ഉലഞ്ഞ ബന്ധങ്ങൾ ഉണർത്തിയെടുക്കാൻ

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist, Sunrise Hospital, Cochin Universiry
& Roldants Behaviour Studio, Cochin

"അടയും ശര്‍ക്കരയുംപോലെ അടുപ്പമുള്ളവരായിരുന്നു ഞങ്ങള്‍. നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ അകല്‍ച്ചയായി. കണ്ടാല്‍ മിണ്ടാതായി. ഇപ്പോള്‍ ഏതാണ്ട് കീരിയും പാമ്പും പോലെയാണ്. ഉള്ളില്‍ വിഷമമുണ്ട്. അത്രയ്ക്കും സ്നേഹമായിരുന്നു. എങ്കിലും അടുക്കാന്‍ പറ്റാത്തത്ര അകലത്തിലായിപ്പോയി ഞങ്ങളിപ്പോള്‍."

ആത്മസുഹൃത്ത് അകന്നുപോയതിനെച്ചൊല്ലി വേദനിക്കുന്ന ഒരു മനസ്സാകാം ഇത്. 'made for each other' എന്നു മറ്റുള്ളവരെക്കൊണ്ടു പറയിക്കുമാറ് അടുപ്പമുണ്ടായിരുന്ന ദമ്പതിമാരാകാം. ഒരേ ഓഫീസില്‍ പരസ്പരം തുണച്ച് ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകരാകാം. കൂടെ പഠിച്ചിരുന്ന ഏറ്റവും വേണ്ടപ്പെട്ട സഹപാഠിയാകാം. പല പ്രോജക്ടുകളിലും ഒരുമിച്ചുനിന്നു പ്രവര്‍ത്തിച്ചിരുന്ന ബിസിനസ്സ് പാര്‍ട്ണറാകാം. കസിന്‍സാകാം. അയല്‍വാസിയാകാം, കാമുകീകാമുകന്മാരാകാം, ആരുമാകാം… മേല്പറഞ്ഞ വാചകങ്ങള്‍ക്കു ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പലരുമായും സാമ്യം തോന്നിയാല്‍ അതു യാദൃച്ഛികമല്ല, വളരെ സ്വാഭാവികമാണ്.

ഉണ്ടാക്കാന്‍ പാട്, ഉടയ്ക്കാന്‍ എളുപ്പം
പല ബന്ധങ്ങളും ആഴത്തില്‍ വേരൂന്നി വളരാന്‍ കാലങ്ങളെടുക്കും. നിരന്തര സമ്പര്‍ക്കത്തിലൂടെയും പരസ്പര സഹകരണത്തിലൂടെയുമൊക്കെയാണു പല സൗഹൃദങ്ങളും ദൃഢമാകുന്നത്. രണ്ടുപേരുടെയോ രണ്ടിലൊരാളുടെയോ ആത്മാര്‍ത്ഥതയും ആത്മത്യാഗവുമൊക്കെ ബന്ധങ്ങള്‍ പൂത്തുലയാന്‍ ഇടയാക്കിയിട്ടുണ്ടാകാം. പക്ഷേ, ചതിയുടെയോ വഞ്ചനയുടെയോ ആത്മാര്‍ത്ഥതക്കുറവിന്‍റെയോ അന്യബന്ധങ്ങളുടെയോ സാമ്പത്തിക സുതാര്യതയില്ലായ്മയുടെയോ സംശയത്തിന്‍റെയോ ഒക്കെ പേരില്‍ ബന്ധങ്ങള്‍ ഉലയാനും ഉടയാനും ഒത്തിരി സമയം വേണ്ടിവരില്ല. 'ഒരിക്കലും പിരിയില്ല നമ്മള്‍' എന്ന പാട്ടൊക്കെ പാടി കുടുംബജീവിതം തുടങ്ങിയവരും സൗഹൃദം തുടങ്ങിയവരുമൊക്കെ 'വിട പറയുകയായി' എന്ന പാട്ടില്‍ അവസാനിക്കുന്നതും സര്‍വസാധാരണം.

ഈഗോ എന്ന മെയിന്‍ വില്ലന്‍
'ഗ്രാന്‍ഡ് മാസ്റ്റര്‍' എന്ന സിനിമയില്‍ ബന്ധം പിരിഞ്ഞുകഴിയുന്ന മോഹന്‍ ലാല്‍-പ്രിയാമണി ദമ്പതികളുടെ മകള്‍ ഒരു ദിവസത്തെ ഔട്ടിങ്ങിനിടെ മോഹന്‍ ലാല്‍ കഥാപാത്രത്തോട് പറയുന്നതിങ്ങനെയാണ്. "അച്ഛനും അമ്മയും തമ്മില്‍ മൂന്നേമൂന്നു ലെറ്ററുകളുടെ അകലം മാത്ര മേയുള്ളൂ; 'EGG അഥവാ Ego'. അവര്‍ രണ്ടാളും ഈഗോ മാറ്റിവച്ച് ഒന്നായാല്‍ തനിക്കു തന്‍റെ അച്ഛനെയും അമ്മയെയും തിരികെ കിട്ടും എന്നു ഭാഷ്യം. ഈഗോ എന്ന മെയിന്‍ വില്ലനില്ലാത്ത ബന്ധത്തകര്‍ച്ചകളില്ല എന്നതും വാസ്തവം.

തിരിച്ചെടുക്കാം, അകന്ന മനസ്സുകള്‍
പുതിയ സൗഹൃദങ്ങള്‍ കിട്ടിയേക്കാം. എങ്കിലും പഴയ ബന്ധങ്ങളുടെ മൂര്‍ച്ച അതിലുണ്ടാവണമെന്നില്ല. പിണങ്ങി മാറി നില്ക്കാതെ ബന്ധം ചേര്‍ത്തിണക്കാന്‍ മുന്‍കയ്യെടുക്കുക. മദ്ധ്യവര്‍ത്തികള്‍ ആവശ്യമുള്ളിടത്ത് 'ചതിക്കാതെ' സഹായിക്കുന്നവരെ കൂട്ടുക. സ്വന്തം കുറവുകളും തെറ്റുകളും മനസ്സിലാക്കി തിരുത്തുക. വാട്സാപ്പും ഫെയ്സ് ബുക്കും ലൈക്കും കമന്‍റും ചാറ്റും ഫോണ്‍വിളികളും കൂടിക്കാഴ്ചകളുമൊക്കെയായി പടിപടിയായി ബന്ധം മെച്ചപ്പെടുത്താന്‍ കര്‍മ്മങ്ങള്‍ നടത്തുക. പരസ്പര വിട്ടുവീഴ്ചയും തെറ്റിദ്ധാരണ അകറ്റലും തര്‍ക്ക പരിഹാരങ്ങളും നേരിട്ടു വിജയിപ്പിക്കാന്‍ പറ്റുന്നില്ലെങ്കില്‍ മനഃശാസ്ത്ര സഹായത്തോടെ ഒന്നിക്കാന്‍ ശ്രമിക്കുക. മനസ്സുണര്‍ത്തി മുറിവുണക്കാം.

തകര്‍ന്ന ബന്ധങ്ങള്‍ തിരിച്ചെടുക്കാന്‍ ചില മനഃശാസ്ത്ര പൊടിക്കൈകള്‍.
1. ആത്മപരിശോധന അത്യുത്തമം: നമ്മുടെ ഏതു സ്വഭാവ, സംസാരരീതികളാണു ബന്ധം ഉലച്ചതെന്ന് ആത്മപരിശോധനയാകാം, സ്വയമറിഞ്ഞു തിരുത്താം.

2. ക്ഷമിക്കാം, ക്ഷമ ചോദിക്കാം: മതഗ്രന്ഥങ്ങളും ഇപ്പോള്‍ മനഃശാസ്ത്രവും ക്ഷമയുടെ ശക്തി (power of forgiveness) യെക്കുറിച്ചു പറയുന്നു. ക്ഷമിക്കാനും ക്ഷമ ചോദിക്കാനുള്ള മനസ്സ് നന്മയുടെ നൃത്തശാലയാണ്.

3. മുന്‍കയ്യെടുക്കാന്‍ മടിക്കേണ്ട: 'ആരാദ്യം പറയും' കണ്‍ഫ്യൂഷന്‍ വേണ്ട. ഏറ്റം നല്ല മനസ്സിനുടമ പരസ്പരം ബന്ധം മെച്ചപ്പെടുത്താന്‍ മുന്നിട്ടിറങ്ങും. അതു നിങ്ങളാകട്ടെ.

4. ശീലിക്കാം എംപതി (empathy): മറ്റൊരാളെ മനസ്സിലാക്കണമെങ്കില്‍ അയാളുടെ സ്ഥാനത്തുനിന്നു നോക്കണം. അപ്പോഴേ അയാളുടെ കാഴ്ചപ്പാടു മനസ്സിലാകൂ. അയാളെ 'മനസ്സി'ലാകൂ. ഇതു ശീലിച്ചാല്‍ വഴക്കുകളുണ്ടാകില്ല.

5. മിണ്ടാന്‍ പഠിക്കണം, നോക്കണം: നാക്കിലും നോക്കിലും തട്ടിയാണു പല ബന്ധങ്ങളും തകരുന്നത്. നോട്ടം കുത്തി നോവിക്കാതിരിക്കട്ടെ, നാവ് കുത്തിമുറിക്കാതെയും.

6. അഭിനന്ദിക്കാന്‍ പഠിക്കാം, ആദരിക്കാനും: കുറ്റപ്പെടുത്തലിനു പകരം പ്രോത്സാഹനത്തിന്‍റെ വാക്കുകള്‍ ഉള്ളില്‍ നിന്നു പുറപ്പെടട്ടെ. മറ്റൊരാളെ ആദരിക്കാന്‍ പഠിക്കുന്നത് നമ്മുടെ വ്യക്തിത്വത്തിന്‍റെ മിടുക്കാണ്. അതു ബന്ധം വളര്‍ത്തുകയും ചെയ്യും.

vipinroldant@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org