ത്യാ​ഗംകൊണ്ടാണ് സ്നേഹത്തെ അളക്കേണ്ടത്

ത്യാ​ഗംകൊണ്ടാണ് സ്നേഹത്തെ അളക്കേണ്ടത്

ആഴിയുടെ അടിത്തട്ടില്‍ ആരാലും അറിയപ്പെടാതെ കിടക്കുമ്പോള്‍ ആത്മസംതൃപ്തി അനുഭവിക്കാന്‍ കഴിയാതെ ഒരു മുത്തുച്ചിപ്പി ദൈവത്തോടു പ്രാര്‍ത്ഥിച്ചു: "ദൈവമേ, ഏതെങ്കിലും ഒരു പാവപ്പെട്ട മുക്കുവന്‍ ഈ കടലിന്‍റെ അടിത്തട്ടിലേക്ക് ഇറങ്ങി വരണമേ. എന്നെ കണ്ടെത്തണമേ. തപ്പി എടുക്കണമേ. ചിപ്പി പിളര്‍ത്തണമേ. മുത്തെടുക്കണമേ. ചന്തയില്‍ കൊണ്ടുപോയി വില്ക്കണമേ. വിറ്റുകിട്ടുന്ന പണംകൊണ് ഒരു നേരത്തെ ആഹാരം വാങ്ങി അയാളുടെ പട്ടിണി കിടക്കുന്ന ഭാര്യയ്ക്കും മക്കള്‍ക്കും കൊടുക്കണമേ. അങ്ങനെ ആരുടെയെങ്കിലും ആഹാരമായി തീര്‍ന്ന് അവര്‍ക്ക് ഒരുപകാരം ചെയ്യാന്‍ സാധിച്ച സംതൃപ്തി എനിക്കു ലഭിക്കുമാറാകട്ടെ. "

കടലിന്‍റെ അടിത്തട്ടില്‍ ഇഴഞ്ഞു നീങ്ങിയപ്പോള്‍ മുറിവേറ്റ തന്‍റെ മാസത്തില്‍ തറഞ്ഞിരുന്ന മണല്‍ത്തരി, സ്വന്തം ശരീരത്തില്‍ സൂക്ഷിച്ച്, മാംസവും രക്തവുംകൊണ്ടു പൊതിഞ്ഞു ജീവിച്ചപ്പോള്‍ അധികം വേദനിച്ചു. എങ്കിലും എല്ലാം സഹിച്ച്, മാസങ്ങളോളം മണല്‍ത്തരിയെ കൊണ്ടുനടന്നു. ഒടുവില്‍ അതു മുത്തായി രൂപാന്തരപ്പെട്ടു. ഇതുവരെ സഹിച്ച വേദന കൂടാതെ ഇനിയും വേദന സഹിക്കണം. കടലില്‍ നിന്ന് എടുത്തുകൊണ്ടുപോകുമ്പോള്‍ വേദനിക്കും. ചിപ്പി ബലമായി പൊളിച്ചു മുത്ത് അടര്‍ത്തിയെടുക്കുമ്പോള്‍ വേദനിക്കും. പക്ഷേ, അവസാനം അന്യന്‍റെ ആഹാരത്തിനു വകയായി തീരുമ്പോള്‍ നന്മ ചെയ്ത സംതൃപ്തി കൂട്ടിനുണ്ടാകും. മുത്തുച്ചിപ്പിയുടെ പ്രാര്‍ത്ഥന നന്മ ചെയ്യാന്‍ നമുക്കു പ്രചോദനമാകട്ടെ. "കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല, പ്രവൃത്തിയിലും സത്യത്തിലുമാണു നാം സ്നേഹിക്കേണ്ടത്." മറ്റുള്ളവര്‍ക്കുവേണ്ടി നാം അനുഭവിക്കുന്ന ത്യാഗം കൊണ്ടാണു നമ്മുടെ സ്നേഹത്തെ അളക്കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org