തോന്നുന്നതെല്ലാം കൊടുത്ത് വളർത്തിയെടുക്കപ്പെടുന്ന തോന്നാസ്യക്കാർ

തോന്നുന്നതെല്ലാം കൊടുത്ത് വളർത്തിയെടുക്കപ്പെടുന്ന തോന്നാസ്യക്കാർ

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist, Sunrise Hospital, Cochin Universiry
& Roldants Behaviour Studio, Cochin

പൊടിയും വെയിലും പിന്നെ മുഖപ്രസാദവും
മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും കൂടെ രാത്രി 9.30 മണിക്ക് കൊച്ചിയിലെ എന്‍റെ ബിഹേവിയര്‍ സ്റ്റുഡിയോയില്‍ വന്ന പെണ്‍കുട്ടിയെ നമുക്ക് 'നിവേദ്യ' എന്ന് വിളിക്കാം (പേര് വ്യാജം). സുന്ദരി, സകല കലകളിലും വല്ലഭ, ഒറ്റ മകള്‍, മാതാപിതാക്കള്‍ രണ്ടാളും ജോലി സംബന്ധമായി വിദേശത്ത്, മകള്‍ ഗ്രാന്‍റ് പേരന്‍റ്സിനൊപ്പം താമസം. നടന്നുപോകാവുന്ന ദൂരമേ സ്കൂളിലേയ്ക്കുള്ളൂവെങ്കിലും, 'പൊടിയും വെയിലും' കൊള്ളാതിരിക്കാന്‍ മുത്തച്ഛന്‍ കാറില്‍ കൊണ്ടുചെന്നാക്കും. മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും പ്രധാന ഹോബിയും ഏക ജീവിതലക്ഷ്യവും കൊച്ചുമകള്‍ നൈവേദ്യയുടെ മുഖപ്രസാദമാണ്. അവളൊന്നു ചിണങ്ങിയാല്‍, വിതുമ്പിയാല്‍ ആശ്വാസവുമായി ഇരച്ചെത്തും അവര്‍. വല്ലപ്പോഴും മാത്രം നാട്ടില്‍ വന്നുപോകുന്നതുകൊണ്ട് മാതാപിതാക്കളും, അച്ഛനുമമ്മയും അടുത്തില്ലാതെ വളരുന്ന 'പാവം കുട്ടി' എന്ന സഹതാപം ഉള്ളിലുള്ള ഗ്രാന്‍റ്പേരന്‍റ്സും അവളെന്തു ചോദിച്ചാലും ചെയ്തുകൊടുക്കും. എന്തുവേണമെങ്കിലും വാങ്ങിച്ചുകൊടുക്കും. ഇന്നേവരെ 'ചീ' എന്ന വാക്ക് കേള്‍ക്കാതെ പുന്നാരിപ്പിക്കപ്പെട്ടും അമിതലാളന ഏറ്റുവാങ്ങിയും വളര്‍ന്ന, പഠനത്തിലും കലാമേഖലകളിലും മിടുക്കി ആയതുകൊണ്ട് വിജയങ്ങളുടെ ചരിത്രവും അതിന്‍റെ അഭിനന്ദനങ്ങളും മാത്രം കൈമുതലായ സ്മാര്‍ട്ട് കുട്ടി. മൂന്നു ദിവസം മുമ്പ് തന്‍റെ ജീവിതം അവസാനിപ്പിക്കുവാന്‍ ആത്മഹത്യാ ശ്രമം നടത്തി!!?? തക്കസമയത്ത് ഗ്രാന്‍റ്പേരന്‍റ്സ് കണ്ടതുകൊണ്ട് രക്ഷപ്പെടുത്താന്‍ പറ്റി. ആശുപത്രി കിടക്കയില്‍ നിന്നുമാണ് അവര്‍ വന്നത്.

ബ്രോയ്ലര്‍ ചിക്കനും തോല്വിയും തമ്മില്‍…?
നിര്‍ന്നിമേഷയായി, താന്‍ ചെയ്ത കൃത്യത്തിന്‍റെ ഗൗരവം പോലും മനസ്സിലാകാത്ത ഭാവത്തില്‍, അതീവനിഷ്ക്കളങ്കത നിറഞ്ഞ ആ മുഖത്ത് നോക്കി ഞാനൊന്നു പുഞ്ചിരിച്ചു, അവളും. ഞങ്ങള്‍ പരിചയപ്പെട്ടു. കൂട്ടായി. അവള്‍ കംഫര്‍ട്ടബിള്‍ ആയപ്പോള്‍ ഞാന്‍ ചോദിച്ചു. "എന്തിനാ മോളങ്ങനെ അന്ന് ചെയ്തത്? എന്തു കാര്യമാണ് സങ്കടപ്പെടുത്തിയത്? ചോദ്യം കേട്ടതും കണ്ണുനിറഞ്ഞ് വിതുമ്പിക്കൊണ്ട് അവള്‍ പറഞ്ഞു: "കഴിഞ്ഞ ദിവസത്തെ ക്ലാസ്സ് ടെസ്റ്റിന് ഞാന്‍ തോറ്റു. ഞാനിന്നുവരെ തോറ്റിട്ടില്ല. ഭൂമി പിളര്‍ന്നുപോകുന്നതുപോലെ തോന്നി എനിക്ക്. ക്ലാസ്സിലെ top ആയ ഞാന്‍ ഇനി എങ്ങനെ മറ്റുള്ളവരുടെ മുഖത്തുനോക്കും. ടീച്ചേഴ്സിന് എന്നോടുള്ള മതിപ്പു പോകും. പേരന്‍റ്സ് അറിഞ്ഞാല്‍ സഹിക്കില്ല. എനിക്കിനി ആരേയും ഫെയ്സ് ചെയ്യാന്‍ പറ്റില്ല. 'I am a failure' അവള്‍ ഏങ്ങലടിച്ചു കരഞ്ഞു. കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ, ലൈറ്റിട്ടു വളര്‍ത്തുന്ന, ഹോര്‍മോണ്‍ കുത്തിവെച്ച് വണ്ണവും തൂക്കവും വയ്പിക്കുന്ന ബ്രോയിലര്‍ ചിക്കന്‍റെ രൂപം എന്‍റെ മനസ്സില്‍ വന്നു. കുട്ടികള്‍ ഊതികളിക്കുന്ന കുമിളകള്‍ അല്പം പറന്ന് എവിടെയെങ്കിലും തട്ടി പെട്ടെന്ന് പൊട്ടിപ്പോകുന്ന ദൃശ്യവും മനസ്സിലൂടെ ഓടിക്കളിച്ചു. നിവേദ്യയെ ആശ്വസിപ്പിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു. "അതൊരു സാദാ ക്ലാസ്സ് ടെസ്റ്റ് മാത്രമല്ലേ. അതിന്‍റെ മാര്‍ക്ക് ബോര്‍ഡ് എക്സാമിനോ, എന്‍ട്രന്‍സിനോ പരിഗണിക്കത്തുമില്ല. പിന്നെന്തേ അത്ര സങ്കടം തോന്നാന്‍?" "ഞാന്‍ തോറ്റിട്ടില്ല, എനിക്ക് തോക്കണ്ട… എനിക്ക് തോക്കണ്ട." അവള്‍ കരഞ്ഞുകൊണ്ട് എടുത്തടിച്ചതുപോലെ പറഞ്ഞു. ഞങ്ങളുടെ സെഷന്‍ തുടര്‍ന്നു. രാത്രി 11.30 മണിയോടെ ആദ്യ കണ്‍സള്‍ട്ടേഷന്‍ കഴിഞ്ഞ് ഇറങ്ങുമ്പോഴേയ്ക്കും അവളുടെ ഭാവം ശാന്തമായി. മനസ്സ് നിയന്ത്രണവിധേയമായി. കണ്‍സള്‍ട്ടേഷന്‍ ഏതാനും ദിവസങ്ങള്‍, പല സെഷനുകളിലൂടെ പുരോഗമിച്ചു. അവള്‍ മനസ്സുറപ്പ് നേടുന്നതുവരെ. ഇനിയൊരു പരാജയം വന്നാലും തളരാത്ത അവസ്ഥയിലേക്ക് അവളെ ഞങ്ങള്‍ എത്തിച്ചു.

'കുമിളക്കുട്ടന്മാരും തൊട്ടാവാടിക്കുട്ടികളും'
'അയ്യേ, ഇതിനാണോ ഈ കൊച്ച് ആ കടുംകൈ' ചെയ്തത് എന്ന ചിന്തയും അമ്പരപ്പും ഇതെല്ലാം വായിച്ചുകഴിഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് വന്നുവെങ്കില്‍ നിങ്ങളെ കുറ്റംപറയാനാവില്ല. പക്ഷേ, ഇതാണിപ്പോഴത്തെ ട്രെന്‍ഡ്. ഇതാണ് കേരളീയ കുട്ടികളുടെ 'മികച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ' ഫലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന 'റിസള്‍ട്ട്.' ആര്‍ക്കും വഴക്കു പറയാനോ കാര്യമായിട്ടൊന്ന് ഉപദേശിക്കാനോ കനപ്പിച്ചൊന്ന് തിരുത്താനോ പറ്റാത്ത രീതിയില്‍ കൗമാര യുവതലമുറ മാറിക്കൊണ്ടിരിക്കുന്നു. 'ആത്മാര്‍ത്ഥമായി' നിങ്ങള്‍ ശ്രമിച്ചാല്‍ ഇത്തരം 'താര'ങ്ങളെ എല്ലാ വീട്ടിലും 'കൃഷി' ചെയ്തുണ്ടാക്കാം. ഇനി നാളിതുവരെയുള്ള പേരന്‍റിംഗ് കൃഷി രീതിമൂലം വീട്ടില്‍ തൊട്ടാല്‍ പൊട്ടുന്ന 'കുമിളക്കുട്ടന്മാരും' 'തൊട്ടാവാടി കുട്ടികളും' ഉണ്ടായി ചീര്‍ത്തുവീര്‍ത്ത് സെല്‍ഫോണിലും ടിവിയ്ക്കുമുമ്പിലും ജീവിതം കൊണ്ടാടുന്നുണ്ടോ എന്നും പരിശോധിച്ചോളൂ… അയല്‍വീട്ടില്‍ തപ്പേണ്ടി വരില്ല, സ്വന്തം വീട്ടില്‍ത്തന്നെ കാണും, ജാഗ്രതൈ.

വേണം ദശമൂല മനഃശാസ്ത്രരസായനം
കുട്ടികള്‍ ഭരിക്കുന്ന വീടുകളല്ല വേണ്ടത്. ബുദ്ധിയും വികാരങ്ങളും ഉറയ്ക്കാത്ത ബാല്യ-കൗമാരങ്ങള്‍ അച്ചനെയും അമ്മയെയും ഗ്രാന്‍റ് പേരന്‍റ്സിനെയും 'ചാടിക്കളിക്കെടാ കുഞ്ഞിരാമ' എന്ന മട്ടില്‍ തങ്ങളുടെ പിടിവാശി കൊണ്ടും കണ്ണുനീരുകൊണ്ടും കൈകാര്യം ചെയ്യുന്ന ഭവനങ്ങള്‍ ദേശീയ ദുരന്തമായി മാറുകയാണ്. ശിക്ഷണവും ശിക്ഷയും തല്ലും തലോടലും ചേര്‍ന്ന 'ദശമൂലമനഃശാസ്ത്രരസായനം' കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ചോദിക്കുന്നതെല്ലാം വാങ്ങിച്ചുകൊടുക്കാന്‍ പണം കയ്യിലുണ്ടായിരിക്കാം നിങ്ങള്‍ക്കെങ്കിലും ചോദിക്കപ്പെട്ട കാര്യം അനാവശ്യമെങ്കില്‍ അത് ഒഴിവാക്കപ്പെടേണ്ട രീതിയില്‍ ചര്‍ച്ചചെയ്യാന്‍ മാതാപിതാക്കള്‍ തയ്യാറാകണം.

വളര്‍ച്ചയ്ക്കുവേണം തിരിച്ചടികള്‍
തോല്വികളും തിരിച്ചടികളുമാണ് ജീവിതത്തിന്‍റെ നിര്‍ണ്ണായകമായ turning points. അത് വരുമ്പോള്‍ അവ നല്കുന്ന മഹത്തായ മുന്നറിയിപ്പുകളും, ജീവിതത്തിന് മുതല്‍ക്കൂട്ടാകുന്ന പാഠങ്ങളും ഒരാളുടെ ജീവിതത്തെ ശോഭയോടെ മുന്നോട്ടു നയിക്കുന്നുവെന്ന് മാതാപിതാക്കള്‍ മക്കള്‍ക്ക് പല മഹത്വ്യക്തികളുടെയും സ്വന്തം ജീവിതാനുഭവങ്ങളുടെയും വെളിച്ചത്തില്‍ പറഞ്ഞുകൊടുക്കണം. വീഴ്ചകള്‍ നാശമല്ല, മറിച്ച് കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ പ്രകൃതി ഒരുക്കുന്ന ഗോള്‍ഡന്‍ ചാന്‍സുകളാണ് എന്ന് മാതാപിതാക്കളും മക്കളും മനസ്സിലാക്കണം. വൈകാരിക പക്വതനേടാന്‍ തിരിച്ചടികള്‍ ആവശ്യമാണ്. വെയിലത്തു വാടാതിരിക്കാന്‍ വെയിലുകൊണ്ട് അവര്‍ പരിശീലിക്കപ്പെടട്ടെ.

സ്വന്തം കാലില്‍ നില്‍ക്കാം
കുട്ടികള്‍ക്ക് അമിത സംരക്ഷണവും അമിത ഇടപെടലുകളും നല്കുമ്പോള്‍ സ്വന്തംകാലില്‍നിന്ന് വളരാനും പൊരുതി മുന്നേറാനുമുള്ള കഴിവ് അവരില്‍ ഉണരില്ല. അമിതാശ്രയത്തിന്‍റെ 'രൂപങ്ങളും' നല്ല സ്വതന്ത്രചിന്തകള്‍ ഉദിക്കാത്ത 'തിരുമണ്ട'യുമായി കടലാസുനിറയെ മാര്‍ക്കും ജീവിതം മുഴുവനും വട്ടപൂജ്യവുമായി അവര്‍ നിപതിക്കാതിരിക്കട്ടെ. വിജയിച്ചു വരുന്ന സമയത്ത് നല്കുന്ന അതേ കരുതല്‍, സ്നേഹം ഒക്കെ വിജയിക്കാതെ വരുന്ന സമയത്തും നല്കുക. 'Better result next time' അവര്‍ പറഞ്ഞു പഠിക്കട്ടെ. മാര്‍ക്കു കുറഞ്ഞാലും മാര്‍ക്കു കൂടിയാലും ആരുടെയും മുമ്പില്‍ ഞാന്‍ ചെറുതാകില്ല എന്ന ബോധ്യം അവരെ ശക്തിപ്പെടുത്തട്ടെ. മനോധൈര്യവും ആത്മവിശ്വാസവും നമ്മുടെ മക്കളില്‍ ഉണരട്ടെ.

vipinroldant@gmail.com

വെയിലത്തു വാടാത്തവരാക്കാൻ മനശാസ്ത്ര രസായനം ഇതാ

1) ഒന്നും ഓവറാക്കല്ലേ: കൊഞ്ചിച്ചോളൂ, ലാളിച്ചോളൂ മനുഷ്യക്കുട്ടിക്ക് അതുവേണം. അതുമാത്രം പോരാ എന്നതും അറിയണം. ശൈലി മാറ്റണം, ആവശ്യമെങ്കില്‍.

2) പിച്ചിന് പിച്ചും, അടിക്ക് അടിയും ഉത്തമം: തെറ്റു കണ്ടാല്‍, തോന്നാസ്യങ്ങള്‍ കണ്ടാല്‍, അതിനു തക്കതായ ശിക്ഷണനടപടികള്‍ തിരിച്ചറിവാകുന്നതിനനുസരിച്ച് കൊടുക്കണം. Formation തക്കതായില്ലെങ്കില്‍ ലൈഫ് പോക്കാകും. എങ്കിലും അമിതമാകരുത് ശിക്ഷകള്‍.

3) തിരുത്തലുകള്‍ ആവശ്യം കൊടുക്കാം സ്നേഹപൂര്‍വ്വം: നല്ല ശീലങ്ങളും തിരുത്തലുകളും സ്നേഹപൂര്‍വ്വം കൊടുത്തു ചെറുപ്പത്തിലേ പഠിപ്പിക്കണം. ഒന്നും കൊടുക്കാതെ വളര്‍ത്തി ഒരു സുപ്രഭാതത്തില്‍ തിരുത്താന്‍ ചെന്നാല്‍ മക്കള്‍ തിരുത്തല്‍വാദികളാകും.

4) അതിജീവനകഥകള്‍ ചര്‍ച്ചകളാകാം: ജീവിതവഴികളില്‍ കാലിടറിയവര്‍ ശക്തമായി തിരിച്ചുവന്ന ധാരാളം സംഭവങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പോരാട്ടവീര്യം കൂട്ടണം.

5) കൊടുക്കാം സ്വാതന്ത്ര്യം, എന്തും പറയാന്‍: ഏതൊരു പ്രശ്നവും തുറന്നു പറയാന്‍ സ്വാതന്ത്ര്യം ചെറുപ്പത്തിലേ കൊടുക്കണം. അതിനെ അനുകമ്പാപൂര്‍വ്വം കേള്‍ക്കുകയും മനസ്സിലാക്കുകയും വേണം. കേള്‍ക്കുന്നതിനും അറിയുന്നതിനും മുമ്പേ ചാടിക്കടിക്കുകയോ സങ്കടപ്പെടുകയോ അരുത്.

6) വാടുന്നവരാണ് നിങ്ങളെങ്കില്‍ അതാദ്യം തിരുത്താം : മക്കളുടെ ചെറുപരാജയങ്ങളില്‍പോലും ചങ്കുതകരുന്ന ശൈലി മാതാപിതാക്കള്‍ക്കുണ്ടെങ്കില്‍ അതാദ്യം മാറ്റാം. സകുടുംബം മനഃശാസ്ത്രപരിശീലനവും നേടാം. Mental toughness മനഃശാസ്ത്രസഹായത്തോടെ നേടിയെടുക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org