ഔഷധ​ഗുണങ്ങൾ നിറഞ്ഞ തഴുതാമ

ഔഷധ​ഗുണങ്ങൾ നിറഞ്ഞ തഴുതാമ

വീടും തൊടിയും

ജോഷി മു‍ഞ്ഞനാട്ട്

തഴുതാമ ഇലവര്‍ഗ്ഗ പച്ചക്കറിയും ഔഷധസസ്യവുമാണ്. ഇതിന്‍റെ ശാസ്ത്രനാമം 'ബെയര്‍ ഹാവിയ ഡിഫ്യൂസ' എന്നാണ്. സംസ്കൃതത്തില്‍ ഇതിനെ 'പുനര്‍ന്നവ' എന്ന് വിളിക്കുന്നു.

നിലത്തു പടര്‍ന്നു വളരുന്ന ഇവ മുഖ്യമായും രണ്ടിനമുണ്ട്. ഇളംചുവപ്പു നിറമുള്ള തണ്ടോടു കൂടിയതും വെള്ളനിറമുള്ള തണ്ടോടു കൂടിയതും. ഇതില്‍ വെള്ളനിറമുള്ള തണ്ടോടു കൂടിയവയ്ക്കാണ് ഔഷധഗുണം കൂടുതലുള്ളതെന്ന് പറയപ്പെടുന്നു.

തഴുതാമയുടെ രണ്ടോ മൂന്നോ മുട്ടു നീളത്തില്‍ തണ്ടുമുറിച്ചുനട്ടാണ് ഇവ വളര്‍ത്തുന്നത്. വിത്തുപാകി കിളിര്‍പ്പിച്ചും ഇവ വളര്‍ത്താറുണ്ട്. സൂര്യപ്രകാശം ഇവയ്ക്ക് അവിഭാജ്യ ഘടകമാണ്. പ്രത്യേകിച്ച് കീടങ്ങളൊന്നും തന്നെ തഴുതാമയെ ആക്രമിക്കാറില്ല. എല്ലാ പ്രദേശങ്ങളിലും തന്നെ ഇവ നന്നായി വളര്‍ന്നു കാണുന്നു.

നടുന്ന അവസരത്തില്‍ അടിവളമായി അല്പം ചാണകപ്പൊടി കൂടി ചേര്‍ത്ത് ഇവ നടാം. തുടര്‍ന്ന് വളര്‍ന്നുവരുന്ന ഘട്ടത്തില്‍ ചാണകപ്പൊടി, കമ്പോസ്റ്റ് ജൈവവളങ്ങള്‍ എന്നിവ നല്കാം. പച്ചചാണകം കലക്കി ഒഴിക്കുന്നത് നല്ലതാണ്. വേഗം വളരാനും കൂടുതല്‍ ഇളം തലപ്പുകള്‍ ഉണ്ടാകാനും ഇത് ഉപകരിക്കും. വേനല്‍ക്കാലങ്ങളില്‍ നന അത്യാവശ്യസംഗതിയാണ്. കൂടുതല്‍ ഇളംതലപ്പുകള്‍ ഉണ്ടാകാന്‍, ജലസേചനം കൊണ്ട് ഉപകരിക്കും. പഴകിയ കഞ്ഞിവെള്ളം ആഴ്ചയില്‍ ഒന്നുവീതം ഇലകളിലും മറ്റും സ്പ്രേ ചെയ്തു കൊടുക്കുന്നത് കീടശല്ല്യം ഉണ്ടെങ്കില്‍ അത് മാറികിട്ടാനും ഇലകളിലെ പുള്ളി മാറാനും ഉപകരിക്കും.

തഴുതാമ സമൂലം ഔഷധഗുണം ഉള്‍ക്കൊള്ളുന്നതാണ്. തഴുതാമയുടെ ഇളംതലപ്പുകളോ, മൂത്ത ഇലകളോ നുള്ളിയെടുത്ത് കറിവെയ്ക്കുവാന്‍ ഉപയോഗിക്കാം. ഇലകള്‍ കഴിവതും തണ്ടില്‍ നിന്നും നുള്ളിയെടുക്കുന്നതാണ് ഉചിതം. തഴുതാമ തോരന്‍ വെച്ച് ഉപയോഗിക്കുന്നതിനു പുറമേ സാമ്പാര്‍, അവിയല്‍, പരിപ്പുകറി തുടങ്ങിയ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഇതിന്‍റെ ഇലകൂടി ചേര്‍ക്കാം. മോരു കാച്ചുമ്പോഴും ചട്നി ഉണ്ടാക്കുമ്പോഴും തഴുതാമ ഇലകൂടി അ ല്പം അതില്‍ അരച്ചു ചേര്‍ക്കുന്നത് ഗുണവും രുചിയും വര്‍ദ്ധിക്കുവാന്‍ ഉപകരിക്കും.

നിരവധി ഔഷധ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിച്ചു വരുന്നു. വൃക്ക, ഹൃദയം, ധമനികള്‍, ഇവയുടെ പ്രവര്‍ത്തനത്തിന് തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യും. വാതരോഗങ്ങള്‍ക്കും, നേത്രരോഗങ്ങള്‍ക്കും ഉദരരോഗങ്ങള്‍ക്കും ഫലപ്രദമാണ് തഴുതാമ. നിത്യവും ഇവ കറിവെച്ച് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

പറിച്ചെടുത്ത ഇലകള്‍ നന്നായി കഴുകിയ ശേഷം ഉപയോഗിക്കാം. പറിച്ചെടുത്ത ഇലകള്‍ ആ ദിവസം തന്നെ ഉപയോഗിക്കുവാന്‍ ശ്രമിക്കണം. അടുത്ത ദിവസത്തേക്ക് വയ്ക്കുന്നതും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും അത്ര നന്നല്ല. ഇത് തഴുതാമയുടെ ഗുണങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകും. നമ്മുടെ വീട്ടുവളപ്പിലെ കൃഷിയിടത്തില്‍ തഴുതാമയ്ക്കു കൂടി സ്ഥാനം നല്കാന്‍ ശ്രമിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org