തോബിയാസിന്റെ സാറാ

തോബിയാസിന്റെ സാറാ

ജെസ്സി മരിയ

വീട്ടുവേലക്കാരില്‍ നിന്നുപോലും നിന്ദനവും പരിഹാസവും കേള്‍ക്കേണ്ടി വന്ന ഹതഭാഗ്യയായിരുന്നു മേദിയാക്കാരനായ എക് ബത്താനായിലെ റഗുവേലിന്‍റെ മകള്‍ സാറാ. എല്ലാ പ്രതാപങ്ങളുടെയും സമ്പത്തിന്‍റെയും നടുവില്‍ ജീവിച്ചിരുന്ന പെണ്‍കുട്ടി. പക്ഷേ, വിവാഹത്തോടെ അവളുടെ സൗഭാഗ്യങ്ങള്‍ അസ്തമിക്കുകയായിരുന്നു. ഏഴു പ്രാവശ്യം വിവാഹം ചെയ്തിട്ടും ഭര്‍ത്താവ് വാഴാത്തവള്‍; ഏഴു ഭര്‍ത്താക്കന്മാരും വിവാഹരാത്രി തന്നെ കൊല്ലപ്പെട്ടിരുന്നു. ഒരു സാധാരണ സ്ത്രീക്കു ചിന്തിക്കാന്‍ പോലും പറ്റാത്ത ദുരവസ്ഥ. ആദ്യരാത്രി ഭര്‍ത്താവ് മരിച്ചാല്‍ ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ദുഃഖവും അപമാനവും എത്രത്തോളമായിരിക്കുമെന്ന് ഊഹിക്കാമല്ലോ. അപ്പോള്‍ പിന്നെ ഏഴു പ്രാവശ്യം വിവാഹിതയായിട്ടും എല്ലാ ഭര്‍ത്താക്കന്മാരും ഒരേപോലെ കൊല്ലപ്പെട്ട അവസ്ഥ വന്നാല്‍ അവള്‍ക്കെങ്ങനെ താങ്ങാന്‍ കഴിയും? ഇങ്ങനെ ഒരു ദുഃഖ-സഹന-അപമാന കടലിലൂടെ ഇഴഞ്ഞു ജയിച്ചുകയറിയവാളാണു സാറാ. എല്ലാ സഹനത്തിനും ഒരു പരിധിയുണ്ടല്ലോ. അതും കടന്നവള്‍ – സാറാ. തൂങ്ങിമരിച്ചുകളയാമെന്ന ചിന്ത വന്നപ്പോള്‍ പോലും അവള്‍ പുനര്‍വിചിന്തനം ചെയ്തു; താന്‍ മരിച്ചാല്‍ തന്‍റെ പിതാവിനുണ്ടാകുന്ന അപമാനം ഇത്രയും നാള്‍ താന്‍ സഹിച്ച അപമാനത്തേക്കാള്‍ വലുതായിരിക്കുമെന്ന് അവള്‍ക്കറിയാം.

ആരും കാണാതെ അവള്‍ തന്‍റെ ദൈവമായ കര്‍ത്താവിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നു. ഉള്ളുലയ്ക്കുന്ന പ്രാര്‍ത്ഥന. വി. ബൈബിള്‍ പറയുന്നു, അവളുടെ പ്രാര്‍ത്ഥന ദൈവത്തിന്‍റെ മഹനീയ സന്നിധിയിലെത്തിയെന്ന്. നഫ്താലി ഗോത്രത്തില്‍പ്പെട്ട ഇസ്രായേല്‍ക്കാരന്‍ തോബിത്തിന്‍റെ ഏകമകന്‍ തോബിയാസ് അവളെ വിവാഹം കഴിക്കുകയും അവര്‍ ദീര്‍ഘകാലം സന്തോഷവും സമാധാനപൂര്‍ണവുമായ ജീവിതം നയിക്കുകയും ചെയ്തു. മക്കളെ നല്കി ദൈവം അവരെ സമൃദ്ധമായി അനുഗ്രഹിച്ചു.

പൂര്‍വപിതാവായ അബ്രാഹത്തിന്‍റെ ഭാര്യ, സാറാ അനുഭവിച്ചതുപോലെ ദുഃഖവും പരിഹാസവും സഹിച്ചവളാണു തോബിയാസിന്‍റെ സാറായും. പക്ഷേ, ദൈവത്തില്‍ അടിയുറച്ചു വിശ്വസിച്ചതിന്‍റെ ഫലമായി എല്ലാ പരിഹാസങ്ങളെയും സങ്കടങ്ങളെയും ധൈര്യപൂര്‍വം തരണം ചെയ്യുവാന്‍ ഇവള്‍ക്കു സാധിച്ചു. സാറാ യുവതികള്‍ക്ക് ഒരു മാതൃകയാണ്. ചെറിയ ചെറിയ കാര്യങ്ങളില്‍പ്പോലും ആത്മഹത്യയിലേക്കും ഒളിച്ചോട്ടത്തിലേക്കുമൊക്കെ പോകുന്ന ഇന്നത്തെ തലമുറയ്ക്കു സാറാ റോള്‍മോഡലാണ്. തീരാദുഃഖങ്ങളുടെ നടുക്കടലില്‍ വിശ്വാസം കൈവിടാതെ സൂക്ഷിച്ച അചഞ്ചലചിത്തയായ സാറാ ധീരയാണ്; കാരണം ഏതു സാഹചര്യത്തിലും (പ്രതികൂലത്തിലും അനുകൂലത്തിലും) പിടിച്ചുനില്ക്കണമെങ്കില്‍ ധൈര്യം വേണം; ചങ്കുറപ്പു വേണം. സാറാ സ്ത്രീയുടെ ധൈര്യത്തിന്‍റെ പ്രതീകമാണ്. നമ്മുടെ കുട്ടികളും ചെറുപ്പക്കാരുമൊക്കെ സിനിമാതാരങ്ങളുടെയും സെലിബ്രിറ്റികളുടെയും പിന്നാലെ പോകാതെ വി. ബൈബളില്‍ നിന്നും റോള്‍മോഡലുകളെ തിരഞ്ഞെടുത്തിരുന്നെങ്കില്‍….

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org