|^| Home -> Suppliments -> ULife -> തേവരയിലെ നല്‍വര…

തേവരയിലെ നല്‍വര…

Sathyadeepam

യുവത്വത്തിന്‍റെ കാലഘട്ടം മാറ്റത്തിന്‍റെ കാലഘട്ടമാണ്. യുവത്വം ഒരു ശക്തിയാണ്, എന്തി നോടും ഏതിനോടും പ്രതികരിക്കുന്ന, എന്തിനെയും ചോദ്യം ചെയ്യുന്ന, കാണുന്നതിനെയും കേള്‍ക്കുന്നതിനെയും കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന, അഭിപ്രായം പറയുന്ന കാലഘട്ടം. ഈ യുവശക്തിയെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ സാധിക്കുന്നു എന്നത് നാം ജീവിക്കുന്ന കാലഘട്ടത്തിന്‍റെ ചരിത്രഗതിയെത്തന്നെ മാറ്റിമറിക്കുന്നതിനു തുല്യമാണ്. ജ്വലിക്കുന്ന ചിന്തകളും സാഹസികതയും സാങ്കേതിക വികസനങ്ങളും ഉടലെടുക്കുന്ന ജീവിതകാലഘട്ടമായ യുവത്വം ആധുനിക വിഭ്രാന്തികള്‍ക്കിടയില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് തേവര എസ്എച്ച് കോളേജില്‍ ഉപരിപഠനം നടത്തുന്ന ഒരു കൂട്ടം യുവാക്കള്‍ സെമിനാറിന്‍റെ ഭാഗമായി, നിലവിലുള്ള മാലിന്യങ്ങളെ (paper plastics) ക്രിയാത്മകമായി എങ്ങനെ ഉപയോഗിക്കാം എന്ന വിഷയവുമായി മുമ്പോട്ടുവന്നത്. മാലിന്യവസ്തുക്കളെക്കുറിച്ച് പ്രത്യേകിച്ച് പ്ലാസ്റ്റിക് എന്ന വസ്തുവിന്‍റെ നല്ല വശങ്ങളെയും ദൂഷ്യവശങ്ങളെയും കുറിച്ച് കുറേ ഏറെ കേട്ടു കേള്‍വിയുണ്ടെങ്കിലും, ഉപയോഗിക്കാതിരിക്കുക എന്നല്ലാതെ ഉള്ളതിനെ എന്ത് ചെയ്യും എന്ന് നമ്മില്‍ അധികമാരും ചിന്തിച്ചു കാണില്ല. മാലിന്യങ്ങളെ ഉപയോഗിച്ച് ഉപകാരപ്രദവും വര്‍ണ്ണസമൃദ്ധവുമായ സാമഗ്രികള്‍ നിര്‍മ്മിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ പ്രയത്നം വന്‍വിജയമായിത്തീരുകയും ചെയ്തു.

പല വിധത്തിലുള്ള മാലിന്യങ്ങള്‍ നമ്മുടെ നാടിന്‍റെ മനോഹാരിതയെ കാര്‍ന്നുതിന്നുന്ന ഈ അവസരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി വര്‍ത്തിച്ചത് ഇവരുടെ പ്രിന്‍സിപ്പാളായ ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളിയുടെയും മാനേജരായ ഫാ. ജോസ് കുറിയേടത്തിന്‍റെയും അദ്ധ്യാപകനായ ജോസഫ് ജോര്‍ജിന്‍റെയും പിന്തുണയും പ്രോല്‍സാഹനവുമാണ്. അതോടൊപ്പംതന്നെ പാലാ സെന്‍റ് തോമസ് കോളേജിലും എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജിലും നടന്ന മത്സരങ്ങളും, അതിലെ വിജയവും ഈ യുവജനങ്ങള്‍ക്ക് ആത്മവിശ്വാസവും മനോധൈര്യവും പകര്‍ന്നു. കോളേജില്‍ മുന്‍കാലങ്ങളില്‍ തങ്ങളുടെ സീനിയേഴ്സ് നടത്തിയ എക്സിബിഷന്‍സ് വന്‍ വിജയമായിരുന്നതിനാല്‍ അത് തുടര്‍ന്ന് കൊണ്ടുപോവുക വഴി സമൂഹത്തില്‍ നല്ല ആശയങ്ങളും സന്ദേശവും പകരുക എന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് വളരെ സന്തോഷത്തോടെ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഇതിനായി കോളേജില്‍ നിന്നും വീടുകളില്‍ നിന്നും ശേഖരിച്ച ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍, ന്യൂസ് പേപ്പറുകള്‍, പേപ്പര്‍ ഗ്ലാസുകള്‍, പെയിന്‍റ് പാട്ടകള്‍ മുതലായവ ഉപയോഗിച്ച് നിര്‍മ്മിച്ച പേനകളും പേപ്പര്‍വെയ്റ്റും ബാഗുകളും തിരിസ്റ്റാന്‍റും പെന്‍സ്റ്റാന്‍റും ഫ്ളവര്‍ബെയ്സും പേപ്പര്‍ ഫയലും പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ആവശ്യത്തിനുള്ള സാധനങ്ങള്‍ വെയ്സ്റ്റില്‍ നിന്നുതന്നെ ലഭിച്ചതിനാല്‍ അധികം ചെലവും ഉണ്ടായില്ല. ഇതിനായി ക്ലാസ്ടൈം ഒഴികെയുള്ള സമയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തിയിരുന്നത്.

കഠിനാധ്വാനത്തിന്‍റെയും ദൈവാനുഗ്രഹത്തിന്‍റെയും ഫലമായിരുന്നു മത്സരങ്ങളില്‍ അവര്‍ക്കു ലഭിച്ച സമ്മാനങ്ങള്‍. ഈ പരിശ്രമം ചുരുക്കം ചില വിദ്യാര്‍ത്ഥികളിലേക്ക് മാത്രം ഒതുങ്ങിപോകാതെ അത് മറ്റുള്ളവര്‍ക്കും ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന രീതിയില്‍ പ്രദര്‍ശി പ്പിക്കാന്‍ അദ്ധ്യാപകനായ ഡോ. ജോസഫ് ജോര്‍ജിന്‍റെ നേതൃത്വത്തില്‍ നടത്തിയ പദ്ധതിയുടെ വിജയം കാണാനായി നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരുകയുണ്ടായി.

പാഴ്വസ്തുക്കള്‍ മനസിന് കൗതുകമുണര്‍ത്തുന്നവിധം രൂപകല്പന ചെയ്യുക എന്നത് പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഗുണകരമായ കാര്യമാണ്. അതോടൊപ്പംതന്നെ കലാലയങ്ങളിലെ യുവജനത്തിന് തങ്ങളുടെ പ്രതിഭ പ്രകാശിപ്പിക്കാനുള്ള വ്യത്യസ്തമായ ഒരു അവസരം കൂടിയാണിത്. ഈ ഉദ്യമം വന്‍ വിജയമാക്കി തീര്‍ക്കാന്‍ സാധിച്ചത് തങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച ഘടകമാണെന്ന് രൂപേഷ്, നീമ, എലി സബത്ത്, ആഷ്ലിന്‍, വിവേക് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു. ഇത്തരം വ്യത്യസ്തമായ അവസരങ്ങള്‍ ജീവിതാനുഭവങ്ങളില്‍ കടന്നുവരുന്ന പ്രശ്നങ്ങള്‍ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുവാന്‍ പ്രചോദനമേകും. തങ്ങളുടേതായ ഒരു ആത്മാവിഷ്കാരം കോളേജില്‍ പ്രദര്‍ശിപ്പിച്ച് എല്ലാവരിലും കൗതുകമുണര്‍ത്താന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും, കോളേജ് വിട്ടുപോകുമ്പോള്‍ അതുതന്നെയായിരിക്കും കലാലയജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകളെന്നും വിദ്യാര്‍ത്ഥികളായ മനോജും റോസ്നയും, രോഹിണിയും എമിലിനും സൂചിപ്പിച്ചു. ഈ എക്സിബിഷനില്‍ പങ്കെടുത്ത ഓരോരുത്തരിലും പുതിയ ആശയങ്ങളുണര്‍ത്തുമെന്നത് തീര്‍ത്തും അഭിമാനകരവും സന്തോഷകരവുമാണ്. സമൂഹത്തോട് എന്തെങ്കിലും പറയുവാന്‍ ആഗ്രഹിക്കുമ്പോള്‍ വ്യത്യസ്തമായ മാര്‍ഗങ്ങള്‍ പരീക്ഷിക്കാനുള്ള പ്രചോദനം ഇത് പകര്‍ന്നതായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

തയ്യാറാക്കിയത്: ബ്രദര്‍ വിനയ്

Leave a Comment

*
*