ഉലയാത്ത വിശ്വാസം

ഉലയാത്ത വിശ്വാസം

ബ്രദര്‍ വിനയ്

അമ്മമാരുടെ പ്രാര്‍ത്ഥനയും വിശ്വാസവുമാണ് എപ്പോഴും എല്ലാ മക്കളുടെയും ജീവിതത്തിന്‍റെ ശക്തി. എത്രയൊക്കെ ഭയങ്ങളും പരീക്ഷാപ്പേടിയും വേദനകളുമുണ്ടായാലും 'അമ്മേ ഒന്നു പ്രാര്‍ത്ഥിക്കണം' എന്നു പറയുമ്പോള്‍ കിട്ടുന്ന ഊര്‍ജ്ജവും ശക്തിയും നമ്മുടെ ജീവിതത്തിന് കരുത്ത് പകരുന്നതാണ്.
പോളൂട്ടന്‍റെ അമ്മയും ഇതേപോലെ വിശ്വാസത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും അമ്മയാണ്. 5-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഏതോ രോഗത്തിന്‍റെ പേരില്‍ ഐസിയുവില്‍ കിടന്നപ്പോഴാണ് പോളൂട്ടന്‍, അമ്മയുടെ പ്രാര്‍ത്ഥനയുടെ ആഴം കണ്ടറിഞ്ഞത്. ഒരേ കട്ടിലില്‍, അവന്‍ കിടന്നും അമ്മ അവന്‍റെ തലയുടെ അടുത്തിരുന്നും ഐസിയുവില്‍ ഉള്ള നേരത്ത് അവനറിഞ്ഞു. അവന്‍റെ തലയിണയുടെ അരികിലിരുന്ന്, കൊന്തയും പിടിച്ച് രാത്രിയുടെ യാമങ്ങളില്‍ പ്രാര്‍ത്ഥിക്കുന്ന അമ്മ. അന്നാണ് അമ്മയുടെ പ്രാര്‍ത്ഥനയുടെ ആഴം അനുഭവിച്ചറിഞ്ഞത്. എന്തോ? അത്ഭുതമാണോ എന്നറിയില്ല. അഞ്ചു ദിവസത്തിനുള്ളില്‍ ആ രോഗത്തിന്‍റെ കാഠിന്യത്തില്‍ നിന്നും, ആ ഇരുട്ടു മൂടി കിടന്ന ഐസിയുവില്‍ നിന്നും അവന്‍ പുറത്തുകടന്നു.

അപ്പോഴാണ്, അവന്‍ തന്‍റെ അനുജത്തിയെക്കുറിച്ചോര്‍ത്തത്. മാതാവിന്‍റെ പേരാണ് അനുജത്തിക്കും. സാധാരണ വീടുകളില്‍ സ ഹോദരങ്ങളുടെ പേരില്‍ സാമ്യമുണ്ടാകും. എന്നാല്‍ മൂത്ത രണ്ടു സഹോദരങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി മാതാവിന്‍റെ പേരാണ് അവള്‍ക്ക് നല്‍കിയത്. ഇപ്പോള്‍ അവനു മനസ്സിലായി അമ്മയുടെ പ്രാര്‍ത്ഥനയുടെയും പരി. കന്യകാമാതാവിന്‍റെ അനുഗ്രഹവുമാണ് അവളെന്ന്.

എല്ലാ അമ്മമാരും ഇതു പോലെ പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്‍റെയും മാതൃകകളാണ്. കുടുംബത്തിന്‍റെ വിളക്ക് എന്നു പറയുന്നത് അമ്മയാണ്. ആ വിളക്കു നഷ്ടപ്പെട്ടാല്‍ ആ കുടുംബം തന്നെ ഇരുട്ടിലേക്കു പോയേക്കാം.

അമ്മമാരോളം പ്രാര്‍ത്ഥിക്കാനൊക്കെ നമുക്ക് സാധിക്കുമോ? കാരണം, അവരുടെ ജോലികളെല്ലാം ഒരു പ്രാര്‍ത്ഥനയാണ്. എന്നാല്‍ അമ്മയ്ക്ക് മാരകമായ രോഗങ്ങള്‍ വന്നപ്പോഴും അമ്മ പ്രാര്‍ത്ഥിച്ചു. മൂന്നുനാലു വര്‍ഷത്തെ രോഗത്തിന്‍റെ ആധിക്യവും സാമ്പത്തിക ഞെരുക്കവും ഒരുപക്ഷേ അമ്മയുടെ വിശ്വാസത്തെ ചോദ്യം ചെയ്തു. ഒരിക്കല്‍ രോഗത്തിന്‍റെ വേദനയാല്‍ അമ്മ പോളൂട്ടനോട് ചോദിച്ചു "മോനേ, നമ്മുടെ പ്രാര്‍ത്ഥനയൊന്നും ഈശോ കേള്‍ക്കണില്ലേ?" ഇതുവരെ കേള്‍ക്കാത്ത ഒരു ചോദ്യം കേട്ടതുപോലെ പോളൂട്ടന്‍ ഒന്നും മിണ്ടാതെ അമ്മയുടെ കരച്ചില്‍ കേട്ടുനിന്നു. എന്നിട്ടും, ആ കുഞ്ഞു മനസ്സില്‍ വിശ്വാസത്തെ തകര്‍ക്കാതിരിക്കാന്‍ അന്നും അമ്മ കൊന്ത ചൊല്ലുന്നതും അവന്‍ വേദനയോടെ നോക്കിനിന്നു. എന്നും നിശബ്ദമായ സേവനത്തോടെ അമ്മയ്ക്കരികില്‍ അവന്‍റെ അപ്പനും കൂടെയുണ്ടായിരുന്നു. പോളൂട്ടന്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴും ഉലയാത്ത വി ശ്വാസവുമായി അമ്മ ഇന്നും അവനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആവശ്യങ്ങളിലും രോഗങ്ങളിലും നമ്മുടെ ജീവിതത്തിന്‍റെ സമസ്ത ഭാവങ്ങളിലും വഴി നടത്തുന്ന "ഒരു പിതാവ്" ഉണ്ടെന്ന വിശ്വാസമാണ് അമ്മയ്ക്ക് ഇപ്പോഴും.

ഉലയാത്ത വിശ്വാസവുമായി ജീവിക്കുന്ന ഒത്തിരിയേറെ അമ്മമാരുണ്ട് നമ്മുടെ വീടുകളില്‍. രോഗത്തിന്‍റെയും പ്രതിസന്ധികളുടെയും ഘട്ടങ്ങളില്‍ അവരുടെ പ്രാര്‍ത്ഥനയാണ് നമ്മുടെ കുടുംബത്തിന്‍റെ അടിത്തറ. അവരോട് ചേര്‍ന്ന് ആ വിശ്വാസവും പ്രാര്‍ത്ഥനാ ചൈതന്യവും നമ്മുടെ ജീവിതത്തിലും സ്വന്തമാക്കാം.
"പിതാവിനെ ബഹുമാനിക്കുന്നവന്‍ ദീര്‍ഘകാലം ജീവിക്കും. കര്‍ത്താവിനെ അനുസരിക്കുന്നവന്‍ തന്‍റെ അമ്മയെ സന്തോഷിപ്പിക്കുന്നു" (പ്രഭാ. 3:5).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org