പന്ത്രണ്ടാം വയസ്സ്

പന്ത്രണ്ടാം വയസ്സ്
Published on

മാതൃപാഠങ്ങള്‍

ഷൈനി ടോമി

മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ എടുക്കേണ്ട നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….

കേരളത്തിലുള്ളതില്‍ വച്ച് ഏറ്റവും പെരുമയും ഡൊണേഷന്‍ മൂല്യവുമുള്ള ഒരു സ്കൂളിന്‍റെ പ്രൊഡക്ടിനെ അടുത്തറിയാം. എംബിഎ കോച്ചിങ്ങ് ക്ലാസ്സില്‍ പൊയ്ക്കൊണ്ടിരിക്കുകയാണിപ്പോള്‍. വലിയ സ്വപ്നങ്ങള്‍ കാണുമ്പോഴും അതേക്കുറിച്ചു വാചാലനാകുമ്പോഴും സ്വപ്നസാക്ഷാത്കാരത്തിനു വേണ്ട ക്ഷമയോ കഠിനാദ്ധ്വാനമോ ഇല്ല. പകരം കുറുക്കുവഴികള്‍ ആലോചിക്കുന്നു. സ്വന്തം അച്ചടക്കവും കഠിനാദ്ധ്വാനവും വഴി ലഭിക്കുന്ന പാഠ്യമികവിന് ആ കുട്ടിക്കു ചെറുപ്പം തൊട്ടേ അംഗീകാരം നല്കിയിട്ടില്ല ആരും. അതുകൊണ്ടുതന്നെ ഈ 23-ാം വയസ്സിലും അതേക്കുറിച്ചവന് അറിവുമില്ല. അവന്‍ എന്നും അംഗീകരിക്കപ്പെട്ടതു സ്കൂളിന്‍റെ പേരിലും സമ്പന്നതയുടെ പേരിലുമായിരുന്നല്ലോ.

ശിശുക്കള്‍ മുതിര്‍ന്നവരുടെ അംഗീകാരം ഇഷ്ടപ്പെടുന്നു. കുഞ്ഞ് ഓരോ കാര്യവും ചെയ്യുന്നത് അമ്മയുടെ മുഖഭാവം കണ്ടറിഞ്ഞാണ്. ഓരോ കുട്ടിയിലും ജന്മനാല്‍ത്തന്നെ ചില സവിശേഷതകള്‍ ഉണ്ടായിരിക്കും. സ്വാഭാവികമായ ആ പ്രത്യേകതകള്‍ ഓരോന്നും ഓരോ കുട്ടിയെയും വ്യത്യസ്തനാക്കുന്നു. അതുകൊണ്ടുതന്നെ തനതു സത്തയില്‍ ഉള്ള അംഗീകാരമാണു കുട്ടി അര്‍ഹിക്കുന്നത്. കാഴ്ചയിലുള്ള വ്യത്യാസം തന്നെ നോക്കിയാല്‍ മതിയല്ലോ ഇതു മനസ്സിലാക്കാന്‍. നിറം, കണ്ണുകള്‍, മൂക്ക്, ചുണ്ട്, ഉയരം, വണ്ണം ഒക്കെയും വെവ്വേറെയല്ലേ? അതേ രൂപത്തിലാണ് ഓരോ കുഞ്ഞും സുന്ദരനും സുന്ദരിയും ആയിരിക്കുന്നത്. എന്നിട്ടോ മുതിര്‍ന്നവര്‍ അവനെ പരിഹസിക്കാന്‍ നത്തുമൂക്കന്‍, തത്തമ്മചുണ്ടന്‍, കോക്രക്കണ്ണന്‍ എന്നൊക്കെ പേരിട്ടു വിളിക്കും. അതുകേട്ടു വളരുന്ന അവരുടെ കൂട്ടുകാരും അതാവര്‍ത്തിക്കും. തങ്ങള്‍ മോശക്കാരാണെന്ന് ഇരട്ടപ്പേരുള്ള കുട്ടികള്‍ ധരിച്ചുവയ്ക്കും. അതോടെ അവരുടെ സ്വപ്നങ്ങളും ചെറുതാകും.

യഥാര്‍ത്ഥത്തില്‍ ഒരു വാക്കില്‍ എന്തിത്ര എന്നു കരുതി അവഗണിക്കാന്‍ പഠിക്കുകയാണു വേണ്ടത്. പക്ഷേ അങ്ങനെ സംഭവിക്കുന്നില്ല. അതുകൊണ്ടു മാത്രം അപകര്‍ഷതാബോധവും പേറി സ്വയം നിന്ദിച്ചു ചുരുങ്ങിപ്പോകുന്ന എത്രയോ കുട്ടികളുണ്ടു നമുക്കു ചുറ്റും. വയലിലൊളിപ്പിച്ചുവച്ചിരിക്കുന്ന നിധിപോലെ ഓരോ കുഞ്ഞിലും ദൈവം സൂക്ഷിച്ചുവച്ചിരിക്കുന്ന 'അവന്‍റെ അനന്തസാദ്ധ്യതകളെ' എന്തിനാണു നമ്മള്‍ തകര്‍ത്തുകളയുന്നത്!

സ്നേഹസമൃദ്ധിയുള്ള കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ 12-ാം വയസ്സില്‍ ഭാവിയുടെ സൂചിക തേച്ചുമിനുക്കുന്നതു കാണാറുണ്ട്. പന്ത്രണ്ടു വയസ്സിന് എന്താ വിശേഷം എന്നു ചോദിച്ചേക്കാം. അതു ശൈശവത്തിന്‍റെ അവസാനവര്‍ഷമല്ലേ? കൗമാരത്തിന്‍റെ മുന്‍വര്‍ഷവുമല്ലേ?

ശൈശവം നന്മകളുടെ നിറകുടമാണ്. സുതാര്യത, സ്വാതന്ത്ര്യം, നിഷ്കളങ്കത, വിശ്വാസം, സഹാനുഭൂതി തുടങ്ങിയ വിശിഷ്ട ഗുണങ്ങളെല്ലാം ശൈശവത്തിലുള്ളതുപോലെ പിന്നീടെപ്പോഴാണ് ഉണ്ടായിരിക്കുന്നത്? കൗമാരം വികാരവിസ്ഫോടനകാലമാണല്ലോ. ലൈംഗികാവയവങ്ങളുടെ വികാസവും അതോടനുബന്ധിച്ച ചോദനകളുടെ ആരംഭവും അപ്പോള്‍ത്തന്നെ പരിചയമില്ലാത്ത പലതരം ചിന്തകളും പ്രേരണകളും നിയന്ത്രണാതീതമായ ആശങ്കകളും കുട്ടികളെ, മനോസംഘര്‍ഷത്തിലകപ്പെടുത്താറുമുണ്ട്. ഇക്കാലത്ത്. അതില്‍നിന്നും സ്വയം സ്വതന്ത്രരാകാന്‍ മയക്കുമുരുന്നുള്‍പ്പെടെയുള്ള ദുശ്ശീല ചതിക്കുഴികളില്‍പ്പെട്ടു പോകാറുമുണ്ടു ചില കുഞ്ഞുങ്ങളെങ്കിലും.

ഇത്തരം സങ്കീര്‍ണതകളെയെല്ലാം പക്വതയോടെ അഭിമുഖീകരിക്കുവാന്‍ കുടുംബത്തിന്‍റെ പിന്‍ബലവും ശൈശവത്തില്‍ പരിചയിച്ച അച്ചടക്കവും ധാര്‍മ്മികതയും അവരെ സഹായിക്കും. ഇതിന്‍റെ ഭാഗമായി ദൈവാന്വേഷണവും ആത്മാന്വേഷണവും ആരംഭിക്കും. വ്യക്തിത്വരൂപീകരണവും ധീരതയും സാഹസികതയുമൊക്കെ പന്ത്രണ്ടാം വയസ്സിന്‍റെ ഭാഗംതന്നെ.

ലോകത്തിലിന്നുവരെ ജനിച്ചതില്‍വച്ച് ഏറ്റവും ശക്തയായ അമ്മയും വളര്‍ത്തച്ഛനുംകൂടി പന്ത്രണ്ടുകാരന്‍ മകനുമായി യാത്ര പുറപ്പെട്ടു. ദിവസങ്ങള്‍ നീണ്ട യാത്രയില്‍ പുരുഷന്മാരും സ്ത്രീകളും വെവ്വേറെ സംഘങ്ങളായാണു നീങ്ങിക്കൊണ്ടിരുന്നത്. തിരികെ വരുമ്പോള്‍ മകന്‍, അമ്മയോടൊപ്പമുണ്ടാകുമെന്ന് അച്ഛനും അച്ഛനോടൊപ്പം ഉണ്ടാകുമെന്ന് അമ്മയും കരുതുന്നു. മൂന്നു ദിവസത്തെ വഴി പിന്നിട്ടപ്പോഴാണു മകന്‍ നഷ്ടപ്പെട്ടു എന്നു തിരിച്ചറിയുന്നത്. പിന്നീടവര്‍ മകനെ തിരഞ്ഞു തിരികെ നടക്കുമ്പോള്‍ സൂക്ഷിക്കുന്ന മിതത്വവും പക്വതയും ശാന്തതയും ഇന്നു നമുക്കാര്‍ക്കും സ്വപ്നം കാണാന്‍ പോലുമാകാത്ത മൂല്യമാണ്. മകനോ ദൈവികകാര്യങ്ങളില്‍ വ്യാപൃതനായിരുന്നു. മകന്‍റെ പ്രവൃത്തിയെ അംഗീകരിക്കുന്ന മാതാപിതാക്കളെയാണു പിന്നീടു നമുക്കു കാണാന്‍ കഴിയുന്നത്. ആ മകന്‍ ലോകം മുഴുവനെയും പിന്നീടു രക്ഷിക്കുന്നു.

നമ്മുടെ മക്കളെ ഇത്ര മനോഹരമായി അംഗീകരിക്കുവാന്‍ നമുക്കു കഴിയാറില്ല എന്നു സമ്മതിക്കാതെ തരമില്ല. അവരുടെ രൂപത്തെ അംഗീകരിക്കാത്ത നാം സൗന്ദര്യവര്‍ദ്ധകങ്ങള്‍ വാങ്ങികൊടുക്കുന്നു. അവരുടെ ബുദ്ധിയെ അംഗീകരിക്കാത്ത നാം അവരെ നാം വരയ്ക്കുന്ന വരയിലൂടെ പാവക്കൂത്തിലെന്നപോലെ ചരടുവലിച്ചു സഞ്ചരിപ്പിക്കുന്നു. ചരടു പൊട്ടാത്തിടത്തോളം അവര്‍ക്കു തിരശ്ശീലയ്ക്കു മുമ്പിലെത്താനാകില്ലെന്നറിയുന്നുമില്ല. പിന്നെ എങ്ങനെ നമ്മുടെ കുട്ടിക്ക് അവനെയെങ്കിലും രക്ഷിക്കാനാകും?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org