Latest News
|^| Home -> Suppliments -> Baladeepam -> ആർക്കും നമ്മെ തളർത്താനാവില്ല

ആർക്കും നമ്മെ തളർത്താനാവില്ല

Sathyadeepam

ഒരു ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിലേക്കുള്ള അഭിമുഖത്തില്‍ ഒരു ചെറുപ്പക്കാരന്‍ പരാജയപ്പെട്ടു. ശബ്ദം കൊള്ളില്ലാ എന്നതായിരുന്നു തിരസ്കരിക്കപ്പെടുവാനുള്ള കാരണം, ഈ വ്യക്തിയാണു പില്‍ക്കാലത്തു ഘനഗംഭീര ശബ്ദത്താല്‍ ലോക സിനിമയെത്തന്നെ ഇളക്കി മറിച്ച അമിതാഭ് ബച്ചന്‍.

ഏഴു മക്കളില്‍ അഞ്ചാമന്‍. ദാരിദ്ര്യത്തിന്‍റെ നടുവില്‍ ജനനം. പഠനത്തില്‍ സാധാരണക്കാരന്‍. പക്ഷേ, സ്വപ്നം കണ്ടതോ റോക്കറ്റുകളുടെയും ആത്മീയതയുടെയും ലോകം. താനുണ്ടാക്കിയ ആദ്യറോക്കറ്റ് പരാജയത്തിന്‍റെ പടുകുഴിയിലേക്കു കൂപ്പുകുത്തിയപ്പോഴും ഈ വ്യക്തി പതറിയില്ല. നിനക്കു വ്യക്തിത്വമില്ല എന്ന കാരണത്താല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ വൈമാനികനാകുവാനുള്ള അവസരം നിഷേഷധിക്കപ്പെട്ട ഈ വ്യക്തി അവസാനം അവഗണനകളെ ഒന്നൊന്നായി നേരിട്ടു റോക്കറ്റുകളുടെ സ്രഷ്ടാവായി, ഇന്ത്യയുടെ മികവുറ്റ പ്രസിഡന്‍റായി – ഡോ. എ.പി.ജെ. അബ്ദുള്‍ കലാം.

1962-ല്‍ ചെറുപ്പക്കാരായ നാലു സംഗീതജ്ഞര്‍ തങ്ങളുടെ ഓഡിയോ ആല്‍ബം ഡെക്കാ റോക്കോര്‍ഡിംഗ് കമ്പനിയുടെ പ്രതിനിധികളെ പാടി കേള്‍പ്പിച്ചു. പക്ഷേ, തിരസ്കരണമായിരുന്നു ഫലം. അവരുടെ ശബ്ദം കൊള്ളില്ലാ എന്നതായിരുന്നു കാരണമായി പറഞ്ഞത്. പക്ഷേ, പില്‍ക്കാലത്തു ലോകത്തിലെ ഏറ്റവും മികച്ച സംഗീത ട്രൂപ്പായ ‘ബീറ്റില്‍സ്’ ആയി മാറുവാന്‍ ഇവര്‍ക്കു സാധിച്ചു.

ബ്ലൂബുക്ക് മോഡലിംഗ് ഏജന്‍സിയുടെ ഡയറക്ടറായ എമിലിന്‍ സ്നീവി മോഡലാകുവാന്‍ ആഗ്രഹിച്ചെത്തിയ നോര്‍മന്‍ ജീന്‍ ബേക്കര്‍ എന്ന പെണ്‍കുട്ടിയോടു പറഞ്ഞു: “ഒരു മോഡലാകുവാന്‍ വേണ്ട സൗന്ദര്യമോ വ്യക്തിത്വമോ നിനക്കില്ല. ഏതെങ്കിലും സെക്രട്ടേറിയല്‍ കോഴ്സ് പഠിക്കുകയോ വിവാഹിതയാകുകയോ ആണു നിനക്കു നല്ലത്.” പക്ഷേ, പില്‍ക്കാലത്ത് ഈ പെണ്‍കുട്ടിയെ ലോകമറിഞ്ഞതു മാദകസൗന്ദര്യത്തിന്‍റെ പ്രതീകമായ മര്‍ലിന്‍ മണ്‍റോ എന്ന വിഖ്യാത നടിയായിട്ടാണ്.

1876-ല്‍ ഒരു യുവശാസ്ത്രജ്ഞന്‍ ആശയവിനിമയത്തിനുള്ള ഒരു ഉപകരണം കണ്ടുപിടിച്ചു. അതിന്‍റെ ഡെമോണ്‍സ്ട്രേഷന്‍ കണ്ടതിനു ശേഷം അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന റുഥര്‍ഫോര്‍ഡ് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. “കണ്ടുപിടുത്തം കൊള്ളാം. പക്ഷേ, ആരാണ് ഇത് ഉപയോഗിക്കുവാന്‍ പോകുന്നത്!” – ടെലിഫോണ്‍ കണ്ടുപിടിച്ച അലക്സാണ്ടര്‍ ഗ്രഹാം ബെല്ലിനോടായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ് ഇങ്ങനെ പറഞ്ഞത്.

ഏതാണ്ട് പതിനായിരം പരീക്ഷണങ്ങള്‍ക്കൊടുവിലാണ്. എഡിസണ്‍ വൈദ്യുത ബള്‍ബ് കണ്ടുപിടിച്ചത്. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഭാര്യ പോലും ഉറങ്ങിക്കിടക്കുന്ന സമയത്താണ് എഡിസണ്‍ വൈദ്യുത ബള്‍ബ് കണ്ടുപിടിക്കുന്നത്. ആവേശഭരിതനായ എഡിസണ്‍ ഭാര്യയെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി. വൈദ്യുത ബള്‍ബിന്‍റെ പ്രകാശം കിടപ്പുമുറിയില്‍ നിറഞ്ഞുനില്ക്കുന്നു.

തന്നെ ഭാര്യ അഭിനന്ദിക്കുമെന്നാണ് എഡിസണ്‍ കരുതിയത്. പക്ഷേ, എഡിസന്‍റെ പ്രതീക്ഷ തെറ്റിച്ചുകൊണ്ടു ഭാര്യയുടെ മറുപടി ഇപ്രകാരമായിരുന്നു.

“ഹേ മനുഷ്യാ, നിങ്ങള്‍ക്കു വേറെ പണിയൊന്നുമില്ലേ? രാത്രിയില്‍ മുറി മുഴുവനും വിളക്കു നിറച്ചു പകലാക്കിയിരിക്കുന്നു. ഇത് എത്രയും പെട്ടെന്നു കെടുത്തുക, എനിക്ക് ഉറങ്ങണം.”

അഭിനന്ദനം കേള്‍ക്കുവാന്‍ ആഗ്രഹിക്കുമ്പോഴും, വിജയങ്ങള്‍ ജീവിതത്തില്‍ ആഗ്രഹിക്കുമ്പോഴും മുകളില്‍ പ്രസ്താവിച്ചതിനു സമാനമായ അനുഭവങ്ങളായിരിക്കും നിങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുള്ളത്.

ജീവിതത്തില്‍ ഉന്നതമായ വിജയത്തിലേക്കു കടന്നുപോകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ നിരന്തരമായ അവഗണനകളും അവഹേളനങ്ങളും നിങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പക്ഷേ, അപ്പോഴൊന്നും നിങ്ങള്‍ പിന്തിരിയരുത്. എന്തുവന്നാലും വിജയം നേടിയിട്ടേ പിന്മാറൂ എന്ന് ഉറപ്പിക്കണം.

സമാനതകളില്ലാത്ത വിജയം നേടിയ എല്ലാവരുടെയും ജീവിതത്തിന്‍റെ ഇന്നലെകള്‍ പൂമെത്തകള്‍ മാത്രം നിറഞ്ഞതായിരുന്നില്ല. പക്ഷേ, അവരൊക്കെ മുള്ളുകളും കല്ലുകളും നിറഞ്ഞ തങ്ങളുടെ വഴിത്താരകള്‍ ധീരതയോടെ താണ്ടി. കാരണം അവര്‍ക്കറിയാമായിരുന്നു. ഈ യാത്രയുടെ ഒടുവില്‍ സൗഭാഗ്യത്തിന്‍റെ നിധി തങ്ങളെ കാത്തിരിപ്പുണ്ടെന്ന്.

Leave a Comment

*
*