ട്രിപ്പിള്‍ ഫില്‍ട്ടര്‍ ടെസ്റ്റ്

ട്രിപ്പിള്‍ ഫില്‍ട്ടര്‍ ടെസ്റ്റ്

പുരാതന ഗ്രീസിലെ പ്രമുഖ തത്ത്വചിന്തകനായ സോക്രട്ടീസിന്‍റെ അടുക്കല്‍ ഒരു ദിവസം ഒരാളെത്തി.

താങ്കളുടെ സുഹൃത്തിനെക്കുറിച്ച് കേട്ട ഒരു കാര്യം പറയാനാണ് ഞാന്‍ വന്നിരിക്കുന്നത്, വന്നയാള്‍ സോക്രട്ടീസിനോട് പറഞ്ഞു.

"ഒരു നിമിഷം, താങ്കള്‍ – പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം പറയുന്നതിനു മുന്‍പ് ചെറിയൊരു പരീക്ഷണമുണ്ട്. ട്രിപ്പിള്‍ ഫില്‍ട്ടര്‍ ടെസ്റ്റ് എന്നാണ് ഇതിന്‍റെ പേര്. അതിനു ശേഷം പറഞ്ഞോളൂ" സോക്രട്ടീസ് അദ്ദേഹത്തോട് പറഞ്ഞു.

"ടിപ്പിള്‍ ഫില്‍ട്ടര്‍?" വന്നയാള്‍ സംശയത്തോടെ ചോദിച്ചു.

"അതേ, താങ്കള്‍ പറയാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് മൂന്നു ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കും. അതായത് മൂന്ന് അരിപ്പകളിലൂടെ കടത്തിവിട്ടശേഷമായിരിക്കും അക്കാര്യം പറയണോയെന്ന കാര്യം തീരുമാനിക്കേണ്ടത്. ഒന്നാമത്തെ അരിപ്പ സത്യം ആണ്."

"താങ്കള്‍ പറയാന്‍ പോകുന്ന കാര്യം പൂര്‍ണമായും സത്യമാണെന്ന് ഉറപ്പുണ്ടോ?" സോക്രട്ടീസ് ചോദിച്ചു.

"ഇല്ല, സത്യത്തില്‍ വേറൊരാള്‍ പറഞ്ഞത് ഞാന്‍ കേട്ടതാണ്."

"ശരി, അപ്പോള്‍ പറയാന്‍ പോകുന്ന കാര്യം സത്യമാണോ അല്ലയോ എന്ന് നിങ്ങള്‍ക്കറിയില്ല. ഇനി നമുക്ക് രണ്ടാമത്തെ ഫില്‍ട്ടറിലേക്ക് പോകാം. പറയാനുദ്ദേശിക്കുന്നത് നല്ല കാര്യമാണോ?"

"അല്ല, അതിനു നേര്‍വിപരീതമാണ്." വന്നയാള്‍ പറഞ്ഞു.

"ശരി. മറ്റൊരാളെക്കുറിച്ച് മോശമായ കാര്യം നിങ്ങള്‍ എന്നോട് പറയാന്‍ ആഗ്രഹിക്കുന്നു. പക്ഷെ അത് നല്ല കാര്യമാണെന്ന് ഉറപ്പില്ല, അല്ലേ?" സോക്രട്ടീസ് ചോദിച്ചു.

അവസാനമായി ഒരു ചോദ്യം കൂടി. "എന്‍റെ സുഹൃത്തിനെക്കുറിച്ച് പറയാന്‍ പോകുന്ന കാര്യം എനിക്ക് പ്രയോജനപ്രദമാണോ?"

"അല്ല, ഒരിക്കലും അല്ല."

"കൊള്ളാം, നിങ്ങള്‍ എന്നോട് പറയാന്‍ പോകുന്ന കാര്യം സത്യവും നല്ലതുമല്ല, എനിക്ക് ഒട്ടും ഉപകാരപ്രദവുമല്ല. പിന്നെയെന്തിന് അത് എന്നോട് പറയണം?" സോക്രട്ടീസ് വന്നയാളോട് ചോദിച്ചു.

നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒട്ടേറെ മുഹൂര്‍ത്തങ്ങളെ ഒന്നു വിലയിരുത്തുമ്പോള്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് സോക്രട്ടീസിന്‍റെ ഈ ട്രിപ്പിള്‍ ഫില്‍ട്ടര്‍ ടെസ്റ്റ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org