തിരുനാളുകള്‍ എങ്ങനെ ആഘോഷിക്കണം?

തിരുനാളുകള്‍ എങ്ങനെ ആഘോഷിക്കണം?

ഫാ. ജോണ്‍ പുതുവ

തിരുനാളും പെരുന്നാളും ലളിതമായി നടത്തണമോ അതോ ആഘോഷപൂര്‍വം നടത്തണമോ എന്ന സംവാദം പല തലത്തിലും നടക്കുന്നുണ്ട്. സഭാപിതാക്കന്മാര്‍ ഇടയലേഖനങ്ങളിലൂടെ സഭാമക്കളോട് ഇക്കാര്യം നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഇതിനോട് അനുഭാവം പ്രകടിപ്പിക്കുന്ന വലിയൊരു വിഭാഗവുമുണ്ട്.
എന്നാല്‍ പെരുന്നാളുകള്‍ ഓരോ ഇടവകയുടെയും കൂട്ടായ്മയുടെയും ഒത്തുചേരലിന്‍റെയും സന്തോഷത്തിന്‍റെയും പ്രതീകമാണെന്നു വാദിക്കുന്നവരുമുണ്ട്. അതിനാല്‍ ഇപ്പോള്‍ നടത്തപ്പെടുന്നതുപോലെ തന്നെ പെരുന്നാളുകള്‍ ആഘോഷപൂര്‍വം നടത്തണമെന്നാണ് ഇവരുടെ വാദം.
ഇത്തരമൊരു വിഷയം സംവാദതലത്തിലേക്ക് എത്തുമ്പോള്‍ പല തലത്തിലുള്ള ആശയങ്ങള്‍ സമഗ്രമായി പരിശോധിക്കേണ്ടതുണ്ട്.
ക്രൈസ്തവ സമൂഹത്തിന്‍റെ ജീവിതവും വിശ്വാസവും ആചാരങ്ങളും ലളിതമായിരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ഇടയലേഖനങ്ങളിലൂടെ നിരന്തരം ഉദ്ബോധിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച സാന്താമാര്‍ത്ത കത്തീഡ്രലില്‍ നടത്തിയ ദിവ്യബലിക്കിടെ സാമ്പത്തിക താത്പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്ന പുരോഹിതരോടു വിശ്വാസസമൂഹം ക്ഷമിക്കുകയില്ലെന്നാണ് പ്രസംഗിച്ചത്. ദിവ്യബലിക്കിടെ പിതാവ് വായിച്ചത് ദേവാലയത്തില്‍ നിന്നും ക്രിസ്തു കച്ചവടക്കാരെ പുറത്താക്കുന്ന ഭാഗമാണ്.
പണമെന്നത് ദൈവരാജ്യത്തെ നശിപ്പിക്കുന്ന വിത്താണെന്ന് ക്രിസ്തുവിന്‍റെ പ്രവൃത്തിയില്‍ നിന്നുതന്നെ നമുക്കു മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദൈവജനം വൈദികരോടു ക്ഷമിക്കാത്ത രണ്ടു കാര്യങ്ങളാണുള്ളതെന്നും പോപ്പ് പറഞ്ഞു. ഒന്ന് വൈദികര്‍ക്കു പണത്തോടുള്ള അമിതമായ സ്നേഹമാണ്. വൈദികരുടെ മോശമായ പെരുമാറ്റമാണ് ദൈവജനത്തിനു ക്ഷമിക്കാനാവാത്ത രണ്ടാമത്തെ കാര്യം.
ഫ്രാന്‍സിസ് പാപ്പയുടെ ഉദ് ബോധനം അടയാളവാക്യമായി സ്വീകരിച്ചുകൊണ്ട് തിരുനാളുകളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് അല്പം ചിന്തിക്കേണ്ടിയിരിക്കുന്നു. പണം ആരുടേതായാലും ധൂര്‍ത്തടിക്കാനുള്ളതല്ല. കാരണം ഓരോ ഇടവകയിലും പള്ളിയുടെ പൊതു ആഘോഷങ്ങളില്‍ മറ്റുള്ളവര്‍ക്കൊപ്പം പങ്കെടുക്കാനാവാത്ത ധാരാളം ആളുകളുണ്ട്. മനുഷ്യരുടെ പൊതു ആവശ്യങ്ങളില്‍ പലതും നിര്‍വഹിക്കാന്‍ ശേഷിയില്ലാത്തവരുണ്ട്. ഭവനം, വസ്ത്രം, മരുന്ന്, ആഹാരം, മികച്ച വിദ്യാഭ്യാസം, വിവാഹം… എന്നിങ്ങനെ മനുഷ്യന്‍റെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാനാവത്തവരുണ്ട്. ധൂര്‍ത്തടിക്കപ്പെടുന്ന പണംകൊണ്ട് ഇവരില്‍ പലരുടെയും ആഗ്രഹങ്ങള്‍ സാധിക്കപ്പെടാം. അത്തരം കരുതലെടുത്തുകൊണ്ട് പെരുന്നാളുകള്‍ ആഘോഷിക്കണം എന്നുതന്നെയാണ് എന്‍റെ വിനീതമായ അഭിപ്രായം. എന്തുകൊണ്ടെന്ന് പിന്നാലെ പറയാം.
പെരുന്നാളുകള്‍ ആഘോഷിക്കുമ്പോള്‍ കുറച്ചുകൂടി പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നുകൊണ്ടു ള്ളതാവണം എന്നുള്ള ആഗ്രഹം കൂടി പറഞ്ഞുകൊള്ളട്ടെ. തോരണങ്ങള്‍ പ്ലാസ്റ്റിക്കില്‍ നിന്നും വര്‍ണ്ണക്കടലാസുകളിലേക്ക് പല ഇടവകളിലും മാറിക്കഴിഞ്ഞിട്ടുണ്ട്. പരിസരമലിനീകരണവും ശബ്ദമലിനീകരണവും ഉണ്ടാക്കുന്ന വെടിക്കെട്ടിനു പല നിയന്ത്രണങ്ങളും ഉണ്ടായിട്ടുണ്ട്. പല പള്ളികളിലും പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതെല്ലാം നല്ല കാര്യങ്ങള്‍ തന്നെ. തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടവ തന്നെ.
ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണം വരുത്തിക്കഴിഞ്ഞാല്‍ പെരുന്നാളുകള്‍ തീര്‍ച്ചയായും ആഘോഷിക്കപ്പെടേണ്ടതാണെന്നും ആചരിക്കപ്പെടേണ്ടതാണെന്നും തന്നെയാണ് ഈ ലേഖകന്‍റെ അഭിപ്രായം. ദൈവജനത്തിന്‍റെയോ, വിശുദ്ധന്‍റെയോ, വിശുദ്ധയുടെയോ നാമധേയത്തിലുള്ള പള്ളികളില്‍ അവരുടെ ഓര്‍മയുടെ ആചരണമായാണ് പെരുന്നാളുകള്‍ കൊണ്ടാടപ്പെടുന്നത്. നമ്മുടെ പ്രിയപ്പെട്ടവരുടെ ഓര്‍മദിനങ്ങള്‍, ജന്മദിനങ്ങള്‍ അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നേട്ടങ്ങള്‍ എന്നിവയെല്ലാം അനുസ്മരിക്കപ്പെടുന്നത് അവരുടെകൂടി സന്തോഷത്തിനാണല്ലോ.
അതുപോലെ തന്നെയാണ് നമ്മുടെ ഇടവകകളില്‍
നാം  ആരാധനകളില്‍ വണങ്ങുകയും നമ്മുടെ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും ചെയ്യുന്ന ദൈവജനത്തിന്‍റെയും വിശുദ്ധരുടെയും തിരുനാളുകളും ആഘോഷിക്കുമ്പോള്‍  നമുക്കും സംഭവിക്കുന്ന ആനന്ദവും ആത്മീയമായ നവീകരണവും. ഓരോ ഇടവകയിലും പ്രത്യേക തരത്തിലുള്ള വാഴ്ത്തലുകളുമായാണ് തിരുനാളുകള്‍ നടത്തപ്പെടുന്നത്. മരക്കുരിശുമായി ക്രിസ്തുവിന്‍റെ ക്രൂശിതയാത്രയെ അനുസ്മരിച്ചുകൊണ്ട് മലയാറ്റൂര്‍ മല കയറുന്നതും, പല പള്ളികളിലും നടത്തപ്പെടുന്ന നീന്തുനേര്‍ച്ചയും ശാരീരിക പീഡകള്‍ ഏല്‍പിക്കുന്ന ആത്മീയാചാരങ്ങള്‍ ഇവയെല്ലാം തിരുനാളിന്‍റെ ഭാഗമാണ്. ഇതിലൂടെയെല്ലാം വി ശ്വാസികള്‍ ആത്മീയമായും ശാരീരികമായും നവീകരിക്കപ്പെടുകയാണ്. വിശുദ്ധരുടെ ജീവിതത്തിലെ നന്മകള്‍ വിശ്വാസികളുടെ ജീവിതത്തിലേക്കു പകര്‍ത്തപ്പെടുകയാണ്.
വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ആത്മീയമായി നവീകരിക്കുന്നതിനുള്ള ആചാരമാണ്. പ്രദക്ഷിണവഴികളില്‍ പ്രാര്‍ത്ഥനാനിരതരായി തിരുരൂപത്തെ അനുഗമിക്കുന്നവര്‍ ആലപിക്കുന്ന പ്രാര്‍ഥനാഗീതങ്ങളും വിശുദ്ധരുടെ ജീവിതവഴികളിലേക്ക് വിശ്വാസികളെ കൂടുതല്‍ അടുപ്പിക്കുന്നു. ചിട്ടയായ പ്രദക്ഷിണവും തിരുസ്വരൂപ എഴുന്നള്ളിപ്പും അന്യമത വിശ്വാസികളിലേക്കുപോലും വിശുദ്ധരുടെ ജീവിതപാഠങ്ങള്‍ എത്തിക്കുന്നതിനും സഹായകമാകുന്നു.
മറ്റൊന്നുകൂടി പ്രത്യേകം ഓര്‍മിക്കണം. ഓരോ ഇടവകയിലും നടത്തപ്പെടുന്ന പെരുന്നാള്‍ ആഘോഷത്തില്‍ അന്യമത വിശ്വാസികള്‍ പോലും വിശ്വാസപൂര്‍വം പങ്കെടുക്കുന്നു. അവര്‍ നേര്‍ച്ച കഴിക്കുകയും തിരുസ്വരൂപങ്ങള്‍ക്കുമുന്നില്‍ വണങ്ങുകയും ചെ യ്യുന്നു. മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും അതിര്‍വരമ്പുകള്‍ ഇല്ലാതാക്കി സമൂഹത്തിന്‍റെ പൊതു ആഘോഷമാക്കി തിരുനാളുകള്‍ മാറ്റപ്പെടുന്നതും ഇങ്ങനെയാണ്.
ആഡംബരത്തിന്‍റയും ധൂര്‍ത്തിന്‍റെയും പേരില്‍ തിരുന്നാളുകളിലെ ആഘോഷ ചൈതന്യമെല്ലാം ഇല്ലാതാക്കരുതെന്നാണ് ഒരിക്കല്‍ക്കൂടി പറയാനുള്ളത്. തിരുനാളുകളില്‍ ധൂര്‍ത്തും ആഡംബരവും അധികമാകുന്നുവെങ്കില്‍ അത് വിശ്വാസത്തിന്‍റെയും ഭക്തിയുടെയും സന്തോഷത്തിന്‍റെയും ധൂര്‍ത്തായി മാറ്റാനുള്ള, ആത്മീയ ആഘോഷമാക്കി മാറ്റുന്നതിനുള്ള പരിശ്രമമാണ് ഇടവക വിശ്വാസ സമൂഹത്തിന്‍റെയും വൈദികരുടെയും ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org