വിശുദ്ധരുടെ തിരുശേഷിപ്പ്

വിശുദ്ധരുടെ തിരുശേഷിപ്പ്

വിശുദ്ധരായ വ്യക്തികളുടെ അസ്ഥിയുടെ ഭാഗങ്ങളോ ഉപയോഗിച്ച വസ്തുക്കളോ ഇവയുമായി ബന്ധപ്പെട്ട വസ്തുക്കളോ ആണ് തിരുശേഷിപ്പ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുക.

തിരുശേഷിപ്പുകൊണ്ടു പ്രധാനമായും കരുതേണ്ടത് ഇതാണ്. സഭയുടെ നിയമങ്ങള്‍ക്കനുസൃതമായി ജീവിക്കുകയും അനേകര്‍ക്കു മാതൃകയാകുകയും ചെയ്ത വിശുദ്ധര്‍ നമ്മെപ്പോലെ മനുഷ്യരായിരുന്നു എന്ന ചരിത്രസത്യം തിരിച്ചറിയുക. തന്മൂലം ക്രിസ്തുവിന്‍റെ മാര്‍ഗത്തില്‍ ചരിക്കാന്‍ നമുക്കു പ്രചോദനമുണ്ടാകുക എന്നതാണവ.

മൂന്നു വിഭാഗങ്ങളായി തിരുശേഷിപ്പുകളെ തിരിച്ചിരിക്കുന്നു. ഒന്നാംതരം തിരുശേഷിപ്പുകളാണ് ഇവയിലാദ്യത്തേത്. ഇത് വിശുദ്ധരുടെ ഭൗതികശരീരത്തിന്‍റെ ഭാഗങ്ങള്‍ തന്നെയാണ്. പ്രധാനമായും അസ്ഥികള്‍, മുടി, രക്തം എന്നിവയാണ് ഈ വിഭാഗത്തില്‍ വരുന്നത്. രണ്ടാംതരത്തില്‍ വരുന്നവ പ്രധാനമായും വിശുദ്ധരായ വ്യക്തികള്‍ അവര്‍ ജീവിച്ചിരുന്ന കാലത്ത് ഉപയോഗിച്ച തിരുവസ്ത്രങ്ങള്‍, വസ്തുക്കള്‍, എഴുത്തുപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍ എന്നിവയെയാണു സൂചിപ്പിക്കുക. അവസാനത്തെ വിഭാഗമാണു മൂന്നാംതരം തിരുശേഷിപ്പ്. ഇവ ഒന്ന്, രണ്ടു തരത്തില്‍പ്പെട്ട തിരുശേഷിപ്പുകളെ സ്പശിച്ചിട്ടുള്ള ഇതര വസ്തുക്കളാണ്. ഇതില്‍ ദേവാലയത്തില്‍ പ്രതിഷ്ഠിക്കുക ഒന്നാംതരത്തില്‍പ്പെട്ട തിരുശേഷിപ്പുകളാണ്. ഇവ യഥാര്‍ത്ഥമാണെന്നു സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് നല്കുന്നതു സ്ഥലത്തെ രൂപതാമെത്രാനാണ്. തിരുശേഷിപ്പ് ഏതു തരത്തിലുള്ളതാണെങ്കിലും അവ ഭക്ത്യാദരപൂര്‍വം സൂക്ഷിക്കണം. അവ അലക്ഷ്യമായോ ആദരവില്ലാതെയോ ഉപയോഗിക്കരുത്.

തിരുശേഷിപ്പുകള്‍ ദേവാലയത്തില്‍ സൂക്ഷിക്കുന്ന പേടകം തെക്ക (Theca) എന്നാണറിയപ്പെടുക. അരുളിക്കപോലുള്ള ഇതില്‍ തിരുശേഷിപ്പ് കാണാനും വണങ്ങാനും സൗകര്യമുള്ള സുതാര്യമായ പ്രതലം (glass) ഉണ്ട്. വിശുദ്ധന്‍റെ ചെറിയ തീര്‍ത്ഥാടനകേന്ദ്രം എന്ന് അതിനെ വിശേഷിപ്പിക്കുന്നു. വിവിധ തരത്തിലുള്ള തിരുശേഷിപ്പുകള്‍ സംവഹിക്കുന്ന പേടകങ്ങള്‍ വിവിധ പേരിലാണറിയപ്പെടുന്നത്. അസ്ഥികളുടെ ഭാഗം സൂക്ഷിക്കുന്നവ എക്സ് ഒസിബുസ് (Ex Ossibus) എന്നും മാംസത്തിന്‍റെ ഭാഗം സൂക്ഷിക്കുന്നവ എക്സ് കൊര്‍ പൊരേ (Ex Corpore) എന്നും മുടിയുടെ ഭാഗം സൂക്ഷിച്ചിരിക്കുന്നവ എക്സ് കപില്ലിസ് (Ex Capillis) എന്നും അറിയപ്പെടുന്നു.

സഭയുടെ ആധുനിക കാലത്തെ പ്രമുഖ സൂനഹദോസുകളിലൊന്നായ ട്രെന്‍റ് കൗണ്‍സിലിലാണു തിരുശേഷിപ്പിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ഒരു ഡിക്രിയായി പ്രഖ്യാപിച്ചത് (25-ാം സെഷനില്‍). കൂടാതെ നാലാം ലാറ്ററന്‍ സൂനഹദോസിന്‍റെ 62-ാമത്തെ പ്രമാണരേഖ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നതിനെ സംബന്ധിച്ചുള്ളതാണ്.

വി. ഗ്രന്ഥത്തില്‍ തിരുശേഷിപ്പിനെക്കുറിച്ചുള്ള ആദ്യപരാമര്‍ശം കാണുന്നതു 2 രാജാ. 13:20-21-ലാണ്. "ഏലീഷാ മരിച്ചു. അവര്‍ അവനെ സംസ്കരിച്ചു. വസന്തകാലത്തു മൊവാബ്യര്‍ കൂട്ടമായി വന്നു ദേശം ആക്രമിച്ചു. ഒരുവനെ സംസ്കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അക്രമിസംഘത്തെ കണ്ട് അവര്‍ ജഡം ഏലീഷായുടെ കല്ലറയിലേക്ക് എറിഞ്ഞു. ഏലീഷായുടെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജഡം ജീവന്‍ പ്രാപിച്ച് എഴുന്നേറ്റുനിന്നു."

അപ്പസ്തോലന്മാരുടെ നടപടികളില്‍ 19:10-12-ല്‍ ഇപ്രകാരം കാണാം. അവന്‍റെ (പൗലോസ്) ശരീരസ്പര്‍ശനമേറ്റ തൂവാലകളും അംഗവസ്ത്രങ്ങളും അവര്‍ രോഗികളുടെ അടുത്തു കൊണ്ടുവന്നു. അപ്പോള്‍ രോഗം അവരെ വിട്ടുമാറുകയും അശുദ്ധാത്മാക്കള്‍ അവരില്‍ നിന്നു പുറത്തുവരികയും ചെയ്തിരുന്നു. കൂടാതെ മത്തായി 9:20-22-ല്‍ പറയുന്ന രക്തസ്രാവക്കാരിയുടെ സൗഖ്യവും നടപടി 5:15-16-ല്‍ പറയുന്ന പത്രോസിന്‍റെ നിഴല്‍ പതിക്കുന്നിടത്തു സൗഖ്യം പ്രാപിക്കാന്‍ കിടന്ന രോഗികളും വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രാധാന്യം നമ്മെ അറിയിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org