ടൈം ഔട്ട്

ടൈം ഔട്ട്

ഡോ. ജോബി മലമേല്‍ സിഎംഐ
എസ്.എച്ച്. മോണാസ്ട്രി, തേവര

ആശ്രമത്തിലെ ടിവി മുറിയിലൂടെ അലക്കുന്ന സ്ഥലത്തേക്ക് വേഗത്തില്‍ പോകുമ്പോഴാണ് കുറച്ചുപേര്‍ അവിടെയിരുന്ന് ടിവിയില്‍ ബാസ്ക്കറ്റ് ബോള്‍ കളി കാണുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ബാസ്ക്കറ്റ് ബോള്‍ കളിയോട് മനസ്സില്‍ അല്പം താത്പര്യമുള്ളതുകൊണ്ടാകാം അല്പനേരം ഞാനും അവിടെനിന്ന് മത്സരം വീക്ഷിച്ചു. വാശിയേറിയ മത്സരത്തില്‍ ഒരു ടീം പത്തു പോയിന്‍റുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു. മത്സരത്തില്‍ പിന്നിലായതിന്‍റെ അസ്വസ്ഥത ആ ടീമിന്‍റെ കോച്ചിനെ തെല്ലൊന്ന് ചൊടിപ്പിച്ചിട്ടുണ്ട്. പിന്നിലായ ടീമിന്‍റെ കോച്ചിന്‍റെ നിര്‍ദ്ദേശപ്രകാരം റഫറി ടൈം ഔട്ട് വിളിച്ചു. ഇരു ടീമിന്‍റെയും കോച്ചുകള്‍ അവരുടെ മത്സരസമയത്തുണ്ടായ പാകപ്പിഴകളും വീഴ്ചകളുമൊക്കെ പറഞ്ഞുകൊടുക്കുന്നു. ഞാനീസമയം അലക്കുന്ന സ്ഥലത്തേക്കുപോയി. അലക്കുകഴിഞ്ഞ് തിരിച്ച് നടക്കുന്നതിനിടയില്‍ മനസ്സിലെ ആകാംക്ഷകൊണ്ട് തന്നെ മത്സരഫലം അറിയാന്‍ ഞാന്‍ ടിവിയിലേക്ക് നോക്കി. മത്സരം തീരാന്‍ ഏതാനും മിനിറ്റുകള്‍ ബാക്കി. ആദ്യം പിന്നിലായിരുന്ന ടീം ഇപ്പോള്‍ ഏതാനും പോയിന്‍റുകള്‍ക്ക് മുന്നിലായിരിക്കുന്നു.

നമ്മുടെയുമൊക്കെ ജീവിതം ഒരു തരത്തില്‍ ഈ ബാസ്ക്കറ്റ് ബോള്‍ കളിയല്ലേ? ജീവിതമാകുന്ന കളിയുടെ റഫറി നാമോരോരുത്തരും തന്നെ. ജീവിതത്തില്‍ ഇടറിപ്പോകുന്ന, പതറിപ്പോകുന്ന നിമിഷങ്ങളറിഞ്ഞ് വീഴ്ചകളും താഴ്ചകളും മനസ്സിലാക്കി ടൈം ഔട്ട് വിളിക്കേണ്ടത് സ്വന്തം ഉത്തരവാദിത്വം മാത്രം. ഇന്നോളം എന്‍റെ ജീവിതത്തില്‍ ഉണ്ടായ അരുതായ്മകളെ അതിജീവിച്ച് കൂടുതല്‍ ആര്‍ജ്ജവത്തോടെ കുതിക്കുവാന്‍ ഇടയ്ക്ക് ഒരു ടൈം ഔട്ട് ജീവിതത്തില്‍ നല്ലതല്ലെ?

കൊറോണയെന്ന ലോകപ്രതിസന്ധിയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. മനുഷ്യബുദ്ധിക്ക് പോലും അവിശ്വസനീയമാം വിധം ഒരു മണ്‍തരിയുടെ വലിപ്പംപോലുമില്ലാത്ത ഒരു പീറ വൈറസ് കോടിക്കണക്കിന് (ശരിയായ കണക്കല്ല) കോശങ്ങള്‍കൊണ്ട് നിര്‍മ്മിതമായ മനുഷ്യശരീരത്തില്‍ ആനന്ദനടനം ആടുന്നത് തീര്‍ത്തും അത്ഭുതാവഹം തന്നെ. എന്തൊക്കെ സംരക്ഷണ വലയങ്ങളാണ് ഈ ഇത്തിരിപ്പോന്ന വൈറസിനെ പ്രതിരോധിക്കാന്‍ ഇതിനോടകം നാം തീര്‍ത്തിട്ടുള്ളത്.

ക്ലാസ്സുകളെല്ലാം അടച്ചിട്ടിരിക്കുന്നു, ഹോട്ടലുകള്‍ പൂട്ടിയിരിക്കുന്നു, മാളുകള്‍ ഒന്നും 31 വരെ തുറക്കില്ല. സിനിമാ തീയേറ്ററുകളും കൊറോണ ഭീതിയില്‍ അടഞ്ഞിരിക്കുന്നു. ഇതിനെല്ലാം പുറമെ, ഇന്നലെവരെ എന്‍റെ സ്വന്തം നിയന്ത്രണത്തിലായിരുന്ന എന്‍റെ ശരീരത്തെപ്പോലും ഒന്നുതൊടുവാന്‍ എനിക്ക് സാധിക്കുന്നില്ല. അറിഞ്ഞുകൊണ്ട് എന്‍റെ മുഖത്ത് ഒന്നു സ്പര്‍ശിക്കുവാനോ, ആശ്വാസത്തോടെ ഒന്ന് തുമ്മുവാനോ, ചീറ്റുവാനോ എന്തിനേറെ മുഖത്ത് ഒന്നു ചൊറിയാന്‍ പോലുമുള്ള എന്‍റെ സ്വാതന്ത്ര്യം കൊറോണയെന്ന ആ കശ്മല്ലന്‍ കവര്‍ന്നെടുത്തിരിക്കുന്നു. ഇത് ശരിക്കും ഒരു പീഡാനുഭവകാലത്തിന്‍റെ പ്രതീതി തരുന്ന ഒരു കൊറോണകാലം. ഒരു കൊറോണ വൈറസിനെക്കുറിച്ചുള്ള ഭീതിയില്‍ ഇത്രയൊക്കെ നിയന്ത്രണങ്ങള്‍ നമുക്ക് ചെയ്യാന്‍ സാധിക്കുന്നുവെങ്കില്‍, നമ്മുടെ ബുദ്ധിയും മനസ്സും പ്രവൃത്തികളുമൊക്കെ മറ്റുള്ളവര്‍ക്ക് അപകടകരമാകാതിരിക്കാന്‍ നമുക്ക് സാധിക്കും എന്ന ഒരു വലിയ സത്യം ഈ കൊറോണ കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഇത്രയും പോന്ന മനുഷ്യസമൂഹത്തെ ഒരു വലിയ സത്യം പഠിപ്പിക്കാന്‍ മനുഷ്യശരീരത്തിന്‍റെ ഒരംശംപോലും വലുപ്പമില്ലാത്ത ഒരു വൈറസ് വേണ്ടിവന്നു എന്നുള്ളതാണ് ഏറ്റവും ചിന്തനീയമായ വസ്തുത.

ദൈവവചനം നമ്മോട് സംസാരിക്കുന്നു. (യോഹന്നാന്‍ നീതിയുടെ മാര്‍ഗ്ഗത്തിലൂടെ നിങ്ങളെ സമീപിച്ചു. നിങ്ങള്‍ അതില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല (മത്താ. 21:32).)

പ്രിയമുള്ളവരെ, ഈ 'കൊറോണാകാലം' നമുക്കുള്ള ഒരു മുന്നറിയിപ്പാണോ? അധാര്‍മ്മികതയുടെ അന്ധതയില്‍ നിന്നും ധാര്‍മ്മികതയുടെ ആത്മീയതയിലേക്കുള്ള ഒരു തിരിച്ചുപോക്ക് ഈ പ്രത്യേക സാഹചര്യം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നില്ലേ? തന്‍റെ കുരിശുമരണത്തെ കര്‍ത്താവ് ഉപമിച്ചിട്ടുള്ളതുതന്നെ ഒരു സ്ത്രീ അനുഭവിക്കുന്ന ഈറ്റ്നോവിനോടാണ്. 10 മാസം ഗര്‍ഭം ധരിച്ച് വേദനയോടെ പ്രസവിച്ച കുഞ്ഞിന്‍റെ ജീവന്‍റെ മേല്‍ കൊലവിളിയുയര്‍ത്തുന്ന അമ്മമാര്‍, അമ്മയുടെ ചാരിത്രശുദ്ധിയില്‍ സംശയം തോന്നി ജന്മം നല്കിയ സ്വന്തം അമ്മയെ ഇല്ലാതാക്കുന്ന മക്കള്‍, കാമഭ്രാന്തിന്‍റെ അഴുക്കുചാലില്‍ സ്വന്തം പേരക്കുട്ടികളെ പോലും മറന്നുപോകുന്ന മുത്തച്ഛന്മാര്‍, സ്വന്തം നേട്ടങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാന്‍ ഇതുവരെ മുറുകെപിടിച്ച പല ആദര്‍ശങ്ങളും മറന്നുപോകുന്ന പൊതുപ്രവര്‍ത്തകര്‍.

കഷ്ടം! നമ്മുടെ സമൂഹത്തിന് എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു. ഒരിക്കലും കഴുകികളയാനാവാത്ത വിധം കറപുരണ്ട ജന്മങ്ങളായി മനുഷ്യമനസ്സുകള്‍ ജീര്‍ണ്ണിച്ചു തുടങ്ങിയിരിക്കുന്നു. ജീവിതത്തില്‍ ഉടന്‍തന്നെ ഒരു ടൈം ഔട്ട് വിളിക്കേണ്ട സന്ദര്‍ഭം. അധാര്‍മ്മികതയുടെ അന്ധതയില്‍ ആറാടി, ജീവിതത്തില്‍ ടൈം ഔട്ട് വിളിക്കാന്‍ മറന്നുപോയ മനുഷ്യന് ജീവന്‍റെ തന്നെ ദാതാവായ ദൈവം എന്ന വലിയ റഫറി നല്കിയ ടൈം ഔട്ട് അല്ലേ, ഈ കൊറോണ കാലം.

കര്‍ത്താവിന്‍റെ കുരിശുമരണത്തിന് ഒരുക്കമായുള്ള ഒരു പീഡാനുഭവയാത്രയായി നമുക്കിതിനെ സ്വീകരിക്കാം. ഒരു പീഡാനുഭവത്തിനു ശേഷം ഒരു ഉയിര്‍പ്പ് കാലമുണ്ട് എന്ന സത്യം നമുക്ക് മറക്കാതിരിക്കാം. ദൈവവചനം നമ്മെ ശക്തിപ്പെടുത്തട്ടെ!

അവിടുന്ന് നിന്നെ വേടന്‍റെ കൈയില്‍നിന്നും, മാരകമായ മഹാമാരിയില്‍ നിന്നും രക്ഷിക്കും. തന്‍റെ തൂവലുകള്‍കൊണ്ട് അവിടുന്ന് നിന്നെ മറച്ചുകൊള്ളും. അവിടുത്തെ ചിറകുകളുടെ ഇടയില്‍ നിനക്ക് അഭയം നല്കും. അവിടുത്തെ വിശ്വസ്തത നിങ്ങള്‍ക്ക് കവചവും പരിചയം ആയിരിക്കും. കര്‍ത്താവിന്‍റെ സുവിശേഷ മൂല്യം കൈമോശം വന്ന കാപട്യത്തിന്‍റെ, അഴിമതിയുടെ, വഞ്ചനയുടെ, അധികാര ദുര്‍വിനിയോഗത്തിന്‍റെ, അഹംഭാവത്തിന്‍റെ, അഴുക്ക് ചാലുകള്‍, നമുക്ക് മുഖംമൂടിയായിട്ടുണ്ടെങ്കില്‍, പ്രിയമുള്ളവരെ ഇതൊരു തിരിച്ചുപോക്കിന്‍റെ സമയമാണ്. തിരിച്ചറിവോടെയുള്ള ഒരു തിരിച്ചുപോക്ക്. ഒത്തിരി തെറ്റുകളുടെ തേരില്‍നിന്നിറങ്ങി, ഒത്തിരി നല്ലതുകളുടെ തേരിലേക്ക് കയറുവാനുള്ള തിരിച്ചറിവോടെയുള്ള യാത്ര. ഞാനായിരിക്കുന്ന സാഹചര്യങ്ങളില്‍ തെറ്റായ മാര്‍ഗ്ഗമാണ് എന്നെ നയിക്കുന്നതെങ്കില്‍ ഇപ്പോള്‍ തന്നെ വിളിക്കാം; നമുക്കൊരു ടൈം ഔട്ട്. വചനം നമുക്കു കൂട്ടായിരിക്കട്ടെ (2 ദിന. 7:13-15).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org