
എം. ഷൈറജ്
യുവര്‍ കരിയര്‍
ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേയുടേത്. പ്രതിവര്‍ഷം 850 കോടി യാത്രക്കാരും 650 ദശലക്ഷം ടണ്‍ ചരക്കും ഇന്ത്യയുടെ റെയില്‍പ്പാതകളിലൂടെ നീങ്ങുന്നുണ്ട്. 14 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനം കൂടിയാണ് ഇന്ത്യന്‍ റെയില്‍വേ. അതിനാല്‍ ഒരു നല്ല കരിയര്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധ പതിപ്പിക്കേണ്ട തൊഴില്‍ദായകരിലൊന്ന് റെയില്‍വേ തന്നെയാണ്.
ഓരോ വര്‍ഷവും ആയിരക്കണക്കിനു വേക്കന്‍സികളാണ് ഇന്ത്യന്‍ റെയില്‍വേയില്‍ പുതുതായി ഉണ്ടാവുന്നത്. ടെക്നിക്കല്‍, നോണ്‍-ടെക്നിക്കല്‍, അഡ്മിനി സ്ട്രേഷന്‍ എന്നീ വിഭാഗങ്ങളിലായി ഗ്രൂപ്പ് – എ, ബി, സി, ഡി എന്നീ തലങ്ങളിലാണു റെയില്‍വേയിലെ ഉദ്യോഗങ്ങള്‍. റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡുകളാണ് പ്രധാനമായും നിയമനങ്ങള്‍ നടത്തുന്നത്. ഗ്രൂപ്പ് – എ നിലവാരത്തിലെ ജോലികള്‍ക്ക് യു.പി.എസ്. സി. വഴിയാണു തെരഞ്ഞെടുപ്പ്.
ക്ലാസ്സ് വണ്‍ പോസ്റ്റുകള്‍
സിവില്‍ സര്‍വ്വീസസ് പരീക്ഷ, കമ്പൈന്‍ഡ് എഞ്ചിനീയറിംഗ് സര്‍വ്വീസസ് പരീക്ഷ, കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വ്വീസസ് പരീക്ഷ എന്നിവയിലൂടെയാണ് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ റെയില്‍വേയിലെ ഗ്രൂപ്പ് – എ (ക്ലാസ്സ് വണ്‍) ഉദ്യോഗങ്ങളിലേക്കു തിരഞ്ഞെടുപ്പു നടത്തുന്നത്.
ഏതെങ്കിലുമൊരു വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാം. ഐ.എ.സ്, ഐ.പി. എസ് തുടങ്ങിയ സര്‍വ്വീസുകള്‍ക്കൊപ്പം ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വ്വീസ്, ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് സര്‍വ്വീസ്, ഇന്ത്യന്‍ റെയില്‍വേ പേഴ്സണല്‍ സര്‍വ്വീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് എന്നിവയിലെ ക്ലാസ്സ് വണ്‍ പോസ്റ്റുകളിലേക്കുള്ള റിക്രൂട്ട്മെന്‍റും ഈ പരീക്ഷയിലൂടെയാണ്.
എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും എം.എസ്സി ബിരുദധാരികള്‍ക്കും കമ്പൈന്‍ഡ് എഞ്ചിനീയറിംഗ് സര്‍വ്വീസ്, റെയില്‍വേ സ്റ്റോഴ്സ് സര്‍വ്വീസ്, റെയില്‍വേ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് സര്‍വ്വീസ്, റെയില്‍വേ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് സര്‍വ്വീസ് തുടങ്ങിയവയിലെ ഉന്നത ഉദ്യോഗം ഈ പരീക്ഷയിലൂടെ നേടാനാവും.
എം.ബി.ബി.എസ് പാസ്സായവര്‍ക്ക് കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വ്വീസസ് പരീക്ഷയിലൂടെ റയില്‍വേ മെഡിക്കല്‍ സര്‍വ്വീസില്‍ പ്രവേശിക്കാം.
മെഡിക്കല്‍ മേഖലയിലെ മറ്റവസരങ്ങള്‍
ഡോക്ടര്‍മാരെ കൂടാതെ മറ്റു മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും റയില്‍വേയില്‍ ധാരാളം തൊഴിലവസരങ്ങളുണ്ട്. സ്റ്റാഫ് നഴ്സ്, ഹെല്‍ത്ത് ആന്‍ഡ് മലേറിയ ഇന്‍സ്പെക്ടര്‍, ഫാര്‍മസിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ലാബ് അസിസ്റ്റന്‍റ്, റേഡിയോഗ്രാഫര്‍, ലാബ് ടെക്നീഷ്യന്‍ തുടങ്ങിയ തസ്തികകളിലേക്ക് റയില്‍വേ നേരിട്ടുള്ള നിയമനം നടത്തുന്നുണ്ട്. അതാതു മേഖലകളില്‍ ബിരുദം നേടിയവര്‍ക്കും ഡിപ്ലോമ നേടിയവര്‍ക്കും അവസരങ്ങളുണ്ട്. എഴുത്തു പരീക്ഷയിലൂടെയും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലൂടെയുമാണ് തെരഞ്ഞെടുപ്പ്.
ഗ്രൂപ്പ്-ബി തസ്തികകള്‍
ഗ്രൂപ്പ്-ബി നിലവാരത്തിലേക്ക് റയില്‍വേ നേരിട്ടുള്ള നിയമനം നടത്തുന്നില്ല. ഗ്രൂപ്പ്-സിയില്‍ ജോലി ചെയ്യുന്നവര്‍ പ്രൊമോഷനിലൂടെ ഗ്രൂപ്പ്-ബിയില്‍ എത്തുകയാണ് ചെയ്യുന്നത്.
ടെക്നിക്കല്‍ കേഡര്‍ എക്സാമിനേഷന്‍
റയില്‍വേയുടെ ഗ്രൂപ്പ്-സി റിക്രൂട്ട്മെന്‍റ് ടെക്നിക്കല്‍ സ്റ്റാഫിനും നോണ്‍-ടെക്നിക്കല്‍ സ്റ്റാഫിനും പ്രത്യേകമായുണ്ട്. ഇതില്‍ ടെക്നിക്കല്‍ സ്റ്റാഫ് റിക്രൂട്ട് മെന്‍റിനുള്ള പ്രധാന പരീക്ഷയാണ് ടെക്നിക്കല്‍ കേഡര്‍ എക്സാമിനേഷന്‍.
ലോക്കോ പൈലറ്റ്, മോട്ടോര്‍ മെന്‍, ഗാര്‍ഡുകള്‍, സിഗ്നല്‍ ആന്‍ഡ് മെക്കാനിക്കല്‍ ഇന്‍സ് പെക്ടര്‍ എന്നീ തസ്തികകളിലേക്ക് ഈ പരീക്ഷയിലൂടെ നിയമനം നടത്തുന്നു. എഴുത്തു പരീക്ഷയും ഇന്‍റര്‍വ്യൂവും ഉണ്ടാകും. മെഡിക്കല്‍ ഫിറ്റ്നസ്സും ആവശ്യമാണ്.
വിവിധ എഞ്ചിനീയറിംഗ് ശാഖകളില്‍ ഡിപ്ലോമ നേടിയവര്‍ക്കും ഐ.ടി.ഐ. പാസ്സായവര്‍ക്കും അവസരങ്ങളുണ്ട്. ലോക്കോ പൈലറ്റ്, അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്, എന്നീ തസ്തികകളിലേക്ക് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്സ് എന്നീ ശാഖകളിലൊന്നിലാണ് ഡിപ്ലോമ വേണ്ടത്.
നോണ്‍-ടെക്നിക്കല്‍ തസ്തികകള്‍
ക്ലാര്‍ക്കുമാര്‍, അസിസ്റ്റന്‍റ് സ്റ്റേഷന്‍ മാസ്റ്റര്‍, ടിക്കറ്റ് കളക്ടര്‍, ട്രെയിന്‍ ക്ലാര്‍ക്ക്, കൊമേഴ്സ്യല്‍ അപ്രന്‍റീസ്, ട്രാഫിക് അപ്രന്‍റീസ്, സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ കാഷ്യര്‍ തുടങ്ങിയ നിരവധി തസ്തികകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡുകള്‍ എഴുത്തുപരീക്ഷകളിലൂടെയും ഇന്‍റര്‍വ്യൂവിലൂടെയും നിയമനങ്ങള്‍ നടത്തുന്നു.
റിസര്‍വ്വേഷന്‍ ക്ലാര്‍ക്ക്, ജൂനിയര്‍ അക്കൗണ്ട്സ് അസിസ്റ്റന്‍റ്, ട്രെയിന്‍ എക്സാമിനര്‍, ഗാര്‍ഡ് തുടങ്ങിയ തസ്തികകളിലേക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. 50% മാര്‍ക്കോടെ മെട്രിക്കുലേഷന്‍ പാസ്സായവര്‍ക്കായി അക്കൗണ്ട്സ് ക്ലര്‍ക്ക്, ട്രാഫിക്ക് സിഗ്നലര്‍, ട്രെയിന്‍ ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളുണ്ട്.
നിയമ ബിരുദധാരികള്‍, കാറ്ററിംഗ് ഡിപ്ലോമ നേടിയവര്‍, വിവിധ എഞ്ചിനീയറിംഗ് ശാഖകളില്‍ ഡിപ്ലോമ ബിരുദം നേടിയവര്‍, സ്റ്റാറ്റിസ്റ്റിക്സ്, കണക്ക്, ഇക്കണോമിക്സ് തുടങ്ങിയ പി.ജി. ബിരുദമുള്ളവര്‍ എന്നിവക്കൊക്കെ അനുയോജ്യമായ തസ്തികകള്‍ റയില്‍വേയിലുണ്ട്. സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് പ്രത്യേകിച്ചും വലിയ അവസരങ്ങളാണുള്ളത്.
ഗ്രൂപ്പ്-ഡി തസ്തികകള്‍
പോര്‍ട്ടര്‍, ഗേറ്റ്മാന്‍, ഹെല്‍പ്പര്‍, ട്രാക്ക്മാന്‍, സഫായിവാലാ തുടങ്ങിയ നിരവധി ഗ്രൂപ്പ്-ഡി പോസ്റ്റുകളും റയില്‍വേയിലുണ്ട്. പത്താം ക്ലാസ്സാണ് മിക്ക തസ്തികകളിലേക്കുമുള്ള യോഗ്യത.
റയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡുകള്‍
ഇന്ത്യന്‍ റയില്‍വേയിലുള്ള നൂറുകണക്കിന് തസ്തികകളെക്കുറിച്ച് ഒരു പൊതുധാരണ ലഭിക്കാന്‍ മാത്രമാണ് മേല്‍പ്പറഞ്ഞ പോസ്റ്റുകളെക്കുറിച്ച് പ്രതിപാദി ച്ചത്. 21 റയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡുകള്‍ വഴി വിവിധ തസ്തികകളിലേക്ക് നിരന്തരം നിയമനങ്ങള്‍ നടത്തിവരുന്നു. ഓരോ റിക്രൂട്ട്മെന്‍റ് ബോര്‍ഡിനും പ്രത്യേകം പ്രത്യേകം വൈബ് സൈറ്റുണ്ട്. അവ മുടക്കം കൂടാതെ നോക്കുകയും അനുയോജ്യമായ തസ്തികകളിലേക്ക് അപേക്ഷിക്കുകയുമാണ് ഉദ്യോഗാര്‍ത്ഥികള്‍ ചെയ്യേണ്ടത്. റയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡുകളിലൊന്ന് തിരുവനന്തപുരത്താണ്.
യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന സ്പെഷ്യല്‍ ക്ലാസ്സ് റയില്‍വേ അപ്രന്‍റീസ് പരീക്ഷയും ഉദ്യോഗാര്‍ത്ഥികളുടെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നതാണ്.
ന്യൂഡല്‍ഹിയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റയില്‍ ട്രാന്‍സ്പോര്‍ട്ട് നടത്തുന്ന വിവിധ ഡിപ്ലോമ കോഴ്സുകള്‍ റയില്‍വേ തൊഴിലുകള്‍ക്ക് അധികയോഗ്യത നേടുവാന്‍ സാധിക്കും.
വെബ്സൈറ്റുകള്‍
www.rrcb.gov.in
www.upsc.gov.in
www.rrbthiruvananthapuram.net