ഉത്ഥിതനിലെ പ്രത്യാശ

ഉത്ഥിതനിലെ പ്രത്യാശ

ബ്രദര്‍ ജെയ്സണ്‍ എഞ്ചത്താനത്ത് CST

ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് ടീസര്‍ ഇറക്കുന്നത് ഇന്ന് സ്വാഭാവികമായിക്കൊണ്ടിരിക്കുകയാണ്. ഇറങ്ങാനിരിക്കുന്ന ചിത്രത്തിന്‍റെ വിജയത്തിനും പ്രതീക്ഷകള്‍ക്കും കൂടുതല്‍ ആകാംക്ഷ നല്കാനും പ്രേക്ഷകരെ ത്രില്ലടിപ്പിക്കാനുമാണ് ഇത്. അങ്ങനെയെങ്കില്‍ ചരിത്രത്തിലെ ആദ്യത്തെ മനോഹരമായ ടീസര്‍ ഏതാണെന്ന് ഊഹിക്കാമോ? ക്രിസ്തുവിന്‍റെ വരവിന് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് സസ്പെന്‍സുകള്‍ ബാക്കിയാക്കി ഒരു ടീസര്‍ ഉല്പത്തി പുസ്തകത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. ഇസഹാക്കിനെയും കൊണ്ട് ബലിയര്‍പ്പിക്കാനായി മുകളിലേക്ക് കയറിപ്പോകുന്ന അബ്രഹാം എന്ന പാവം പിതാവ്; വിശ്വസ്തതയുടെയും സ്നേഹത്തിന്‍റെയും തുലാസില്‍ ദൈവസ്നേഹത്തിനു ജീവന്‍റെ ജീവനെ നല്കാന്‍ സന്നദ്ധനായ അബ്രഹാം ദൈവപിതാവിന്‍റെ തന്നെ പ്രതീകമല്ലേ? മലമുകളിലേക്കുള്ള യാത്ര മുന്നോട്ടു നീങ്ങുമ്പോള്‍ മകനായ ഇസഹാക്കിനൊരു സംശയം: 'പിതാവേ, ബലിക്കുള്ള എല്ലാം നമ്മുടെ കയ്യിലുണ്ട്; പക്ഷേ, ബലിയര്‍പ്പിക്കാനുള്ള കുഞ്ഞാടെവിടെ?' അബ്രഹാമിന്‍റെ മറുപടി: 'മകനേ, അത് ദൈവം നമുക്ക് തരും.' ഇത്ര മനോഹരമായ ടീസര്‍ സ്വപ്നങ്ങളില്‍ മാത്രം.
വര്‍ഷങ്ങളായി ജനം തിരഞ്ഞ ആ ചോദ്യത്തിനുത്തരം ജോര്‍ദ്ദാന്‍ നദിക്കരയില്‍ സ്നാപകന്‍ കണ്ടെത്തി. "ഇതാ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്." കാത്തിരിപ്പിന്‍റെ ഫലമായി ദൈവം തന്ന പാപപരിഹാരബലിക്കുഞ്ഞാടിനെ അന്നുമുതല്‍ ജനം തിരിച്ചറിഞ്ഞു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഉത്തരം കിട്ടിയെങ്കിലും ഇസ്രായേല്‍ ജനത്തിന് ചോദ്യങ്ങള്‍ ബാക്കിയായിരുന്നു. 'റോമാ സാമ്രാജ്യത്തെ തച്ചുടക്കുന്ന അജയ്യനായ ഒരു രാജാവായിരിക്കില്ലേ ഞങ്ങളുടെ വരാനിരിക്കുന്ന രക്ഷകന്‍? പക്ഷേ, യേശു? അവന്‍ ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നു, തോന്നിയവരെയൊക്കെ കൂട്ടുകാരാക്കുന്നു, അത്ഭുതങ്ങള്‍ ചെയ്യുന്നു, ഇവനെങ്ങനെ ഞങ്ങളുടെ രക്ഷകനാകും?
ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധവും വ്യത്യസ്തവുമായ ഒരു ട്വിസ്റ്റ് ആണ് ദൈവം ഒരുക്കിയത്. മോചനമെന്നത് ശാരീരികമെന്നതില്‍ ഉപരിയായി പാപത്തില്‍ നിന്നുള്ളതാണെന്ന തിരിച്ചറിവ് യേശു കുരിശിലൂടെ നമുക്ക് കാണിച്ചുതന്നു. പാപത്തോടു കൂടെ ലോകത്തിലെ സുഖങ്ങളില്‍ മുഴുകി ജീവിക്കുന്നതിലോ ഉന്നതസ്ഥാനത്ത് എത്തുന്നതിലോ ഒരുപാടു കീഴടക്കുന്നതിലോ അല്ല ആത്മവിജയം അടങ്ങിയിരിക്കുന്നത്. മറിച്ച്, പാപത്തിനു മരിച്ച് ദൈവത്തില്‍ പുനര്‍ജീവിക്കുന്നതിലാണ് എന്ന് യേശു കുരിശിലൂടെ കാണിച്ചുതരുന്നുണ്ട്. കുരിശില്‍ മൂന്നാണികളില്‍ അവന്‍ ഉയര്‍ത്തപ്പെട്ടപ്പോള്‍ "എല്ലാം പൂര്‍ത്തിയായി" എന്നവന്‍ പറഞ്ഞു. ഇതുകേട്ട് ജനം കരുതിയിരിക്കണം അവനിലുള്ള ജനത്തിന്‍റെ സകല പ്രതീക്ഷകളും അവസാനിച്ചുവെന്ന്. എന്നാല്‍ യേശുവിനറിയാമായിരുന്നു. ഇനി വരാനുള്ള ഉയിര്‍പ്പാണ് പുതിയ തുടക്കമെന്ന്. മനുഷ്യബുദ്ധി അവസാനിക്കുന്നിടത്താണ് ദൈവശക്തി തളിരെടുക്കുക. ഉത്ഥാനം മനുഷ്യന് തരുന്ന പ്രതീക്ഷകളും സന്തോഷവും ബുദ്ധിക്കതീതമാണ്. തകര്‍ന്ന ജീവിതങ്ങള്‍ക്കും നിരാലംബ സ്വപ്നങ്ങള്‍ക്കും പുതുജീവനേകാന്‍ ക്രിസ്തുവിന്‍റെ ഉത്ഥാനത്തിനാകും. ജീവിതത്തി ന്‍റെ ക്ലേശങ്ങളുടെ നടുവില്‍പ്പെട്ട് പുഞ്ചിരിക്കാന്‍ പോലും മറന്നുപോയ അനേകര്‍ക്ക് ശൂന്യമായ യേശുവിന്‍റെ കല്ലറ സന്തോഷത്തിന്‍റെ അത്താണിയാണ്. അത്രമേല്‍ സഹിച്ചിട്ടും പീഡകള്‍ അനവധിയേറ്റു മരിച്ചിട്ടും മൂന്നാംനാള്‍ മഹിമയോടെ ഉയര്‍ത്ത കര്‍ത്താവാണ് നമ്മുടെ അഭയശിലയും കോട്ടയും. അതിനാല്‍ പ്രതിസന്ധികള്‍ക്കും പരാജയങ്ങള്‍ക്കും ജീവിതത്തിന്‍റെ മേല്‍ ഇനി അധികാരമോ അവകാശമോ ഇല്ല. കാരണം, മഹിമയില്‍ ഉയിര്‍ത്ത യേശുവാണ് നമ്മുടെ രക്ഷകന്‍. മനുഷ്യനായി അവതരിച്ചതു മുതല്‍ കാല്‍വരിയില്‍ കള്ളന്മാരുടെ നടുവില്‍ തറയ്ക്കപ്പെടുന്നതുവരെ പ്രശ്നനിബിഡമായിരുന്നു അവിടുത്തെ ജീവിതം. അവന്‍ സഹിച്ച അത്രയും വേദനയോ പീഡകളോ ഒരാളും ഇന്നേവരെ അനുഭവിച്ചിരിക്കില്ല. എന്നിട്ടും മരണത്തിനു പോലും യേശുവിനെ പരാജയപ്പെടുത്താനായില്ല. ഉത്ഥിതന്‍റെ വാഗ്ദാനമായ പരിശുദ്ധാത്മാവ് നിരന്തരം നമ്മെ ശക്തിപ്പെടുത്തുന്നുണ്ട്.
ജീവിതത്തിന്‍റെ പ്രതിസന്ധികളെ ധീരതയോടെ തരണം ചെയ്യാന്‍ രക്ഷകന്‍ നമ്മോട് ആഹ്വാനം ചെയ്യുകയാണ്. അവനോടു ചേര്‍ന്നുനിന്ന് അവന്‍റെ പീഡകളോട് നമ്മുടെ ജീവിത പ്രതിസന്ധികളെ ചേര്‍ത്തുവച്ചാല്‍ നാം പ്രതീക്ഷിക്കുന്നതിലുമപ്പുറം ഉത്ഥിതന്‍ തരും. വിട്ടുകൊടുക്കാനും സഹിക്കാനുമുള്ള കൃപ അവിടുന്ന് പ്രദാനം ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org