ്ധിക്കാനിടയായത്. ഒരു നാല്പത്തി എട്ടു വയസ്സു പ്രായം കാണും. മുഖത്തു കുലീനത നിറഞ്ഞുനില്ക്കുന്നു. പുഞ്ചിരി പൊഴിച്ചുകൊണ്ട് പരിചയക്കാരോടൊക്കെ സൗഹൃദം പങ്കുവയ്ക്കുകയാണവള്‍. 'ഓ, ഈ വര്‍ഷം കാനഡ ടൂര്‍ പ്ലാന്‍ ചെയ്യുന്നുണ്ടണ്ട്, 'ജെറിമോന്‍ ഇപ്രാവശ്യം ക്ലാസ്സില്‍ ഒന്നാം റാങ്കാണ് കേട്ടോ'. ഇങ്ങനെ ഓരോരുത്തരോടും സംസാരിച്ചു നീങ്ങുന്ന ആ സ്ത്രീയെ മിക്കവാറും ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജീവിതത്തില്‍ ഇത്ര വലിയ സന്തോഷം അനുഭവിക്കുന്ന ഈ ആഹ്ലാദത്തിന്‍റെ ഉടമ ആരായിരിക്കും? ഈ ചോദ്യത്തിനുത്തരം ഉടനേ തന്നെ ലഭിച്ചു.

വാസ്തവത്തില്‍ ആ സ്ത്രീ ആകെ തകര്‍ന്ന് ഡിപ്രഷനു മരുന്നു കഴിക്കുന്നയാളായിരുന്നു. പുറമെ കണ്ട തിളക്കം ഒരു മിഥ്യ മാത്രം. അകം പൊട്ടിത്തകര്‍ന്ന് ജീവിതം വലിയ വിഹ്വലതകള്‍ക്കിടയില്‍ നയിക്കുന്ന ഒരു പാവം സ്ത്രീ. അവരുടെ ശ്വാസകോശത്തിലെ മുഴ ഉടനേ ഓപ്പറേഷന്‍ ചെയ്യാനിരിക്കുന്നു. ഭര്‍ത്താവ് കുടുംബകാര്യങ്ങളിലൊന്നും ശ്രദ്ധയില്ലാത്ത ഒരു മദ്യപാന്‍! മകന്‍ ക്ലാസ്സില്‍ ഫസ്റ്റെങ്കിലും അവന്‍ വീട്ടില്‍ വലിയ വഴക്കാളിയാണ്. പച്ചത്തെറി വിളിച്ചുപറയും. അവരുടെ ബിസിനസ്സ് ആണെങ്കില്‍ ആകെ പൊട്ടലിലും. സാധാരണഗതിയില്‍ സൈക്യാട്രിസ്റ്റുകള്‍ അവരുടെ രോഗികളെപ്പറ്റി വിവരങ്ങള്‍ മറ്റാരോടും പങ്കുവയ്ക്കുകയില്ല. എങ്കിലും ഈ സുഹൃത്ത് എന്നോടുള്ള അടുപ്പം കൊണ്ട് ഇത്രയും കാര്യം പറഞ്ഞു എന്നുമാത്രം. ആ സ്ത്രീയുടെ മനസ്സിലുള്ള തേങ്ങലുകള്‍ പുറത്തുകാട്ടാതെ ഭംഗിയായി ചിരിച്ച് എല്ലാവരോടും കുശലം പറഞ്ഞ് അവര്‍ ഹാളിലേക്ക് നടന്നു കയറി. അവരുടെ ദുഃഖങ്ങള്‍ മറ്റാരും അറിയരുത് എന്നവര്‍ക്കു നിര്‍ബന്ധമുള്ളതുപോലെ. അവര്‍ക്ക് സുജ എന്ന് നമുക്ക് പേരിടാം.

സുജയെപ്പോലെ മധ്യവയസ്കരായ അനേകം സ്ത്രീകള്‍, ഈ സമൂഹത്തില്‍ ജീവിതത്തിലെ ഒരു വിഷമ ഘട്ടത്തിലൂടെ കടന്നുപോകുന്നവരാണ്. ഏറെ പ്രതിസന്ധികള്‍ കുമിഞ്ഞുകൂടുന്ന ഈ പ്രയാസം പിടിച്ച ജീവിതകാലഘട്ടത്തെക്കുറിച്ച് ഏറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. മനഃശാസ്ത്രജ്ഞന്മാര്‍ ഇതിനെ 'മിഡ്ലൈഫ് ക്രൈസിസ് ഓഫ് വിമന്‍' എന്നാണ് വിശേഷിപ്പിക്കുക. തീക്ഷ്ണവും കഠിനവും ചിരസ്ഥായിയുമായ ഒരുതരം സംഘര്‍ഷാവസ്ഥയെയാണവര്‍ പലപ്പോഴും ആരുമറിയാതെ സഹിച്ചുകൊണ്ടിരിക്കുന്നത്.

വളരെ വിഷമം പിടിച്ച ഒരു കാലഘട്ടത്തിലാണ് ഇന്നു നാം ജീവിക്കുന്നത്. അമ്മമാരെ സംബന്ധിച്ചിടത്തോളം ഒട്ടേറെ ഉത്കണ്ഠകള്‍ അവരെ ഉറ്റുനോക്കുന്നുണ്ട്. ഈ സൈബര്‍ യുഗത്തില്‍ കൈവിട്ടുപോകുന്ന കുട്ടികള്‍. അവരെ നിയന്ത്രിക്കാനോ ശിക്ഷിക്കാനോ ഒന്നും കഴിയാതെ നില്ക്കുകയാണ് പല അമ്മമാരും. കുട്ടികള്‍ യുവത്വത്തിലേയ്ക്കു കാല്‍വയ്ക്കുമ്പോള്‍ ഉള്ളില്‍ തീക്കനലാണ്. ലഹരിമരുന്നും ലൗജിഹാദും ഒക്കെ വഴിതെറ്റിക്കാന്‍ കാത്തുനില്ക്കുന്നു. ഇതൊന്നും കൂടാതെ തന്നെ കുട്ടികളുടെ പഠനത്തിന്‍റെ ഭാവി അമ്മമാരെ ഉത്കണ്ഠാകുലരാക്കുന്നു.

സാമ്പത്തിക ഭദ്രതയില്ലായ്മയാണ് പലപ്പോഴും മറ്റൊരു വില്ലനായി എത്തുക. വീട്ടില്‍ പ്രായമായ അപ്പനെയും അമ്മയെയും ശുശ്രൂഷിക്കണം. വീട്ടുജോലികള്‍ മറ്റു പലതുണ്ട്. കുട്ടികളുടെ കാര്യങ്ങള്‍ നോക്കണം. ഏതെങ്കിലും വൈകല്യമുള്ള കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കു പ്രത്യേക പരിഗണന നല്കണം. എല്ലാ കുട്ടികളും അമ്മയുടെ പ്രത്യേക ശ്രദ്ധയ്ക്കും പരിചരണത്തിനും വേണ്ടി ഒച്ചവച്ചുകൊണ്ടിരിക്കും. ഇനി ഓഫീസില്‍ പോകുന്നവരാണെങ്കില്‍ അവരുടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണ്. അവിടെ ജോലിയ്ക്കുറിച്ചുള്ള നഷ്ടഭീതി അവരെ അലട്ടിയേക്കാം. സഹപ്രവര്‍ത്തകരില്‍ നിന്നോ ഉന്നതാധികാരികളില്‍ നിന്നോ മോശമായ പെരുമാറ്റം ഉണ്ടാകുന്നുണ്ടാകാം. ഇന്നത്തെ കാലത്തു ബസ്സിലും ട്രെയിനിലുമൊക്കെ ഒറ്റയ്ക്കു യാത്ര ചെയ്യേണ്ടി വരുമ്പോള്‍ വരുന്ന ദുരനുഭവങ്ങള്‍ മറ്റൊരു വശത്ത്. സമയക്കുറവാണ് ഏറ്റവും വലിയ മറ്റൊരു പ്രശ്നം. വീട്ടിലാര്‍ക്ക് അസുഖം വന്നാലും അവള്‍ക്കു ലീവെടുക്കണം. സ്വയം അസുഖവുമായായിരിക്കും ചിലപ്പോള്‍ ജോലിക്കു പോവുക.

ഭര്‍ത്താക്കന്മാരില്ലാതെ ഒറ്റയ്ക്കു ജീവിക്കുന്ന വനിതകള്‍ ഇന്നു ധാരാളമുണ്ട്. അവരുടെ പ്രശ്നങ്ങള്‍ ഇതിലൊക്കെ ഏറെയാണ്. ആരും ഒരു സഹായത്തിനില്ല എന്ന ചിന്ത തന്നെ വലിയൊരു ടെന്‍ഷന്‍ പ്രദാനം ചെയ്യും.

ശാരീരികമായി പലപ്പോഴും വലിയ അസ്വാസ്ഥ്യങ്ങള്‍ വന്നുചേരുന്ന കാലമാണ് ആര്‍ത്തവവിരാമകാലം. ശരീരത്തിന്‍റെ ഊഷ്മാവ് അമിതമായി വര്‍ദ്ധിക്കുക, തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യം വരുന്ന അവസ്ഥ വരിക, ഉറക്കം നഷ്ടപ്പെടുക, മനമിടിഞ്ഞ് 'ഡിപ്രഷനി' ലേക്കു പോവുക എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായേക്കാം. ഹോര്‍മോണുകള്‍ക്കു വരുന്ന വ്യതിയാനമാണ് ഈ അവസ്ഥയ്ക്കു കാരണം. ഇതിനു പ്രതിവിധികള്‍ ഉണ്ട്.

"എല്ലാം കൂടി ആലോചിക്കുമ്പോള്‍ എനിക്കെന്തോ വലിയ തളര്‍ച്ച ബാധിച്ചതുപോലെ – ആരും തുണയ്ക്കാനില്ല എന്നു ഹൃദയം മന്ത്രിക്കുന്നതുപോലെ. വല്ലാത്ത ക്ഷീണവും നിസ്സഹായാവസ്ഥയും എന്നെ ഒന്നിലും ആഹ്ലാദം കണ്ടെത്താനാവാത്ത നിലയിലേയ്ക്ക് എത്തിച്ചിരിക്കുന്നു. പലപ്പോഴും ഞാന്‍ വലിയ നിരാശ അനുഭവിക്കുന്നു."

ലേഖനത്തിന്‍റെ പ്രാരംഭത്തില്‍ നാം കണ്ടുമുട്ടിയ സ്ത്രീ സൈക്യാട്രിസ്റ്റിനോടു പറഞ്ഞ വാക്കുകളാണിത്. ഇതേ വാക്കുകള്‍, ഒന്നു ഉറക്കെ പറയാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്നു കരുതി ദുഃഖങ്ങള്‍ കടിച്ചുപിടിച്ചു നടക്കുന്ന ആയിരക്കണക്കിനു മധ്യവയസ്കകള്‍ നമുക്കിടയിലുണ്ട് എന്നതാണു സത്യം.

എന്താണു പ്രതിവിധി?
വേണ്ടത്ര വ്യായാമവും വിശ്രമവും എങ്ങനെയും കണ്ടെത്താന്‍ സാധിക്കണം. സ്ട്രെസ്സുകള്‍ വരുന്ന വഴികള്‍ തേടി അവയെ ഇല്ലായ്മ ചെയ്യാന്‍ പഠിക്കണം. ഇതിന്‍റെ പ്രായോഗികമായ മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുതരുന്ന പുസ്തകങ്ങള്‍ വായിക്കണം. പ്രസംഗങ്ങള്‍ ശ്രദ്ധിക്കണം. രണ്ടറ്റവും കത്തിയ മെഴുകുതിരി പോലെ കുടുംബാംഗങ്ങള്‍ക്കായി സ്വയം എരിയുന്നവരാണ് പലരും. "ആകയാല്‍ ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്നേഹത്തില്‍ നിന്നുള്ള സാന്ത്വനമോ, ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി എന്‍റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍" (ഫിലി. 2:1-4). ഈ ദൈവകല്പന എപ്പോഴും മനസ്സില്‍ വേണം.

ഈ വിഷമതകള്‍ക്കിടയില്‍ സ്നേഹത്തൂവലുമായി യേശു നമ്മുടെ അടുത്തേക്കുവരുന്നുണ്ട്; നമുക്കു സമാശ്വാസമേകാന്‍. എന്നുമവന്‍ കൂടെയുണ്ട് എന്ന ബോധ്യമാണു അത്യാവശ്യം വേണ്ടത്.

ഏതു മനുഷ്യനും വിസ്മരിക്കാനാവാത്ത വാക്കാണ് 'അമ്മ'. ദൈവത്തിന്‍റെ ദൂതയാണവള്‍. ജീവിതത്തില്‍ ഒരു അതുല്യമായ സ്ഥാനമാണ് കര്‍ത്താവ് അമ്മമാര്‍ക്ക് കല്പിച്ചരുളിയിരിക്കുന്നത് എന്നോര്‍ക്കണം. അതുകൊണ്ടുതന്നെ അമ്മമാര്‍ പ്രത്യേകം അനുഗ്രഹീതരാണ്.

വികാരങ്ങളെ തിരിച്ചറിയുവാനും നിയന്ത്രിക്കുവാനും ക്രിസ്ത്യാനി അമ്മമാര്‍ക്കു ഏറെ മാര്‍ഗ്ഗങ്ങളുണ്ട്. ബൈബിള്‍ മുടങ്ങാതെ വായിക്കണം. 'കരയാനും ചിരിക്കാനും വിലപിക്കാനും നൃത്തം ചെയ്യാനുമൊക്കെ ഓരോ കാലമുണ്ട് എന്നല്ലേ സഭാപ്രസംഗകന്‍ (3:4) പറയുന്നത്. ജീവിതസാഹചര്യങ്ങള്‍ നിരാശപ്പെടുത്തുമ്പോള്‍ സങ്കീര്‍ത്തനങ്ങള്‍ വായിക്കാം. "അങ്ങയുടെ കൃപ എന്നേക്കും നിലനില്ക്കുന്നു; അങ്ങേ വിശ്വസ്ഥത ആകാശം പോലെ സുസ്ഥിരമാണ് (89:2), ഹൃദയം തുറക്കുവിന്‍ അവിടുന്നാണു സങ്കേതം (62:8), അവിടുന്ന് എന്‍റെ അലച്ചിലുകള്‍ എണ്ണിയിട്ടുണ്ട്; എന്‍റെ കണ്ണീര്‍ കണങ്ങള്‍ അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട് (56:8), പ്രത്യാശയുള്ളവരായി നമുക്കു ജീവിക്കാം, പര്‍വ്വതങ്ങള്‍ ജറുസലേമിനെ ചൂഴ്ന്നു നില്ക്കുന്നതുപോലെ, കര്‍ത്താവ് ഇന്നുമെന്നേക്കും തന്‍റെ ജനത്തെ വലയം ചെയ്യുന്നു 125:2)" എന്നിങ്ങനെയുള്ള അസംഖ്യം തിരുവചനങ്ങള്‍ നിങ്ങളെ പ്രചോദിതരാക്കും. ഈ വിഷമഘട്ടം തരണം ചെയ്യാനുള്ള ശക്തി അതുവഴി ലഭിക്കുകയും ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org