Latest News
|^| Home -> Suppliments -> Familiya -> തണല്‍ മരങ്ങള്‍

തണല്‍ മരങ്ങള്‍

Sathyadeepam

 

ജോസഫ് ജോസ്

കുട്ടികള്‍ക്കുള്ള ക്ലാസ്സ് കഴിഞ്ഞ് ഞാന്‍ തിരിച്ചുപോകാന്‍ ഒരുങ്ങിയപ്പോള്‍ ഒരു പെണ്‍കുട്ടി ഓടിക്കിതച്ചുവന്ന് എന്‍റെ കാറിനു കൈ കാണിച്ചു. ഞാന്‍ വണ്ടി നിര്‍ത്തി, വിന്‍ഡോ താഴ് ത്തി “എന്തുപറ്റി” എന്ന് ചോദിച്ചു. “എനിക്കൊന്ന് സംസാരിക്കണം” എന്നവള്‍ പറഞ്ഞു. കൂട്ടുകാരികളൊക്കെ പോയല്ലോ, ഇയാള്‍ ഇനിയെപ്പോ വീടെത്തും?” എന്നു ചോദിച്ച് ഞാന്‍ വണ്ടിയൊതുക്കി.
“എനിക്ക് പോകാനുള്ള ബസ് വരാന്‍ ഇനിയും സമയമുണ്ട്.” അവള്‍ പറഞ്ഞു
അന്നത്തെ കുട്ടികള്‍ക്കുള്ള ക്ലാസ്സ് ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്തിരുന്നു. ചെറിയകുട്ടികളോട് ഞാന്‍ വയിച്ചെടുത്തതും, ജീവിതത്തില്‍ കണ്ടതുമായ ചിലരെയൊക്കെ പരാമര്‍ശിച്ചു കൊണ്ടുള്ള ഒരു മോട്ടിവേഷന്‍ ക്ലാസ്സ് ആയിരുന്നു അന്ന്. അന്നത്തെ ക്ലാസ്സില്‍ ഏറ്റവും എനര്‍ജിയോടെ എന്നെ കേട്ടിരുന്ന കുട്ടിയാണ് ഇപ്പോള്‍ എന്നോട് സംസാരിക്കണം എന്നു പറഞ്ഞ് ഓടിക്കിതച്ച് വന്നത്.
“നമസ്കാരം സര്‍” അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“സര്‍ എന്നൊന്നും വിളിക്കണ്ട, ക്ലാസ്സില്‍ നീ വളരെ ആക്റ്റീ വ് ആയിരുന്നല്ലോ, എന്തുപറ്റി പെട്ടെന്ന് സംസാരിക്കണം എന്ന് തോന്നാന്‍?”
ഒരു ദീര്‍ഘനിശ്വാസത്തോടെ അവള്‍ സംസാരിച്ചുതുടങ്ങി. “എന്‍റെ ഉള്ളില്‍ മുഴുവന്‍ കരച്ചിലാണ് സര്‍, കുറെ നാളുകള്‍ക്കു ശേഷം ഇന്നാണ് ഞാനൊന്ന് ചിരിച്ചത്. ഓരോ ദിവസവും ഞാന്‍ നീറിയാണ് ജീവിക്കുന്നത്.”
ചിരി പലപ്പോഴും മറച്ചുപിടിച്ച ദുഃഖമാണ് എന്ന് തോന്നിക്കുമാറ്  അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.
“സര്‍, അടുത്തുള്ള സ്കൂളിലെ ഒരു സീനിയര്‍ ചേട്ടന് എന്നോട് വലിയ കാര്യമായിരുന്നു, ഒരുപാട് നാള്‍ എന്‍റെ പിന്നാലെ നടന്ന് എന്നോട് മിണ്ടാന്‍ വരുമായിരുന്നു, മെല്ലെ ഞാനും ആ ചേട്ടനുമായി ഇഷ്ടത്തിലായി, പിന്നീട് അയാള്‍ പറഞ്ഞ സ്ഥലത്തൊക്കെ ഞാന്‍ പോയിട്ടുണ്ട്, സ്നേഹംകൊണ്ട്  മാത്രമാണ്  ഞാന്‍ പോയത്, പക്ഷെ അയാള്‍ക്ക് എന്നോടല്ലായിരുന്നു ഇഷ്ടം, എന്‍റെ ശരീരത്തോടായിരുന്നു. എല്ലാം നേടിയപ്പോള്‍ അയാള്‍ എന്നെ ഉപേക്ഷിച്ചു.
കഴുത്തിലെ കൊന്തമാല നെഞ്ചോടുചേര്‍ത്ത് വിതുമ്പിക്കൊണ്ട് അവള്‍ പറഞ്ഞു: “എന്‍റെയമ്മ ഒരു പാവമാണ്, എനിക്ക് വേണ്ടി എല്ലാ ദിവസവും മുട്ടിന്മേല്‍ നിന്നാണ് അമ്മ പ്രാര്‍ത്ഥിക്കുക. ഞാന്‍ പഠനത്തില്‍ മുമ്പിലായിരുന്നു, ഇപ്പോള്‍ ഏറ്റവും പുറകിലും. എന്നെ ഒന്ന് സഹായിക്കോ? എന്‍റെ വീട്ടില്‍ ഇതറിഞ്ഞാല്‍ കൊന്നുകളയും. ഒന്നും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം എന്‍റെ വീട്ടില്‍ ഇല്ല. എനിക്ക് ആകെ ഉണ്ടായിരുന്ന കൂട്ട് ഞാന്‍ മാത്രമാണ്, ഇപ്പൊ എനിക്ക് എന്നെതന്നെ നഷ്ടമായി.”
“നിന്‍റെ ഈ കണ്ണുനീര്‍ മുഴുവന്‍ നിനക്ക് അപ്പച്ചനോടും അമ്മയോടും ഉള്ള അളവില്ലാത്ത സ്നേഹത്തിന്‍റെ അടയാളമാണ്, നിഷ്കളങ്കമായ കണ്ണുനീര്‍കൊണ്ട് കഴുകിയാല്‍ പോകാവുന്ന കറകളെ ഇപ്പൊ നിന്‍റെ ജീവിതത്തില്‍ ഉള്ളൂ. സ്നേഹം കൊണ്ട്  ഉണ്ടായ മുറിവ്  സ്നേഹംകൊണ്ട് മാത്രമേ ഉണങ്ങൂ. പണ്ടത്തെക്കാള്‍ അധികമായി അമ്മയെയും അപ്പച്ചനെയും സ്നേഹിക്കാന്‍ നിനക്ക് പറ്റോ? ഒന്നുകൂടി ക്ലാസ്സിലെ ഏറ്റവും മികച്ച വി ദ്യാര്‍ത്ഥിനിയാകാന്‍ നിനക്ക് പറ്റുമോ? നിന്‍റെ കളഞ്ഞുപോയ പുഞ്ചിരികളെ വീണ്ടെടുക്കാന്‍ നിനക്ക് പറ്റോ? മുട്ടിന്മേല്‍നിന്ന് കൈ വിരിച്ച് പ്രാര്‍ത്ഥിക്കുന്ന നിന്‍റെ അമ്മയുടെ കരങ്ങളിലേക്ക് ഓടിച്ചെല്ല്. കുഞ്ഞായിരുന്ന നീ ഒരുപാട് തവണ വീണപ്പോള്‍ എടുത്തുയര്‍ത്തിയ കൈകളല്ലേ.”
അവള്‍ക്ക് പോകാനുള്ള ബസ്സിന്‍റെ ഹോണ്‍ അകലെനിന്നും കേട്ടു. അവള്‍ എഴുന്നേറ്റു നിന്ന് കൈകള്‍കൂപ്പി. പെട്ടെന്ന് കണ്ണുകള്‍ തുടച്ച്, ബാഗുമായി അവള്‍ ബസ്സ്റ്റോപ്പിലേയ്ക്കു നീങ്ങി.
തിരിച്ച് കാറോടിച്ചുപോകുമ്പോള്‍ എന്നെ അലട്ടിയ ചിന്തയിതായിരുന്നു. ഒരു വര്‍ഷത്തോളമായി ആ കുട്ടി ഈ വേദന കടിച്ചുപിടിച്ച് സ്വയം ശിക്ഷിച്ച് ജീവിക്കുന്നു, ഒടുവില്‍ അത് തുറന്ന് പറഞ്ഞത് ഒരു ദിവസത്തെ മാത്രം പരിചയമുള്ള എന്നോട്, എന്തുകൊണ്ട്? തുറന്നു സംസാരിക്കാന്‍ മാത്രം ഹൃദയവിശാലതയുള്ള ഒരു അച്ഛനും അമ്മയും അവള്‍ക്കില്ലാതെ പോയതാണ്  അതിനു കാരണം.
ബുദ്ധിയും മനസ്സും ഒരുപോലെ വളര്‍ന്നാല്‍ മാത്രമേ ഒരു കുട്ടി മിടുക്കിയാണ് അല്ലെങ്കില്‍ മിടുക്കനാണ് എന്ന് നമുക്കു പറയാന്‍ സാധിക്കൂ. ഏറ്റവും മികച്ച സ്കൂളില്‍ അഡ്മിഷന്‍ വാങ്ങിക്കൊടുക്കുന്നതും, പഠിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതും, ക്ലാസ്സില്‍ ഏറ്റവും മുന്നില്‍ വരാന്‍ കുട്ടികളെ ട്യൂഷന് വിടുന്നതും അവരുടെ ബുദ്ധി വളരാനാണ്. അവരുടെ മനസ്സിന്‍റെ വളര്‍ച്ചയ്ക്ക് നമ്മള്‍ എന്തൊക്കെ ചെയ്യുന്നുണ്ട്? എല്ലാം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം വീട്ടില്‍ സൃഷ്ടിക്കുക എന്നതാണ്  അതിന്‍റെ ആദ്യ ചുവട്. മക്കളുടെ സങ്കടങ്ങളുടെ മുമ്പില്‍ പൊട്ടിത്തെറിക്കുന്ന ഒരു അച്ഛനാണ് നിങ്ങളെങ്കില്‍ അവന്‍ കഞ്ചാവില്‍ അഭയം പ്രാപിച്ചാല്‍ അവനെ കുറ്റം പറയാന്‍ പറ്റില്ല. മകള്‍ ചെയ്ത തെറ്റിനെ ശാപവാക്കുകളാല്‍ നേരിടുന്ന അമ്മയാണ് നിങ്ങളെങ്കില്‍ അവള്‍ നിങ്ങളുടെ കൈവിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നു പോയാല്‍ അവളെയും കുറ്റം പറയാനാകില്ല. നിങ്ങളുടെ മക്കള്‍ ചെയ്ത തെറ്റിന് നിങ്ങള്‍ക്ക് മാപ്പ് കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് അത് പറ്റുക? എല്ലാം ഏറ്റുപറയാന്‍ സ്വാതന്ത്ര്യമുള്ള ഒരു കുമ്പസാരക്കൂടായി മാറുക എന്നതാണു Parenting-ന്‍റെ ആദ്യ ചുവട്.
MBAയ്ക്ക് പഠിക്കുമ്പോള്‍ ഞാന്‍ കണക്കിന് എട്ടുനിലയില്‍ തോറ്റുപോയി. 6 ലക്ഷം കൊടുത്ത് പഠിക്കാന്‍ ഇറങ്ങിയവനാണ്. പക്ഷെ, ആയിരക്കണക്കിന്  വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുവിട്ട, അധ്യാപകരായ എന്‍റെ മാതാപിതാക്കളോട് ഈ വിവരം പറഞ്ഞപ്പോള്‍ ശാപവാക്കുകള്‍ പ്രതീക്ഷിച്ച എന്നോട് അമ്മയും അപ്പച്ചനും പറഞ്ഞത് “സാരമില്ല നമുക്ക് വീണ്ടും ശ്രമിക്കാം” എന്നാണ്. എന്‍റെ ജീവിതത്തെ മുന്നോട്ടു നയിച്ചത് ആ വാക്കുകളാണ്.
ചില തണല്‍ മരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുടെയൊക്കെ ജീവിതം എന്നേ കരിഞ്ഞുണങ്ങിപ്പോയേനെ. സാധാരണ ജീവിതത്തിനും depression-നും ഇടയിലുള്ളത് ഒരു നേര്‍ത്ത നാര് മാത്രമാണ്, അത് പൊട്ടാതെ കാക്കുന്നത് നമ്മെ പൊതിഞ്ഞ് നില്ക്കുന്ന ചിലരുടെ സ്നേഹത്തിന്‍റെ തണലാണ്. ഇന്നത്തെ യുവാക്കളും യുവതികളും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, ഇത്തരം തണല്‍ മരങ്ങള്‍ അവരുടെ ജീവിതത്തില്‍ ഇല്ല എന്നതാണ്. നിങ്ങളുടെ മനസ്സ് കലങ്ങുമ്പോള്‍ ഒന്നും ചോദിക്കാതെ ഓടിക്കയറാന്‍ മാത്രം സ്വാതന്ത്ര്യമുള്ള ഒരു സുഹൃത്തിന്‍റെ തോള്‍ ഇല്ലെങ്കില്‍ പിന്നെ എന്തിനീ ജീവിതം?

Leave a Comment

*
*