ഉണ്ണീശോയുടെ റോസ്

ഉണ്ണീശോയുടെ റോസ്

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവില്‍ ലീമ എന്ന പട്ടണത്തിലേക്കു ചെന്നാല്‍ നാം കണ്ടുമുട്ടുന്ന വിശുദ്ധയുണ്ട് – ലീമായിലെ റോസ്. സ്കൂള്‍ രണ്ടു മൈല്‍ അകലെയായിരുന്നതിനാല്‍ വലുതായശേഷം പഠനത്തിനയയ്ക്കാം എന്നു കരുതി മാതാപിതാക്കള്‍ റോസിനെ ചെറുപ്പത്തില്‍ സ്കൂളിലയച്ചില്ല. അവള്‍ക്ക് എഴുതാനും വായിക്കാനും പഠിക്കണം എന്ന വലിയ ആഗ്രഹം. അവള്‍ അമ്മയുടെയും ജ്യേഷ്ഠന്‍റെയും പിറകെ കെഞ്ചി. അവര്‍ക്കാകട്ടെ പലവിധ തിരക്കുകള്‍. അവള്‍ സങ്കടപ്പെട്ട് വീട്ടിനുള്ളില്‍ ഉണ്ണീശോയുടെ രൂപത്തിനടുത്തെത്തി. കയ്യില്‍ സിയന്നായിലെ വിശുദ്ധ കാതറിന്‍റെ ജീവ ചരിത്ര പുസ്തകവും ഉണ്ടായിരുന്നു. പുസ്തകം മേശപ്പുറത്തു വച്ചിട്ട് അവള്‍ ഉണ്ണീശോയുടെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു: "എന്‍റെ ഉണ്ണീശോയെ, അങ്ങയെ അറിയാനും സ്നേഹിക്കാനും എന്നെ പഠിപ്പിക്കണമേ, എനിക്കു കൂട്ടിനു വരണമേ." ഏറെ നേരം പ്രാര്‍ത്ഥിച്ച് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവള്‍ മൂത്ത സഹോദരന്‍ ഫെര്‍ഡിനാന്‍റിനെ തേടി മുറ്റത്തേക്കിറങ്ങി. പക്ഷേ ഫ്രെഡി അവിടെയില്ല, അവന്‍ കളിക്കാന്‍ പോയിരിക്കുന്നു. റോസ് അങ്ങനെ സങ്കടപ്പെട്ടു നില്‍ക്കുമ്പോള്‍ അപരിചിതനായ ഒരു കോമളബാലന്‍ അവളുടെ മുന്‍പിലെത്തി, സങ്കട കാരണം ചോദിച്ചു: "ചേട്ടനെ കളിക്കാന്‍ വിളിച്ചിട്ട് കണ്ടില്ല" അവള്‍ കരഞ്ഞു കൊണ്ടു പറഞ്ഞു. "എങ്കില്‍ വരൂ, നമുക്കൊരുമിച്ചു കളിക്കാം." അവര്‍ ഒരുമിച്ച് റോസിന് പ്രിയപ്പെട്ട ഇനമായ കല്ലുകളി തുടങ്ങി. ഓരോ പ്രാവശ്യവും ബാലന്‍ തോറ്റു, റോസ് ജയിച്ചു. റോസിനെ അവന്‍ പ്രശംസിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ആ മിടുക്കന്‍ ചോദിച്ചു: "നിന്‍റെ പേരെന്ത്?" "ഉണ്ണീശോയുടെ റോസ് എന്നാണന്‍റെ പേര്, നിന്‍റെയോ?" "റോസിന്‍റെ ഉണ്ണീശോ എന്നാണ് എന്‍റെ പേര്."

"അപ്പോള്‍ നീ രൂപക്കൂട്ടിലിരിക്കുന്ന ഉണ്ണീശോ ആണോ?" "അതെ." – ഉടന്‍ അവള്‍ തന്‍റെ വലിയ ആഗ്രഹം തുറന്നു പറഞ്ഞു: "എനിക്ക് വായിക്കാനും എഴുതാനും പഠിക്കണം." "ഞാന്‍ പഠിപ്പിക്കാം" ഉണ്ണീശോയുടെ മറുപടി. അവള്‍ ഉടനെ വീട്ടിലേക്കോടി കാതറിന്‍റെ പുസ്തകം എടുത്തുകൊണ്ടുവന്നു. ഉണ്ണീശോ അത് അവള്‍ക്ക് വായിച്ചു കൊടുത്തു. "സിയന്നായിലെ വിശുദ്ധ കത്രീനായുടെ ജീവചരിത്രം ഒന്നാം അദ്ധ്യായം. ഇറ്റലി യിലെ ഒരു.." അത് അവള്‍ വായിച്ചു തുടങ്ങി. നിറുത്താതെ തെറ്റുകൂടാതെ വായന തുടര്‍ന്നു. ഉണ്ണീശോ നടന്നകന്നു. റോസ് തന്‍റെ ജീവിതത്തില്‍ പിന്നീടൊരിക്കലും ഉണ്ണീശോയെ പിരിഞ്ഞ് ഒരു നിമിഷംപോലും വ്യാപരിച്ചിട്ടില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org