തളരാതെ മുന്നേറുക

തളരാതെ മുന്നേറുക

ഹെന്‍ട്രി ഫോര്‍ഡ് തന്‍റെ മോട്ടോര്‍കാര്‍ എന്ന ആശയവുമായി നടക്കുന്ന കാലം. അതിനുവേണ്ടി ഫോര്‍ഡ് ഒട്ടധികം പ്ലാനിങ്ങ് നടത്തി. പലരുമായി തന്‍റെ ആശയങ്ങള്‍ പങ്കുവച്ചു. പക്ഷേ, ആരില്‍ നിന്നും ക്രിയാത്മകമായ ഒരു സമീപനം ഉണ്ടായില്ല. എന്തിനേറെ, മഹാനായ തോമസ് ആല്‍വാ എഡിസണുപോലും വിശ്വാസം വന്നില്ല. ഈ ഐഡിയ പ്രാവര്‍ത്തികമാക്കാം എന്ന്. 'ഇതൊക്കെ ഉപേക്ഷിച്ച് നിങ്ങള്‍ എന്‍റെ കൂടെ വന്നു ജോലി ചെയ്യൂ" എന്നാണദ്ദേഹം ഫോര്‍ഡിനെ ഉപദേശിച്ചത്. പക്ഷേ, ഫോര്‍ഡിന് ഉത്തമബോദ്ധ്യമുണ്ടായിരുന്നു, ഒരു ദിവസം തന്‍റെ സ്വപ്നം പൂവണിയുമെന്ന്. അദ്ദേഹം അതിനായി അക്ഷീണം പ്രവര്‍ത്തിച്ചു. ആരുടെയും നിരുത്സാഹപ്പെടുത്തലിനു വഴങ്ങിയില്ല. വിശ്രമമില്ലാതെ ദിനരാത്രങ്ങള്‍ പണിയെടുത്തുകൊണ്ടിരുന്നു. നിശ്ചയധാര്‍ഢ്യത്തോടെ ഏറെ നാള്‍ ശ്രമിച്ചപ്പോള്‍ ഫലമുണ്ടായി. ഒരു കാര്‍ സൃഷ്ടിക്കപ്പെട്ടു. റിവേഴ്സ് ഗിയര്‍ ഇല്ലാത്തതായിരുന്നു കാര്‍. ഫോര്‍ഡിനു പക്ഷേ, ഉറപ്പുണ്ടായിരുന്നു ഒരു റിവേഴ്സ് ഗിയറും തനിക്കു സൃഷ്ടിക്കാനാകുമെന്ന്. അങ്ങനെ സ്ഥിരോത്സാഹത്തിന്‍റെ ഫലമായി ഹെന്‍ട്രി ഫോര്‍ഡ് കാറുകളുടെ ലോകത്ത് രാജാവായി.

പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമ്പോള്‍ ധാരാളം പേര്‍ നമ്മെ നിരുത്സാഹപ്പെടുത്തിയേക്കാം. പലവുരു പരാജയങ്ങളെ നേരിടേണ്ടിയും വരാം. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ചു തളരാതെ മുമ്പോട്ടു പോകുന്ന വ്യക്തിക്കു മാത്രമാണു വിജയം സാദ്ധ്യമാവുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org