ട്രാജഡിക്കൊരു കയ്യടി

കഥ

ധന്യജോണ്‍ പയ്യപ്പിള്ളി

എന്‍റെ തല… എന്‍റെ ഫുള്‍ഫിഗര്‍… ഇതായിരുന്നു സ്കൂളില്‍ പഠിക്കുന്ന കാലത്തെ എന്‍റെ ഭാവം. അയ്യോ! തെറ്റിദ്ധരിക്കണ്ട. എന്‍റെ സൗന്ദര്യത്തെയൊന്നുമല്ല ഞാന്‍ ഉദ്ദേശിച്ചത്.

പറഞ്ഞുവന്നത്, എന്‍റെ സ്വയം പൊങ്ങിത്തരം, അഹങ്കാരം എന്നിവയെക്കുറിച്ചാണ്. ഒന്നുമല്ലെങ്കിലും എന്തെല്ലാമോ ആണെന്നു വിചാരിച്ചു നടന്ന പ്രായം.

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, ഒരു ദിവസം പതിവുപോലെ ഞാന്‍ സ്കൂളിലെത്തി. സ്ഥിരം കൂടെയുണ്ടാകാറുള്ള കൂട്ടുകാരാരും അന്ന് ഒപ്പമുണ്ടായിരുന്നില്ല. ഇതിനെയാണു കാരണവന്മാര്‍ 'നിമിത്തം' എന്നു പറയുന്നത്. സ്കൂളിന്‍റെ ഗെയ്റ്റ് കടന്നതും ഞാന്‍ കണ്ടത്, വാട്ടര്‍ടാങ്ക് നിറഞ്ഞൊഴുകുന്നതാണ്. മോട്ടോര്‍ നിര്‍ത്താനൊക്കെ വേറെ ആളുകളുണ്ട്. പക്ഷേ, ബുദ്ധിയും കഴിവുമുള്ള ഞാന്‍ ഒഴിഞ്ഞുമാറുന്നത് അപമാനര്‍ഹം!

ആരെങ്കിലും വരുമെന്നു കരുതി കാത്തുനില്ക്കണ്ട. ഞാന്‍ ബാഗ് ഒരു ക്ലാസ് റൂമിന്‍റെ മുമ്പില്‍ ഊരിവച്ചു മോട്ടര്‍ഷെഡ്ഡിലേക്കോടി. മോട്ടറിന്‍റെ സ്വിച്ച് എതിര്‍ദിശയിലേക്കു മാറ്റി. എന്നെ സമ്മതിക്കണം. ഇനി പ്രശസ്തനായ മനോഹരന്‍ മംഗളോദയത്തിന്‍റെ (സലിംകുമാര്‍, പോക്കിരിരാജാ) വരികള്‍ ഞാന്‍ കടമെടുക്കുകയാണ്. "ട്വിസ്റ്റ്."

അതെ, ഇനിയാണു ട്വിസ്റ്റ്. യഥാര്‍ത്ഥത്തില്‍, പ്യൂണ്‍ ചേട്ടന്‍ ഓഫാക്കി പോയ മോട്ടോര്‍ ഞാന്‍ വീണ്ടും ഓണാക്കുകയാണു ചെയ്തത്. വെള്ളം കുടുകടാ ചാടി ചറപറ ഒഴുകാന്‍ തുടങ്ങി. സ്വിച്ചിട്ട ഞാന്‍, സ്വിച്ചിട്ടപോലെ നിന്നുപോയി. മുറ്റം നിറയെ വെള്ളമാണ്. അന്നത്തെ അസംബ്ലി വെള്ളം കാരണം നടക്കാതിരുന്നേക്കാം! ഞാന്‍ തിരികെ ഓടിച്ചെന്ന്, മോട്ടറിന്‍റെ സ്വിച്ച് പൂര്‍വസ്ഥിതിയിലാക്കി. ആലോചിക്കാതെയുള്ള പ്രവൃത്തിയും മോട്ടോര്‍ സ്വിച്ചിനെപ്പറ്റി കൃത്യമായി അറിവില്ലാതിരുന്നതുമാണ്. കാലിലും മനസ്സിലും ചെളിപുരട്ടിയത്. ഞാനീ സ്കൂളിലെ കുട്ടിയേയല്ല, എന്നെ ആരും കണ്ടിട്ടുമില്ല എന്ന മട്ടില്‍ ഞാന്‍ അവിടെനിന്നും രക്ഷപ്പെട്ടു.

പിന്നീട്, അതേ സ്കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചര്‍ രസകരമായ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ പറഞ്ഞപ്പോള്‍, ഞാന്‍ ഇതേ മോട്ടര്‍ ട്രാജഡി' കോമഡിയാക്കി അവതരിപ്പിച്ചു. അങ്ങനെ പ്രത്യക്ഷത്തില്‍ ഞാന്‍ കയ്യടി വാങ്ങുകയും പരോക്ഷത്തില്‍ എന്‍റെ കൊച്ചു കള്ളത്തരത്തിന്‍റെ കുഞ്ഞു കുറ്റബോധം ഇറക്കിവയ്ക്കുകയും ചെയ്തു. ഞാന്‍ അങ്ങനെ കോമഡിയായ ഒരു ട്രാജഡിയായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org