Latest News
|^| Home -> Suppliments -> ULife -> അവഗണനയുടെ വേനല്‍ചൂടില്‍ യൗവനത്തിന്‍റെ ജലാംശം നഷ്ടപ്പെടുത്തുമ്പോള്‍ ഓര്‍ക്കുക, ഇത് യുവജനവര്‍ഷമാണ്

അവഗണനയുടെ വേനല്‍ചൂടില്‍ യൗവനത്തിന്‍റെ ജലാംശം നഷ്ടപ്പെടുത്തുമ്പോള്‍ ഓര്‍ക്കുക, ഇത് യുവജനവര്‍ഷമാണ്

Sathyadeepam

ടിജോ പടയാട്ടില്‍
K.C.Y.M. പ്രസിഡന്‍റ്,
എറണാകുളം-അങ്കമാലി അതിരൂപത

“നിങ്ങള്‍ എന്തിനാണു മടിച്ചുനില്‍ക്കുന്നത്? ഇത് നിങ്ങള്‍ക്കുള്ളതാണ്. ഇത് ഭാരതസഭയുടെ പുതിയ പരീക്ഷണമാണ്. ഈ പരീക്ഷണം വിജയിച്ചാല്‍ കേരളത്തിലെ മറ്റ് രൂപപതകളിലേയ്ക്കും യുവജനപ്രവര്‍ത്തനം നമുക്ക് വ്യാപിപ്പിക്കാം. തൊഴിലാളികളെ നമുക്ക് നഷ്ടപ്പെട്ടതുപോലെ യുവജനങ്ങളെ നഷ്ടപ്പെടുവാന്‍ നാം ഇടവരുത്തരുത്. യുവജനങ്ങളില്‍ താത്പര്യമെടുക്കാന്‍ മെത്രാന്മാര്‍ക്ക് ആഗ്രഹമുണ്ട്.”

ഭാരതകത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായി കത്തോലിക്കാ യുവജന സംഘടന കളമശ്ശേരിയില്‍ 1959 ഫെബ്രുവരി 13-ാം തീയതി ECYA എന്ന പേരില്‍ രൂപീകരിച്ചപ്പോള്‍ ഉദ്ഘാടനം ചെയ്ത ബോംബെ ആര്‍ച്ച്ബിഷപ് കാര്‍ഡിനല്‍ വലേറിയന്‍ ഗ്രേഷ്യസ് സംസാരിച്ച വാക്കുകളാണിവ. അതൊരു പ്രവചനമായിരുന്നു. കാലഘട്ടത്തിനാവശ്യമായ ഒരു പ്രസ്ഥാനത്തിനുവേണ്ടി കൊതിച്ചൊരു സമൂഹത്തിന്‍റെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിക്കൊണ്ട് കേരളത്തിലെമ്പാടുമുള്ള രൂപതകളിലും ദേശീയതലത്തിലും ഔദ്യോഗികമായും അനൗദ്യോഗികമായും യുവജനപ്രസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടു. വിമോചന സമരവും വിദ്യാഭ്യാസ സമരവും എല്ലാം കൊടുമ്പിരി കൊണ്ടപ്പോള്‍ സമരങ്ങളിലും പ്രതിഷേധ പരിപാടികളിലും സഭാത്മകമായ നിലപാടുകളാലും പ്രവര്‍ത്തനങ്ങളാലും വ്യത്യസ്തരായ കത്തോലിക്കാ യുവജന സംഘടനകളുടെ വളര്‍ച്ച ശരവേഗത്തിലായിരുന്നു. “സഭയ്ക്കുവേണ്ടിയും, സമൂഹത്തിനുവേണ്ടിയും” എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പ്രസ്ഥാനം സഭയിലേയും സമൂഹത്തിലേയും നിര്‍ണ്ണായകശക്തിയായി അക്കാലങ്ങളില്‍ നിലനിന്നിരുന്നു എന്നുള്ളത് ചരിത്രസത്യമാണ്.

കേരളത്തിലെ 3 റീത്തുകളിലും യുവജനസംഘടനകള്‍ വളരെ സജീവമാണ്. 1978-ല്‍ റീത്തു വ്യത്യാസങ്ങള്‍ക്കതീതമായി കേരള കത്തോലിക്കാ സഭയിലെ യുവജനങ്ങളെ ഒരു കുടക്കീഴില്‍ ഒന്നിച്ചണിനിരത്തണമമെന്ന KCBC തീരുമാനപ്രകാരം സ്ഥാപിതമായ KCYM-ന്‍റെ വരവോടെയാണ് കത്തോലിക്കാ യുവജന സംഘടനകള്‍ക്ക് പുതിയ മാനം കൈവന്നത്. ഇടവകതലം മുതല്‍ സംസ്ഥാനതലം വരെ കേരള കാത്തലിക് യൂത്ത് മൂവ്മെന്‍റ് അഥവാ KCYM എന്ന പേരിലും ദേശീയ തലത്തില്‍ ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്‍റും അഥവാ ICYM എന്ന പേരിലും അന്താരാഷ്ട്രതലത്തില്‍ ‘മിജാര്‍ക്ക്’ എന്ന യുവജന കാര്‍ഷികസംഘടനയുമായി അഫിലിയേറ്റ് ചെയ്തു ബൃഹത്തായ ഒരു ചങ്ങലയുടെ ഒഴിവാക്കാനാവാത്ത ഒരു കണ്ണിയായി ഓരോ കത്തോലിക്കാ യുവജന പ്രവര്‍ത്തകനും മാറിക്കഴിഞ്ഞിരുന്നു. ആശയങ്ങള്‍ പങ്കുവച്ച് വളരുവാനും ബന്ധങ്ങള്‍ സ്ഥാപിച്ച് ആഗോളതലത്തില്‍ വരെ അവസരങ്ങളുടെ വേദി മലര്‍ക്കെ തുറക്കുവാനും KCYM പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഇതിനെല്ലാം ആധാരമായത് സഭാനേതൃത്വത്തിന്‍റെ പ്രോത്സാഹനങ്ങളായിരുന്നുവെന്ന് മുന്‍കാല നേതാക്കന്മാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ അറുപതു വര്‍ഷങ്ങള്‍ക്കിപ്പുറം യുവജനസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ശരശയ്യയില്‍ ഒതുങ്ങുകയാണോ എന്ന ആശങ്കയാണ് ഇനി പങ്കുവയ്ക്കുവാനുള്ളത്. യുവജനങ്ങള്‍ക്കായി പരിശുദ്ധ മാര്‍പാപ്പ സിനഡ് പ്രഖ്യാപിച്ചതിന്‍റെ സാഹചര്യത്തില്‍ സഭാ നേതൃത്വത്തോട് ആവശ്യപ്പെട്ടത് നിങ്ങള്‍ യുവജനങ്ങളെ ശ്രവിക്കുക എന്നായിരുന്നു. യുവജനങ്ങളെ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനുമുള്ള ആഗ്രഹത്തോടെയാണ് സഭയുടെ പ്രാര്‍ത്ഥനയും സൂക്ഷ്മദൃഷ്ടിയും പഠനവും എന്ന് മുന്‍വര്‍ഷങ്ങളേക്കാളധികമായി ആവര്‍ത്തിക്കുമ്പോള്‍ മുന്‍പെങ്ങുമില്ലാത്ത അവഗണന യുവജനപ്രവര്‍ത്തകര്‍ നേരിടുന്നു എന്നുള്ളതാണ് വാസ്തവം. യുവജനങ്ങളുടെ പങ്കാളിത്തം തന്നെ ആദ്യം പരിശോധിക്കാം. 60%-ത്തോളം യുവജനങ്ങള്‍ യുവജനസംഘടനയുടെ ഭാഗമായിരുന്ന പഴമയുടെ ഓര്‍മ്മകള്‍ അയവിറക്കുന്ന പൂര്‍വ്വികര്‍ 30% ആളുകള്‍ മാത്രം അംഗങ്ങളായിരിക്കുന്ന നിലവിലെ സംഘടനയിലെ നേതാക്കന്മാരെ സഹതാപത്തോടെയാണ് നോക്കിക്കാണുന്നത്. മാറിനില്‍ക്കുന്ന യുവജനങ്ങളെ പ്രസ്ഥാനത്തിലോട്ട് ആകര്‍ഷിക്കുവാന്‍ സാധിക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യുവാന്‍ നേതാക്കള്‍ക്ക് സാധിക്കുന്നില്ല എന്നുമാത്രമല്ല അവരെ പ്രസ്ഥാനത്തിലോട്ട് വിളിച്ചു ചേര്‍ക്കുവാന്‍ ഉത്തരവാദിത്വപ്പെട്ട സഭാനേതൃത്വം അതു ചെയ്യുന്നില്ല എന്ന വസ്തുതയും ഇവിടെ പരാമര്‍ശിക്കേണ്ടതാണ്. “ത്രസിപ്പിക്കുന്ന യുവത്വത്തെ ശരിയായി വിനിയോഗിക്കാത്തതെന്തേ….? എന്ന ചോദ്യത്തിന് “തീക്കനലാരെങ്കിലും മടിയില്‍വച്ച് നടക്കുമോ?” എന്ന് മറുപടി പറഞ്ഞ വൈദികന്‍റെ ചിന്തയും ഇവിടെ പങ്കുവയ്ക്കട്ടെ.

പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രോത്സാഹനവും ഇതില്‍ പ്രധാനമാണ്. യുവജനസംഘടനകളില്‍ സജീവസാന്നിധ്യമായിരിക്കുന്നവര്‍ക്കുപോലും പ്രോത്സാഹനങ്ങള്‍ നല്കുവാനും പഠന, തൊഴില്‍ മേഖലകളില്‍ പരിഗണന നല്കുവാനും പിശുക്കു കാണിക്കുന്ന സഭാനേതൃത്വത്തെ വിമര്‍ശിക്കാന്‍ സംഘടനാംഗങ്ങള്‍ പോലും രംഗത്തു വരുന്നത് അവഗണന നല്കുന്ന ദുഃഖം ഒന്നുകൊണ്ട് മാത്രമാണ്.

യുവജന സംഘടനകളുടെ പ്രവര്‍ത്തനശൈലിയില്‍ മാറ്റം അനിവാര്യമെന്ന് തീരുമാനമെടുത്ത് നടപ്പിലാക്കുന്ന സഭാ നേതൃത്വത്തോടുള്ള യുവജനങ്ങളുടെ വിയോജിപ്പും ഇവിടെ പരാമര്‍ശിക്കപ്പെടേണ്ടതാണ്. 15 മു തല്‍ 35 വയസ്സുവരെയുള്ള പ്രായപരിധിയില്‍ യുവജനങ്ങള്‍ സംഘടിതശക്തിയായി മുന്നോട്ടു പോകുമ്പോള്‍ ആഗോള യുവജന പ്രായപരിധി നടപ്പിലാക്കുവാന്‍ വേണ്ടി 30 വയസ്സാക്കി യുവജന സംഘടനാ പ്രായപരിധി വെട്ടിച്ചുരുക്കിയ KCBC നടപടിയെ കടുത്ത എതിര്‍പ്പോടെയാണ് യുവജനങ്ങള്‍ എതിരേറ്റത്. യുവജനങ്ങളോടൊപ്പമായിരിക്കണമെന്നും അവരെ ശ്രദ്ധിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെടുന്ന സമയത്താണ് യുവജനങ്ങളുമായി യാതൊരു ചര്‍ച്ചയും നടത്താതെ KCBC തീരുമാനം എടുത്തത്. റീത്തുകള്‍ക്ക് അതീതമായി പ്രവര്‍ത്തിച്ചുവരുന്ന KCYM പ്രസ്ഥാനത്തിന്‍റെ ശക്തികുറച്ച് റീത്തുതലത്തില്‍ യുവജന സംഘടനകളെ രൂപീകരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ പ്രോത്സാഹനം നല്കുന്നതും യുവജനങ്ങളുടെ മനസ്സ് വായിച്ചറിഞ്ഞിട്ടല്ല. ഒരു വലിയ തണല്‍മരത്തെ മുറിച്ചു വെട്ടിമാറ്റി 3 ബോണ്‍സായി ചെടികള്‍ വളര്‍ത്തിയെടുത്താല്‍ ഗുണകരമാകുമോ എന്ന് പരിശോധിക്കേണ്ടതാണ്. ഇപ്രകാരം യുവജനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ചര്‍ച്ചകളില്‍ പോലും യുവജന പങ്കാളിത്തം ഉറപ്പുവരുത്താത്തത് യുവജനങ്ങളോടുള്ള അവഗണനയുടെ നേര്‍സാക്ഷ്യമാണ്. യുവജനശുശ്രൂഷയും ദൈവവിളിയാണെന്നുള്ള തിരിച്ചറിവോടെ പ്രവര്‍ത്തിക്കണമെന്ന് യുവജനവര്‍ഷത്തില്‍ മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്ന അവസരങ്ങളിലാണ് ഇത്തരം അവഗണനകള്‍ നേരിടേണ്ടി വരുന്നത്.

വിപ്ലവം വിരിയുന്ന പ്രായമായതിനാലും പ്രസരിപ്പ് കൂടുന്ന സമയമായതിനാലും പ്രതിഷേധസ്വരം യുവജനങ്ങളില്‍ നിന്നും ഉയരുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത് സംഘടനാചട്ടക്കൂടുകളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല എന്ന പരിഭവം യുവജനനേതൃ യോഗത്തില്‍ പങ്കുവച്ച വൈദികനെ ഈയവസരത്തില്‍ ഓര്‍ക്കുകയാണ്. ആ യുവജനനേതാവിന്‍റെ മറുപടി ഇപ്രകാരമായിരുന്നു. “ആരാണ് ഈ തലമുറയിലെ യുവജനങ്ങള്‍ക്ക് ജീവിക്കുന്ന മാതൃക?” അത് സഭാ നേതൃത്വത്തില്‍ നിന്ന് ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിശബ്ദതമായിരുന്നു വൈദികന്‍റെ മറുപടി.

യുവജനങ്ങള്‍ക്കായി ധാരാളം സംഘടനകളും പ്രസ്ഥാനങ്ങളും സമൂഹത്തില്‍ സജീവമാണ്. കൂടുതല്‍ പരിഗണന ലഭിക്കുന്ന യുവജന പ്രസ്ഥാനങ്ങളിലേക്ക് നമ്മുടെ യുവജനങ്ങള്‍ ചേക്കേറുവാന്‍ തീരുമാനിച്ചാല്‍ പിന്നെയൊരു തിരിച്ചുവരവ് അസാധ്യമാകും. പാലക്കാട് വിക്ടോറിയ കോളേജിലെ അധ്യാപികയ്ക്ക് കോളേജില്‍ കുഴിമാടം തീര്‍ത്ത വിദ്യാര്‍ത്ഥി യുവജന സംഘടനയെക്കാളും എറണാകുളം മഹാരാജാസ് കോളേജില്‍ പ്രധാനാധ്യാപകന്‍റെ കസേര കത്തിച്ച വിദ്യാര്‍ത്ഥി സംഘടനയെക്കാളും രാജ്യദ്രോഹത്തിനും വര്‍ഗ്ഗീയതയ്ക്കും മുന്‍തൂക്കം കൊടുക്കുന്ന ഇതര സമുദായ യുവജന സംഘടനയെക്കാളും രക്തത്തിന്‍റെ ഗന്ധവും നിറവുമുള്ള മറ്റ് യുവജന സംഘടനകളുടെ തീവ്രതയെക്കാളും ഒരു പടി മുന്‍പില്‍ തന്നെയാണ് കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനം.

ആ പരിഗണനയാണ് യുവജന സംഘടനകളും പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. ഇല്ലെങ്കില്‍ യുവജന സംഘടനയുടെ ഉദ്ഘാടനവേളയില്‍ പറഞ്ഞതുപോലെ യുവജനങ്ങള്‍ നഷ്ടപ്പെടുവാന്‍ നിലവിലെ സാഹചര്യം ഇടയാക്കും. ചോദിക്കാനുള്ളത് ഇത്രമാത്രം… “നിങ്ങള്‍ ആരെയാണ് ഭയക്കുന്നത്. ഓര്‍ക്കുക. യുവജനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും വേണ്ടിയുള്ളതാണ്. തിന്മ കണ്ടാല്‍ ഞങ്ങള്‍ പ്രതിഷേധസ്വരമുയര്‍ത്തും. അത് സഭയിലായാലും സമൂഹത്തിലായാലും.”

Leave a Comment

*
*