തോല്‍വി നല്ലതാണ്

തോല്‍വി നല്ലതാണ്

ബ്രദര്‍ ടോജോ വാഴയില്‍

'അവര്‍ എന്നെ തോല്പിച്ചു.' നാം പലപ്പോഴും പറയുന്ന വാചകമാണിത്. സത്യത്തില്‍ നമുക്കല്ലാതെ ആര്‍ക്കാണ് നമ്മെ തോല്പിക്കാനാവുന്നത്? നാം പലപ്പോഴും ചിന്തിക്കുന്നത് എന്‍റെ തോല്വിക്ക് കാരണം മറ്റുള്ളവരാണെന്നാണ്. ജയിക്കാനാണെങ്കിലും തോല്ക്കാനാണെങ്കിലും നാം മനസ്സ് വയ്ക്കണം.

ദരിദ്രകുടുംബത്തിന്‍റെ ഉത്തരവാദിത്വം മുഴുവന്‍ പേറിയ ബാലന്‍ മൂന്നു മാസം മാത്രം സ്കൂളില്‍ പോയി. ഉപജീവനത്തിനായി അവന്‍ തീവണ്ടിയില്‍ പത്രവില്‍പ്പനക്കാരനായി. അതോടൊപ്പം പത്രവായനയിലും മുഴുകി. കയ്പേറിയ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ ശാസ്ത്രത്തിന്‍റെ രഹസ്യങ്ങള്‍ നേടാനുള്ള ആഗ്രഹം ആ ബാലന്‍റെ ഉള്ളില്‍ വളര്‍ന്നു. ഊര്‍ജ്ജതന്ത്രവും രസതന്ത്രവും പഠിച്ചു.

റെയില്‍വേ സ്റ്റേഷനില്‍ ഉപയോഗശൂന്യമായി കിടന്ന ഒരു തീവണ്ടി ബോഗി പരീക്ഷണശാലയാക്കി. ഇരുനൂറിലേറെ കണ്ടുപിടുത്തങ്ങള്‍ നടത്തി മാനവരാശിയെ സമ്പന്നമാക്കിയ ഒരു ശാസ്ത്രജ്ഞനായി ആ ബാലന്‍ മാറി. അത് മറ്റാരുമല്ല, ആ ബാലനാണ് തോമസ് ആല്‍വ എഡിസണ്‍.

ഒരു ദിവസം അദ്ദേഹത്തിന്‍റെ ഗവേഷണശാല അഗ്നിയില്‍ നശിച്ചു. അക്കാലമെല്ലാം നടത്തിയ എല്ലാ ശ്രമങ്ങളും ചാമ്പലായി. പക്ഷേ, എഡിസണ്‍ അതില്‍ തളര്‍ന്നില്ല. കിട്ടാവുന്ന ഉപകരണങ്ങളുപയോഗിച്ച് പരീക്ഷണങ്ങള്‍ തുടര്‍ന്നു. പിന്നീട് എഡിസണ്‍ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞതിപ്രകാരമാണ്. "എന്‍റെ കുറവുകളെല്ലാം ഈ ദുരന്തത്തില്‍ കത്തിചാമ്പലായി. എല്ലാം പുതുതായി തുടങ്ങാന്‍ എനിക്ക് ദൈവം നല്കിയ അവസരമാണിത്."

ഇത്തരമൊരു സംഭവം നമുക്ക് നേരിട്ടാല്‍ നമ്മില്‍ കുറച്ചുപേരെങ്കിലും നിരാശയുടെ നിത്യതടവുകാരായി തീര്‍ന്നേക്കാം. തോല്‍ക്കുമ്പോഴാണ് ജീവിതത്തിലെ മൂല്യങ്ങള്‍ നാം തിരിച്ചറിയുന്നത്. പരാജയമുണ്ടാകുമ്പോള്‍ ആത്മഹത്യയേയും ലഹരിവസ്തുക്കളേയും നിരാശയേയുമൊക്കെ കൂട്ടുപിടിക്കുന്നവരുണ്ട്. അത് ഒരിക്കലും പാടില്ല. അത് ജീവിതത്തെ എന്നന്നേക്കുമായി നാശത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിയിടും. ദൈവാശ്രയബോധത്തോടെ ഏതു വെല്ലുവിളികളേയും സധൈര്യം നേരിടാനുള്ള മനസ്സ് പരുവപ്പെടുത്തിയെടുക്കുക. അതാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനം.

ജീവിതം എന്ന മഹാസമുദ്രത്തിലെ നൗകകളാണ് നാം. കടല്‍ ശാന്തമായിരിക്കാം, പ്രക്ഷുബ്ധമായിരിക്കാം പക്ഷേ നൗക മറുകരയിലെത്തണം. അതുപോലെ ജീവിതത്തില്‍ ജയ-പരാജയങ്ങള്‍ മാറി മറിയാം.

"Failures are part of life. If you don't fail, you don't learn. If you don't learn you will never change." ജീവിതത്തിന്‍റെ ഭാഗമാണ് പരാജയങ്ങള്‍. തോല്‍ക്കാതെ നമുക്കൊന്നും പഠിക്കാനാവില്ല. പഠിക്കാതെ നമുക്കൊരിക്കലും മാറാനാവില്ല.

തോല്‍വികളില്‍ ഇടിച്ച് തകരേണ്ടതല്ല ഈ സുന്ദര ജീവിതം, മറിച്ച് ജയിക്കാനുള്ളതാണ്. ഒരു കാര്യം മറക്കാതിരിക്കുക, തോല്‍വി നല്ലതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org