തിരുഹൃദയത്തണലിൽ

തിരുഹൃദയത്തണലിൽ

ലോകമാസകലം തിരുഹൃദയഭക്തി തണുത്തു കിടന്നിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. 1930-കള്‍. മത്തേവൂസ് ക്രൌളി എന്ന മധ്യവയസ്കനായ ഒരു ഇടവക വികാരി അസുഖമായി അമേരിക്കയിലെ ഒരാശുപത്രിയില്‍ അഡ്മിറ്റായി. വിട്ടുമാറാത്ത കടുത്ത പനിയും കുളിരും. മരുന്നുകള്‍ പലതു കഴിച്ചിട്ടും ശമനമില്ല. ഒടുവില്‍ രക്തപരിശോധന നടത്തി. Bacilli of Kock എന്ന ക്ഷയരോഗാണുക്കള്‍ ശ്വാസകോശത്തെ മിക്കവാറും കാര്‍ന്നു തിന്നിരുന്നു. അക്കാലത്ത് ഇതിന് ഫലപ്രദമായ മരുന്നില്ല. മരണം മുന്നില്‍ കണ്ടുകൊണ്ട് കിടക്കയില്‍ മൂടിപ്പുതച്ച് കിടക്കവേ, അദ്ദേഹം ഒരു കാര്യം ദുഃഖപൂര്‍വ്വം ഓര്‍ത്തു. തന്‍റെ വൈദികജീവിതത്തില്‍ ചട്ടപ്പടിയാലുള്ള കാര്യങ്ങളല്ലാതെ, ഈശോയ്ക്കുവേണ്ടി പ്രത്യേകമായി ഒന്നും ചെയ്തിട്ടില്ലല്ലോയെന്ന്. ആ ഏകാന്ത നിമിഷത്തില്‍ അദ്ദേഹം ചുവരിലെ ഈശോയെ നോക്കി പറഞ്ഞു: "എനിക്കു മരിക്കുന്നതിന് ഭയമില്ല, നാഥാ! പക്ഷേ ഒരവസരം കൂടി അങ്ങ് എനിക്കു തരികയാണെങ്കില്‍, അങ്ങേ തിരുഹൃദയഭക്തിയുടെ പ്രചരണത്തിനായി ഞാന്‍ ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കും."

നേരം വെളുത്തു. താന്‍ താന്‍തന്നെയാണോ എന്നു സംശയം തോന്നി. പനിയും കുളിരും വിട്ടുപോയിരിക്കുന്നു. നല്ല ഉന്മേഷം. രക്തപരിശോധന വീണ്ടും വീണ്ടും നടത്തി. ഒരു കുഴപ്പവും കാണാനില്ല. അച്ചനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മത്തേവൂസ് പാതിരി സൂട്ട്കേസുമെടുത്ത് നേരെ മെത്രാനച്ചന്‍റെ അരമനയിലേക്കാണ് പോയത്. അവിടെ നിന്നും തിരുഹൃദയ ദൂതനായി ലോകം മുഴുവനിലേക്കും.

ഒരു മധ്യവേനല്‍ അവധിക്കാലത്ത് എറണാകുളത്തെ സെന്‍റ് ആല്‍ബട്ട്സ് സ്ക്കൂള്‍ ഗ്രൗണ്ടില്‍ ആയിരങ്ങളുടെ മധ്യേനിന്ന് അദ്ദേഹം സുദീര്‍ഘം തിരുഹൃദയത്തിന്‍റെ തീരാത്ത സ്നേഹദാഹത്തെപ്പറ്റി ആര്‍ദ്രമായി പ്രസംഗിച്ചത് ഇന്നും ഓര്‍ക്കുന്നു. സ്റ്റേജിന്‍റെ മുന്‍വശത്ത് മറ്റ് കുട്ടികളുടെ കൂട്ടത്തില്‍ ഈ ലേഖകനും ചമ്രംപടിഞ്ഞ് ഇരുപ്പുണ്ടായി രുന്നു.

അനന്തരം കേരളമാസകലം കുടുംബപ്രതിഷ്ഠകളുടേയും, രാത്രിയാരാധനകളുടേയും, തിരുമണിക്കൂറുകളുടേയും രൂപത്തില്‍ തിരുഹൃദയഭക്തി ആളിപ്പടര്‍ന്നത് ചരിത്രം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org