തൊഴിലിന്റെ അന്തസ്സ്

തൊഴിലിന്റെ അന്തസ്സ്

അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന അബ്രഹാം ലിങ്കണെക്കുറിച്ചുള്ള ഒരു സംഭവകഥയാണിത്. തിരഞ്ഞെടുപ്പിനു ലിങ്കണെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്താന്‍ തീരുമാനിച്ച് പ്രചാരണയോഗങ്ങള്‍ തുടങ്ങാനിരിക്കുന്ന നേരം. പ്രസംഗവേദിക്കു മുമ്പില്‍ രണ്ടു തടിക്കഷണങ്ങള്‍ ലിങ്കന്‍റെ ഒരു സുഹൃത്തു കൊണ്ടുവന്നിട്ടു. അവിടെ തടിച്ചുകൂടിയിരുന്ന ജനം അത്ഭുതത്തോടെ ഈ കാഴ്ച കണ്ടുനിന്നു. തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിലേക്ക് ഈ തടിക്കഷണങ്ങള്‍ കൊണ്ടുവന്നതെന്തിനാണെന്നു ജനം അമ്പരന്നു. താമസിയാതെ ആ സുഹൃത്ത് കാരണം വിശദമാക്കി. അദ്ദേഹം പറഞ്ഞു: "എന്‍റെ സുഹൃത്ത് ലിങ്കണ്‍ ഒരൊന്നാന്തരം വിറകുവെട്ടുകാരനാണ്. അദ്ദേഹം വെട്ടിക്കീറിയ ഒരായിരം തടിക്കഷണങ്ങളില്‍ രണ്ടെണ്ണമാണ് ഈ കിടക്കുന്നത്. അദ്ധ്വാനത്തിന്‍റെ മൂല്യമറിയുന്ന ലിങ്കണ്‍ ഈ നാടിന്‍റെ നന്മയ്ക്കായി അക്ഷീണം പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല."

വലിയ കരഘോഷങ്ങളോടെ ജനം ആര്‍ത്തുവിളിച്ചു. ജനസമ്മതനായ ഒരു നേതാവായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

മഹാന്മാരില്‍ പലരും വളരെ സാധാരണ ജീവിതം നയിച്ചിരുന്നവരായിരുന്നു. തൊഴില്‍ എന്തുതന്നെയാവട്ടെ, എല്ലാ തൊഴിലിനും അതിന്‍റേതായ അന്തസ്സുണ്ട്. ഒരു തൊഴിലും ചെയ്യാതെ അലസരായി ഇരുന്നു ജീവിതം ചെലവഴിക്കുന്നതാണ് അന്തസ്സില്ലാത്ത കാര്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org