തവളകളുടെ സ്വര്‍ഗം

തവളകളുടെ സ്വര്‍ഗം

ഒരിടത്തൊരു കുഞ്ഞുമല. മലയരികില്‍ പുഴ. പുഴയരികില്‍ പാടം. പുഴയൊഴുകും വഴിയില്‍ പൊന്തക്കാടുകള്‍. കാടുകള്‍ക്കപ്പുറം കുളങ്ങള്‍. എങ്ങും മരങ്ങള്‍, ചെടികള്‍, വള്ളിക്കാടുകള്‍, പക്ഷികള്‍, പറവകള്‍. കുളങ്ങളില്‍ പായലുകള്‍, താമരകള്‍, ആമ്പലുകള്‍. അങ്ങനെയുള്ളൊരു സുന്ദരമായ നാട്ടില്‍ ഒരു തവളക്കുടുംബം താമസിച്ചിരുന്നു. തവളയമ്മയ്ക്കു മക്കള്‍ പത്തായിരുന്നു. പത്തിനും വാലുപോയി, കാലു വന്നു. അമ്മയ്ക്കൊപ്പം അവയും ചാടിനടന്നു. തീറ്റ തിന്ന് ആനന്ദത്തോടെ ജീവിച്ചു.

ഒരു ദിവസം രാവിലെ ഇളവെയില്‍ പരന്നതോടെ തവളയമ്മയും മക്കളും വേട്ടയാടാന്‍ തുടങ്ങി. പറന്നു വന്ന പറവകളെ നാക്കുനീട്ടി പിടിച്ചു ശാപ്പിട്ടു.

"പറവകള്‍ പറക്കും നാടു തവളകളുടെ സ്വര്‍ഗം" – അമ്മത്തവള പറഞ്ഞു. "സ്വര്‍ഗം, സ്വര്‍ഗം, സ്വര്‍ഗം!" – മക്കള്‍ ഒന്നിച്ചു പാടി. പുല്ലില്‍ ചാടിനടന്ന പുല്‍ച്ചാടികളെ തിന്നുമ്പോള്‍ അമ്മത്തവള പറഞ്ഞു: "ഭൂമിയും ആകാശവും തവളകളുടെ സ്വര്‍ഗം."

"സ്വര്‍ഗം, സ്വര്‍ഗം, സ്വര്‍ഗം!" – മക്കള്‍ പാടി.

വെള്ളത്തില്‍ നീന്തുമ്പോള്‍ അമ്മ പറഞ്ഞു: "വെള്ളം നമ്മുടെ സ്വര്‍ഗം!" മക്കള്‍ കൂടെ പാടിക്കളിച്ചു. വായുവില്‍ ചാടുമ്പോള്‍ അമ്മത്തവള പറഞ്ഞു: "വായു തവളകളുടെ സ്വര്‍ഗം."

"സ്വര്‍ഗം സ്വര്‍ഗം സ്വര്‍ഗം. ഈ നാടു നമ്മുടെ സ്വര്‍ഗം" – മക്കള്‍ ഒന്നിച്ചു പാടി.

"ഭൂമി നമ്മുടെ സ്വര്‍ഗം
പുഴകള്‍ നമ്മുടെ സ്വര്‍ഗം
പൂവുകള്‍ നമ്മുടെ സ്വര്‍ഗം
വെള്ളം നമ്മുടെ സ്വര്‍ഗം
ഇതാണു നമ്മുടെ സ്വര്‍ഗം."
കുട്ടിത്തവളകള്‍ ചാടിക്കളിച്ചു പാടി.

പെട്ടെന്ന് ഒരു പാമ്പ് പാഞ്ഞുവന്നു രണ്ടു തവളക്കുഞ്ഞുങ്ങളെ വായിലാക്കി ഇഴഞ്ഞുപോയി.

"അയ്യോ പാമ്പ് രണ്ടു പേരെ കൊണ്ടുപോയി" – അമ്മത്തവള കരഞ്ഞുകൊണ്ടു പറഞ്ഞു.

"സ്വര്‍ഗത്തില്‍ പാമ്പോ?" – ഒരു തവളക്കുഞ്ഞു ചോദിച്ചു.

"ഇതു നരകമാണ്. പാമ്പുകള്‍ തവളകളെ തിന്നുന്ന നരകം!" – മറ്റൊരു തവളക്കുഞ്ഞു ദേഷ്യത്തോടെ പറഞ്ഞു.

അപ്പോള്‍ അമ്മത്തവള മക്കളെ അരികില്‍ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: "ഇവിടം സ്വര്‍ഗം തന്നെയാ മക്കളെ. പിന്നെ പാമ്പ്… സ്വര്‍ഗത്തെ രക്ഷിക്കാനാണു പാമ്പ്. പാമ്പില്ലെങ്കില്‍ നമ്മള്‍ പെരുകും. ഇവിടെ നമുക്കു ജീവിക്കാന്‍ പറ്റാതാകും. നമ്മുടെ എണ്ണം നിയന്ത്രിച്ചുനിര്‍ത്തി ഇവിടെ സ്വര്‍ഗമായി എന്നും നിലനിര്‍ത്താനാണു പാമ്പ്."

"ദൈവത്തിനു നന്ദി. സ്വര്‍ഗത്തില്‍ താമസിക്കുന്ന പാമ്പിനും നന്ദി" – ഒരു തവളക്കുഞ്ഞു പറഞ്ഞു.

അപ്പോള്‍ അമ്മ മക്കളെയെല്ലാം ഓമനിച്ചു സന്തോഷിപ്പിച്ചുകൊണ്ടു പറഞ്ഞു: "മക്കളേ, ഏതു കാര്യത്തിന്‍റെയും നല്ല വശമാണു കാണേണ്ടത്. നല്ല വശം കണ്ടാല്‍ നാടു സ്വര്‍ഗം. ചീത്ത വശം കണ്ടാല്‍ നാടു നരകം. കാഴ്ചപ്പാടാണു സ്വര്‍ഗത്തിന്‍റെയും നരകത്തിന്‍റെയും നിലനില്പ്."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org