‘തള്ളു’ വണ്ടികളുടെ പൊങ്ങച്ച പുരാണങ്ങൾ

‘തള്ളു’ വണ്ടികളുടെ പൊങ്ങച്ച പുരാണങ്ങൾ

കുടുംബജീവിതബന്ധങ്ങളെ ബലപ്പെടുത്താന്‍, സ്മാര്‍ട്ടാക്കാന്‍
ഒരു ഫാമിലി കൗണ്‍സിലറുടെ അനുഭവപാഠങ്ങള്‍

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍,
പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist,
Sunrise Hospital, Cochin University
& Roldants Behaviour Studio, Cochin

കുറച്ചു നാള്‍ മുന്‍പ് എന്‍റെ ബിഹേവിയര്‍ സ്റ്റുഡിയോയില്‍ എന്നെ കാണാന്‍ ഒരു ദമ്പതികള്‍ വരികയുണ്ടായി. വന്നപാടെ ഭാര്യ ഭര്‍ത്താവിനെപ്പറ്റി പറയാന്‍ തുടങ്ങി 'എന്‍റെ സാറേ, ഞങ്ങള്‍ ഒരു മിഡില്‍ ക്ലാസ്സ് കുടുംബം ആണ്. ഇദ്ദേഹത്തിന് പുറത്തായിരുന്നു ജോലി. ഞാനും രണ്ടു പെണ്‍മക്കളും ഇദ്ദേഹത്തിന്‍റെ തറവാട്ട് വീട്ടിലാണ് താമസിച്ചിരുന്നത്. ഇദ്ദേഹത്തിന് രണ്ടു പെങ്ങന്മാരും ഒരു അനിയനും ആണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞതിനു ശേഷമാണ് പെങ്ങന്മാരെ കെട്ടിച്ചത്. ഇങ്ങേര്‍ക്ക് ഇല്ലാത്തത് പൊലിപ്പിച്ചു പറയുന്ന ഒരു സ്വഭാവം ഉണ്ട്. അതു കാരണം ഞങ്ങള്‍ ആകെ പ്രയാസത്തിലാണ്. ഇങ്ങേരു ഇങ്ങേര്‍ക്ക് പറ്റാത്ത കാര്യങ്ങളൊക്കെ ഞാന്‍ ചെയ്തോളാം എന്നു വീമ്പു പറഞ്ഞു ഏല്‍ക്കും. പക്ഷെ അതു ചെയ്യാന്‍ നേരം കൈമലര്‍ത്തുകേം ചെയ്യും. ഇങ്ങേരുടെ പെങ്ങന്മാരെ കെട്ടിക്കാന്‍ നേരത്ത് തന്നെ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായതാണ്. അവസാന നിമിഷം ഞാന്‍ ഓടിനടന്നിട്ടാകും കാര്യങ്ങള്‍ നടത്തുക. നടത്തി കഴിഞ്ഞാല്‍ പിന്നെ ഇങ്ങേരാണ് അതൊക്കെ ചെയ്തതെന്ന് പറഞ്ഞു എല്ലാരുടേം മുന്നില്‍ ആളാകും. ഇപ്പോഴത്തെ പ്രശ്നം മകളുടെ കല്യാണം ആണ്. വിദേശത്തായിരുന്നു ജോലി എന്നാലും കാര്യമായ സമ്പാദ്യം ഒന്നും നേടാന്‍ ഞങ്ങളെക്കൊണ്ട് സാധിച്ചിട്ടില്ല. ഒരു കല്യാണം മോള്‍ക്ക് ഒത്തു വന്നിട്ടുണ്ട്. സ്ത്രീധനം ഒന്നും വേണ്ട എന്നു പറഞ്ഞു വന്ന കൂട്ടരാണ് അവരോടു ഇങ്ങേരു ഞങ്ങള്‍ വല്യ തറവാട്ടുകാരാണ് എന്‍റെ മകള്‍ക്ക് ഞാന്‍ അന്‍പതു പവന്‍ സ്വര്‍ണം കൊടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്നൊക്കെ വീമ്പു പറഞ്ഞു. ഇങ്ങേര്‍ക്ക് ഈ വീമ്പുപറച്ചില് മാത്രേ ഉള്ളൂ സാറേ. അവസാനനിമിഷം കാര്യങ്ങള്‍ ഒപ്പിക്കാന്‍ ഞാന്‍ തന്നെ ഓടേണ്ടി വരും. ഇങ്ങേരുടെ ഈ വീമ്പുപറച്ചില് കാരണം ഞങ്ങള് വല്യകാശുകാരാണെന്നു തെറ്റിദ്ധരിച്ച് നാട്ടുകാരു പോലും ഒരു സഹായം ചെയ്യില്ല. ഈ സ്വഭാവം ഒന്ന് മാറ്റിയെടുക്കാന്‍ എന്തെങ്കിലും ചികിത്സയുണ്ടോ. ഇതെല്ലാം കേട്ടിട്ടും 'ഞാന്‍ ഒരു സംഭവം ആണ്' എന്ന ഭാവത്തില്‍ തന്നെയായിരുന്നു ആ വ്യക്തി ഇരുന്നിരുന്നത്. ഇദ്ദേഹത്തിന്‍റെ കാര്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചത് ഈ വ്യക്തിയില്‍ ഇങ്ങനെയൊരു വ്യക്തിത്വം വളര്‍ന്നു വരാന്‍ കാരണം ഇദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ ആയിരുന്നു. പൊതുവെ പഠനത്തിലും മറ്റും പിന്നോക്കം നിന്നിരുന്ന ഇദ്ദേഹത്തെ മാതാപിതാക്കള്‍ കുറ്റപ്പെടുത്തുകയും സഹോദരങ്ങളുടെയും കൂട്ടുകാരുടെയും മേന്മകളെക്കുറിച്ച് താരതമ്യപ്പെടുത്തുകയും ചെയ്യുമായിരുന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ട അദ്ദേഹം പിന്നീട് ശീലിപ്പിച്ചെടുത്ത ഒരു ശൈലിയാണ് ഈ പൊങ്ങച്ചം പറച്ചില്‍. കുഞ്ഞുനാളില്‍ ഉണ്ടായ അനുഭവങ്ങള്‍ ഓരോ വ്യക്തിയുടെയും വ്യക്തിത്വവികാസത്തിന് കാര്യമായ പങ്കുവഹിക്കുന്നുണ്ട് എന്നതിന് ഒരു നല്ല ഉദാഹരണം ആയിരുന്നു ഇദ്ദേഹത്തിന്‍റെ ജീവിതം.

ബഹുജനം പലതരം എന്നാണല്ലോ. ഓരോ വ്യക്തികളും വ്യത്യസ്തരാണ്. നമുക്ക് ചുറ്റും വ്യത്യസ്ത സ്വഭാവമുള്ള ആളുകളുണ്ട്. ആ കൂട്ടത്തില്‍ പൊങ്ങച്ചം പറച്ചില്‍ ഒരു ശീലമാക്കിയവരും ഉണ്ട്. അവരെക്കുറിച്ചാണ് ഇത്തവണ ഞാന്‍ നിങ്ങളുമായി പങ്കുവെക്കുന്നത്. മറ്റുള്ളവര്‍ തങ്ങളെ അംഗീകരിക്കണം എന്നു ആഗ്രഹിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. ആ ആഗ്രഹം അതിരുകടക്കുമ്പോഴാണ് പൊങ്ങച്ചമായി മാറുന്നത്. ഉള്ളില്‍ പൊള്ളത്തരം ഉള്ളവര്‍ പലപ്പോഴും താന്‍ ഒരു സംഭവം ആണെന്നമട്ടിലാണ് പെരുമാറുക. ഈ കൂട്ടരുടെ പ്രത്യേകത അവര്‍ തങ്ങള്‍ അര്‍ഹിക്കുന്നതിനേക്കാള്‍ മേന്മ ഭാവിച്ചുകൊണ്ട് തള്ളു സ്വഭാവം ശീലമാക്കിയിട്ടുള്ള ഒരു കാറ്റഗറി ആണ്. ഉള്ളില്‍ പലപ്പോഴും പൊള്ളത്തരം ആയിരിക്കാം. പക്ഷെ വീമ്പിളക്കാന്‍ ഒരു മടിയുമില്ല. എത്ര ചെറിയ കാര്യമാണ് താന്‍ ചെയ്തതെങ്കില്‍ പോലും അതിനെ വര്‍ണ്ണിച്ചു താന്‍ ചെയ്ത ആ കാര്യം മറ്റാരും ചെയ്തതിനേക്കാളും മഹത്തരമാണ് എന്നു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വം. തന്‍റെ ഉള്ളിലെ പല പൊള്ളത്തരത്തില്‍ നിന്നുമാണ് ഈ വമ്പു പറച്ചിലും മേനി പറച്ചിലും വരുന്നത് എന്നു തിരിച്ചറിയാതെ ഓഫീസിലായിക്കോട്ടെ വീട്ടിലായിക്കോട്ടെ വ്യക്തിബന്ധങ്ങളുടെ ഇടയിലായിക്കോട്ടെ സുഹൃത്തുക്കളുടെ ഇടയിലായിക്കോട്ടെ എല്ലായിപ്പോഴും മേല്പറഞ്ഞ സങ്കേതങ്ങള്‍ ചേര്‍ത്തുവച്ചു കൊണ്ട് പെരുമാറുന്ന തരത്തിലുള്ള സ്വഭാവശൈലി വിശേഷമാണ് ഇത്തരക്കാരില്‍ കണ്ടുവരുന്നത്. പണ്ടേതോ പട്ടാളക്കാരനോ ദുബൈക്കാരനോ ഇത്തരത്തില്‍ വീമ്പു പറഞ്ഞത് കാരണം മിക്കവാറും തള്ളിന്‍റെ പ്രതീകമായി നമ്മള്‍ കാണുന്നത് ഒരു പട്ടാളക്കാരനെയോ ദുബൈക്കാരനെയോ ആണ്.

തള്ളല്‍ വരുന്ന വഴി:
പലപ്പോഴും തള്ളിപ്പോകുന്നതോ തള്ളല്‍ വരുന്നതോ തള്ളല്‍ ബിഹേവിയറില്‍ കൂടി കടന്നുപോകുന്നതൊക്കെയും അവരുടെ സെല്‍ഫ് എസ്ടീമിനെ കുറിച്ചു വ്യക്തമായ ധാരണ ഇല്ലാത്തതുകൊണ്ടായിരിക്കാം. തന്നെ മറ്റുള്ളവര്‍ അംഗീകരിക്കുന്നില്ലേ എന്ന ചിന്തയില്‍ നിന്നുയരുന്ന സംശയങ്ങള്‍, താന്‍ ഒരുപാട് കാര്യങ്ങള്‍ ചെയുന്നുണ്ട് അതു മറ്റുള്ളവര്‍ തിരിച്ചറിയാതെ പോകുന്നു എന്നുള്ള സങ്കടങ്ങള്‍ ഇവയെല്ലാം ഒരു തള്ളു ബിഹേവിയര്‍ ഒരു വ്യക്തിയില്‍ ഉയര്‍ന്നു വരുന്നതിന് കാരണമാണ്. താന്‍ ഒരു സംഭവമാണ് എന്നു മറ്റുള്ളവര്‍ക്ക് മുന്നില്‍ വിളിച്ചു പറയാന്‍ ശ്രമിക്കുന്നത് വഴി എല്ലാവരുടെയും ശ്രദ്ധയും അംഗീകാരവും തന്നിലേക്ക് ആകര്‍ഷിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോള്‍ ആവേശം അതിരുകടന്നു പോകുന്നതും തള്ളലായിട്ട് മറ്റുള്ളവര്‍ക്ക് തോന്നും.

തള്ളല്‍ ബിഹേവിയര്‍ അല്ലെങ്കില്‍ പൊങ്ങച്ചം പറച്ചില്‍ എന്ന നാടന്‍ പ്രയോഗം ശീലമായിട്ടുള്ള വ്യക്തി ഉള്ളതിന്‍റെ ഒരു എക്സാജറേട്ടഡ് വേര്‍ഷനിലാണ് പലപ്പോഴും സംസാരിക്കുക. ഇത് വ്യക്തി ബന്ധങ്ങളെ ബാധിക്കുന്നത് തന്‍റെ ഭര്‍ത്താവ് അല്ലെങ്കില്‍ തന്‍റെ ഭാര്യ ഇത്തരത്തില്‍ പൊങ്ങച്ചം പറയുന്ന കൂട്ടത്തില്‍ ആണെങ്കില്‍ ആ വ്യക്തിത്വത്തോട് ചേര്‍ന്ന് നിന്ന് പോകാന്‍ മറ്റുള്ളവര്‍ക്ക് പറ്റണം എന്നില്ല. ഒരു വിദൂഷ കഥാപാത്രമായിട്ടായിരിക്കും ഈ വ്യക്തി മറ്റുള്ളവര്‍ക്ക് മുന്നില്‍ ചിത്രീകരിക്കപ്പെടുക. അതുകൊണ്ട് തന്നെ ഈ വ്യക്തി എന്തെങ്കിലും സീരിയസ് ആയി പറഞ്ഞാല്‍ പോലും മറ്റുള്ളവര്‍ അതു കാര്യമായി എടുക്കണം എന്നുമില്ല. ഇനി എന്തെങ്കിലും പറഞ്ഞു തുടങ്ങിയാല്‍ പോലും അതില്‍ തന്‍റെ ഒരു വൈഭവം വ്യക്തമാക്കാനും മറ്റുള്ളവരെ എല്ലാം അകറ്റി മാറ്റി അതിനപ്പുറത്തേക്ക് പോകുന്ന രീതിയില്‍ കമെന്‍റുകള്‍ പറയാനുള്ള ഇദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ വരുമ്പോള്‍ ആളുകള്‍ക്ക് അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ട് വന്നേക്കാം.

സ്വന്തം മേന്മകള്‍ പറഞ്ഞു നടക്കുന്ന വ്യക്തികള്‍ക്ക് ആത്മവിശ്വാസവും ആത്മാഭിമാനവും കുറവായിരിക്കും. തന്‍റെ കഴിവുകള്‍ മറ്റുള്ളവരെ അറിയിച്ചു ഒരു മതിപ്പ് ഉണ്ടാക്കിയെടുക്കാനുള്ള ഉപാധിയായിട്ടാണ് ഇത്തരക്കാര്‍ പൊങ്ങച്ചത്തെ കാണുന്നത്. ഉള്ളിന്‍റെയുള്ളില്‍ തന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന അബദ്ധം ധാരണയും അരക്ഷിതാവസ്ഥയും ഈ കൂട്ടര്‍ക്കുണ്ട്. ഈ ധാരണ സ്വയം മൂടിവെക്കപ്പെടാന്‍ വേണ്ടിയാണ് ഉള്ളതും ഇല്ലാത്തതും ആയ കാര്യങ്ങള്‍ പൊലിപ്പും തൊങ്ങലും വച്ചു തനിക്ക് ചുറ്റുമുള്ള വരുമായി പങ്കുവെക്കുന്നത്. മറ്റുള്ളവരുടെ അംഗീകാരം ഒരുപാട് ആഗ്രഹിക്കുന്ന വ്യക്തിത്വമാണ് ഇത്തരത്തിലുള്ള പള്ളുപറച്ചിലുകാരുടേത്.

ഇന്നത്തെകാലത്തെ പള്ളുപറച്ചിലും തല്ലുപറച്ചിലും എല്ലാം സോഷ്യല്‍ മീഡിയ വഴിയാണ്. ഫേസ്ബുക്ക്, വാട്സാപ്പ് വഴിയൊക്കെ ഇത്തരത്തിലുള്ള വ്യക്തിത്വങ്ങളെ ദിനംപ്രതി നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. സന്തോഷം പങ്കുവെക്കുക എന്ന ഉദ്ദേശത്തിലാണ് പലരും പോസ്റ്റുകള്‍ ഇടുന്നതെങ്കിലും പലപ്പോഴും അതില്‍ ഒരു വമ്പുപറച്ചില്‍ പ്രതിധ്വനിക്കാറുണ്ട്. സാഹസികമായി സെല്‍ഫി എടുത്തു അതു മറ്റുള്ളവര്‍ കാണാന്‍ വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഇടുന്നവരും അറിഞ്ഞോ അറിയാതെയോ തള്ളുകാരുടെ ഗണത്തിലേക്ക് ചേര്‍ക്കപ്പെടുകയാണ്. പല വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത്തരക്കാരെ നമുക്ക് കാണാവുന്നതാണ്. മറ്റുള്ളവരുടെ പ്രശംസ നിറഞ്ഞ വാക്കുകളും ലൈക്കുകളും ഇത്തരക്കാര്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ്.

മാനസികമായി ഉണ്ടായ മുറിവിനെ മറച്ചുവെക്കാനായി പൊങ്ങച്ചം തിരഞ്ഞെടുക്കുന്നവരാണ് മറ്റൊരു കൂട്ടര്‍. പ്രണയബന്ധം തകര്‍ന്നവര്‍, കൂട്ടുകാരുമായി പിണങ്ങിയവര്‍, വിവാഹബന്ധം തകര്‍ന്നവര്‍ ജോലിയില്‍ നിന്നും പുറത്താക്കപെട്ടവര്‍ ഇങ്ങനെ ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മറ്റുള്ളവരാല്‍ അപമാനിതരോ വേദനിക്കപെട്ടവരോ ആയ വ്യക്തികളായിരിക്കും ഇവര്‍. മറ്റുള്ളവരാല്‍ തിരസ്കരിക്കപ്പെടുമ്പോള്‍ ഒരു വ്യക്തിയുടെ ആത്മാഭിമാനം തകര്‍ക്കപ്പെടുകയാണ് ചെയ്യുന്നത്. ആ തകര്‍ച്ച മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ പൊങ്ങച്ചത്തെ കൂട്ടുപിടിക്കാന്‍ ആ വ്യക്തി ശ്രമിക്കും. നീയില്ലെങ്കിലും നിന്‍റെ പിന്തുണ ഇല്ലെങ്കിലും ഞാന്‍ സന്തോഷത്തോടു കൂടിയാണ് ജീവിക്കുന്നത് എന്നു മറ്റേ വ്യക്തിയെ അറിയിക്കാന്‍ ആയിരിക്കും ഇക്കൂട്ടര്‍ പള്ളു പറയുന്നതും അത്തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്നതും.

സ്വയം തിരിച്ചറിയുവാന്‍ ശ്രമിക്കുക
നമ്മള്‍ ഓരോരുത്തരും ആദ്യം മനസ്സിലാക്കേണ്ടത് നമ്മളെതന്നെയാണ്. നമ്മളുടെ ശക്തിയും കുറവുകളും സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കണം. മറ്റുള്ളവര്‍ നമ്മളെ മനസ്സിലാക്കുന്നതിലല്ല നാം നമ്മളെ തിരിച്ചറിയുന്നതിലാണ് കാര്യം എന്ന തിരിച്ചറിവ് നമ്മളില്‍ വരണം. എന്തുകൊണ്ടാണ് ഞാന്‍ പൊങ്ങച്ചം പറയുന്നത് എന്ന ചോദ്യത്തിന്‍റെ ഉത്തരം കണ്ടെത്താനായത് ശ്രമിക്കുക. എന്നെ ഞാനാണ് ആദ്യം അംഗീകരിക്കേണ്ടത് എന്നു മനസ്സിലാക്കി ആത്മ വിശ്വാസത്തോടു കൂടി പ്രവര്‍ത്തിക്കുക.

തന്‍റെ നേട്ടങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതില്‍ അതിരുകള്‍ വെക്കുക
നമ്മുടെ നേട്ടങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നതും അവരുടെ അംഗീകാരം കിട്ടുന്നതും എല്ലാവര്‍ക്കും സന്തോഷം ഉള്ള കാര്യമാണ്. പക്ഷെ മറ്റുള്ളവരുടെ നേട്ടങ്ങള്‍ കേള്‍ക്കാന്‍ എല്ലാവരും ആഗ്രഹിക്കപ്പെടുന്നില്ല എന്നതാണ് പരസ്യമായ രഹസ്യം. നമ്മളെ സ്നേഹിക്കുന്നവര്‍ മാത്രമാണെന്ന് നമ്മുടെ ഉയര്‍ച്ച ആഗ്രഹിക്കുന്നത്. നമ്മുടെ നേട്ടങ്ങള്‍ അത്തരക്കാരോട് മാത്രം പങ്കുവെക്കുക. വിജയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോഴും നമ്മുടെ ആവേശം അതിരു കടക്കാതെ ശ്രദ്ധിക്കുക.

നമ്മുടെ സമ്പാദ്യവും നമ്മുടെ കഴിവുകളും നമ്മുടേത് മാത്രം
എനിക്ക് കാറുണ്ട് എനിക്ക് ബംഗ്ലാവുണ്ട് ഞാന്‍ അതു ചെയ്തു ഞാന്‍ ഇത് ചെയ്തു എന്നു മറ്റുള്ളവരുമായി പങ്കുവെക്കുമ്പോള്‍ നമ്മള്‍ ഉദ്ദേശിക്കുന്നത് മറ്റുള്ളവര്‍ നമ്മളെ വലിയ സംഭവമായി കാണും നമ്മളെ ബഹുമാനിക്കും എന്നതാണെങ്കിലും യഥാര്‍ത്ഥത്തില്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ അവരെ ശല്യപ്പെടുത്തുകയാണ് ചെയുന്നത്. നമുക്ക് നല്ല ക്വാളിറ്റീസ് ഉണ്ടെങ്കില്‍ നമ്മള്‍ പറയാതെ തന്നെ മറ്റുള്ളവര്‍ അതു അറിയുകയും നമ്മളെ ബഹുമാനിക്കുകയും ചെയ്യും.

നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന നേട്ടങ്ങളും അംഗീകാരങ്ങളും നമ്മളുടെ കഴിവുകളും നന്മകളും അഭിമാനപൂര്‍വം മറ്റുള്ളവരുമായി പങ്കുവെക്കുന്നതില്‍ യാതൊരു തെറ്റുമില്ല. പക്ഷെ അതില്‍ അനാവശ്യമായ ബില്‍ഡ് അപ്പ് കൊടുക്കുകയോ ഗ്രേഡ് കൂട്ടുകയോ ചെയ്യുമ്പോള്‍ അതു പൊങ്ങച്ചമായി മാറിയേക്കാം. അതുകൊണ്ട് തന്നെ നമ്മളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചെറുതും വലുതുമായ നേട്ടങ്ങളും നന്മകളും മറ്റുള്ളവരുമായി പങ്കുവെക്കുമ്പോള്‍ വിനയത്തിന്‍റെ ഭാഷ ശീലിക്കുക. താണ നിലത്തെ നീരോടൂ എന്ന പഴംപുരാണത്തില്‍ അധിഷ്ഠിതമാണ് പല വിജയങ്ങളും. അതുപോലെതന്നെ നിങ്ങള്‍ എത്രമാത്രം ഉന്നതരാണോ അത്രമാത്രം വിനീതരാകുക എന്ന കാര്യവും ഈ ഘട്ടത്തില്‍ ഓര്‍ക്കാവുന്നതാണ്. മാന്യമായി സ്വസ്ഥതയിലും ശാന്തതയിലും മറ്റുള്ളവരോട് സംസാരിക്കാനും ആദരവോടു കൂടി മറ്റുള്ളവരെ ശ്രവിക്കാനും നാം ശ്രദ്ധിക്കണം. പൊങ്ങച്ച ശൈലി വരാത്ത എന്നാല്‍ നന്മയില്‍ പടുത്തുയര്‍ത്തിയതും ആത്മ വിശ്വാസത്തോടു കൂടിയുള്ളതുമായ ഭാഷാശൈലിയോടുകൂടിയ ഒരു വ്യക്തിത്വം വളര്‍ത്തിയെടുക്കാന്‍ നാം ശ്രമിക്കേണ്ടതും ഉചിതമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org