തിരുമുറിപ്പാടുകൾ ഓർമിപ്പിക്കുന്നത്…?

തിരുമുറിപ്പാടുകൾ ഓർമിപ്പിക്കുന്നത്…?

റോസിലി പട്ടത്തി
പൊതിയക്കര

മുറിപ്പാടുകള്‍ മുദ്രകളാണ്. ആര്‍ക്കൊക്കെയോ വേണ്ടി, എന്തിനൊക്കെയോ വേണ്ടി മുറിപ്പെട്ടതിന്‍റെ മുറിക്കപ്പെട്ടതിന്‍റെ പാടുകള്‍. അപരരക്ഷയാണതിന്‍റെ ആത്യന്തിക ഫലം. മാതാപിതാക്കളും മക്കളും സഹോദരങ്ങളും മിത്രങ്ങളും ഗുരുവും ശിഷ്യനും നേതാവും അണികളും ഒക്കെ, ഓരോ പ്രകാരത്തില്‍ അപരോത്കര്‍ഷത്തിനായി മുറിയപ്പെടുമ്പോള്‍, അവിടെ ശേഷിക്കുന്നതാണു മുറിപ്പാടുകള്‍. അതൊരു ചിരന്തനോര്‍മയായി അവശേഷിക്കുന്നു; അവശേഷിക്കണം. വളര്‍ച്ചയുയര്‍ച്ചയുടെ പിന്നാമ്പുറങ്ങളില്‍ ഇത്തരം മുറിപ്പാടുകള്‍ സഹജവും. ഇതു മാനുഷികപരിവൃത്തങ്ങള്‍ക്കുള്ളിലെ മുറിപ്പാടുകളുടെ ശൈലി. ജീവിതഭൂമികയില്‍ അവ ഹ്രസ്വങ്ങളോ ദീര്‍ഘങ്ങളോ ആകാം. ഒരുപക്ഷേ, ഇതൊക്കെ വല്ലാത്തൊരു കെട്ടുപാടിന്‍റെ ബഹിര്‍സ്ഫുരണങ്ങളും ആവാം. ഇതിലൊക്കെ സ്വാര്‍ത്ഥതയുടെ നിറക്കൂട്ടുകളും കാണാം. മമതകളുടെ ആഴപ്പരപ്പിനനുസൃതമായ വൈചിത്യങ്ങളും മുറിവേല്ക്കുന്നവന് ഉണ്ടാകാം. എന്നാല്‍ ഇതല്ല നമ്മുടെ വിചിന്തനം. പിന്നെയോ, ദൈവം മനുഷ്യനായി വന്ന് അവതരിച്ചവന്‍റെ 'മനുഷ്യപുത്രന്‍റെ' 'തിരുമുറിപ്പാടു'കളുടെ സര്‍വാതിശായിയായ സ്വത്വവിചാരമാണ് അത്.

മുറിവേറ്റവന്‍ പരമപരിശുദ്ധനാണ് എന്നതാണ് ആ 'മുറിപ്പാടു'കളുടെ അലൗകികതയും. അതുകൊണ്ടുതന്നെ ആ മുറിവുകള്‍ 'തിരുമുറിവു'കളാവുകയും ചെയ്യുന്നു. മണ്ണിനെ വിണ്ണുമായി അനുരഞ്ജിപ്പിച്ചതിന്‍റെ ശേഷിപ്പുകള്‍, അങ്ങനെ തിരുശേഷിപ്പുകളായ തിരുമുറിപ്പാടുകളായി പരിണമിച്ചു. ദൈവത്തിനു മനുഷ്യനോടുള്ള നിസ്സീമ സ്നേഹത്തിന്‍റെ നിത്യമുദ്രകളാണവ. പരിശുദ്ധന്‍ പതിതര്‍ക്കുവേണ്ടി അര്‍പ്പിച്ച ഒരു പരമയാഗത്തിന്‍റെ 'തിരുപ്പാടു'കളാണ് അത്. തനിക്കായൊന്നും മാറ്റിവയ്ക്കാനുണ്ടായില്ലല്ലോ മുറിവേറ്റവന്. ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാത്തതുമായ ഒരു രുധിരയാഗത്തിന്‍റെ, മുറിഞ്ഞുതീരലിന്‍റെ ശേഷിക്കാത്ത പകുത്തുനല്‍കലിന്‍റെ, ജീവദായകമായ അടയാളങ്ങളല്ലോ അവന്‍റെ മുറിപ്പാടുകള്‍. ആകാശഭൂമികള്‍ക്ക് ഒതുക്കാന്‍ ആവാത്തതും, അവകള്‍ കൂട്ടുനിന്നതുമായ ഒരു മഹാകാരുണ്യബലിയുടെ ചിരന്തന മുദ്ര അത്. നിരുപാധികസ്നേഹത്തിന്‍റെ നിതാന്തസ്രോതസ്സാണത്. സ്നേഹിതര്‍ക്കുവേണ്ടി മാത്രം ഉള്ളതല്ലായിരുന്നല്ലോ അവന്‍റെ നിണബലി…? പ്രപഞ്ചത്തെ, മനുഷ്യകുലത്തെ, അതിന്‍റേതായ എല്ലാ സ്വാഭാവികതകളോടും കുറവുകളോടും നിഷേധങ്ങളോടും ക്രൂരതകളോടും തിന്മകളോടും നിന്ദകളോടുംകൂടി, തന്നിലേക്കു ചേര്‍ത്തുപിടിച്ചതിന്‍റെയും അവകളുടെ പരിഹാരത്തിനായി മുറിഞ്ഞുതീര്‍ന്നതിന്‍റെയും നിത്യശേഷിപ്പുകളാണ്, രക്ഷാകരമുദ്രകളാണു മനുഷ്യപുത്രന്‍റെ തിരുമുറിപ്പാടുകള്‍. ഇതത്രേ ആ ദിവ്യമുറിപ്പാടുകളുടെ മനോഹാരിതയും ഗരിമയാര്‍ന്ന ശ്രേഷ്ഠതയുടെ പരകോടിയും.

പ്രപഞ്ചോത്പത്തി തൊട്ടു യുഗാന്ത്യംവരെയുള്ള സകല മനുജപാപത്തിന്‍റെയും തജ്ജന്യമായി ഉണ്ടായ, ആവര്‍ത്തനവിധേയമായ വൈകൃതത്തിന്‍റെയും മോചനത്തിനായുള്ള ബലിദാനം ശേഷിപ്പിച്ചതാണല്ലോ 'മനുഷ്യപുത്രന്‍റെ' തിരുമുറിപ്പാടുകള്‍. നിത്യനിവേദ്യം ഹോമദ്രവ്യമായതിന്‍റെ പ്രസാദമാണത്. ഉച്ചിമുതല്‍ ഉള്ളംകാല്‍ വരെ തുരന്ന് തുളഞ്ഞ്, ചിതറിപ്പരന്ന് നിറഞ്ഞ ആ തിരുമുറിവുകള്‍ മാനവകുലത്തിന്‍റെ രക്ഷാചിഹ്നമായി പരിണമിച്ചിരിക്കുന്നു. മനുഷ്യകുലത്തിനുള്ള തുറന്ന പാഠപുസ്തകമല്ലോ അവന്‍റെ തിരുമുറിപ്പാടുകള്‍! പിതൃനിയോഗം സാക്ഷാത്കരിച്ചതിന്‍റെ സമര്‍പ്പണപ്പാടുകളത്രേ അവ. ഒരു മഹാവീണ്ടെടുപ്പിന്‍റെ മാംസവിള്ളലും, കീറിത്തൂങ്ങലും, സൃഷ്ടിച്ചതാണു തിരുമുറിപ്പാടുകള്‍. മനുഷ്യപുത്രന്‍ സ്വയം വരിച്ചതാണവ. അനാദിയിലെ നിശ്ചയിച്ചുറപ്പിച്ച ഒരു തിരുയാഗത്തിന്‍റെ പരിപൂര്‍ത്തി സമ്മാനിച്ച രക്ഷാനികേതം ആണത്. തിരുശിരസ്സിലെ മുള്‍മുടി തുളച്ച തുളകളും, ചുണ്ടു പിളര്‍ത്തുന്ന ഹൃദയമുറിപ്പാടും കൈകാലുകളിലെ ആണിതുരന്ന മുറിപ്പാടുകളും തോളിലെ അസ്ഥികാണായ കഠോരമുറിവും, ഉഴുതുമറിക്കപ്പെട്ട മേനിയിലെ കനംവച്ചു തൂങ്ങിയ മുറിവുകളും, ഇങ്ങിനി കാണാത്ത ഒരു നിസ്തുല സാന്ദ്രമൗനസഹനത്തിന്‍റെ രക്ഷാകര മഹത്ത്വപ്രതീകമല്ലോ, എന്നും മാനവകുലത്തിന്! ജീവനേകാനായുള്ള ജീവാര്‍പ്പണത്തിന്‍റെ ചിരന്തന ദിവ്യാഭ ചൊരിയും 'തിരുമുദ്ര'കളെ! നമോവാകം!! സ്വര്‍ഗത്തിന്‍റെ കയ്യൊപ്പ് പതിച്ചതും, ഭൂമിയുടെ അത്ഭുതാദരം തുന്നിച്ചേര്‍ത്തതും സ്നേഹപാരമ്യത്തിന്‍റെ പരകോടി കൃപാപരാഗം ഓലുന്നതുമായ 'തിരുമുറിപ്പാടു'കളുടെ, ദിവ്യത പകരുന്ന രക്ഷാസ്പര്‍ശനം തിരിച്ചറിയാന്‍ വൈകിപ്പോയ ഈ മണ്ണിന്‍റെ മക്കള്‍ക്കു പരമപിതാവു മാപ്പരുളിയാലും… പരിശുദ്ധ വ്രണിതനെ! മനുഷ്യപുത്രാ! അങ്ങേയ്ക്കു ഞങ്ങളുടെ അനുതാപമാര്‍ന്ന നിത്യപ്രണാമം!

വിരാമതിലകം: പരിശുദ്ധ മുറിപ്പാടുകളാല്‍ നമ്മെ വീണ്ടെടുത്ത പരമകാരുണികന്‍റെ തീവ്രമായ ഓര്‍മകളെ മനനം ചെയ്യാനുള്ള നോമ്പുകാലവും, രക്ഷയുടെ അനുഭവമാക്കി മാറ്റുവാന്‍ നമുക്കു കഴിയട്ടെ. നാമും ജീവിതതട്ടകത്തില്‍ അപരോന്മുഖതയ്ക്കായി മുറിയപ്പെടുന്നവരും മുറിക്കപ്പെടുന്നവരും ആകണം. മനുഷ്യപുത്രനൊപ്പം, നമ്മുടെ മുറിപ്പാടുകളും ഒരു ജീവോന്മേഷയജ്ഞമാക്കി തീര്‍ക്കാം നമുക്കും. അപരനായി തീര്‍ന്നു തീരുന്നതിന്‍റെ ആനന്ദവും നിയോഗപൂര്‍ണതയുടെ കൃതാര്‍ത്ഥതയും നുകരാനുള്ള വരത്തിനായി, വരയപ്പെട്ടവനോടു നമുക്കു പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org