ഈശോയ്ക്കാവശ്യം എളിമയുള്ളവരെ

ഈശോയ്ക്കാവശ്യം എളിമയുള്ളവരെ

ഫ്രാന്‍സിസും സഹജരും ഇന്നസെന്റ് തൃദീയന്‍ പാപ്പയെ കണ്ട് സുവിശേഷപ്രഘോഷണത്തിനായി അനുവാദം യാചിക്കാന്‍ പുറപ്പെട്ടു. പാപ്പ അവരെ നോക്കി. മെലിഞ്ഞ ശരീരം, കുഴിഞ്ഞ കണ്ണുകള്‍, ഒട്ടിയ കവിള്‍ത്തടങ്ങള്‍, മുഷിഞ്ഞ് വൃത്തിഹീനമായ വസ്ത്രങ്ങള്‍, അലങ്കോലമായ മുടി, നഗ്‌നമായ പാദങ്ങള്‍, ഈ പന്ത്രണ്ടുപേര്‍ ആരായിരിക്കും? പാഷണ്ഡികളോ അക്രമികളോ തട്ടിപ്പുകാരോ? "നിങ്ങള്‍ എന്തിനു വന്നു?" പാപ്പയുടെ ചോദ്യം. "സുവിശേഷമനുസരിച്ച് ജീവിക്കാനും പ്രസംഗിക്കാനും വേണ്ടി അനുവാദം വാങ്ങിക്കാന്‍ വന്നതാണ്" ഫ്രാന്‍സിസിന്റെ മറുപടി. പാപ്പാ കോപിഷ്ടനായി: "സുവിശേഷം പ്രസം ഗിക്കാനോ? വൃത്തികെട്ടവരായ നിങ്ങള്‍ പന്നികളുടെ കൂട്ടത്തില്‍ പോയി അവയോട് പ്രസംഗിക്കുക. വേഗം ഇവിടെ നിന്ന് ഇറങ്ങിപ്പോവുക."
അന്നു രാത്രി മാര്‍പാപ്പയ്ക്ക് ഒരു ദര്‍ശനം ഉണ്ടായി. ലാറ്ററന്‍ ദൈവാലയം അടിയോടെ ആടിയുലയുന്നു. ആട്ടത്തി ന്റെ ശക്തി വര്‍ദ്ധിച്ച് ഒരു വശത്തേക്ക് ചരിയുന്നു. അപ്പോഴതാ അരയില്‍ ഒരു കയറുകെട്ടിയ ഒരു പ്രാകൃതവേഷക്കാരന്‍ പള്ളിമുറ്റത്തേയ്ക്ക് ഓടി വരുന്നു. ആ പാവപ്പെട്ട മനുഷ്യന്‍ ദൈവാലയം ചരിഞ്ഞുവരുന്നതു കണ്ടില്ലെന്നു തോന്നുന്നു. അയാള്‍ കെട്ടിടത്തിനടിയില്‍പ്പെട്ട് മരിക്കുമല്ലോ! പാപ്പ വിളിച്ചു പറഞ്ഞു: "നില്‍ക്കണേ, അടുത്തുവരല്ലേ, പള്ളി മറിഞ്ഞു വീഴുന്നു." എന്നാല്‍ സ്വരം പുറത്തേയ്ക്കു വരുന്നില്ല. അത്ഭുതമേ! ഇതാ ആ പാവപ്പെട്ട മനുഷ്യന്‍ പള്ളിയുടെ ഭിത്തിയില്‍ മെല്ലെയൊ ന്നു തള്ളുന്നു. ഭിത്തി നേരെയാകുന്നു. പാപ്പ അയാളെ സൂക്ഷിച്ചു നോക്കി. പതിനൊന്നു പേരെ നയിച്ചുകൊണ്ട് ഇന്നലെ തന്റെ മുന്‍പില്‍ വന്നു കയറിയ ആ പാവപ്പെട്ട മനുഷ്യന്‍ തന്നെ അയാള്‍! സ്വപ്നം അവസാനിച്ചു. പിറ്റേന്ന് പാപ്പ അദ്ദേഹത്തെ തിരക്കി ആളയച്ചു. എവിടെയും കാണാനില്ല. ഒടുവിലതാ റോമാ നഗരത്തിന്റെ ഒരു ഒഴിഞ്ഞ മൂലയില്‍ പന്നിക്കൂട്ടില്‍ ഫ്രാന്‍സിസും അനുയായികളും നിന്ന് പന്നി കളോട് പ്രസംഗിക്കുന്നു! പാപ്പ അവരെ സ്വീകരിച്ച് ഖേദം പ്രകടിപ്പിച്ചു. ഫ്രാന്‍സിസിന് 6-ാം പട്ടവും മറ്റുള്ളവര്‍ക്ക് 1-ാം പട്ടവും നല്‍കി. എളിമയുള്ളവരിലൂടെ മാത്രമേ ഈശോ തന്റെ സഭയെ പടുത്തുയര്‍ത്തുകയുള്ളൂ. പ്രൗഢിയും പ്രതാപവും ലോകരക്ഷയ്ക്ക് ഈശോയ്ക്ക് ആവശ്യമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org