ഉള്ളിലെ റഡാറുകള്‍

ഉള്ളിലെ റഡാറുകള്‍

ഓരോ മനുഷ്യര്‍ക്കുള്ളിലും ഓരോ കൊച്ചു റഡാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ അടുത്തുനില്‍ക്കുന്ന കാപട്യക്കാരനെ പെട്ടെന്ന് ഒന്നു 'സ്കാന്‍' ചെയ്ത് അയാളുടെ മനസിലിരിപ്പ് നമുക്കെളുപ്പം മനസ്സിലാക്കാനാകും. ഇതിന് വലിയ വിദ്യാഭ്യാസമൊന്നുമാവശ്യമില്ല. ഈ റഡാര്‍ ദൈവം നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന സൂത്രമാണ്. നമുക്ക് അപരന്‍റെ മനോഭാവം മനസിലാകുന്നതു പോലെതന്നെ അയാള്‍ക്കും നമ്മുടെ ചിന്തകള്‍ ഏതാണ്ടൊക്കെയെങ്കിലും പിടികിട്ടും.

ഹൃദയം തുറക്കുന്ന സമീപനമാണ് എപ്പോഴും നന്ന്. ഒരിക്കലും ഒരു മറയിട്ട് സംസാരിക്കുന്നത് നന്നല്ല. നമ്മുടെ നോട്ടവും ഭാവവുമെല്ലാം സത്യസന്ധമായിരിക്കണം, ആത്മാര്‍ത്ഥതയുള്ളതായിരിക്കണം. അത്തരം 'നേരെ വാ നേരെ പോ' എന്ന തരത്തിലുള്ളവരെയാണ് എല്ലാവര്‍ക്കും പ്രിയംകരമാവുക. സത്യസന്ധമായ ഇടപെടലുകളാണ് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത്. അങ്ങനെ തുറവുള്ള വ്യക്തികളോട് നമുക്കെപ്പോഴും സ്നേഹവും ആദരവും ഉ ണ്ടാവും. മറിച്ച് മറയിട്ട് സംസാരിക്കുന്ന വക്രതക്കാരെ ആര്‍ക്കും ആത്മാര്‍ത്ഥമായി സ്നേഹിക്കാനാവില്ല.

കൃത്രിമത്വം ഉപേക്ഷിച്ച് മാനസിക ഐക്യം സ്ഥാപിക്കുന്ന വ്യക്തികള്‍ക്ക് സാധാരണ ഗതിയില്‍ ധാരാളം സുഹൃത്ബന്ധങ്ങള്‍ സ്ഥാപിക്കാനാകും. കുടുംബത്തിനുള്ളില്‍ ഒരു നല്ല സൗഹൃദാന്തരീക്ഷം നിലനിര്‍ത്താനും ഇത് സഹായിക്കും. പപ്പ ഒന്നും മറച്ചുവയ്ക്കുന്നവനല്ല എന്ന് മനസിലാക്കുന്ന കുട്ടികള്‍ എല്ലാം പപ്പയോടും സാധാരണ ഗതിയില്‍ തുറന്നുപറയും. എന്തും പറയാനും അവര്‍ക്ക് സംശയിച്ചുനില്‍ക്കാതെ അവരുടെ ഉള്ളു തുറക്കാനും സാധിക്കുന്ന അവസ്ഥയുണ്ടാവും.

നാം തുറവുള്ളവരെങ്കില്‍, ഹൃദയം തുറക്കുന്നവരെങ്കില്‍ നമുക്ക് മറ്റുള്ളവരുടെ കണ്ണുകളില്‍ നോക്കിത്തന്നെ സംസാരിക്കാം. കണ്ണില്‍ നോക്കാതെ സംസാരിക്കുന്ന രീതി ശരിയല്ല.

നാം എന്തെങ്കിലുമൊക്കെ മറച്ചുവയ്ക്കുന്നുവെന്ന് നമ്മുടെ കുടുംബാംഗങ്ങള്‍ക്കു തോന്നിയാല്‍ അവരും അതുപോലെ ചിലതൊക്കെ മറച്ചുവയ്ക്കാനാണ് സാധ്യത. കൃത്രിമത്വം നിറഞ്ഞ ഇടപെടലുകള്‍ ഒരു നല്ല വ്യക്തിത്വത്തിന്‍റെ ലക്ഷണമല്ല. ഒരു നല്ല കുടുംബജീവിതത്തിന് അവിടെ അംഗങ്ങള്‍ തമ്മില്‍ തുറന്ന സമീപനം അത്യന്താപേക്ഷിതമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org