Tunes of Mind – About the Personality & Collections of Mobile

Tunes of Mind – About the Personality & Collections of Mobile

യുവജന പ്രശ്നങ്ങളിലൂടെയുള്ള ഒരു യുവമനഃശാസ്ത്രജ്ഞന്‍റെ പരീക്ഷണയാത്രകള്‍….

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist, Sunrise Hospital, Cochin Universiry & Roldants Behaviour Studio, Cochin

അമ്മയ്ക്ക് അസുഖം കൂടുതലാണെന്നും വേഗം ഹോസ്റ്റലില്‍നിന്നു വരണമെന്നും പറയാന്‍ മകന്‍ അശ്വിനെ മൊബൈലില്‍ വിളിച്ചതാണ് ഉറ്റസുഹൃത്തായ പ്രവീണ്‍. സംസാരിക്കുവാനായി മൊബൈല്‍ ചെവിയോടു ചേര്‍ത്തുപിടിച്ചുനിന്ന പ്രവീണിന്‍റെ മുഖഭാവം പെട്ടെന്നു മാറി. സങ്കടത്തിനു പകരം മുഖത്തേയ്ക്കു ദേഷ്യം ഇരച്ചുകയറി. അങ്ങേത്തലയ്ക്കല്‍ ഫോണെടുക്കാന്‍ വൈകുന്തോറും പ്രവീണ്‍ കൂടുതല്‍ അസ്വസ്ഥനായി. അശ്വിന്‍ സംസാരിക്കുവാനായി ഹലോ എന്നു പറഞ്ഞതേ പൊട്ടിത്തെറിച്ചുകൊണ്ടു സുഹൃത്തിനോടു പറഞ്ഞു. മേളാങ്കിച്ചു നടന്നോ, വീട്ടുകാരെക്കുറിച്ചൊന്നും യാതൊരു ചിന്തയും വേണ്ട. നിന്‍റെ അമ്മയെ കണ്ണടയുന്നതിനുമുമ്പു വേണമെങ്കില്‍ വന്നു കണ്ടിട്ടു പോ; പ്രവീണ്‍ ഫോണ്‍ കട്ട് ചെയ്തു.

എന്തായിരിക്കും പ്രവീണിനെ അസ്വസ്ഥപ്പെടുത്തിയ ഘടകം. തന്‍റെ അയല്‍വാസിയായ പ്രിയ സുഹൃത്തിന്‍റെ അമ്മയുടെ അനാരോഗ്യത്തില്‍ മനസ്സുനൊന്ത്, ഇതെങ്ങനെ പറയും എന്ന ചിന്തയോടെ മൊബൈലിലേക്കു വിളിച്ച പ്രവീണിനെ കോപാകുലനാക്കിയത് അശ്വിന്‍റെ മൊബൈലിലെ കോളര്‍ട്യൂണ്‍ ആയിരുന്നു. സങ്കടത്തോടെ കാര്യം പറയാന്‍ വിളിച്ച പ്രവീണ്‍ കേള്‍ക്കുന്നത് ആഘോഷത്തിമിര്‍പ്പിന്‍റെയും കൗമാരചാപല്യത്തിന്‍റെയും പ്രതീകമെന്നപോലൊരു പാട്ടാണ്, "കെട്ടിപ്പുടി, കെട്ടിപ്പുടീടാ." പിന്നെങ്ങനെ ദേഷ്യം പ്രകടിപ്പിക്കാതിരിക്കും.

മേല്പറഞ്ഞത് ഒരു അനുഭവം മാത്രം. നഗരജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിക്കഴിഞ്ഞ മൊബൈല്‍ ഫോണിലെ കോളര്‍ ട്യൂണുകളും റിംഗ് ടോണുകളും നമ്മുടെ വ്യക്തിത്വത്തിന്‍റെ ബാഹ്യപ്രകാശനങ്ങളായി മാറുന്നു എന്നതാണു പ്രധാനം. ട്രെന്‍ഡിന്‍റെയോ സ്റ്റയിലിന്‍റെയോ മറ്റെന്തെങ്കിലുമോ കാരണത്താല്‍ നാം തിരഞ്ഞെടുക്കുന്ന സംഗീതത്തിനു നമ്മുടെ വ്യക്തിത്വവുമായി ബന്ധമുണ്ടെന്നു സാരം.

നാം ഒരു ഗാനം ഇഷ്ടപ്പെടുന്നത് അതിന്‍റെ സംഗീതം കൊണ്ടു മാത്രമല്ല. നമ്മുടെ മനസ്സിന്‍റെ അവസ്ഥകളും ഗാനങ്ങളുടെ ആസ്വാദനവും തമ്മില്‍ ബന്ധമുണ്ട്. അപ്പോള്‍ നാം സ്വയം ഒരു ഗാനം തിരഞ്ഞെടുക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ ആ സമയങ്ങളിലെ 'മൂഡു'മായി ബന്ധമുണ്ടാകും. 'ഇല്ല' അങ്ങനെയാതൊരു ബന്ധവുമില്ലായെന്നു നിങ്ങള്‍ തര്‍ക്കിച്ചേക്കാം. പക്ഷേ, മനസ്സിരുത്തി ഒന്നു ചിന്തിച്ചാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഗാനത്തിനോടു താദാത്മ്യപ്പെടുന്ന ഘടകങ്ങള്‍ നിങ്ങളില്‍ത്തന്നെ ഉണ്ടാകും.

കൂടുതലാളുകളും പ്രത്യേകിച്ചു ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും പ്രണയഗീതങ്ങളാണു തിരഞ്ഞെടുക്കാറ്. മറ്റൊരു മഹാഭൂരിപക്ഷം പ്രണയവിരഹഗാനങ്ങളും. പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവരും വെളിപ്പെടുത്തിയവരും 'ക്ലിക്ക്' ആയവരും പൊളിഞ്ഞവരുമെല്ലാം ആ തരത്തില്‍ വരികളുള്ള ഗാനങ്ങള്‍ മറ്റുള്ളവര്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കോള്‍ ട്യൂണായും കോള്‍ വരുമ്പോള്‍ കേള്‍ക്കു ന്ന റിംഗ്ടോണായും ഉപയോഗിക്കാറുണ്ട്. പ്രണയവും വിരഹവും നിങ്ങളുടെ സ്വകാര്യ പ്രശ്നങ്ങളാണെങ്കിലും നിങ്ങളെ വിളിക്കുന്ന എല്ലാവരും അതു മനസ്സിലാക്കുവാന്‍ ഇതിടയാക്കുന്നു.

സംഗീതം നമ്മെ സ്വാധീനിക്കുന്നതു വൈകാരികമായാണ്. എന്നാല്‍ 'ഞാനൊരു വികാരജീവിയാണ്', 'പെട്ടെന്നു കോപിക്കും', 'വളരെ പെട്ടെന്നു കരയും', 'തൊട്ടാവാടിയാണ്', 'പെട്ടെന്നു കണ്ണു നിറയും' എന്നൊന്നും തുറന്നു സമ്മതിക്കുവാന്‍ ഇഷ്ടമില്ലാത്തവരുമാണു നമ്മള്‍. നാം തിരഞ്ഞെുക്കു ന്ന കോളര്‍ ട്യൂണുകള്‍ നമ്മുടെ വ്യക്തിത്വത്തിലെ മൃദുലഘടകങ്ങള്‍ മറ്റുള്ളവര്‍ക്കു മനസ്സിലാക്കി കൊടുക്കും.

വിപ്ലവകവിതകളാണു നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ അല്പം സാമൂഹ്യവിമര്‍ശനവും ബുദ്ധിജീവിചമയലും നിങ്ങള്‍ക്കുണ്ടെന്നു ചുരുക്കം. തമിഴ് സിനിമയിലെ വികാരം കൊള്ളിക്കുന്നര തിജന്യമായ ഗാനങ്ങള്‍ നിങ്ങള്‍ക്കുള്ളിലെ നിഗൂഢതാത്പര്യങ്ങള്‍ വെളിപ്പെടുത്തുന്നു. ദുഃഖഗാനങ്ങളാണെങ്കില്‍ ജീവിതത്തില്‍ പലതും നഷ്ടപ്പെട്ട നിരാശപ്രകൃതിയാണു നിങ്ങളുടെ ഉള്ളം. സദാ അടിച്ചുപൊളി പാട്ടാണെങ്കില്‍ നിങ്ങള്‍ ഓളമിട്ടു നടക്കുന്ന ഒരു വ്യക്തിയാണെന്ന് അനുമാനിക്കാം. ഹാസ്യരസപ്രദമായ കളിയാക്കല്‍ ഗാനങ്ങള്‍ മറ്റുള്ളവരെ അപമാനിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന നിങ്ങളിലെ നിങ്ങളെ വെളിപ്പെടുത്തും. ഭക്തിഗാനങ്ങള്‍, നിങ്ങള്‍ ഏതു മതവിശ്വാസിയാണ്, ഏതു തരത്തിലുള്ള ആത്മീയതാത്പര്യങ്ങള്‍ പുലര്‍ത്തുന്നയാളാണെന്നു ബോദ്ധ്യപ്പെടുത്തുന്നു.

ചിലരുടെ മൊബൈലിലേക്കു വിളിച്ചാല്‍ അതിശക്തമായ പൊട്ടിത്തെറികളും റാപ്പ് ഗാനശകലങ്ങളും കാരണം 'ഹോ, എന്തൊരലമ്പ്' എന്നു നാം പറഞ്ഞുപോകും. അതുപോലെ തന്നെ കൂടക്കൂടെ പുതിയ ഗാനങ്ങള്‍ തേടിപ്പോകുന്നവര്‍ ട്രെന്‍ഡിനനുസരിച്ചു പോകുന്നവരും ഒരു കാര്യത്തിലും ഉറച്ചുനില്ക്കാത്തവരുമായിരിക്കും.

നമ്മുടെ ചിന്തകള്‍, വികാരങ്ങള്‍, ജീവിതരീതികള്‍, പ്രത്യേകതകള്‍, മനോനില, വ്യക്തിത്വത്തിന്‍റെ മാനങ്ങള്‍ തുടങ്ങിയവ സംസാരിക്കുന്നതിനുമുമ്പുതന്നെ അങ്ങോട്ടു മനസ്സിലാക്കിക്കൊടുക്കുന്ന കോളര്‍ ട്യൂണുകള്‍. ബിസിനസ്സുകാരനാണു താങ്കളെങ്കില്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി നിങ്ങളെ മൊബൈലില്‍ വിളിച്ചിട്ടു വരുന്ന വ്യക്തിക്ക്, കോളര്‍ ട്യൂണ്‍ വഴി നിങ്ങളെ വിലയിരുത്തുവാനും നിങ്ങളുടെ ശൈലിക്കനുസൃതമായ ആശംസകള്‍ സംസാരത്തിലൂടെ പ്രയോഗിച്ചു നിങ്ങളെ Impress ചെയ്തു മേല്‍ക്കൈ നേടുവാനും കഴിഞ്ഞെന്നിരിക്കും.

ടെലിഫോണ്‍ ഇന്‍റര്‍വ്യൂകളുടെ ഈ ആധുനിക കാലഘട്ടത്തില്‍ കമ്പനികളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളുടെ മൊബൈലിലേക്കു വരുന്ന ഇന്‍റര്‍വ്യൂകോളുകള്‍ നിങ്ങളുടെ കോളര്‍ ട്യൂണില്‍ തട്ടി ഇംപ്രഷന്‍ നഷ്ടപ്പെടുത്തിയാല്‍ വിധിയെ പഴിച്ചിട്ടു കാര്യമില്ല.

നിങ്ങള്‍ ഏതു മേഖലയിലാണോ പ്രവര്‍ത്തിക്കുന്നത് ആ മേഖലയുമായി യോജിക്കുന്ന ഗാനങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കും. ഒരു പ്രൊഫഷണലാണ് എന്നു നിങ്ങള്‍ സ്വയം വിചാരിക്കുകയും നിങ്ങളുടെ മൊബൈല്‍ഫോണ്‍ സംഗീതം മറ്റുള്ളവരെക്കൊണ്ടു തിരിച്ചു ചിന്തിപ്പിക്കുകയും ചെയ്താല്‍ നഷ്ടപ്പെടുന്ന മൂല്യം തിരികെ കിട്ടാന്‍ പ്രയാസം.

മൊബൈല്‍ഫോണ്‍ സംഗീതത്തില്‍ അവഗാഹമില്ലാത്തയാളാണു നിങ്ങളെങ്കില്‍, നിങ്ങളുടെ മക്കളൊപ്പിക്കുന്ന കുസൃതികള്‍ നിങ്ങളെ നാണം കെടുത്തിയേക്കാം. മറ്റുള്ളവര്‍ നിങ്ങളെ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന സംഗീതം അസുഖകരമാണോ എന്നു പരിശോധിക്കുന്നത് ഉത്തമം. ഇല്ലെങ്കില്‍ നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം.

ബുദ്ധിപൂര്‍വമായ തിരഞ്ഞെടുക്കലുകള്‍ നിങ്ങളുടെ വ്യക്തിത്വത്തിന്‍റെ മാറ്റു കൂട്ടുവാനും ഇടയാക്കും. പൗരചൗരസ്യയുടെ പുല്ലാങ്കുഴലോ ശ്രവണസുഖം നല്കുന്ന മികച്ച സംഗീതശകലങ്ങളോ ഉപയോഗിച്ചാല്‍ നിങ്ങള്‍ ആധികാരികതയും ഔന്നത്യവും സഹൃദയാത്മകതയും പുലര്‍ത്തുന്നയാളാണെന്നുള്ള ചിന്ത വിളിക്കുന്നവരില്‍ ജനിക്കാറുണ്ട്.

ചുരുക്കത്തില്‍, നമ്മുടെ കുറവുകളും സ്വകാര്യതകളും മറ്റാര്‍ക്കും പിടികൊടുക്കാതെ സൂക്ഷിച്ചിരിക്കുന്ന ചിന്താരീതികളുമെല്ലാം വെളിപ്പെട്ടുപോകാവുന്ന രീതിയിലോ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കാവുന്ന രീതിയിലോ ഉള്ള സംഗീതം നമ്മുടെ മൊബൈലിലൂടെ പ്രവഹിക്കുന്നത് അഭിലഷണീയമല്ല.

Mob: 9744075722
vipinroldantofficial@gmail.com
www.roldantrejuvenation.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org